ഫുളൈൽ ഇബ്ൻ ഇയാള്(റ): അമാവാസിയെ വകഞ്ഞ പൂർണ്ണ ചന്ദ്രൻ

കൊള്ളക്കാരനായി പിന്നീട് ഇസ്‍ലാമിക ചരിത്രത്തിൽ ഏറെ ശ്രദ്ധേയനായ പണ്ഡിതനാണ് അബൂഅലി ഫുളൈൽ ഇബ്നു ഇയാള്(റ).

ജനനം, ജീവിതം
സമർഖന്ദിൽ ജനിച്ച അദ്ദേഹം വളര്‍ന്നത് അബീ വർദ് പട്ടണത്തിലായിരുന്നു. ജ്ഞാനദാഹിയായ അദ്ദേഹം ശേഷം അറിവ് കരസ്ഥമാക്കാൻ വേണ്ടി കൂഫയിലേക്ക് പോയി. എണ്ണമറ്റ സജ്ജനങ്ങള്‍, പണ്ഡിതര്‍, ഉമറാക്കൾ എന്നിവരെക്കുറിച്ച് രചന നടത്തിയിട്ടുണ്ട്. മൻസൂർ, അസ്മഷ്, ഉത്‍വതുബ്നു സാഇബ് തുടങ്ങിയവർ അവരിൽ പ്രസിദ്ധരാണ്. ജീവിതത്തിലുടനീളം ധാരാളം പരീക്ഷണങ്ങള്‍ക്കും അദ്ദേഹം വിധേയമായിട്ടുണ്ട്.

ഫുളൈൽ(റ) ന്റെ  പശ്ചാത്താപം
ഫുളൈൽ ഇബ്നു ഇയാള്(റ) ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. അദ്ദേഹം ഒരു പെൺകുട്ടിയെ അങ്ങേയറ്റം പ്രണയിച്ചിരുന്നു. ഒരു ദിവസം രാത്രിയിൽ തന്റെ കാമുകിയുടെ അടുത്തേക്ക് പോകാൻ മതിൽ കയറുന്ന അവസരത്തിൽ പരിശുദ്ധ ഖുർആനിലെ ഒരു സൂക്തം ആരോ പാരായണം ചെയ്യുന്നത് അദ്ദേഹം കേട്ടു. അതിന്റെ അര്‍ത്ഥം ഇപ്രകാരമായിരുന്നു, അല്ലാഹുവിന്റെ സ്മരണയിലേക്ക് തങ്ങളുടെ ഹൃദയങ്ങൾ വിനയപ്പെട്ടു വരാൻ സത്യവിശ്വാസികൾക്ക് സമയമായില്ലേ.

ഇത് കേട്ടതും അദ്ദേഹം മനസ്സിൽ മന്ത്രിച്ചു. അതേ റബ്ബേ എനിക്ക് സമയമായിട്ടുണ്ട്. അങ്ങനെ അവിടെ നിന്നും മടങ്ങി അദ്ദേഹം ഒരു സത്രത്തിന്റെ അടുത്തെത്തി. ഇദ്ദേഹത്തെ കണ്ടതും അവിടെയുള്ള ആളുകൾ പറയാൻ തുടങ്ങി: "ഇവിടെ കൊള്ളക്കാരനായ ഫുളൈലുണ്ട്. നമുക്ക് ഇവിടെ നിന്നും പോകാം". ഇതു കേട്ട അദ്ദേഹം വളരെ ദുഃഖിച്ചു. രണ്ട് കൈയും അല്ലാഹുവിലേക്ക് ഉയർത്തി ഇപ്രകാരം അദ്ദേഹം ദുആ ചെയ്തു, അല്ലാഹുവേ എനിക്ക് നീ പൊറുത്തു തരണേ. എന്റെ ഈ തൗബ മുതൽ മരണംവരെ ഞാൻ നിനക്ക് ആരാധന ചെയ്തു ബൈത്തുൽ ഹറാമിൽ കഴിയും .

ഫുളൈൽ(റ) ന്റെ ആരാധന
ലൗകിക സുഖങ്ങളേക്കാള്‍ ആരാധനയ്ക്ക് പ്രാധാന്യം നൽകിയ പരിത്യാഗിയാണ് ഫുളൈൽ ഇബ്നു ഇയാള്(റ). രാത്രി മുഴുവനും പള്ളിയിൽ ആരാധനയ്ക്കായി സമയം ചെലവഴിച്ചിരുന്ന അദ്ദേഹം വല്ലാത്ത പ്രവാചക പ്രേമിയായിരുന്നു. പുണ്യ നബിയുടെ സുന്നത്തുകളെ ജീവിതത്തിൽ പകർത്തിയായിരുന്നു അദ്ദേഹം ജീവിതം നയിച്ചിരുന്നത്.

ഭരണകർത്താക്കളോടുള്ള ബന്ധം

ഹാറൂൺ റഷീദ് അടക്കമുള്ള ഭരണകർത്താക്കളെല്ലാം അദ്ദേഹത്തോട് ഉപദേശം തേടിയിരുന്നു. ഭയഭക്തിയോടെ ജീവിക്കുക, പ്രജകളോട് നീതി  കാണിക്കുക, അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുക മുതലായവയായിരുന്നു രാജാക്കന്മാരെ അദ്ദേഹം ഉപദേശിച്ചിരുന്നത്. സുഫ് യാനു  ഇബ്നു ഉയയ്ന, മകൻ അലി മുതലായവർ അദ്ദേഹത്തിൻറെ സതീർത്ഥ്യരായിരുന്നു.

പണ്ഡിതന്മാരുടെ വീക്ഷണത്തിൽ:-
ഇബ്നു ഹിബ്ബാൻ(റ): അബീ വർദ് പട്ടണത്തിൽ വളർന്ന ഒരു വലിയ ഹദീസ് പണ്ഡിതനാണ് ഫുളൈൽ ഇബ്നു ഇയാള്(റ). പിന്നീട് ലൗകികമായ വിചാര വികാരങ്ങളെ വെടിയുകയും മക്കയിലേക്ക് പോവുകയും ചെയ്തു.

ഇമാം ദഹബി(റ): പ്രതാപവും വിശ്വസ്തതയും സമ്മേളിച്ച പരിത്യാഗിയാണ് ഫുളൈൽ ഇബ്നു ഇയാള്(റ)

ഇബ്നു സഅദ്(റ): സൂക്ഷ്മത, ആരാധന, ഭയ ഭക്തി ഇവയാൽ ജീവിതം ചിട്ടപ്പെടുത്തിയ   പണ്ഡിതനാണ് ഫുളൈൽ(റ).

വഫാത്ത്
ജീവിതാന്ത്യം വരെ ഇസ്‍ലാമിക മൂല്യങ്ങളെ ചേർത്തുപിടിച്ച ആ മഹാമനീഷി ഹിജ്റ  187-ൽ മക്കയിൽ വെച്ച് വഫാത്തായി. ആ മഹാനോടൊപ്പം അല്ലാഹു നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ. ആമീൻ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter