വോയ്‌സ്-ടെക്‌സ്റ്റ് മെസേജുകള്‍ വഴിയുള്ള  ഇ-സലാമിന്റെ കര്‍മശാസ്ത്രം

കണ്ടുമുട്ടുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നതും പ്രാര്‍ത്ഥന വചനങ്ങളും ആശംസകളും കൈമാറുന്നതും മനുഷ്യ സംസ്കൃതിയുടെ ഭാഗമാണ്. വിവിധ സമൂഹങ്ങളില്‍ വിവിധ തരത്തിലുള്ള അഭിവാദന രീതികളും വാചകങ്ങളും നിലനില്‍ക്കുന്നു. കൊറോണ മഹാമാരിയുടെ കാലത്ത് മനുഷ്യ അഭിവാദ്യ രീതികളിലുണ്ടായ മാറ്റം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്.

 ഒരു വിശ്വാസി സമൂഹം എന്ന നിലയില്‍ മുസ്‌ലിംകള്‍കണ്ടുമുട്ടുമ്പോൾ അർപ്പിക്കുന്ന അഭിവാദ്യ വചനമാണ് സലാം.നിന്നിൽ രക്ഷ ഉണ്ടാകട്ടെ (അസ്സലാമു അലൈക്കും) എന്ന പ്രാർത്ഥനാ വരികളാണ് അതിന്റെ ചുരുങ്ങിയ രൂപം. അതോടൊപ്പംമുസാഫഹത്ത് എന്നറിയപ്പെടുന്ന ഹസ്തദാനം, മുആനഖ എന്നറിയപ്പെടുന്ന ആശ്ലേഷണം, നെറ്റിയില്‍ ചുംബിക്കുക, കൈയില്‍ ചുംബിക്കുക, എഴുന്നേറ്റു നില്‍ക്കുക തുടങ്ങിയവയൊക്കെ വ്യതസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും സ്വീകരിക്കുന്നആദരവും സ്നേഹപ്രകടനവുമാണ്.

 ഒരാള്‍ക്ക് ഒരു അഭിവാദ്യം നല്‍കപ്പെട്ടാല്‍ തിരിച്ചു കൂടുതല്‍ മെച്ചപ്പെട്ടതോ, ഏറ്റവും ചുരുങ്ങിയത് തത്തുല്യമായ അഭിവാദ്യമെങ്കിലും തിരിച്ചു നല്‍കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. ഖുര്‍ആന്‍ പറയുന്നു.

"നിങ്ങള്‍ക്ക് ഒരഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചപ്പെട്ടതോ അല്ലെങ്കില്‍ തത്തുല്യമെങ്കിലുമോ ആയി പ്രത്യഭിവാദ്യം ചെയ്യുക. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും പ്രതിഫലം നല്‍കുന്നവനാണ്"(നിസാഅ് 86)

 പൊതുവേ, പരിചിതർ എന്നോ അപരിചിതര്‍ എന്നോ വ്യത്യാസമില്ലാതെ കണ്ടവരോടെല്ലാംപറയേണ്ട  ഒരു ആരാധന കർമമാണ് ഇസ്ലാമിലെ അഭിവാദ്യം. ഇസ്ലാമിലെ ഉത്തമ കർമ്മമായി നബി തങ്ങൾ എണ്ണിയത്അന്നമൂട്ടലും  പരിചിതരോടും അപരിചിതരോട് സലാം പറയലുമാണ്.(ബുഖാരി)  പരസ്പരം സ്നേഹം വര്‍ദ്ധിക്കാനും അത് വഴി വിശ്വാസം പൂര്‍ണ്ണമാക്കാനും അങ്ങനെ സ്വര്‍ഗ്ഗ പ്രവേശനം ഉറപ്പു വരുത്താനും പ്രവാചകന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗംസലാമിന്റെ വ്യാപനമാണ് (മുസ്‌ലിം).

 സലാം പറയല്‍ വളരെ പ്രതിഫലാര്‍ഹമായ സുന്നത്തും ആരെങ്കിലും ഒരാളോട് സലാം പറഞ്ഞാല്‍ തിരിച്ചു മടക്കല്‍ നിര്‍ബന്ധ ബാധ്യതയുമാണ്. അനുവദിനീയമായ കാരണങ്ങളില്ലാതെ സലാം മടക്കാതിരുന്നാല്‍ അയാള്‍ ദൈവത്തിന്റെ മുമ്പില്‍ കുറ്റക്കാരനാണെന്നര്‍ത്ഥം. അതുകൊണ്ട് തന്നെ സലാമിന്റെ വിശദമായ ചര്‍ച്ചകള്‍ കര്‍മ്മശാസ്ത്രത്തിന്റെ ഭാഗമാണ്.

 കർമശാസ്ത്രപരമായി, "ആരോട് സലാം പറയുന്നു"  എന്നത് ഒരു  പ്രധാനഘടകമാണ്. സ്ത്രിയോട് സലാം പറയലും അവളുടെ സലാം മടക്കലും അന്യപുരുഷന് കറാഹതെങ്കിൽ പുരുഷനോട് സലാം പറയുന്നതും അവൻറെ സലാം മടക്കലും സ്ത്രീക്ക് ഹറാമുമാണ് വിധി.  ഇരുപേരും തനിച്ചായിരിക്കുമ്പോൾ മാത്രമാണ് ഈ വിധി ബാധകമാകുന്നത്.(ഫത്ഹുൽ മുഈൻ 595)

 ഇ-സലാമിന്റെ കര്‍മ്മശാസ്ത്രം

നേരിട്ടു കാണുന്നവരോട്  സലാം പറയൽ സുന്നത്തായതു പോലെ സ്ഥലത്തില്ലാവര്‍ക്ക്സലാം പറഞ്ഞയക്കലും സുന്നത്താണ്.  ഒരു വ്യക്തി മുഖേനയോഅല്ലെങ്കില്‍ കത്ത് മുഖേനയോമാത്രമായിരുന്നു മുമ്പ് സലാം എത്തിക്കാനുള്ള  വഴിയായി പൊതുവേ ജനങ്ങൾക്ക് സുലഭമായിരുന്നത്.     അതുകൊണ്ട് പരമ്പരാഗത കർമശാസ്ത്ര  ഗ്രന്ഥങ്ങളിൽ സലാം മറ്റൊരാള്‍ക്ക് എത്തിച്ചു കൊടുക്കന്ന (إرسال السلام) വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത്ഈ രണ്ടു രീതിയിലുള്ള സലാമിന്റെവിധിയെ കുറിച്ച് വിശദീകരിച്ചത്.

 കമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടന്നതിനാല്‍ ഇന്ന് പരസ്പര വിനിമയത്തിനു ഒട്ടേറെ സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇന്റര്‍നെറ്റ് തുറന്നിടുന്ന സാധ്യതകളില്‍ പലരീതിയിലുംആളുകള്‍ തമ്മില്‍ നേരിട്ടും അല്ലാതെയുംകമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ അവസരമുണ്ട്.

 "അസന്നിഹിതനായ ഒരാളിലേക്ക് തൻറെ സലാംഎത്തിക്കുന്നു " എന്നതാണല്ലോ ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ള ഇറ്സാലുസ്സലാം (സലാം പറഞ്ഞയക്കൽ) കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.   അതിനു എന്തു മാര്‍ഗ്ഗം സ്വീകരിക്കുന്നു വെന്നതല്ല മറിച്ചുഉദ്ദേശിക്കപ്പെട്ട വ്യക്തിയിലേക്ക് സലാം എത്തിക്കുക എന്നതാണ് പ്രാധാനം. ഒരാളോട് പറഞ്ഞയക്കുന്നതും കത്തുകള്‍ അയകക്കുന്നതും ഇ-മെയില്‍, വാട്ട്സ്ആപ്പ് പോലുള്ള വിവിധ മെസേജിംഗ് ആപ്പുകള്‍, ടെലക്സ്, ടെലിഫോണ്‍ തുടങ്ങിയ മറ്റു സംവിധാനങ്ങള്‍ തുടങ്ങിയ ഏതു മാര്‍ഗം ഉപയോഗപ്പെടുത്തിയാലും അതൊക്കെഇറ്സാലുസ്സലാമിന്റെ പരിധിയില്‍ വരും. കാരണം, ഇന്ന മാര്‍ഗത്തിലൂടെ സലാം അയക്കുന്നത് മാത്രമേ സ്വീകര്യാമാകൂ എന്ന് ആരും പറഞ്ഞിട്ടില്ല. മറിച്ചു നിലവില്‍ സാധ്യമായ ചില രീതികള്‍ വിശദീകരിക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്തത്.

 “സ്ഥലത്തില്ലാത്തയാള്‍ക്ക് സലാം പറഞ്ഞോ എഴുതിയോ അയക്കുന്നത് സുന്നത്താണ്....സലാം ലഭിച്ചയാള്‍വാമൊഴിയിലൂടെ കിട്ടിയ സലാം അങ്ങനെയും എഴുത്തിലൂടെ ലഭിച്ച സലാം വാമൊഴിയിലൂടെയോ എഴുത്തിലൂടെയോ മടക്കലുംനിർബന്ധവുമാണ്” (ഫത്ഹുൽ മുഈൻ 597).

 പരമ്പരാഗത കത്തുകളിലൂടെയോയുള്ള എഴുത്തുകള്‍ക്ക് മാത്രമേ സലാം മടക്കേണ്ടതുള്ളൂവെന്നും  ഇ-സംവിധാനങ്ങളിലൂടെയോ മൊബൈല്‍ സന്ദേശങ്ങളിലായോ  അയക്കപ്പെടുന്ന സലാം മടക്കേണ്ടതില്ലെന്നും വാദിക്കുന്നത്  അബദ്ധമാണ്. ഇലക്ട്രോണിക് ഉപകരണങ്ങിലെ  എഴുത്തുകളൊന്നും യഥാർത്ഥ എഴുത്തുകളല്ലെന്നും  അത്തരം സലാം പരിഗണിക്കേണ്ടതില്ലെന്നുമുള്ള വാദവും നിരർത്ഥകമാണ്. 

Also Read:കോവിഡ് വാക്സിനും കർമശാസ്ത്ര വിശകലനവും


 എഴുത്ത്ആശയവിനിമിയത്തിന്റെപുരാതനമായ ഒരു രൂപമാണ്. ആശയ വിനിമയ സംവിധാനങ്ങള്‍ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതാണ്. അതിനു ഏതെങ്കിലും സംവിധാനം മാത്രമേ സ്വീകാര്യമാകൂ എന്ന് ശറഅ പറഞ്ഞിട്ടില്ലാത്തതിനാല്‍ സമൂഹം പൊതുവേ അതിനു സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളെല്ലാം അതിന്റെ പരിധിയില്‍ വരും. കത്തുകളും സന്ദേശങ്ങളും കൈമാറാന്‍ വിവിധ രൂപങ്ങള്‍ ഓരോ കാലത്തും ഉപയോഗിച്ചിരുന്നു. ദൂതന്മാര്‍ മുഖേനയും പക്ഷികള്‍ വഴിയും പരമ്പരാഗത പോസ്റ്റല്‍ സംവിധാനങ്ങള്‍ വഴിയുംസന്ദേശങ്ങള്‍ കൈമാറിയിരുന്നു. സുലൈമാന്‍ നബി സബഅ രാജ്ഞിക്ക് ഹുദ്ഹുദ് പക്ഷി വഴി കൊടുത്ത അയച്ച കത്ത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ.

 ടെലി ഗ്രാഫി, ടെലക്സ്, ടെലിഫോണ്‍, ഫാക്സ്, ഇ-മെയില്‍, ചാറ്റിംഗ്, മെസേജിംഗ് ആപ്പുകള്‍ തുടങ്ങിയവയൊക്കെ സന്ദേശങ്ങള്‍ കൈമാറാന്‍ ഓരോകാലത്തായി മനുഷ്യര്‍ വികസിപ്പിച്ചെടുത്ത സാങ്കേതിത സംവിധാനങ്ങളാണ്. പ്രിന്റര്‍, ടൈപ്പ്റൈറ്റര്‍, കംപ്യൂട്ടറും മൊബൈലുകളും മറ്റുമുപയോഗിച്ചുള്ള ഇലക്ട്രോണിക് ടൈപ്പിംഗ്‌ തുടങ്ങിയവയൊക്കെ വിവിധ കാലങ്ങളില്‍ ഉയര്‍ന്നു വന്ന എഴുത്തിന്റെ വിവിധ രൂപങ്ങളാണ്.

 ഏതു സംവിധാനത്തിലൂടെ എഴുതിയാലുംഏതു വിനിമിയ ഉപാധിഉപയോഗിച്ചാലും ആ എഴുത്തിലൂടെയോ സംവിധനത്തിലൂടെയോ ആശയവിനിമയം ഉറപ്പാവുകയുംമറുഭാഗത്തുള്ളയാള്‍ക്ക് അത് ലഭ്യമാവുകയും  മനസ്സിലാവുകയും ചെയ്യുകയെന്നതാണ്സന്ദേശങ്ങളുടെ അടിസ്ഥാനം. “പേപ്പറിലും നിലത്തും പലകയിലും എഴുതുന്നതും മരത്തിലോ കല്ലിലോ കൊത്തിവെക്കുന്നതും ഒരേ വിധിയാണ്. വെള്ളത്തിലെ വായുവിലോ അക്ഷരം വരക്കുന്നത് പരിഗണിക്കപ്പെടില്ല”[i]. (ശറഹുല്‍ കബീര്‍, ഇമാം റാഫിഇ 8:103, അല്‍-അശ്ബാഹ് വന്നളാഇര്‍, അസ്സൂയൂഥി 311).

 ഒരാള്‍ തന്‍റെ അടുത്തില്ലാത്ത മറ്റൊരാള്‍ക്ക് സലാം പറയുകയോ എഴുതുകയോ ചെയ്യുകയും ആ സലാം വാമൊഴിയായോ വരമൊഴിയായോരണ്ടാമനു എത്തുകയും ചെയ്താല്‍ സലാം മടക്കല്‍ നിര്‍ബന്ധമാണ്.   “ഒരാള്‍ഒരു മറയുടെയോ ചുമരിന്റെയോ പിന്നില്‍ നിന്നു ഒരാള്‍ക്ക് സലാം വിളിച്ചുപറയുകയോ, അല്ലെങ്കില്‍എഴുത്തിലൂടെയോ ദൂതന്‍ മുഖേനയോ  സലാം അയക്കുകയോ ചെയ്‌താല്‍ ആ കത്തോ സന്ദേശമോ രണ്ടാമനു ലഭിച്ചാല്‍ സലാം മടക്കല്‍ നിര്‍ബന്ധമാണ്. കാരണംഅസന്നിഹതനായ വ്യക്തിക്കുള്ള അഭിവാദ്യം വിളിച്ചുപറയലോ, എഴുത്തോ സന്ദേശമോ മാത്രമാണ്) (മുഗ്നി 6:14).

ഇതേകാര്യം ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ (4:594) ല്‍ ഉദ്ധരിക്കുന്നുണ്ട്.അസന്നിഹതനായ ആള്‍ക്ക് സലാം അയച്ചുകൊടുക്കുന്നതിന് “ബഅസ്” (അയക്കുക) എന്ന പദമാണ് ഇമാം നവവി ഇവിടെ ഉപോയോഗിചെന്നതും ശ്രദ്ധേയമാണ്.വിവിധ രൂപത്തില്‍ സലാം അയച്ചുകൊടുക്കുന്നത് ആ പദം ഉള്‍കൊള്ളുന്നു.ശേഷം നിലവില്‍ സാധ്യമായ രൂപങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ബധിരനു സലാം പറയുമ്പോള്‍ സലാം പറയുന്നതോടൊപ്പം അയാള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ആംഗ്യം കൂടി ഉള്‍പെടുത്തണമെന്നും അപ്പോഴാണ് മറുപടിക്ക് അര്‍ഹനാവുകയെന്നും ഇമാം തുടര്‍ന്ന് പറയുന്നു. അതായത് സലാം പറയപ്പെടുന്ന വ്യക്തിക്ക് മനസ്സിലാവുകയും അറിയുകയും ചെയ്യുക എന്നതാണ് ആശയവിനിമയത്തിന്റെ കാതല്‍.  

വാട്ട്സ്ആപ്പ് ഉള്‍പ്പെടെവിവിധ തരത്തിലുള്ള ആശയവിനിമിയ സംവിധാനങ്ങളിലൂടെയുള്ള സലാം പറയല്‍ ഈ പരിധിയില്‍ ഉള്‍പ്പെടുമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല. തന്‍റെവാമൊഴിയിലൂടെയോ  എഴുത്തിലൂടെയോ അല്ലെങ്കില്‍ ദൂതന്‍ മുഖേനയോ തന്റെ മുന്നിലില്ലാത്ത ഒരാള്‍ക്ക് സലാം എത്തിക്കുന്നത് മേല്‍പറഞ്ഞഉദ്ധരണിയില്‍ ഉള്‍കൊള്ളുന്നു.

 സലാം പറയുന്ന വ്യക്തിയില്‍ നിന്നോ ദൂതനില്‍ നിന്നോ വാമൊഴിയിലൂടെലഭിക്കുന്ന സലാമിനു വാമൊഴിയായി തന്നെ സലാം മടക്കണം.  എഴുത്തിലൂടെ ലഭിക്കുന്ന സലാമിന് എഴുത്തിലൂടെയോ വാമോഴിയായോ മടക്കാവുന്നതാണ്.അതായത് വോയ്സ് മെസേജായി അയക്കുന്ന സലാമിനു സലാമിന്റെ പദം ഉച്ചരിച്ചുകൊണ്ടു തന്നെ സലാം മടക്കണം. ടെക്സ്റ്റ്‌ മേസേജാണെങ്കില്‍ ടെക്സ്റ്റിലൂടെയോ അല്ലെങ്കില്‍ വാമൊഴിയായോ മടക്കാം.സലാം മടക്കുമ്പോള്‍ പറഞ്ഞയാള്‍ക്ക് സലാം മടക്കുന്നതിന്റെ വോയ്സോ ടെക്സ്റ്റോ അയക്കല്‍ നിര്‍ബന്ധമില്ലെങ്കിലും അറിയുക്കന്നതാണ് ഉത്തമം.

 അസന്നിഹതനായ വ്യക്തിക്ക് സലാം പറഞ്ഞയക്കുന്ന രൂപത്തെക്കുറിച്ച ചോദ്യത്തിനു ഇമാം റംലി നല്‍കിയ മറുപടി ഇവിടെ ശ്രദ്ധേയമാണ്. “സലാംപറയുന്ന വ്യക്തിയില്‍ നിന്നോ അയാളുടെ ദൂതനില്‍ നിന്നോ വാമൊഴിയിലൂടെയോ എഴുത്തിലൂടെയോസലാമിന്റെ പരിഗണിനീയമായ പദങ്ങള്‍ ഉണ്ടാകണം. വാമൊഴിയിലൂടെ സലാം പറഞ്ഞാല്‍ അങ്ങനെയും എഴുത്തിലൂടെയെങ്കില്‍ രണ്ടാലൊരു രൂപത്തിലും സലാം മടക്കല്‍ നിര്‍ബന്ധമാണ്”. (ഫതാവ അല്‍-റംലി 4:49)

 ഇമാം ഇബ്നു ഹജര്‍ അല്‍-ഹൈതമി, ഫതാവ അല്‍-കുബ്റയില്‍ വിശദമായി തന്നെ ഈ വിഷയത്തില്‍ മറുപടി നല്‍കുന്നുണ്ട്. മെസേജുകള്‍ വഴിയുള്ള സലാം എങ്ങനെയാണ് മടക്കേണ്ടത് എന്ന ചോദ്യത്തിനു ഹൈതമിയുടെ ഈ ഉദ്ധരണിചേര്‍ത്താണ് ഖത്തറിലെ ഇസ്ലാമിക്-ഔഖാഫ് കാര്യ മന്ത്രലായത്തിനു കീഴില്‍ നടത്തപ്പെടുന്ന ഇസ്‌ലാംവെബ് മറുപടിനല്‍കിയത്. ഈജിപ്തിലെ മുന്‍ മുഫ്തി ഡോ.അലി ജുമുഅയും സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള സലാം മടക്കല്‍ നിര്‍ബന്ധമാണെന്ന് ഫത് വ നല്‍കിയിട്ടുണ്.

 പറയുന്നവ്യക്തിയില്‍ നിന്നോ  എത്തിക്കുന്ന വ്യക്തിയില്‍ നിന്നോ പരിഗണിനീയമായ സലാമിന്റെ പദങ്ങള്‍ ഉണ്ടാവുകയുംആ സലാം എഴുത്തായോ ശബ്ദമായോ അല്ലെങ്കില്‍ ദൂതനില്‍ നിന്നുള്ള വിവരമായോ രണ്ടാമനു ലഭിക്കുകയും ചെയ്‌താല്‍ സലാംമടക്കല്‍ നിര്‍ബന്ധമാണെന്ന് മുകളില്‍ വിശദീകരിച്ച വിവിധ ഉദ്ധരണികളില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാം.  ആ സന്ദേശം അയക്കാന്‍ ഉപയോഗിച്ച സംവിധാനമോ സാങ്കേതികതയോ ആ സലാമിന്റെ സാധുതയെ ബാധിക്കുന്നില്ല. 

ഇ-സലാം കേള്‍ക്കുകയോ കാണുകയോ ചെയ്‌താല്‍ അതില്‍ നിന്നു തിരിഞ്ഞു കളയുന്ന രൂപത്തിലുള്ള നീണ്ട മൌനമോഅന്യ സംസാരങ്ങളോ ഉണ്ടാകുന്നത്തിനു മുമ്പ് തന്നെ സലാം മടക്കണം. (ഇആനത്തു ത്വാലിബീന്‍ 4:304).

ഒരാളോട് പറഞ്ഞ സലാം മറ്റൊരാള്‍ കേട്ടാലോ വായിച്ചാലേ സലാം മടക്കല്‍ നിര്‍ബന്ധമില്ല. തന്നെയോ താന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിനെയോ ഉദ്ദേശിച്ചു പറയുന്ന സലാം മാത്രമേ മടക്കല്‍ നിര്‍ബന്ധമാവുകയുള്ളൂ. ഒരാള്‍ ഒരു സലാം കേട്ടു. പക്ഷേ അത് തന്നെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് അയാള്‍ക്ക് അറിയാമെങ്കില്‍ ആ സലാം കേട്ടയാള്‍ക്ക് അത് മടക്കേണ്ടതില്ലയെന്നു ഇമാം റംലി വ്യക്തമാക്കുന്നു. (ഫതാവ അല്‍-റംലി 4:46)

 മുമ്പിൽ ഉണ്ടാകുമ്പോൾ സലാം പറയൽ സുന്നത്തുള്ള വ്യക്തികൾ വിദൂരത്ത് ആണെങ്കിലും സലാം പറഞ്ഞയക്കൽ സുന്നത്തുണ്ട്. മുമ്പിൽ ഉണ്ടാകുമ്പോൾ സലാം പറയൽ സുന്നത്തില്ലാത്ത വ്യക്തികൾക്ക് സലാം പറഞ്ഞയക്കലും സുന്നത്തില്ല എന്ന് സാരം (തുഹ്ഫ 9/226).

 ഒറ്റക്കിരിക്കുന്ന അന്യ സ്ത്രീയോട് സലാം പറയൽ പുരുഷന് കറാഹത്ത് ഉള്ളതുപോലെ തന്നെ അവൾക്ക് സലാമിന്റെ ടെക്സ്റ്റ്‌/വോയിസ് മെസേജുകള്‍ അയക്കുന്നതും  കറാഹതാകും. അന്യ സ്ത്രീയോട് ഫോണിലൂടെയോ പേഴ്സണൽ വാട്സാപ്പ് മെസ്സേജിലോ ഇമെയിൽ വഴിയോ സലാം പറയലും മടക്കലും  പുരുഷന് കറാഹത്തും  സ്ത്രീക്ക് ഹറാമുമാണ്.  രണ്ടിലേറെ അംഗങ്ങളുള്ള ഉള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ സലാം പറയുന്നതിലും മടക്കുന്നതിലും അന്യ സ്ത്രീ പുരുഷന് വിരോധമൊന്നുമില്ല. ഒന്നിലേറെ അന്യ സ്ത്രീകൾ മുമ്പിൽ ഉണ്ടാകുമ്പോൾ അവരോട് സലാം പറയുന്നത് അനുവദിനീയമാണല്ലോ.  (ഇആനതുഥാലിബീൻ 4,211).

 

 

 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter