ഓര്‍മ്മകളില്‍ ഒളിമങ്ങാതെ ജാമിഅയുടെ ആദ്യകാലം

കേരളത്തിലെ പ്രസിദ്ധ മതകലാലയം ഉമ്മുല്‍മദാരിസ് ജാമിഅ:നൂരിയ്യ അറബിക് കോളേജ് അതിന്റെ ഡയമണ്ട് ജൂബിലി ആഘോഷ വേളയിലൂടെ കടന്നുപോകുകയാണ്. ജാമിഅയുടെ പ്രഥമബാച്ചില്‍ നിന്ന് സനദ്‌സ്വീകരിച്ചവരില്‍ ശേഷിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് ചെമ്പുലങ്ങാട് ഉസ്താദ്. പ്രായം 85 ആയെങ്കിലും ജാമിഅയെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഇന്നും നല്ല തിളക്കമാണ്. അവ ഓണ്‍വെബ് വായനക്കാരുമായി പങ്ക് വെക്കുകയാണ് ഇവിടെ.

ഓര്‍മ്മകളില്‍ ഒളിമങ്ങാതെ ജാമിഅയുടെ ആദ്യകാലം 

 ചെമ്പുലങ്ങാട് ഉസ്താദ് /അബ്ദുല്‍ ഹഖ് മുളയങ്കാവ് 

സി.പിമുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നതാണ് ഉസ്താദിന്റെ പൂര്‍ണ നാമം. 10 വര്‍ഷം ദര്‍സോതുകയും 25 വര്‍ഷത്തിലധികം ദര്‍സ് നടത്തുകയും ചെയ്ത ചെമ്പുലങ്ങാട് എന്ന ദേശത്തിന്റെ പേരിലാണ് ഉസ്താദ് പ്രസിദ്ധനായത്. നിലവില്‍ ഉസ്താദ് വീടിനടുത്ത് തന്നെയുള്ള ജലാലിയ്യ കോംപ്ലക്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദര്‍സ് ഓതിക്കൊടുത്തും ഇബാദത്തും സൂഫി ജീവിതവുമായി കഴിഞ്ഞ് കൂടുന്നു. 

ഓര്‍മയിലെ ജാമിഅ കാലം

ജാമിഅയിലേക്ക് പരിശോധന നടത്തിയത് സ്വദഖത്തുള്ള മുസ്‌ലിയാരായിരുന്നു, ജാമിഅയിലെ ആദ്യ പ്രിന്‍സിപ്പളായി ചുമതലയേറ്റത് താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാരായിരുന്നു.

ആദ്യബാച്ചില്‍ ആരൊക്കെയായിരുന്നു സഹപാഠികള്‍? 

പട്ടിക്കാട് ജാമിഅ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ മുഖ്തസര്‍ ബാച്ചിലായിരുന്നു ഞങ്ങള്‍ ചേര്‍ന്നത്. അന്നുണ്ടായിരുവര്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല, വെന്മനാട് അബ്ദുല്‍ ഖാദിര്‍ ഫൈസിയാണ് ജീവിച്ചിരിക്കുന്ന മറ്റൊരാള്‍. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ എന്റെ സഹപാഠിയാണ്.  

ജാമിഅയിലെ ആദ്യകാല സിലബസ്?

അന്ന് ഉസ്താദ് മാരില്‍ നിന്ന് കിതാബോത്ത് എന്നത് തന്നെയായിരുന്നു രീതി.  ഇന്നത്ത പോലെ പുതിയ രീതികളോ ശൈലികളോ ഇല്ലായിരുന്നു. കിതാബുകള്‍ കൃത്യമായി ഉസ്താദുമാരില്‍ നിന്ന് ഓതുക എന്നത് മാത്രമായിരുന്നു.  ബാക്കി കാര്യങ്ങളൊക്കെ ഒരു ഓര്‍ഡറായി വരുന്നേ ഉണ്ടായിരുന്നുള്ളൂ.

ജാമിഅനൂരിയ്യ സ്ഥാപനത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷവേളയില്‍ എന്ത് തോന്നുന്നു?

അല്‍ഹംദുലില്ല്ലാഹ്, കഴിഞ്ഞ ദിവസം അവിടെ  പോയിരുന്നു. ഇനിയും പോകണം. ഒഴിവ് കിട്ടുമ്പോഴൊക്കെ പോവാറുണ്ട്.

ജാമിഅയിലെ ആദ്യകാല യോഗങ്ങള്‍?

ജാമിഅ കാലത്തെ പ്രധാന ഓര്‍മകളിലെത്തുന്നത് അവിടത്തെ ആദ്യ യോഗമാണ്.  അന്ന് ഖുതുബി ഉസ്താദാണ് പ്രഭാഷണം നടത്തിയത്. സൂറതുന്നിസാഇലെ 115-ാം ആയത് ഓതി ഉസ്താദിന്റെ ശൈലിയില്‍ അത് വിശദീകരിച്ചത് ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നുണ്ട്.

ജാമിഅയിലെ ആദ്യകാലം?

അന്ന് പള്ളി മാത്രമായിരുന്നു. കിതാബോത്തും പഠനവും കിടത്തവും എല്ലാം പള്ളിയില്‍ തന്നെ. ഏകദേശം 30ഓളം ആളുകളാണ് ഉണ്ടായിരുന്നത്. എല്ലാവരും പള്ളിയില്‍ തന്നെയാണ് കിടക്കുക, അന്ന് കോളേജിന്റെ തറപ്പണി നടക്കുന്ന കാലമാണ്. തറമാത്രമാണ് അന്നുണ്ടായിരുന്നത്.  

അന്നത്തെ ഭക്ഷണ രീതികള്‍?

പഴയ കാലമല്ലേ, ഇന്നത്തെ പോലെ സൗകര്യങ്ങളില്ലല്ലോ. ഉള്ളതിന് അനുസരിച്ച് എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും. 

വിദ്യാര്‍ത്ഥി സംഘടന, നൂറുല്‍ ഉലമയുടെ രൂപീകരണത്തെ കുറിച്ച്?

നൂറുല്‍ ഉലമയുടെ രൂപീകരണം 1964 ജൂണ്‍ 24 നാണ്. ആദ്യ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തത് താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാരായിരുന്നു. സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടത് മുക്കത്ത് മുഹമ്മദ് എന്ന ആളായിരുന്നു. അന്ന് സംഘടന രൂപീകരിക്കുമ്പോള്‍ ആ വിഷയത്തില്‍ താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, സൂറതുല്‍ ബയ്യിനയിലെ അഞ്ചാം ആയത് വിശദീകരിച്ച് ആത്മാര്‍ത്ഥതയെ കുറിച്ചും ഇഖ്‌ലാസിനെ കുറിച്ചുമാണ് ഊന്നിപ്പറഞ്ഞത്. എന്ത് കാര്യം ചെയ്യുമ്പോഴും നമുക്ക് അതില്‍ ഇഖ്‌ലാസ് വേണമെന്ന ആ ഉപദേശം വല്ലാതെ സ്വാധീനിച്ചിരുന്നു.

പരീക്ഷകാല ഓര്‍മ്മകള്‍?

വാര്‍ഷിക പരീക്ഷ നടത്താന്‍ വന്നത് സ്വദഖത്തുല്ലാഹ് മുസ്‌ലിയാരാണ്. പരീക്ഷക്ക് ശേഷം കുട്ടികള്‍ ആശങ്കയോടെ റിസല്‍ട്ട് അന്വേഷിക്കുമല്ലോ, അങ്ങനെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, മുതവ്വലാണെങ്കില്‍ എല്ലാവരും ജയിച്ചു, മുഖ്തസറാണെങ്കില്‍ ഒരാള്‍ തോറ്റിട്ടുണ്ട് എന്നായിരുന്നു. അത് തന്നെയായിരുന്നു ഫലപ്രഖ്യാപനം. എല്ലാവരും ജയിച്ചുവെന്ന വിവരം സന്തോഷാരവങ്ങളോടെ സ്വീകരിച്ചത് ഓര്‍മയിലുണ്ട്. ജാമിഅയിലേക്ക് എന്നെ പരിശോധന നടത്തിയത് സ്വദഖത്തുല്ലാഹ് മുസ്‌ലിയാര്‍ തന്നെയായിരുന്നു.

ജാമിഅക്ക് സ്ഥലം കൊടുത്ത കൊടുവായിക്കല്‍ ബാപ്പുഹാജിയെ കുറിച്ചുള്ള ഓര്‍മകള്‍?

അന്ന് പള്ളിയില്‍ വളരെ കുറഞ്ഞ ആളുകള്‍ മാത്രമേ പുറത്ത്നിന്ന് ഉണ്ടായിരുന്നുള്ളൂ. സ്ഥാപനത്തിന് സ്ഥലം കൊടുക്കുക മാത്രമല്ല സ്ഥാപനത്തിന്റെ വിഷയത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ബാപ്പുഹാജി. നല്ല സഞ്ചാരിയായിരുന്ന അദ്ദേഹം നിരവധി സ്ഥലങ്ങളും രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കുറച്ചുകാലം നാട്ടിലെ പള്ളിദര്‍സില്‍ മുതഅല്ലിമായി പഠിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം നല്ല ആബിദുമായിരുന്നു. നല്ല ബന്ധമായിരുന്നു അദ്ദേഹവുമായി. ഹാജിയാര്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്ന അദ്ധേഹത്തിന് മക്കളുണ്ടായിരുന്നില്ല.

ആദ്യസനദ് കാലം എങ്ങനെ ഓര്‍ക്കുന്നു?

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ശംസുല്‍ ഉലമ ഇ.കെഅബൂക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു സനദ് ദാന പരിപാടി. പട്ടിക്കാട് ജാമിഅ ആരംഭിച്ച ശേഷമുള്ള ആദ്യ മുഖ്തസ്വര്‍ ബാച്ചിലായിരുന്നു ഞങ്ങള്‍. അതിന് മുന്നേ മുതവ്വല്‍ ബാച്ചുകാര്‍ പഠനം കഴിഞ്ഞ് കോളേജ് വിട്ടിരുന്നെങ്കിലും രണ്ട് വിഭാഗത്തിലും (മുതവ്വല്‍, മുഖ്ത്വസര്‍) ഒരുമിച്ചായിരുന്നു സനദ്. അന്നത്തെ മുതവ്വല്‍ ബാച്ചുകാര്‍ ആകെ നാലോ അഞ്ചോ പേരായിരുന്നു. മുതവ്വല്‍ ബാച്ചുകാര്‍ക്ക് ഖുതുബി മുഹമ്മദ് മുസ്‌ലിയാരാണ് ജാമിഅ ദര്‍സ് ഉദ്ഘാടനം ചെയ്തിരുന്നത്.

ജാമിഅയിലെ അന്നത്തെ ഉസ്താദുമാര്‍?

ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ജാമിഅയിലെ ഉസ്താദുമാരായിരുന്നു. ബുഖാരി, തുഹ്ഫ (മുത്വവ്വല്‍), ചഗ്മീനി, മൈബദി, രിസാല തുടങ്ങിയ കിതാബുകള്‍ ശംസുല്‍ ഉലമയില്‍ നിന്നാണ് ഓതിയത്. ജംഉല്‍ ജവാമിഅ്, മഹല്ലി, തുഹ്ഫ (ഒന്നാം ഭാഗം) എന്നിവ താഴേക്കോട് കുഞ്ഞലവി ഉസ്താദില്‍ നിന്നാണ് ഓതിയത്. താഴെക്കോട് കുഞ്ഞലവി ഉസ്താദ് തുഹ്ഫയുടെ ഇബാറത്തുകള്‍ കാണാതെ വായിക്കുമായിരുന്നു. കോട്ടുമല അബൂബക്കര്‍ ഉസ്താദില്‍ നിന്ന് മഹല്ലി ഓതിയിട്ടുണ്ട്.

കെ.കെ അബൂബക്കര്‍ ഹസ്രത്ത് അപ്പോള്‍ ജാമിഅയില്‍ അധ്യാപകനായി ഉണ്ടായിരുന്നോ?

ഇല്ല , അന്നുണ്ടായിരുന്നില്ല പിന്നീട് വന്നതാണ്. കെ.കെ അബൂബക്കര്‍ ഹസ്രത്തിന്റെ പക്കല്‍ നിന്ന് രണ്ട് വര്‍ഷം ദര്‍സ് ഓതിയിട്ടുണ്ട്, താനൂര്‍ ആയിരുന്നു അന്ന് ദര്‍സ്. ശേഷം പൂനൂര്‍ കോളിക്കല്‍ ഇമ്പിച്ചാലി ഉസ്താദിന്റെ അടുത്ത് രണ്ട് വര്‍ഷം ഓതിയാണ് നേരെ പട്ടിക്കാട് ജാമിഅയിലേക്ക് പോയത്.

ജാമിഅയിലേക്ക് പോകും മുമ്പെയുള്ള പഠനകാലവും മറ്റു ഉസ്താദുമാരെയും കുറിച്ച്?

പിതാവിന്റെ നാട് വലിയകുന്ന് ഭാഗത്താണ്. പിതാവ് നേരത്തെ മരണപ്പെട്ടതിനാല്‍, ഉമ്മയുടെ നാടായ കൊടുമുണ്ടയിലാണ് ശേഷം വളര്‍ന്നത്. കൊടുമുണ്ടക്ക് തൊട്ടപ്പുറമുള്ള മഹല്ലായ ചെമ്പുലങ്ങാട് പള്ളിയില്‍ നിന്നാണ് ദര്‍സ് ജീവിതത്തിന്റെ തുടക്കം. പത്ത് വര്‍ഷം അവിടെ ഓതി. പുറങ്ങ് അലി മുസ്‌ലിയാരായിരുന്നു അവിടുത്തെ ഉസ്താദ്. ശേഷം കോടനാട്, താനൂര്‍, കോളിക്കല്‍, വല്ലപ്പുഴ ചെമ്മന്‍കുഴി തുടങ്ങിയ ദര്‍സുകളിലും ഓതിയിട്ടുണ്ട്. മോളൂര്‍ ഉമര്‍ മുസ്‌ലിയാരായിരുന്നു വല്ലപ്പുഴ ദര്‍സിലെ ഉസ്താദ്. 
ജാമിഅ പഠനത്തിന് ശേഷം 25 വര്‍ഷം ചെമ്പുലങ്ങാട് ദര്‍സ് നടത്താനും ഭാഗ്യം ലഭിച്ചു. അങ്ങനെയാണ് ചെമ്പുലങ്ങാട് എന്ന പേരില്‍ അറിയപ്പെട്ടത്. 

തസവ്വുഫിന്റെ സ്വാധീനം?

പഠന കാലത്ത് തന്നെ തസവ്വുഫിനോട് താത്പര്യമുണ്ടായിരുന്നു. മിന്‍ഹാജ്, തുഹ്ഫത്തുല്‍ മിന്‍ഹാജ്, ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമുദ്ധീന്‍, യാഫിഈ തുടങ്ങിയ തസവ്വുഫിന്റെ കിതാബുകള്‍ തന്നെയാണ് സ്വാധീനിച്ചത്.  ഇഹ്‌യ കെ.കെ ഹസ്രത്തിന്റെ പക്കല്‍ നിന്നാണ് ഓതിയത്, താനൂരില്‍ വെച്ച്. കുറച്ച് ഭക്ഷണം കഴിക്കുക, ഇബാദതില്‍ താല്പര്യം ജനിക്കും എന്ന തസ്വവുഫ് കിതാബുകളുടെ ഉപദേശം അന്നേ വല്ലാതെ സ്വാധീനിച്ചിരുന്നു. 

സി.എം മടവൂര്‍ ഉസ്താദുമായി സംസാരിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചിരുന്നു. അടച്ചിട്ട മുറിയില്‍ ഏകദേശം ഒരു മണിക്കൂറിലധികം ഉസ്താദുമായി സംസാരിച്ചിരുന്നു. ദര്‍സുമായി കൂടാനും സ്ഥലം മാറേണ്ടെന്നും അന്ന് അദ്ദേഹം ഉപദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെമ്പുലങ്ങാട് തുടര്‍ന്നത്. പിന്നീട് അസുഖമായപ്പോഴാണ് നാടിനടത്തുള്ള ദര്‍സിലേക്ക് മാറിയത്. സി.എം മടവൂര്‍ ഉസ്താദുമായി അന്ന് പല കാര്യങ്ങളും സംസാരിച്ചു. അക്കൂട്ടത്തില്‍ അന്ന് പതിവാക്കാന്‍ എനിക്ക് ഒരു വിര്‍ദ് ഇജാസത്തായി തരികയും ചെയ്തിരുന്നു.

സൂഫി വഴിയിലുള്ള ഉസ്താദിന്റെ ശൈഖുമാര്‍?

കോടനാട് ദര്‍സില്‍ പഠിക്കുന്ന കാലത്താണ് ശൈഖ് ഹിബത്തുല്ലാഹ് അല്‍ ബുഖാരി തങ്ങളുമായി ബന്ധപ്പെടുന്നതും ഖാദരിയ്യ ത്വരീഖത്ത് സ്വീകരിക്കുന്നതും. അതിന് പുറമെ, കക്കിടിപ്പുറം അബൂബക്കര്‍ ഉസ്താദുമായും ഉസ്താദ് ചാപ്പനങ്ങാടി ബാപ്പു ഉസ്താദുമായും ബന്ധമുണ്ടായിരുന്നു. മടവൂര്‍ സി.എം ഉസ്താദിനെ കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ, ഇവരൊക്കെ തസവ്വുഫിന്റെ മാര്‍ഗത്തിലുള്ള ശൈഖുമാരാണ്.

ഉസ്താദ് വിവിധ ഗ്രന്ഥ വിവിധ ഉസ്താദുമാരില്‍ നിന്നും ഓതിയിട്ടുട്ടല്ലോ, ഇവയില്‍ വീണ്ടും ഓതണമെന്ന് തോന്നുന്ന ഗ്രന്ഥം ഏതാണ്?

ഗസാലി ഇമാമിന്റെ ഇഹ്‌യാഉലൂമുദ്ധീനാണ് വീണ്ടും ഓതണമെന്ന് തോന്നുന്ന ഗ്രന്ഥം. അത്രെത്ര ഓതിയാലും അര്‍ത്ഥ തലങ്ങള്‍ തീരുന്നതല്ല.

ഗ്രന്ഥരചന വല്ലതും?

ഗ്രന്ഥ രചന എന്ന് പൂര്‍ണമായി പറയാന്‍ പറ്റില്ല, ക്രോഡീകരണം എന്ന് പറയാം. ഒന്ന് മൗലിദ് കിതാബാണ്, ബദറുല്‍ ആലം എന്നാണ് പേര്. ഹദീസ്, ആയത്ത് എന്നിവയെല്ലാം ചേര്‍ത്ത് ക്രോഡീകരിച്ചതാണ് അത്.   രണ്ടാമത്തേത് റാത്തീബ്, അസ്മാഉല്‍ ഹുസ്‌ന റാത്തീബ്, അല്ലാഹുവിന്റെ 99 പേരുകളെ ചേര്‍ത്തുവെച്ച് ക്രോഡീകരിച്ചതാണ്. മൂന്നാമത്തേത്  ദിക്‌റുകളും ദുആകളുമാണ്. ഫൗസുദ്ദാറൈന്‍ എന്നാണ് ഈ കൃതിയുടെ പേര്.  അറബി-മലയാളത്തിലാണ് ഇതിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഓരോ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും ഓരോ സമയത്തും പാലിക്കേണ്ട ദിക്‌റുകള്‍, ദുആകള്‍ ഹദീസിലും മറ്റും വാരിദായി വന്നത് ക്രോഡീകരിച്ചതാണിത്. ഈ ഗ്രന്ഥത്തിന് എന്റെ ഉസ്താദായ കെ.കെ ഹസ്രത്തില്‍ നിന്ന് ഇജാസത്ത് ലഭിച്ചിട്ടുണ്ട്.

ആഗ്രഹമായി എന്താണ് ബാക്കിയുള്ളത്?

പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ല എന്ന് തന്നെ പറയാം. ദര്‍സും ഇബാദതുമായി ബാക്കിയുള്ല ജീവിതം കൂടി കഴിച്ച് കൂട്ടാന്‍ തൌഫീഖ് ഉണ്ടാവണേ എന്ന് മാത്രമാണ് എപ്പോഴും പ്രാര്‍ത്ഥന.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter