അർനോഡ് വാൻ ഡോൺ: മുസ്‍ലിം വിരുദ്ധ സംഘത്തിൽ നിന്നും ഇസ്‍ലാമിലേക്ക്
നെതർലന്റിലെ മുസ്‍ലിം വിരുദ്ധ രാഷ്ട്രീയ പാർട്ടിയായ പി.എഫ്.എഫിന്റെ സജീവ പ്രവർത്തകനും കടുത്ത ഇസ്‍ലാമിക വിരോധം വെച്ചുപുലർത്തുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അർനോഡ് വാൻ ഡോൺ. എന്നാൽ ഇസ്‍ലാമിനെ കുറിച്ച് സ്വന്തമായി നടത്തിയ ഗവേഷണങ്ങൾ അദ്ദേഹത്തെ യഥാർത്ഥ സത്യത്തിലേക്ക് നയിക്കുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ഇസ്‍ലാമിക ആശയങ്ങൾ അനുവർത്തിച്ച് ജീവിക്കുന്ന അർനോഡിന്റെ പരിവർത്തന കഥയിലൂടെ.
നെതർലന്റിലെ ഒരു ക്രിസ്തീയ കുടുംബത്തിലാണ് അർനോഡ് ജനിക്കുന്നത്. ഒരു കത്തോലിക് സ്കൂളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കുന്നത്. ചെറുപ്രായത്തിൽ ദൈനംദിനം ചർച്ചിൽ പോയി പ്രാർത്ഥനകൾ നിർവഹിച്ചിരുന്നെങ്കിലും, ആ പ്രായത്തിൽ തന്നെ അദ്ദേഹം തന്റെ വിശ്വാസങ്ങളിൽ സംതൃപ്തനായിരുന്നില്ല. ത്രിയേകത്വം പോലോത്ത ചില ക്രിസ്തീയ വിശ്വാസങ്ങൾ അദ്ദേഹത്തിൽ സംശയങ്ങൾ സൃഷ്ടിച്ചിരുന്നുവത്രേ.
പാശ്ചാത്യ രാജ്യങ്ങളിലെ മിക്ക ജനങ്ങളെയും പോലെ വാർത്താമാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നുമൊക്കെയാണ് അർനോഡ് ഇസ്‍ലാം മതത്തെ കുറിച്ച് കേൾക്കുന്നത്. അതുവഴി ലഭിച്ച തെറ്റായ വിവരങ്ങളിലൂടെ ജനസമൂഹത്തിന് തന്നെ ഭീഷണിയായ ഒരു ഭീകരവാദി സംഘമാണ് മുസ്‍ലിംകൾ എന്നാണ് അദ്ദേഹം മനസ്സിലാക്കിയത്. പൊതുജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വെല്ലുവിളിയെന്ന് അദ്ദേഹം ധരിച്ച ഈ ഒരു ആശയത്തെ എതിർക്കാൻ എന്നോണം ആണ് അദ്ദേഹം പി.എഫ്.എഫ് എന്ന നെതർലന്റിലെ ഇസ്‍ലാമിക വിരുദ്ധ സംഘടനയുടെ ഭാഗമാവുന്നതും അതിലെ ഒരു സജീവ പ്രവർത്തകനായി മാറുന്നതും. മുസ്‍ലിം വിരുദ്ധ ആശയങ്ങൾ പങ്കുവെക്കുന്ന ഒരു പ്രശസ്ത സിനിമയുടെ അണിയറയിൽ വരെ അദ്ദേഹം പ്രവർത്തിച്ചു. എന്നാൽ ഇസ്‍ലാം മതത്തെ കുറിച്ചുള്ള ചില നഗ്ന സത്യങ്ങൾ അദ്ദേഹത്തിൽ സംശയങ്ങൾ ജനിപ്പിച്ചു.
ഇസ്‍ലാം മതം ഒരു പൈശാചിക മതമാണെന്നും അതു സമൂഹത്തിന് ഭീഷണിയാണെന്നും മാധ്യമങ്ങൾ മുഴുക്കെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, ലോകത്തിലെ ഒന്നര ബില്യണിലധികം ആളുകൾ എന്തുകൊണ്ട് മുസ്‍ലിംകൾ ആയി തുടരുന്നു എന്നതായിരുന്നു അർനോഡിനെ സംശയിപ്പിച്ചത്. അദ്ദേഹത്തിന്റെ രാജ്യമായ നെതർലന്റിൽ മാത്രം ഒരു മില്യണിൽ അധികം പേർ ഇസ്‍ലാം മതവിശ്വാസികളായി നിലവിലുണ്ട്. അങ്ങനെയാണ് അദ്ദേഹം ഇസ്‍ലാം മതവിശ്വാസത്തെക്കുറിച്ച് സ്വന്തമായ ഗവേഷണങ്ങളിലൂടെ പഠിക്കാൻ തീരുമാനിച്ചത്.
പരിശുദ്ധ ഖുർആൻ അടുത്തറിഞ്ഞും പരിചിതരായ മുസ്ലിംസ്‍ലിം സുഹൃത്തുക്കളുമായി ബന്ധപ്പെട്ടും അർനോഡ് ഇസ്‍ലാമിക ആശയങ്ങൾ പഠിച്ചു മനസ്സിലാക്കി. തനിക്ക് ഉണ്ടായിരുന്ന പല സംശയങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ ഈ പഠനങ്ങൾ അദ്ദേഹത്തിന് സഹായകമായി. കൂടുതൽ പഠിക്കും തോറും കാര്യങ്ങൾ കൂടുതൽ വ്യക്തമായി കൊണ്ടിരുന്നു. പാശ്ചാത്യ ജനങ്ങളുടെ ഇസ്‍ലാം വിരുദ്ധതയുടെ മുഖ്യകാരണം അവർ മാധ്യമങ്ങളിൽ നിന്നും ഇസ്‍ലാമിനെ മനസ്സിലാക്കുന്നു എന്നതാണെന്നും, അതിനു പകരമായി അവർ സ്വന്തമായ അന്വേഷണങ്ങളിലൂടെ ഇസ്‍ലാമിനെ പഠിക്കുകയാണെങ്കിൽ അവരുടെ മുഴുവൻ സംശയങ്ങളും മാറി കിട്ടുമെന്നും ആശങ്കകൾ എല്ലാം അകലുമെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
ഒരു വർഷത്തോളം നീണ്ടുനിന്ന സുദീർഘമായ പഠനങ്ങൾക്ക് ശേഷമാണ് അർനോഡ് ഇസ്‍ലാം മതം സ്വീകരിക്കുന്നത്. ഈയൊരു പഠനകാലയളവിൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതിന് വിരുദ്ധമായിട്ടുള്ള ഇസ്‍ലാമിന്റെ യഥാർത്ഥ മുഖം എന്തെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. താൻ ഇസ്‍ലാം മതം സ്വീകരിച്ചു കൊണ്ടുള്ള ശഹാദത്ത് കലിമ ഉച്ചരിച്ച നിമിഷങ്ങൾ അദ്ദേഹം ഓർത്തെടുക്കുന്നത് ഇപ്രകാരമാണ് :
"ഇസ്‍ലാമുമായി ബന്ധപ്പെട്ട് എനിക്കുണ്ടായിരുന്ന പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനായി ഞാൻ സന്ദർശിക്കാറുണ്ടായിരുന്ന ഒരു പള്ളിയിൽ നിന്നാണ് മുസ്‍ലിം ആയി കൊണ്ടുള്ള ശഹാദത്ത് കലിമ ഞാൻ ഉച്ചരിച്ചത്. എന്റെ ധാരണകൾക്ക് വിപരീതമായിട്ടായിരുന്നു അവിടത്തെ ആളുകളുടെ പെരുമാറ്റ രീതികൾ. വളരെ സൗഹാർദ്ദപരമായി അവർ എന്നെ സ്വീകരിച്ചു. എന്റെ ചോദ്യങ്ങൾക്കെല്ലാം സൗമ്യമായ രീതിയിൽ മറുപടികൾ തന്നു. എന്നെ വെറുക്കുമെന്ന് ഞാൻ കരുതിയ ഒരു സമൂഹം വളരെ സ്നേഹത്തോടെ എന്നോട് പെരുമാറി. അവരുടെ പെരുമാറ്റ രീതികൾ എന്നെ കൂടുതൽ കൂടുതൽ ഇസ്‍ലാമിലേക്ക് ആകർഷിച്ചു. അങ്ങനെ ആ പള്ളിയിൽ എന്റെ വഴികാട്ടിയായി പ്രവർത്തിച്ചിരുന്ന ഒരു പ്രവർത്തകന്റെ അരികിൽ നിന്ന് ഞാൻ ശഹാദത്ത് കലിമ ഉച്ചരിച്ചു. അന്നേരം എന്തോ ഒരു ഭാരം മനസ്സിൽ നിന്നും ഇറക്കിവെച്ച പോലെ എനിക്ക് അനുഭവപ്പെട്ടു. അവിവർണ്ണനീയമായ ഒരു മാനസിക സുഖമായിരുന്നു അത്."
ഇസ്‍ലാം മതത്തെക്കുറിച്ച് മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വിവരങ്ങളിൽ വഞ്ചിതരാവാതെ സ്വന്തമായ ഗവേഷണങ്ങളിലൂടെ പഠനം നടത്തുകയാണെങ്കിൽ പല തെറ്റിദ്ധാരണകളും തിരുത്താനും യഥാർത്ഥ ഇസ്‍ലാമിക ആശയങ്ങൾ എപ്രകാരമാണെന്ന് മനസ്സിലാക്കാനും സാധിക്കുമെന്നതാണ് അർനോഡ് വാൻ ഡോണിന്റെ പരിവർത്തന കഥ ലോകത്തോട് വിളിച്ചുപറയുന്നത്.
Leave A Comment