ക്യാമറയുടെയല്ല, നമ്മുടെ മുഖത്തേക്കായിരുന്നു ആ പ്രസവം; മലയാളിയുടെ മൌനത്തിന് നേരെ കാലം നടത്തിയ നീട്ടിത്തുപ്പ്
 width=രണ്ടായിരാമാണ്ടിലേക്ക് കാലെടുത്ത് വെക്കുന്ന സമയത്ത് കേരളത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായി ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കേരളീയരുടെ ഉദാസീനഭാവത്തെ ദൃഷ്ടാന്തീകരുക്കുന്ന ഒരു കഥ എം.ടി.വാസുദേവന്‍ നായര്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്: അപാരമായ മാന്ത്രിക പ്രകടനങ്ങള്‍ അവതരിപ്പിച്ച് നിരവധി വേദികള്‍ പിന്നിട്ട ഒരു മാന്ത്രികന്‍ അവസാനം ഒരിടത്തെത്തുന്നു. കയ്യിലുള്ള നാനാതരം ഇനങ്ങള്‍ കാണിച്ചിട്ടും അവിടുത്തെ കാണികള്‍ക്ക് പറയത്തക്ക ഭാവഭേദമൊന്നുമില്ല. അമ്പരപ്പും ചിരിയും കയ്യടയുമില്ല. അവസാനം തന്റെ സ്വന്തം ഹൃദയം പറിച്ചു കാണികള്‍ക്കു മുമ്പില്‍ നീട്ടിപ്പിടിക്കുന്നു അയാള്‍. ഇതെന്താ സാധനം, ചെമ്പരിത്തിയാണോ എന്നായിരുന്നു കാഴ്ചക്കാരടെ അപ്പോഴത്തെ മറുചോദ്യം. ആ ചോദ്യം കേട്ട് ഹൃദയം പൊട്ടി അയാള്‍ വീഴുന്നു. ഈ സ്ഥലം ഏതെന്നന്വേഷിച്ചെത്തുന്ന മാന്ത്രികന്റെ ശിഷ്യന്മാര്‍ക്ക് കിട്ടുന്ന ഉത്തരം കേരളമെന്നായിരുന്നു. അങ്ങനെയൊന്നും കുലുങ്ങുന്നതല്ല നാം കേരളീയരുടെ പ്രകൃതം. ആരുടെ മുമ്പിലും നാം ഞെട്ടാറുമില്ല. എന്നാല്‍ അങ്ങനെയൊന്നിപ്പോള്‍ സംഭവിച്ചിരിക്കുന്നു. ശ്വേതാ മേനോന്‍ എന്ന സിനിമാ നടി മുംബെയിലെ ബന്‍സര്‍ എന്ന സ്വകാര്യ ആശുപത്രിയില്‍കളിമണ്ണ് എന്ന സിനിമക്കു വേണ്ടി മൂന്ന് ക്യാമറകള്‍ക്കു മുമ്പില്‍ പ്രസവിച്ചു കളഞ്ഞു എന്നാണ് ആസകലം കേരളീയരെ ഞെട്ടിച്ചു കളഞ്ഞ വാര്‍ത്ത. നോക്കൂ, ഞെട്ടലിന്റെ തരംഗം ഇപ്പോഴും വ്യക്തികളില്‍ നിന്നു വ്യക്തികളിലേക്ക്സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. സ്പീക്കര്‍ ജി. കാര്‍ത്തികേയനും സെബാറ്റ്യന്‍ പോളും മുതല്‍ കവിയൂര്‍ പൊന്നമ്മയും രഞ്ജിനി ഹരിദാസും വരെ ഇങ്ങനെ അമ്പരന്നു അട്ടം നോക്കിയിരിക്കുന്നവരില്‍ പെടുന്നു. പ്രസവവും ഷൂട്ടിങ്ങും നടന്നത് സെപ്റ്റംബര്  28ന്. പക്ഷേ, അതിനു വാര്‍ത്താപ്രധാന്യം കൈവന്നത് നടി കൈകുഞ്ഞുമായി സംസ്ഥാന അവാര്‍ഡ് വാങ്ങാന്‍ വന്നപ്പോള്‍. തുടര്‍ന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന മുടക്കുവാദവുമായി രംഗത്തെത്തി. ഈ വാര്‍ത്ത ആദ്യം പത്രത്തില്‍ വന്നപ്പോഴോ തൊട്ടടുത്ത ദിവസം ആ മണിക്കൂറുകളിലെ തന്റെ അനുഭവത്തെ കുറിച്ച് സംവിധായകനോട് പ്രത്യേക അഭിമുഖം നടത്തിയപ്പോഴോ ഒന്നും മലയാളികള്‍ അമ്പരന്നിരുന്നില്ല. കാരണം, ഞെട്ടുന്നതിനും മലയാളികള്‍ക്ക് ചില ക്രമങ്ങളുണ്ട്. വാര്‍ത്താമൂല്യവും താരപരിവേഷവുമുള്ള ആരെങ്കിലും അഭിപ്രായം തൊടുത്തുവിടുകയും അവ വാചകമേളകളില്‍ സ്ഥാനംപിടിക്കുകയും ചെയ്യുമ്പോഴെ അത് ഞെട്ടേണ്ട കാര്യമാണെന്ന് മനസ്സിലാക്കി നാം ഉണര്‍ന്നിരുന്ന് താടക്ക് കൈ കൊടുക്കാറുള്ളൂ. പിന്നെ എസ്.എം.എസുകളായി, മെയ്‌ലുകളായി, ഫൈസുബുക്ക് പോസ്റ്റുകളായി, ചാനല്‍ ചര്‍ച്ചകളും പക്ഷംപിടക്കലുകളുമായി രംഗം കൊഴുക്കും. വിവാദങ്ങള്‍ക്കേ ശരാശരി മലയാളിയെ ഉണര്‍ത്താനാകൂ. സുകുമാര്‍ അഴീക്കോട് മലയാളിയെ സംബന്ധിച്ചിടത്തോളം മോഹന്‍ലാലുമായി ഗുസ്തി പിടിച്ച ഒരാളാകുന്നത് അതിനാലാണ്. വിവാദങ്ങള്‍ നൂറുമേനി പൂക്കുന്ന കൊച്ചി മെട്രോ നിര്‍മാണം നോക്കുക. ഈ മനശാസ്ത്രം ശരിക്കറിയാവുന്നത് കൊണ്ടാണ് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ഒരു ബ്രഹ്മോസ് മിസൈലുമായി വന്നു വിജയകരമായി വിക്ഷേപണം നടത്തി വാലിനു തീപിടിക്കും മുമ്പ് ഡല്‍ഹിയിലേക്ക് തന്നെ വെച്ചുപിടിച്ചിരിക്കുന്നത്. നമ്മുടെ ഞെട്ടലുകള്‍ സംഭവത്തില്‍ പെട്ടവരെ നിരീക്ഷിച്ചും തരവും സൗകര്യവും ഒക്കെ നോക്കിയുമാണ് ഉണ്ടാകാറുള്ളത്.  ടി.പി വധത്തില്‍‌ ഉണ്ടായ ഞെട്ടല്‍ നോക്കുക. അവസാനത്തെ അവാര്‍ഡും തരപ്പെടുത്തിയ ചില കവികള്‍ അന്നു പറഞ്ഞത് ഞങ്ങള്‍ പ്രതികരണത്തൊഴിലാളികളല്ലെന്നാണ്. അഥവാ ഞങ്ങള്‍ തത്കാലം ഇപ്പോള്‍ ഞെട്ടുന്നില്ലെന്ന്. പ്രസവ വിവാദത്തിലേക്ക് തിരിച്ചു വരുക. മൂന്ന് തരത്തിലുള്ള പ്രതികരണങ്ങളാണ് അമ്പരന്നവര്‍ പ്രകടിപ്പിച്ചു കണ്ടത്. ഒന്ന്, നടിക്ക് വേണമെങ്കില്‍ ക്യാമറക്ക് മുമ്പിലും, എവിടെയും പ്രസവിക്കാം. പക്ഷേ, ജനിച്ച കുഞ്ഞിന്റെ അവകാശത്തിന്റെ ലംഘനമാണിത്. രണ്ട്, ഇത് കലയുടെ മറവിലുള്ള കച്ചവടമാണ്. മൂന്ന്, സംഭവം അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ എല്ലാം തകര്‍ത്തിരിക്കുന്നു. ഒന്നാമത്തെ വാദമെടുക്കുക. കേരളത്തില്‍ ആദ്യമായിട്ടാണോ ഇങ്ങനെ ഉണ്ടാകുന്നത്. അശ്ലീല ദൃശ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കൊക്കെ ഇത്തരത്തില്‍  കുഞ്ഞുങ്ങളുണ്ടാകുന്നില്ലേ. മുതിര്‍ന്നു വരുമ്പോള്‍ മാതാവിന്റെയോ പിതാവിന്റെയോ അസുഖകരമായ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് നാണമുണ്ടാകുന്നെങ്കില്‍ അവരുടെ അവകാശം ലംഘിച്ചതിന്റെയും അഭിമാനം മുറിപ്പെടുത്തിയതിന്റെയും പേരില്‍ അപ്പറഞ്ഞ നടീനടന്മാര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകേണ്ടതല്ലേ. അത്തരത്തില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെയും മകളുടെ അഭിമാനം മുറിപ്പെട്ടതിന്റെയും പേരില്‍ പരസ്യപ്രസ്താവനയുമായി ഒരു സ്പീക്കറും രംഗത്തെത്തിയതായി ഓര്‍മയില്‍ വരുന്നില്ല. രണ്ടാമത്തെ കൂട്ടര്‍ വാളെടുക്കുന്നത് കച്ചവടവത്കരണത്തിനെതിരെയാണ്. സദാചാരത്തിന്റെ പ്രശ്നം ഞങ്ങളെ ബാധിക്കുന്നില്ലെന്നതിലാണ് ആ പ്രസ്താവനയുടെ ഊന്നല്‍. സ്ത്രീയുടെ ശരീരം ദിനപത്രങ്ങളിലും റോഡിനിരുവശത്തും ചാനല്‍ ഇടവേളകളിലും ഡാന്‍സ് ബാറുകളിലും ഒക്കെ പരസ്യമായും പച്ചയായും ഏറിയും കുറഞ്ഞും വെളിച്ചപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പ്രതികരണങ്ങള്‍ എത്രയളവില്‍ ജാഗ്രത്താവാറുണ്ട്. കച്ചവടവത്കരണമാണ് ഇവരെ വെകിളി പിടിപ്പിക്കുന്നതെങ്കില്‍ കച്ചവടലോകവുമായി നീക്കുപോക്കു നടത്താത്തവരായി എത്ര പേരുണ്ടെന്ന് കണക്കെടുത്ത് നോക്കുക. പരസ്യപ്പടേണ്ടത് പെണ്ണുടലാണെന്ന കാഴ്ചപ്പാടിന്റെ മുകളിലാണ് കമ്പോളവും കലയും  കവലകളും നിലനില്‍ക്കുന്നത് തന്നെ. അവളിലൂടെ ലക്ഷ്യം വെക്കുന്ന ഇന്ദ്രിയപ്രീണനം എന്നതിനപ്പുറത്ത് മിക്കപ്പോഴും സിനിമകള്‍ക്ക് എന്താണ് നല്‍‌കാനാകുന്നത്.  അപ്പോഴൊന്നുമില്ലാത്ത മുറുമുറുപ്പ് ഈ പ്രശ്നത്തില്‍ മാത്രം നമ്മള്‍ക്ക് കാണാനാകുന്നു. മൂന്നാം വാദക്കാരെ നോക്കുക. അശ്ലീലതയുടെ അതിര്‍വരമ്പ് ആദ്യമായി ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നു എന്നാണ് ഈ ഓരിയിടലുകള്‍ കേള്‍ക്കുമ്പോള്‍ തോന്നുക. സിനിമകളിآ അവതരിപ്പിക്കുന്ന പാട്ടുസീനുകള്‍, കിടപ്പറ രഹസ്യങ്ങള്‍ കുളിക്കടവ് രംഗങ്ങള്‍ എന്നിവയിലെല്ലാം വരെ അപകടപ്പെടുമെന്നു പേടിച്ചു ഭദ്രമാക്കിവെച്ചിരുന്ന ശ്ലീലതയുടെ മുറയാണിപ്പോള്‍ തെറ്റിയിരിക്കുന്നത് എന്നാണ് ഇവരുടെ ഭാവം. ഭൂമിമലയാളത്തില്‍ നീലച്ചിത്രങ്ങളുടെ അതിപ്രസരമുണ്ടായിരുന്ന കാലത്ത് ഒരു ആനുകാലികത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: 'പുരോഗമന സംസ്‌കാരത്തിന്റെ നാടെന്നു പറയപ്പെടുന്ന കേരളത്തിന്റെ സാംസ്‌കാരിക തലത്തില്‍ കമ്യൂണിസത്തിനു ശേഷം അശ്ലീലത അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിമോചനപ്രത്യയശാസ്ത്രമായിരിക്കുന്നു.' ക്യാമറക്ക് മുന്നിലുള്ള പ്രസവം പോലുള്ള സംഭവങ്ങള്‍ കാലങ്ങളായി നാം തുടരുന്ന ഒരു മനോഭാവത്തിന്റെയും വീക്ഷണത്തിന്റെയും പടിപടിയായുള്ള പുരോഗമനത്തിന്റെ ഫലമായി വേണം കാണാന്‍. ഒരു രാവിലെ ഒരു നടി  പ്രസവിക്കാന്‍ ക്യാമറ അന്വേഷിച്ചു പറപ്പെടുകയായിരുന്നില്ല. മറിച്ച് പ്രവസത്തിലേക്കെത്തുന്നത് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ചിത്രീകരിക്കുക വഴി അനുക്രമമായി വളര്‍ന്നു വന്ന ഒരു സാംസ്കാരിക വ്യവഹാരത്തിന്റെയും വ്യവസായത്തിന്റെയും അന്തിമമായ വിധിയാണിത്. അന്നെല്ലാം അത്തരം രംഗങ്ങളോടും സീനുകളോടും നാം പാലിച്ച മൗനത്തിന്റെയും ശീലിച്ച ഒത്തുതീര്‍പ്പുകളുടെയും അപരിഹാര്യമായ പരിണതിയാണിത്. അതിപ്പോള്‍ നാം അനുഭവിച്ചേ മതിയാകൂ. അത്തരം സീനുകളെ എതിര്‍ത്തിരുന്നവരെ, വിശിഷ്യാ മുസ്‌ലിം മതവിഭാഗങ്ങളെ ആരും ഗൌനിച്ചില്ല. അവരെ ലോകം തിരിയാത്തവരായി കണക്കാക്കി. മലയാള സിനിമകള്‍ തന്നെയും അവരെ പൊട്ടന്മാരായി ചിത്രീകരിച്ചു, പെണ്‍കോന്തന്മാരായി അടയാളപ്പെടുത്തി. ക്രമേണ അതിനെതിരെ പ്രതികരിച്ചിരുന്ന മതവിഭാഗങ്ങളും മൌനത്തിലേക്ക് പോയിത്തുടങ്ങി.  width=കുറച്ച് കാലങ്ങളായി സിനിമയില്‍ പണ്ട് കണ്ടിരുന്ന പലതും പ്രത്യക്ഷത്തില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലും പച്ചക്ക് കാണാന്‍ തുടങ്ങി. നേരത്തെ സിനിമയെയും അതിന്‍റെ ലൈംഗികപ്രീണന രീതികളെയും എതിര്‍ത്തിരുന്നുവര്‍ അതിനെതിരെയും ശബ്ദിച്ചു. അവര്‍ക്കെതിരെ എടുത്തു പ്രയോഗിക്കാനായി പൊതുസമൂഹം തയ്യാര്‍ചെയ്തു വെച്ചിരുന്ന  ആയുധമാണ് കപടസദാചാരം എന്നത്. പുതിയ വിഷയത്തില്‍ സ്പീക്കര്‍ മുതല്‍ രഞ്ജിനി വരെയുള്ളവരുടെ പ്രതികരണങ്ങള്‍ എന്തു കൊണ്ടാണ് ഇപ്പറഞ്ഞ കടപടസദാചാരത്തിന്റെ പരിധിയില്‍ വരാത്തത് എന്നു കൂടി വ്യക്തമാക്കപ്പെടേണ്ടതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ പ്രസവ സീനിനെതിരെ ആദ്യം രംഗത്തുവന്നത് കേരളത്തിലെ ഏതെങ്കിലും മതസംഘടനാ വക്താക്കളായിരുന്നുവെന്ന് സങ്കല്‍പിച്ചു നോക്കൂ. എന്താകുമായിരുന്നു പുകില്. ആവിഷ്കാരസ്വാതന്ത്ര്യവും കപടസദാചാരവും. അങ്ങനയങ്ങനെ. ഏതായാലും പരസ്യപ്രസവത്തിനെതിരെയെങ്കിലും കേരളം ശബ്ദിച്ചത് നന്നായി. അതിന് പക്ഷേ ശബ്ദിച്ച നമുക്ക് അവകാശമില്ലാതായിരിക്കുന്നുവെന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. ചുരുങ്ങിയത് പ്രതിഷേധം ഏറെ വൈകിപ്പോയെന്ന് സൂചിപ്പിക്കാനെങ്കിലും. ഇതു സംബന്ധമായ ആമുഖങ്ങള്‍ മലയാള സിനിമാലോകത്ത് ഏറെ മുമ്പെ വ്യാപകമായിപ്പോഴും, സമാനമായ പലതും കലാമൂല്യം അവകാശപ്പെടുന്ന അവാര്‍ഡ് ഫിലിമുകളില്‍ പോലും തുടരുമ്പോഴും ഈ പ്രസവത്തെ മാത്രം ഇത്ര ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് കുറിപ്പുകാരന്റെ പക്ഷം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇത് മാത്രം ചര്‍ച്ചയാക്കിയാല്‍ പോരെന്ന്. പ്രസവരംഗം പ്രദര്‍ശനത്തിനെത്തുന്നത് കൊണ്ട് പൊളിഞ്ഞു വീഴുമെന്നു സ്പീക്കറും മറ്റും പേടിക്കുന്ന ശ്ലീലതയുടെ വന്‍മതില്‍ നേരത്തെ പൊളിഞ്ഞു തുടങ്ങിയതാണ്. അതിനെതിരെ ജാഗ്രത കാണിക്കാതിരുന്നതിന് കാലം നമുക്ക് നല്‍കിയ ശിക്ഷയാണിത്. വരും കാലം ഇതിലും ഭീതിതമായ രംഗങ്ങള്‍ പ്രദാനം ചെയ്യാനും മതി. സ്ത്രീ പരസ്യ വസ്തുവും സുഖോപാധിയും മാത്രമാണെന്നു ധരിക്കുന്ന ഒരു സാമൂഹ്യ സാഹചര്യം ഇന്നു കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത് മുകളില്‍ പറഞ്ഞ മനോഭാവത്തിന്റെ ഫലമായാണ്. കാലങ്ങളായി അതിന് വഴിയൊരുക്കിയത് ഇപ്പറഞ്ഞ സിനിമകളും അതിനെ വലിയ സാംസ്കാരിക ചിഹ്നമായി അടയാളപ്പെടുത്താന്‍ വെമ്പല്‍ കൊണ്ടവരുമാണ്. അതിന്റെ അവസാനത്തെ ചിത്രം മറഡോണ കണ്ണൂരില്‍ വന്നതുമായി ബന്ധപ്പെട്ടു നാം കണ്ടു. ആ പരിപാടിയുടെ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസും മറ്റൊരിടത്ത് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറും പൊതുജനത്തിന്റെ 'ഇടപെടലി'ല്‍ നിന്നു പോലീസിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടതെന്ന വാര്‍ത്ത നാം വായിച്ചു. ഇതേ പോലീസ് തന്നെയാണ് മറഡോണക്ക് കാമുകിയോടൊപ്പം കിടപ്പറ പങ്കിടാന്‍ കാവല്‍ നിന്നതും. ഇവിടെ നിന്ന് വായിച്ചെടുക്കുക. എന്താണ് സദാചാരം, ശ്ലീലം, അശ്ലീലം. ശരീഫ് ഹുദവി ചെമ്മാട്, മലാളവിഭാഗം അധ്യാപകന്‍, പി.എസ്.എം.ഒ കോളജ്   മറ്റുള്ളവ: പ്രസവം ചില വസ്തുതകള്‍ ഇസ്‌ലാമിലെ സ്‌ത്രീ  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter