ഗ്രേറ്റർ ഇസ്രായേലും യിനോൻ പ്ലാനും: അധിനിവേശങ്ങൾക്കപ്പുറത്തെ സാങ്കൽപിക രാജ്യം

"ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഈ അതിർത്തികൾ ഞങ്ങൾ തകർക്കും. യുദ്ധം കൊണ്ടല്ല, ഞങ്ങളും അറബ് രാജ്യവും തമ്മിലുള്ള ഒരു കരാറിൽ വളരെ  വിദൂരമല്ലാത്ത ഭാവിയിൽ എത്തിച്ചേരാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു" ഡേവിഡ് ബെൻ-ഗുറിയോണിന്റെ ഈ വാക്കുകളെ അന്വർത്ഥമാക്കുന്ന, എന്നല്ല കടത്തിവെട്ടുന്ന വിധ്വംസക ഹീനകൃത്യങ്ങളുമായിട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ ഭരണകൂടം. നിഷ്കരുണം തുടരുന്ന നരനായാട്ട് അവസാനിപ്പിക്കാൻ ഇതുവരെയും സയണിസ്റ്റ് ഭരണകൂടം തയ്യാറായിട്ടില്ല. എന്ത് കൊണ്ട് ഇസ്രയേൽ യുദ്ധം തുടരുന്നു? എന്താണ് അവരുടെ ലക്ഷ്യം? ഗ്രേറ്റർ ഇസ്രയേല്‍ എന്ന, ഏറെ കാലമായി അവര്‍ താലോലിക്കുന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ രംഗത്തെ പല വിദഗ്ധരും വിലയിരുത്തുന്നത്.  എന്താണ് ഗ്രേറ്റർ ഇസ്രയേൽ പദ്ധതി? നമുക്കൊന്നു പരിശോധിക്കാം.

ബൈബിളിന്റെ വെളിച്ചത്തിലും രാഷ്ട്രീയമായും വ്യത്യസ്ത അർത്ഥതലങ്ങളുള്ള ഒരു പദമാണ് ഗ്രേറ്റർ ഇസ്രായേല്‍. പതിറ്റാണ്ടുകളായി ഇസ്രയേൽ അവരുടെ ലക്ഷ്യമായി കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയാണിത്. ബൈബിളിൽ മൂന്നിടങ്ങളിലായി ജൂതർക്കായി വാഗ്ദാനം ചെയ്യപ്പെട്ട ഒരു ഭൂമിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങിവരണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സയണിസ്റ്റ് സ്ഥാപകനായ തിയോഡോർ ഹെർസൽ  ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജൂതന്മാരോട് ഫലസ്തീനിലേക്ക് കുടിയേറിപ്പാർക്കാൻ ആവശ്യപ്പെട്ടതും അതുപ്രകാരം 1898 ന്റെയും 1903 ന്റെയുമിടയിൽ ഏകദേശം 95,000 ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറിപ്പാർത്തതുമെല്ലാം. ഈജിപ്ത് മുതൽ യൂഫ്രട്ടീസ് നദിയുടെ തീരങ്ങൾ വരെ വിശാലമായി നീണ്ടു കിടക്കുന്ന ഭൂമിയാണ് യഥാർത്ഥ ജൂത സ്റ്റേറ്റ് എന്നതായിരുന്നു ഹെർസലിന്റെ സങ്കല്പം. സയണിസ്റ്റ് നേതാവായിരുന്ന റബ്ബി ഫിഷ് മാനും ഇതു തന്നെ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈജിപ്തിലെ നൈൽ നദി മുതൽ യൂഫ്രട്ടീസ് വരെയായിരുന്നു യഥാർത്ഥ വാഗ്ദത്ത ഭൂമി. ഇതുപ്രകാരം ഇന്നത്തെ ലെബനാൻ, ജോർദാൻ, സിറിയ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പല ഭാഗങ്ങളും സീനായി പ്രദേശവും ഇതിലുൾപ്പെടുന്നുണ്ട്. 

ആദ്യകാല റിവിഷനിസ്റ്റ് സയണിസ്റ്റ് ഗ്രൂപ്പുകളായ ബെറ്റാർ, ഇർഗുൻ സ്വായി-ലൂമി, ട്രാൻസ്‌ജോർദാൻ എന്നിവ ഫലസ്തീനിലെ ഭൂപ്രദേശത്തെയാണ് ഗ്രേറ്റർ ഇസ്രയേലായി കണക്കാക്കിയിരുന്നത്. സിക്സ് ഡേ വാറിൽ (ആറ് ദിന യുദ്ധം) ഇസ്രയേൽ ഗാസ മുനമ്പ്, സിനായ് പെനിൻസുല, വെസ്റ്റ് ബാങ്ക്, ഗോലാൻ കുന്നുകൾ എന്നിവ പിടിച്ചെടുത്തത് ഗ്രേറ്റർ ഇസ്രായേൽ പ്രസ്ഥാനത്തിന് വലിയ രീതിയിൽ ശക്തി പകര്‍ന്നു. അതേ തുടര്‍ന്ന് യുദ്ധത്തിൽ ഇസ്രയേലിന്റെ സൈനിക ജനറലായി  സേവനമനുഷ്ഠിക്കുകയും പിന്നീട് ലിക്വിഡ് പാർട്ടിയുടെ നെസെറ്റ് (നേഷൻ സ്റ്റേറ്റ് ഓഫ് ജ്യൂയിഷ് പീപ്പിൾ) അംഗമായി മാറുകയും ചെയ്ത എബ്രഹാം യോഫയുടെ നേതൃത്വത്തിൽ ഗ്രേറ്റ് ഇസ്രയേലിനായി ഒരു സംഘടന രൂപീകരിക്കുന്നുണ്ട്. യുദ്ധം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം 1967 ജൂലൈയിലാണ് സംഘടന രൂപീകരിച്ചത്. 1977 മുതൽ ഇസ്രായേൽ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ലിക്കുഡ് പാർട്ടിയുടെ കേന്ദ്ര ലക്ഷ്യമാണ് "ഗ്രേറ്റർ ഇസ്രയേൽ" സ്ഥാപിക്കുക എന്നുള്ളത്. ലിക്കുഡ് പാർട്ടി നേതാവും ഇസ്രയേലിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇസ്ഹാക് ഷമീർ ഇതിനു വേണ്ടി ശക്തമായി പരിശ്രമിച്ചിരുന്ന ഒരാളായിരുന്നു. 

2018-ൽ  നെസെറ്റ് പാസാക്കിയ ഇസ്രായേൽ ഭരണകൂടത്തിന്റെ "അടിസ്ഥാന നിയമങ്ങളിൽ" പോലും ഗ്രേറ്റർ ഇസ്രായേലിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നുണ്ട്. "ജൂത പ്രവിശ്യയുടെ വികസനം ഒരു ദേശീയ മൂല്യമായി ഭരണകൂടം കാണുന്നുവെന്നും അതിന്റെ സ്ഥാപനവും ശക്തിപ്പെടുത്തലും  പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കും" എന്നും ഈ നിയമം പറയുന്നു. ഈ പ്രതിബദ്ധത നിലവിൽ ഭരിക്കുന്ന ഇസ്രായേലി ഗവൺമെന്റിന്റെ guiding principle (മാര്‍ഗ്ഗ രേഖ) ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്.  പരാമൃഷ്ട ജൂത പ്രവിശ്യയിൽ ഇന്നത്തെ മക്കയും മദീനയുമുൾപ്പെടെയുള്ള പ്രദേശങ്ങൾ പോലും ഉൾപ്പെടുന്നുണ്ട്.

മിഡിൽ ഈസ്റ്റിൽ കാലങ്ങളായി ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ഗ്രേറ്റർ ഇസ്രായേലിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയാണോ എന്ന് പോലും സംശയിക്കപ്പെടുന്നുണ്ട്. 2001 മുതൽ ബിന്‍ലാദനെ പിടികൂടാൻ എന്ന പേരിൽ തുടങ്ങിയിട്ടുള്ള അധിനിവേശങ്ങളും 2003ലെ ഇറാഖ് യുദ്ധവും 2006ലെ ലെബനാൻ യുദ്ധവും 2011 ൽ ലിബിയക്കെതിരെ നടത്തിയ യുദ്ധവും ഇറാഖിലെയും സിറിയയിലെയും യുദ്ധങ്ങളും യമനിലെയും ഈജിപ്തിലെയും കലാപങ്ങളും  ഇതിന്റെ സാക്ഷാത്കാരത്തിനായിട്ടാണോ എന്ന് സംശയിക്കുന്നത് തീർത്തും ന്യായമാണ്. യഥാർത്ഥത്തിൽ, ഈ പദ്ധതിയെല്ലാം അറിയപ്പെടുന്നത് "യിനോൻ പ്ലാൻ" എന്ന പേരിലാണ്. മിഡിൽ ഈസ്റ്റിൽ സ്വാധീനം ഉറപ്പിക്കാൻ ഇസ്രയേലിനെ മുന്നിൽ നിർത്തി പിറകിലൂടെ പിന്തുണ നൽകുന്നത് അമേരിക്ക തന്നെയാണ്. 2006 ൽ പുറത്തിറങ്ങിയ യു.എസ് മിലിറ്ററിയുടെ Armed Force ന്റെ ജേണലിലും  2008ലെ ദ അറ്റ്ലൻറ്റിക് ജേണലിലും ഗ്രേറ്റർ ഇസ്രയേലിന്റെ ഭൂപടം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. 

കോളനിവൽക്കരണകാലത്ത് ബ്രിട്ടൻ ചെയ്തതുപോലെ, മിഡിൽ ഈസ്റ്റിലെ   അറബ് രാജ്യങ്ങളെ കൊച്ചുകൊച്ചു സ്റ്റേറ്റുകളായി വിഭജിച്ച് അവയുടെ ശക്തി ക്ഷയിപ്പിക്കുകയും അതിലൂടെ രാഷ്ട്രീയ അസ്ഥിരത രൂപപ്പെടുത്തി ശക്തി തകർക്കുകയുമാണ് ഇവരുടെ പദ്ധതി. ഇറാഖിനെയും സിറിയയെയും വിഭജിക്കാനും സുഡാനും ലിബിയയും അതിനപ്പുറത്തുള്ള രാജ്യങ്ങളും ലയിപ്പിച്ച് ഈജിപ്ത് മുതൽ അങ്ങോട്ട് രാജ്യാതിർത്തിയിൽ പുതിയൊരു അതിർവരമ്പ് നിർണയിക്കുകയുമാണ് ഇവരുടെ ഉദ്ദേശ്യം.  അറബ് രാജ്യങ്ങളെ വിഘടിക്കാനായി മിഡിൽ ഈസ്റ്റിൽ ഒരു അപ്രമാദിത്വ ശക്തിയായി വളർന്നു വരാൻ ഇസ്രയേൽ  ഒരുപാട് നാളായി പരിശ്രമിക്കുന്നുമുണ്ട്. 

ഹെർസലിന്റെ കാലം മുതലേ "വാഗ്ദത്ത ഭൂമി" എന്ന സങ്കല്പം നിലനിന്നിരുന്നുവെങ്കിലും അതൊരു രാഷ്ട്രീയ പദ്ധതിയായി പരിണമിക്കുന്നത് പിൽക്കാലത്താണ്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കാലഘട്ടത്തിൽ അതിന് വലിയ രീതിയിലുള്ള ഊർജ്ജം ലഭിച്ചു. 2023 സെപ്തംബർ 22-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്ക് മുമ്പാകെ നടത്തിയ പ്രസംഗത്തിനിടെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ  വികസിപ്പിക്കുന്നതായി കാണിക്കുന്ന ഒരു ഭൂപടം ഉയർത്തിപ്പിടിച്ചിരുന്നു. 2023 മാർച്ചിൽ, തീവ്ര വലതുപക്ഷ ദേശീയ മത പാർട്ടി നേതാവായ ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്, ട്രാൻസ്-ജോർദാൻ ഉൾപ്പെടെയുള്ള 'ഗ്രേറ്റർ ഇസ്രായേൽ' ഭൂപടം ഉൾക്കൊള്ളുന്ന ലോഗോയുള്ള ഒരു പീഠത്തിന് പിന്നിൽ പാരീസ് സ്മാരകത്തിൽ സംസാരിച്ചിരുന്നു. ഇത് ജോർദാനുമായുള്ള തർക്കത്തിലേക്ക് നയിക്കുകയും നയതന്ത്ര വിവാദങ്ങൾക്ക് മറുപടിയായി, 1994 ലെ സമാധാന ഉടമ്പടിയും ജോർദാന്റെ പരമാധികാരത്തോടുള്ള ആദരവും പാലിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇസ്രായേലിലെ സൈനികരുടെ വസ്ത്രത്തിൽ പോലും ഇപ്പോൾ ഇതേ ഗ്രേറ്റർ ഇസ്രയേലിന്റെ ലോഗോ കാണാവുന്നതാണ്. ഇതിനോടകം തന്നെ ഗ്രേറ്റർ ഇസ്രായേലിന്റെ മാപ്പ് എന്ന പേരിൽ ഓൺലൈനിൽ ഒരുപാട് മാപ്പുകൾ കാണാവുന്നതാണ്. ഇതിൽ ചിലതിൽ തുർക്കി പോലെയുള്ള പ്രദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

"ഞങ്ങൾ മക്കയും മദീനയും സീനാ പ്രദേശവും എല്ലാം പിടിച്ചടക്കുമെന്നും ആ സ്ഥലങ്ങളെ ശുദ്ധീകരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു" ഇസ്രായേൽ രാഷ്ട്രീയക്കാരനായ അവി ലിപ്കിന്റെ വാക്കുകളാണിത്. ഫലസ്തീനെ  മാത്രമല്ല, മിഡിൽ ഈസ്റ്റിനെ മുഴുവൻ രാഷ്ട്രീയ അസ്ഥിരതയിലേക്ക് നയിക്കുന്ന ഇസ്രയേലിന്റെ ഗ്രേറ്റർ ഇസ്രയേൽ എന്ന ഈ പദ്ധതി എന്തുകൊണ്ടും തിരിച്ചറിയപ്പെടേണ്ടതാണ്. പ്രശ്നങ്ങളോ പ്രതിസന്ധികളോ ഇല്ലാതെ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങൾ നിർഭയം ചിരിക്കുന്ന ഒരു ദിനത്തിനായി നമുക്ക് പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം, പോരാടാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter