ഹാജിമാര്‍ക്കൊപ്പം...15-ഇബ്റാഹീമീ സമരം നമുക്കും തുടരാനാവട്ടെ...

ഇന്ന് ദുല്‍ഹിജ്ജ 15... 

മിനായും മുസ്ദലിഫയും അറഫയുമെല്ലാം ഇപ്പോള്‍ പഴയ പോലെ ആരുമില്ലാതെ കിടക്കുകയാണ്.  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇവിടെ വിരാമമായിരിക്കുകയാണ്. അവസാന കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി ഹാജിമാരെല്ലാം യാത്രപറഞ്ഞതോടെ ഈ വര്‍ഷത്തെ ഹജ്ജിന് തിരശ്ശീല വീണിരിക്കുന്നു. 

ഇബ്റാഹീം പ്രവാചകനും കുടുംബവും നടത്തിയ ഒരു ചരിത്രദൗത്യം, സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ് ഹജ്ജിലൂടെ. ഭാഷ-ദേശ-വേഷ-വര്‍ണ്ണങ്ങള്‍ക്കെല്ലാം അതീതമായി, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സത്യസാക്ഷ്യത്തില്‍ കോര്‍ക്കപ്പെട്ട ദശലക്ഷങ്ങള്‍, ഇന്നും ആ വിളിക്കുത്തരം നല്കി ഓരോ വര്‍ഷവും ഇവിടേക്ക് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇബ്റാഹീമീ കുടുംബം നടന്നുതീര്‍ത്ത വഴികളിലൂടെ അവരും സഞ്ചരിക്കുന്നു. സമര്‍പ്പണത്തിന്റെ ചാരുതയാര്‍ന്ന ചരിതങ്ങള്‍ തീര്‍ത്ത ആ ജീവിതം വാക്കുകളിലൂടെയും കര്‍മ്മങ്ങളിലൂടെയും അനുസ്മരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

സമുദായത്തിലെ ഉച്ചനീചത്വങ്ങളോടും വൈജാത്യങ്ങളുടെ ജാഹിലിയ്യതുകളോടും അരുതെന്ന് പറയാനുള്ള ആര്‍ജ്ജവവും ദൈവിക പാതയില്‍ അടിയുറച്ച് നില്ക്കാനുള്ള ശക്തിയും ആര്‍ജ്ജിച്ച് തുടര്‍ജീവിതത്തില്‍ അവ വിടാതെ സൂക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കിയാണ് ഓരോ ഹാജിയും അവരുടെ സ്വദേശങ്ങളിലേക്ക് തിരിക്കുന്നത്. ശിഷ്ട ജീവിതത്തില്‍, അവര്‍ ഓരോരുത്തരും അവിടത്തുകാര്‍ക്ക് മാതൃകയാവേണ്ട ഇബ്റാഹീമുമാരും ഇസ്മാഈലുമാരും ഹാജറുമാരുമായി മാറുന്നു. ഹാജിയെന്ന വിളിപ്പേര് പോലും സമൂഹം പതിച്ച് നല്‍കുന്ന ആ മഹത്വത്തിന്റെ പ്രതീകമാണ്. 

വ്രതാനുഷ്ഠാനവും ബലി കര്‍മ്മവുമായി അവരോടൊപ്പം ലോകമുസ്‍ലിംകളെല്ലാം അന്നേ ദിവസങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്നതോടെ, ഇബ്റാഹീം(അ)ന്റെയും കുടുംബത്തിന്റെയും ചരിതങ്ങളും ത്യാഗസ്മരണകളും അയവിറക്കുന്നതോടെ, ആ സമര്‍പ്പണ ചിന്തകളും ഏകദൈവവിശ്വാസം ഉള്‍ക്കൊള്ളുന്ന ഉമ്മതെന്ന വികാരവും അവരിലും അലിഞ്ഞുചേരുന്നു. 

അവ കെടാതെ സൂക്ഷിച്ച്, ഇക്കാലത്തെ ഇബ്റാഹീമുമാരാവാന്‍ നമുക്കും ശ്രമിക്കാം. വിശ്വാസ സംരക്ഷണത്തിന് വേണ്ടി എന്തും ത്യജിക്കുന്ന, സ്രഷ്ടാവിന്റെ പ്രീതിക്ക് മുന്നില്‍ മറ്റെല്ലാം നിസ്സാരമാവുന്ന ഇബ്റാഹീം ആയി നമുക്ക് മാറാം. നാഥന്റെ കല്‍പനകള്‍ക്ക് മുന്നില്‍ പതറാതെ നിന്ന് പിതാവിന് ശക്തി പകരുന്ന ഇസ്മാഈലുകളാവാം നമുക്ക്. ആരോരുമില്ലാത്ത മരുഭൂമിയില്‍ ഒറ്റപ്പെടുമ്പോഴും നാഥന്റെ തീരുമാനത്തില്‍ സംതൃപ്തയായി, ആത്യന്തിക വിജയം വരിക്കുന്ന ഹാജറുമാരാവാം നമുക്ക്.

Read More: ഹാജിമാര്‍ക്കൊപ്പം 14-ഒരു ഹജജിന് കൂടി ശുഭപര്യവസാനം

അധാര്‍മ്മികതയുടെ നംറൂദുമാരോടും ബഹുദൈവാരാധനയുടെ ആസറുമാരോടും സന്ധിയില്ലാ സമരത്തിലേര്‍പ്പെടാം. മനുഷ്യരെ വഴിതെറ്റിക്കുന്ന പൈശാചിതകളെ വിശ്വാസത്തിന്റെ കൂര്‍ത്ത കല്ലുകള്‍ കൊണ്ട് എറിഞ്ഞ് തുരത്തിക്കൊണ്ടേയിരിക്കാം.

അചഞ്ചലമായ വിശ്വാസവും പതറാത്ത സമര്‍പ്പണവും കൈമുതലായുണ്ടെങ്കില്‍, കത്തിയാളുന്ന അഗ്നികുണ്ഠം പോലും നമുക്ക് മുന്നിലും പൂമെത്തയായി മാറാതിരിക്കില്ല. ഏത് ഏകാധിപതിയുടെയും പീഢന മുറകളും മൂര്‍ച്ചയേറിയ കഠാരകളും നമുക്ക് മുന്നില്‍ നിഷ്ഫലമാവാതിരിക്കില്ല. ജീവന്റെ തുടിപ്പ് പോലുമില്ലാത്ത സൈകത ഭൂമിയിലും, ഒരിക്കലും വറ്റാത്ത സംസം ഉറവകള്‍ നിര്‍ഗ്ഗളിക്കാതിരിക്കില്ല. 

നമുക്ക് ശ്രമിക്കാം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter