ഇറാന്‍

ഇസ്‌ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ എന്നാണ് ഔദ്യോഗിക നാമം. പേര്‍ഷ്യ എന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. തലസ്ഥാനം: തെഹ്റാന്‍. അതിര്‍ത്തികളായി, വടക്ക് ഭാഗത്ത് തുര്‍ക്കുമെനിസ്താന്‍, അദര്‍ബൈജാന്‍, അര്‍മീനിയ, കാസ്പിയന്‍ കടല്‍ എന്നിവയും കിഴക്ക് ഭാഗത്ത് അഫ്ഗാനിസ്താനും തെക്കുകിഴക്കായി പാകിസ്താനുമാണുള്ളത്. പടിഞ്ഞാറ് ഭാഗത്ത് ഇറാഖും  വടക്കുപടിഞ്ഞാറ് ഭാഗത്ത് തുര്‍ക്കിയും തെക്ക് ഭാഗത്ത് പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍ എന്നിവയുമാണ്. നിവാസികളില്‍ 98%വും മുസ്ലിംകളാണ്, അവരില്‍ ഭൂരിഭാഗവും ശിയാ വിശ്വാസക്കാരാണ്. ക്രൈസ്തവര്‍, ബഹായികള്‍, സൌരാഷ്ട്രര്‍ തുടങ്ങിയവരും ഇറാനിലുണ്ട്. പേര്‍ഷ്യനാണ് ഔദ്യോഗികഭാഷ. അറബി, ഇംഗ്ളീഷ് എന്നിവയും പ്രചാരത്തിലുണ്ട്.   16,48,195 ച.കി.മി. വിസ്തീര്‍ണ്ണമുള്ള രാജ്യത്ത് റിയാലാണ് നാണയമായി ഉപയോഗിക്കുന്നത്.

ചരിത്രം

മീഡുകളും പേര്‍ഷ്യക്കാരുമാണ് ഇവിടുത്തെ ആദ്യ നിവാസികള്‍. ബി. സി ആയിരാമാണ്ടില്‍ രാജ്യത്തേക്ക് ആര്യന്‍മാര്‍ കുടിയേറിപ്പാര്‍ത്തിരുന്നു. അവര്‍ താമസിച്ച സ്ഥലം 'ആര്യാനാം വജേഹ്' (ആര്യന്‍മാരുടെ സ്ഥലം) എന്നറിയപ്പെട്ടുവെന്നും പിന്നീടത് ലോപിച്ച് 'എറാന് വേജ്' എന്നായിയെന്നും വീണ്ടുമത് കൈമറിഞ്ഞു ഇറാന്‍ എന്നായി എന്നുമാണ് പറയപ്പെടുന്നത്. എ. ഡി മൂന്നാം നൂറ്റാണ്ട് മുതല്‍ നാനൂറു വര്‍ഷം സാസാനികളാണ് ഭരണം നടത്തിയത്. ഏഴാം നൂറ്റാണ്ടില്‍ ഇറാന്‍ ഖിലാഫത്തുറാശിദക്ക് കീഴിലായി. പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയക്കാരും പതിനാറാം നൂറ്റാണ്ടില്‍ തദ്ദേശീയരായ സഫവികളും ഭരണം കൈയ്യാളി.

പഹലവി ഭരണത്തോടു കൂടിയാണ് ഇറാന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്.  രിസാ ഷാഹ് പഹലവി രാജ്യത്തേക്ക് പാശ്ചാത്യ സംസ്കാരങ്ങള്‍ കൊണ്ടു വന്നു. മതവിദ്യ നിര്‍ബന്ധമല്ലാതാക്കി. ഇസ്ലാമിക വേഷങ്ങള്‍ നിരോധിച്ചു. ശേഷം നാടുവാണ രാജപുത്രന്‍ മുഹമ്മദ് രിസാഷാഹ് പഹലവിയും മത പണ്ഡിതരെ അവഗണിച്ചതോടെ രാജ്യത്ത് അനാചാരങ്ങള്‍ വര്‍ധിച്ചു. ശിയാ നായകനായ ആയത്തുള്ള ഖുമൈനിയെ നാടുകടത്തിയ ഷാഹ്ക്കെതിരെ ജനരോഷമിരമ്പി. ഖുമൈനിയുടെ പ്രഭാഷണങ്ങള്‍ ജനരോഷത്തെ ആളിക്കത്തിച്ചു. അവസാനം ഗത്യന്തരമില്ലാതെ ഷാഹ് നാടുവിട്ടു. 1979 തുടക്കത്തില്‍ ഖുമൈനി തലസ്ഥാനത്ത് തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. ആ വര്‍ഷം തന്നെ ഏപ്രില്‍ ഒന്നിന് ഇറാന്‍ ഒരു ഇസ്‌ലാമിക ജനാധിപത്യ രാജ്യമായും ഏപ്രില്‍ ഒന്ന് ഇറാന്റെ സ്വാതന്ത്ര്യ ദിനമായും പ്രഖ്യാപിക്കപ്പെട്ടു.

മത രംഗം

ഖിലാഫത്തുറാശിദയുടെ കാലത്തു തന്നെ ഇസ്‌ലാം ഇറാനിലെത്തിയിട്ടുണ്ട്. ശേഷം ഉമവികളും ഉമവികളെ തുടര്‍ന്നു വന്ന അബ്ബാസികളും പുരാതന പേര്‍ഷ്യയില്‍ ഭരണം നടത്തിയിരുന്നു. രാജ്യത്തെ പുതിയ ഭരണത്തിനു കീഴില്‍ കര്‍ശന ഇസ്‌ലാമിക സംവിധാനമാണുള്ളത്. ഗൂഗിളിന്‍റെ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് നിരോധിച്ചു കൊണ്ട് 'മെഹര്‍' എന്ന പേരില്‍ തങ്ങളുടെതായ ഒരു വീഡിയോ ഷെയറിംഗ് സൈറ്റ് നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍.

രാഷ്ട്രീയ രംഗം

1979 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ണ്ണ ഇസ്‌ലാമിക ജനാധിപത്യ രാജ്യം. 1980-88 കാലങ്ങളില്‍ ഇറാഖുമായി രാഷ്ട്രീയ യുദ്ധങ്ങള്‍ നടന്നു. ലോക രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നെജാദ് ആണ്.

-റശീദ് ഹുദവി വയനാട്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter