ഇമാം അളുദുദ്ദീൻ ഈജി: ജ്ഞാന ലോകത്തെ അമര സാന്നിധ്യം

ഇസ്‍ലാമിക ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട  വിജ്ഞാന ശാഖയാണ് ഇല്‍മുല്‍ കലാം അഥവാ വിശ്വാസ ശാസ്ത്രം. ഇസ്‍ലാമിക വിജ്ഞാന മേഖലയിലെ പ്രധാന ശാഖയായി അഖീദയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ യഥേഷ്ടം പണ്ഡിതർ തങ്ങളുടെ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. അബുൽഹസൻ അശ്അരിയിലേക്ക് ചേർക്കപ്പെടുന്ന അശ്അരി സരണിയിലെ, എട്ടാം നൂറ്റാണ്ടിൽ ജീവിച്ച പണ്ഡിതരിലെ  പ്രധാനിയാണ് ഇമാം അളുദുദ്ദീൻ ഈജി. 

ജനനം, പഠനം, ജീവിതം 
ഹിജ്റ എഴാം നൂറ്റാണ്ടിന്റെ അവസാനം ഷിറാസ് പട്ടണത്തിൽ ഇസ്‍ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാമത്തെ ഖലീഫ അബൂബക്കർ (റ) വിലേക്ക് ചേർക്കപ്പെടുന്ന ബക്രീദ് കുടുംബത്തിലാണ് അബ്ദുറഹ്മാൻ റുക്നുദ്ദീൻ അഹ്മദ് ബിൻ അബ്ദുല്ല എന്ന ഇമാം അളുദുദ്ദീൻ ഈജി ജനിച്ചത്. അബുൽ ഫളൽ, ബക്ക്‍രി തുടങ്ങിയ നിരവധി അപരനാമങ്ങളിൽ പിന്നീട് അദ്ദേഹം പ്രസിദ്ധനായി.

പണ്ഡിത കുടുംബത്തിൽ ജനിച്ച ഇമാം ഈജി  പണ്ഡിത ശ്രേഷ്ഠനായ  തന്റെ പിതാവ് അഹ്മദ് ബിൻ അബ്ദുൽ വഫാറിന്റെ അടുത്ത് നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത്. തുടർന്ന് ഇമാം ബൈളാവിയുടെ ശിഷ്യനായ ഇമാം അൻഖിയയുടെ ശിഷ്യത്വം സ്വീകരിച്ചു. അവിടെ നിന്ന് നിരവധി വിജ്ഞാനങ്ങൾ  കരഗതമാക്കുകയും   നിരവധി പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. എന്നാൽ സൈനുദ്ദീൻ അൻഖിയുടേതൊഴികെ ഒരു ഗുരുനാഥന്റെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 

വിശ്വാസശാസ്ത്രം, കർമ്മശാസ്ത്രം, വ്യാകരണ ശാസ്ത്രം തുടങ്ങി നാനാവിധ മേഖലകളിലും കഴിവ് തെളിയിച്ച അളുദുദ്ദീൻ ഈജിയുടെ പ്രശസ്തി അനുദിനം വർധിച്ചുവന്നു. ജനഹൃദയങ്ങളെ ഏറെ സ്വാധീനിച്ച അദ്ദേഹം, ഇഹലോക സുഖസൗകര്യങ്ങളെ വെടിഞ്ഞ് പാരത്രിക പ്രീതിക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിച്ചതോടൊപ്പം സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിച്ചും ജീവിതം ധന്യമാക്കി. വളരെ വലിയ സമ്പന്നനായിരുന്ന  അദ്ദേഹം തന്റെ സമ്പത്ത് മുഴുവൻ അല്ലാഹുവിന്റെ മാർഗത്തിൽ മാത്രം  ചെലവഴിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കാണിച്ചു.

സഅദുദ്ദീൻ തഫ്തസാനി, ഷംസുദ്ദീൻ കിർമാനി പോലയുള്ള ഒട്ടനവധി പണ്ഡിതരെ ലോകത്തിന് സമർപ്പിക്കാനും മഹാനവർകൾക്ക് സാധിച്ചിട്ടുണ്ട്. മുപ്പതാം വയസ്സിൽ ഖലീഫ അബൂ സഊദിന്റെ കാലത്ത് ഖാളിൽ ഖുളാത്തായി സ്ഥാനമേറ്റ അദ്ദേഹം സത്യത്തിന്റെയും നേരിന്റേയും നിലനിൽപ്പിനായി പോരാടുകയായിരുന്നു. മുബാരിസുദ്ദീൻ രാജാവിനെ പോലെ യഥേഷ്ടം രാജാക്കന്മാർ അനവധി പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തുവെങ്കിലും നീതിപൂർണ്ണമായ വിധികൾ നടപ്പാക്കുന്നതിൽ അദ്ദേഹം കർക്കശ മനോഭാവം പുലർത്തി പോന്നു. ഇത് മൂലം രണ്ട് വർഷത്തോളം ബന്ധനസ്ഥനായി കഴിഞ്ഞ അദ്ദേഹം ഹിജ്റ 756ലാണ് വഫാത്താകുന്നത്. ഒട്ടനവധി മേഖലകളിൽ മികവ് തെളിയിച്ച മഹാനവര്‍കളെ കുറിച്ച് ധാരാളം പണ്ഡിതന്മാർ പലയിടത്തായി സ്മരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായിരുന്ന സഅ്ദുദ്ദീൻ തഫ്താസാനി പലയിടങ്ങളിലായി തന്റെ ഗുരുവിനെ പ്രശംസിച്ചു പറയുന്നുണ്ട്.

പ്രവർത്തന മേഖല 
ഇൽമുൽ കലാം, ഇൽമുൽ മആനി, താരീഖ്, തഫ്സീർ, ഉസൂൽ തുടങ്ങിയ വ്യത്യസ്ത മേഖലകളിലായി അൽ മവാഖിഫ്, ബഹ്ജത്തു തൗഹീദ്, ഉയൂനുൽ ജവാഹിർ  തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ മഹാനവർകളുടെ നിസ്തുലമായ സംഭാവനകളാണ്. വിദ്യാഭ്യാസ മേഖലയിൽ ഇറാനിൽ അദ്ദേഹം നിർമ്മിച്ച മദ്രസത്തുൽ ഈജി വളരെ പ്രശസ്തവും ഒരുപാട്  പണ്ഡിതന്മാരെ  വാർത്തെടുത്ത സ്ഥാപനവുമാണ്. തന്റെ രചനകളിൽ ബുദ്ധിക്കും (അഖ്ൽ) ഉദ്ധരണിക്കും (ഹികായത്ത്) പ്രാധാന്യം കൊടുക്കുന്നതോടൊപ്പം വായനക്കാരിൽ ഏറെ സ്വാധീനം ചെലുത്തുന്ന ചോദ്യോത്തര രീതിയും അവസാനം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന രചനാ ശൈലിയുമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. 

ശരീഫുൽ ജുർജാനി, മുഹമ്മദുൽ കിർമാനി പോലയുള്ള പല പ്രമുഖരും  അശ്അരി സരണിയിലെ ബൃഹദ് ഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന മഹാനവുകളുടെ കിതാബുൽ മാവാഖിഫിന് നിരവധി ഷർഹുകളും ഹാശിയകളും രചിച്ചിട്ടുണ്ട്. പിൽക്കാലത്ത് വന്ന നിരവധി പണ്ഡിതന്മാർ ഇമാം അളുദുദ്ദീൻ ഈജിയുടെ കിതാബുൽ മവാഖിഫ് പോലയുള്ള നിരവധി ഗ്രന്ഥങ്ങൾ ആശ്രയിച്ചും അദ്ദേഹത്തിൻറെ രചന ശൈലി സ്വീകരിച്ചും ധാരാളം രചനകൾ നടത്തിയിട്ടുള്ളതായി കാണാം. ഇസ്‍ലാമിക ആശയങ്ങളോട് നീതി പുലർത്താത്ത നിരവധി വിഘടിത വിഭാഗങ്ങളുടെ ആശയ ആദർശങ്ങളെ മഹാനവർകൾ എതിർത്തതായും അവർക്കെതിരെ നിരവധി രചനകൾ നടത്തിയതായും ഇമാം അസ്നവി, ഇമാം സുയൂഥി, ഇമാം അസ്ഖലാനി പോലയുള്ള നിരവധി പിൽക്കാല പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഹിജ്റ 786ല്‍ സംഭവ ബഹുലമായ ആ ജീവിതത്തിന് അന്ത്യം കുറിച്ച് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter