സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്: സമസ്ത

വെള്ളിയാഴ്ച ജുമുഅഃ നിസ്‌കാരത്തിന് ഇളവുവേണമെന്ന ആവശ്യത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്‌കാരത്തിനും അനുമതി നല്‍കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ചേരും. ജൂലൈ 21 നാണ് കേരളത്തില്‍ ബലി പെരുന്നാള്‍.

സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ നേരത്തെ പ്രധിഷേധം അറിയിച്ചിരുന്നു. സമസ്തയ്ക്കുപുറമെ ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍, വിസ്ഡം മുസ്ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍, ഓള്‍ കേരള ഇമാം കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബാറുകള്‍ക്ക് പോലും പ്രവര്‍ത്തനനാനുമതി നല്‍കിയപ്പോള്‍ വെള്ളിയാഴ്ചയിലെ ജുമുഅഃ നമസ്‌കാരത്തിന് പോലും ഇളവ് അനുവദിക്കാതിരിക്കുന്നത് എന്ത് കാരണത്താലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ലോക്ഡൗണ്‍ ഇളവുകളില്‍ ആരാധനായലങ്ങളെ ഉള്‍പ്പെടുത്താത്തത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹുമാണെന്നുമായിരുന്നു സംഘടനകള്‍ അഭിപ്രായപ്പെട്ടത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter