ഗസ്സ: മരണ മുനമ്പാക്കിയത് ആര് ?

ബൈതുല്‍ ഇസ്സ എന്ന് അറിയപ്പെട്ടിരുന്ന ഗസ്സ ഇപ്പോള്‍ മരണ മുനമ്പായിമാറിയിരിക്കുകയാണ്. മൂവായിരത്തി അഞ്ഞൂറിൽൽപ്പരം പൗരൻമാൻ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവരിൽ ഉൾപ്പെടുന്നു. യുദ്ധത്തിന്റെ സർവ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രയേൽ നരനായാട്ട് തുടരുക തന്നെയാണ്. കഴിവതും വേഗം പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും, മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രയേലിന്റെ കിരാത തേർവാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കർക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നിൽക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം.

ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സർവ്വ മേഖലയിലും ഉപരോധം ഏർപ്പെടുത്തിയും പാർപ്പിടങ്ങളും സ്കൂളുകളും  അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് നിലം പരിശാക്കിയും ഫലസ്തീൻ ജനതയെ ക്രൂരമായി പീഢിപ്പിച്ചിട്ടും മതിവരാതെ, യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അൽ അഹ്‍ലി  ആശുപത്രി പോലും  മനുഷ്യത്വം ഇല്ലാത്ത ഇസ്രയേൽ സൈന്യം ബോംബിട്ട് നശിപ്പിച്ചിരിക്കുന്നു.

പ്രാചീന കാലത്തേക്കാൾ ലോകം മനുഷ്യത്വപരമായും ധാർമികമായും വളർച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന ഈ പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത് തന്നെ മനുഷ്യത്വമുള്ളവർക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ്. അത്രമേൽ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരിൽ ഇസ്രയേൽ ഗസ്സയിലും ഫലസ്ഥീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തി കൊണ്ടിരിക്കുന്ന. മനസ്സുലക്കുന്ന കൃത്യങ്ങൾ.

ഇറാൻ, ഖത്തർ, സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ ഗാസയിൽ തുടരുന്ന  ഇസ്രയേലിന്റ അതിരു കടന്ന അക്രമങ്ങളെയും ഫലസ്തീൻ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രയേലിന്റെ ഇടപെടലുകൾ പശ്ചിമേഷ്യയിൽ കൂടുതൽ രക്ത ചൊരിച്ചിലുകൾക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും  തങ്ങളുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് പിന്നോട്ട് പോകാതെ ഇസ്രയേൽ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂർണ ഉത്തരവാദിത്വം ലോക പോലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം  ഇസ്രയേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോൾ മുമ്പും പിമ്പും നോക്കാതെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്.

അതോടൊപ്പം നാളിതുവരെ  തങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന  കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ "ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികൾ കഴുത്തറത്ത് കൊന്നെന്ന" കല്ലുവെച്ച നുണകൾ അപ്പാടെ നിസ്സംശയം മാധ്യമങ്ങൾക്ക് മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രയേലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കൻ പ്രസിഡന്റ് ബൈസന്റെ കാഴ്ചയും നാം കണ്ടതാണ്. ഇപ്പോഴിതാ, ഒരിക്കല്‍ കൂടി പിന്തുണ പ്രഖ്യാപിക്കാനയി പ്രസിഡണ്ട് നേരിട്ട് ഇസ്റാഈലിലെത്തിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഫലസ്ഥീനിലെ  നിലവിലെ സാഹചര്യങ്ങളെ ഏറെ വഷളാക്കിയത് അമേരിക്കയാണെന്ന് പറയാതിരിക്കാനാവില്ല.

അല്ലെങ്കിൽ പിന്നെന്ത് കൊണ്ടാണ് ഹമാസ് പോരാളികൾ ഇസ്രയേൽ കുട്ടികളെ നിഷ്ഠൂരമായി കൊന്നെന്ന വ്യാജ പ്രചരണം കേട്ടപ്പോൾ കണ്ണ് നിറച്ച് ദു:ഖം രേഖപ്പെടുത്തുകയും  റഷ്യ- ഉക്രൈൻ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ യൂറോപ്പ്യൻ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിക്കുകയും ചെയ്ത അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ ദിനംപ്രതി മരിച്ച് വീഴുന്ന നൂറു കണക്കിനു കുഞ്ഞുങ്ങൾക്കു വേണ്ടിയും തകർന്നടിഞ്ഞ പാർപ്പിടങ്ങൾക്കിടയിൽ സർവതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങൾക്കു വേണ്ടിയും ഒരു പ്രസ്താവന പോലും നടത്താത്തത്.

അത് കൊണ്ട് തന്നെ പിറന്ന മണ്ണിൽ അധിവസിക്കാൻ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന "ഹമാസിനെ" ഇസ്‍ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രയേലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്‌ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓർമയില്ലാത്തതു കൊണ്ടോ അല്ല, മറിച്ച് മുസ്‍ലിം വിരോധത്തിന്റെയും മത വർഗ്ഗ വെറിയുടേയും അവർണ്ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളിൽ അന്തർലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ സാക്ഷ്യം കൂടിയാണ്. രണ്ടാം ലോക മഹായുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാൽ പിറവി കൊണ്ട ജൂതരാഷ്‌ട്രത്തിന് ഇപ്പോഴും നൽകി കൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും.

കൂടാതെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘർഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കുവാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യുവാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യൻ സാമ്രാജ്യത്വ ശക്തികൾ കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ നാടകം കൂടിയാണ് ഇസ്രയേൽ ഫലസ്ഥീൻ വിഷയത്തിൽ  പോലിസ് കളിക്കുന്ന അമേരിക്ക ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന അനുനയനീക്കങ്ങൾ എന്നു കൂടി നമുക്ക് അനുമാനിക്കാം. അതിനാൽ നിലവിലെ  ഫലസ്തീൻ ഇസ്റാഈൽ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്. മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരിൽ സ്വൈര്യമായ ഉറക്കവും സുരക്ഷിതമായ പാർപ്പിടവും സ്വരാജ്യം തന്നെയും കാലങ്ങളായി  നഷ്ടപ്പെട്ട ഫലസ്തീനികൾക്ക്   സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുക എന്നതാണ് സുതാര്യമായ പരിഹാരം.  എങ്കിലേ  നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങൾ ഉദയം ചെയ്യൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter