അബ്രഹാം ഉടമ്പടി വീണ്ടും ചര്‍ച്ചയാവുമ്പോള്‍

മെയ് മാസം അവസാനത്തോടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധിക അറബ് രാജ്യങ്ങളുമായും ആശയവിനിമയം നടത്തിയിരുന്നു. സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ഖത്തർ, ജോർദാൻ, പാക്കിസ്താൻ, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലെ രാഷ്ട്രതലവന്മാരെയാണ് ട്രംപ് ഫോൺ മുഖാന്തരം ബന്ധപ്പെട്ടത്. ഇറാനുമായുള്ള യുദ്ധം നിർത്തുന്നതടക്കം ഏതൊരു നിർണായക തീരുമാനവും അമേരിക്ക എടുക്കുന്നതിന് അറബ് രാഷ്ട്രങ്ങൾ അബ്രഹാം ഉടമ്പടിയിൽ ഒപ്പ് വെക്കൽ മാനദണ്ഡമാണെന്ന സന്ദേശമായിരുന്നു എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം കൈമാറിയത്. പാകിസ്താൻ, തുർക്കി, സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ ഉടമ്പടിയോട് തൽക്കാലം 'നോ' പറഞ്ഞപ്പോൾ, ബാക്കിയുള്ള രാജ്യങ്ങളെല്ലാം മൗനംപാലിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, ഒന്നോ രണ്ടോ രാജ്യങ്ങളൊഴികെ മറ്റുള്ളവരെല്ലാം സഹകരണ സന്നദ്ധത വാഗ്ദാനം ചെയ്തുവെന്നാണ് ഇരുപത്തിയഞ്ചാം തീയതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് അവകാശപ്പെടുന്നത്. ഇതോടെ നാമമാത്രമായിരുന്നൊരു സമാധാന ഉടമ്പടി വീണ്ടും മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിന്റെ ചർച്ചകളിൽ നിറയുകയാണ്.

എന്താണ് അബ്രഹാം ഉടമ്പടി?

ഇസ്രയേലിന്റെയും അറബ്-മുസ്‍ലിം രാജ്യങ്ങളുടെയും ഇടയിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ 2020 ലാണ് അബ്രഹാം ഉടമ്പടി നിലവിൽ വരുന്നത്. ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ വെച്ച് യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് ആദ്യമായി ഇസ്രയേലുമായി കൈകോർത്തത്. ഡിസംബറിൽ മൊറോക്കോയും ഉടമ്പടിയുടെ ഭാഗമായി. 

2021 ജനുവരിയിൽ സുഡാൻ ഉടമ്പടിയിൽ ചേർന്നുവെങ്കിലും ആഭ്യന്തര സംഘർഷങ്ങൾ മൂലം പൂർണ്ണമായും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യങ്ങൾക്കിടയിലെ ചരിത്ര ശൃംഖലകളെ അനുസ്മരിപ്പിക്കും വിധം ഇസ്‍ലാം, ക്രിസ്ത്യാനിറ്റി, ജൂതായിസം എന്നീ മതങ്ങളിൽ പൊതു പ്രപിതാവായി ഗണിക്കപ്പെടുന്ന 'എബ്രഹാം' എന്ന പുണ്യ പുരുഷൻ്റെ നാമമാണ് ഉടമ്പടിക്ക് നൽകപ്പെട്ടിരിക്കുന്നത്. എംബസികളും വ്യോമപാതകളും തുറക്കുക, കച്ചവടം, ടൂറിസം, ടെക്നോളജി, കൃഷി, ഊർജ്ജം, സുരക്ഷ എന്നീ മേഖലകളിൽ പരസ്പരം സഹകരിക്കുക എന്നതായിരുന്നു രാജ്യങ്ങൾക്കിടയിലെ ധാരണ. യു.എ.ഇയും ബഹ്റൈനും ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനു മുമ്പ് ജോർദാനും ഈജിപ്തുമൊഴികെ മറ്റൊരു രാജ്യവും ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല.

സാമ്പത്തികമായും നയതന്ത്രപരമായും ഇസ്രയേലുമായി സഹകരിക്കുന്ന ഒരു അറബ് രാഷ്ട്ര സഖ്യം രൂപീകരിക്കുന്നതിലൂടെ മിഡിലീസ്റ്റിനെ പുനരൂപകല്പന ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

ഫലസ്തീൻ രാഷ്ട്ര രൂപീകരണം വരെ ഇസ്രയേലിനെതിരെ പൂർണ്ണ ഉപരോധം എന്നതായിരുന്നു അറബ്-മുസ്‍ലിം രാജ്യങ്ങളുടെ പ്രഖ്യാപിത നയം. സംഘർഷം തടയുന്നതിന് ഈ നയം പര്യാപ്തമല്ലെന്നും അത് പരസ്പര സഹകരണത്തെ ദുസ്സഹമാക്കുന്നുവെന്നും അമേരിക്ക മുസ്‍ലിം രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തി. ശേഷം അമേരിക്ക മുന്നോട്ടുവെച്ച ''ആദ്യം പരസ്പര സഹകരണം, പിന്നീട് അതിലൂടെ രൂപപ്പെടുന്ന സൗഹൃദാന്തരീക്ഷത്തിലൂടെ പടിപടിയായി ഫലസ്തീൻ പ്രശ്നത്തെ പരിഹരിക്കുക'' എന്ന ഫോർമുല അറേബ്യൻ രാഷ്ട്രങ്ങൾ അംഗീകരിച്ചു തുടങ്ങി. ഇതോടെ ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന്റെ പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന പരസ്പര സഹകരണം പ്രശ്ന പരിഹാരത്തിൻ്റെ ഹേതുവായി വ്യാഖ്യാനിക്കപ്പെട്ടു. ഇറാൻ പിന്തുണക്കുന്ന ഹിസ്ബുല്ല, ഹൂതി പോലെയുള്ള സായുധ സംഘങ്ങളെ ദുർബലപ്പെടുത്താൻ കഴിയുമെന്ന വിശ്വാസവും ഉടമ്പടിയിൽ ഒപ്പുവെക്കാൻ അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചു. ഇതിനോടകം തന്നെ ഇറാനുമായി പോർമുഖം തുറന്ന ഇസ്രയേലുമായി സുരക്ഷ-ഇന്റലിജൻസ് മേഖലകളിൽ സഹകരിക്കുന്നതിലൂടെ ശിയാ മേധാവിത്വമുള്ള ഇറാനെതിരെ ഒരു സുന്നി-അറബ്-ഇസ്രായേൽ സഖ്യം രൂപപ്പെടുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം.

നേട്ടങ്ങൾ, പരിണിത ഫലങ്ങൾ

ഫലസ്തീൻ വിഷയത്തിൽ തീർപ്പ് കൽപ്പിക്കാതെ അറബ് രാജ്യങ്ങളുടെ അംഗീകാരം നേടുക എന്നുള്ളത് പതിറ്റാണ്ടുകളായുള്ള ഇസ്രയേലിന്റെ താൽപര്യമായിരുന്നു ഈ ഉടമ്പടിയിലൂടെ സാധ്യമായത്. രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് നിദാനമായി. ഇസ്രയേലിലെ ടൂറിസ്റ്റുകൾ ദുബായിലേക്ക് ഒഴുകാൻ തുടങ്ങി. ഗൾഫിൽ നിന്നും ഇസ്രയേൽ ടെക്ക് കമ്പനികളിലേക്ക് നിക്ഷേപങ്ങൾ എത്തി. കാലങ്ങളായി നിശ്ചലമായിരുന്ന വാണിജ്യ മേഖലകൾ വീണ്ടും സജീവമായി. ഇസ്രയേലിന് മാത്രം അമേരിക്ക വിൽപ്പന നടത്തിയിരുന്ന എഫ്-35 ഫൈറ്റർ ജെറ്റുകൾ യു.എ.ഇക്കും ലഭിക്കാൻ തുടങ്ങി. സുന്നി ഭരണമുള്ള, ജനസംഖ്യയുടെ നാൽപ്പത്തിയഞ്ച് ശതമാനം ശിയാക്കളുള്ള ബഹ്റൈനെ സംബന്ധിച്ചിടത്തോളം ഇറാൻ്റെ വർദ്ധിത സ്വാധീനത്തിനും ബഹ്റൈനിലെ ശിയാക്കളുമായുള്ള ബന്ധത്തിനും തടയിടേണ്ടത് അനിവാര്യമായിരുന്നു.

ഈ പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ സുരക്ഷാസന്നാഹങ്ങളിലൂടെ ഒരു പരിധിവരെ അത് സാധ്യവുമായി. പാശ്ചാത്യൻ സഹാറയുടെ മേലുള്ള മൊറോക്കോയുടെ പരമാധികാരത്തെ അമേരിക്ക അംഗീകരിച്ചത് അവർക്കും തുണയായി. തങ്ങളുടെ സ്വാധീനത്തെ വെല്ലുവിളിച്ച് ചൈനയും റഷ്യയും ഗൾഫ് രാജ്യങ്ങളുമായി സൗഹൃദത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന സമയത്ത്, വർഷങ്ങൾക്ക് ശേഷമുള്ള യു.എസ് നയതന്ത്ര പരിശ്രമങ്ങളുടെ വിജയം മേഖലയിലെ അവരുടെ അപ്രമാദിത്വത്തെയും ഊട്ടിയുറപ്പിച്ചു.

വിമർശനങ്ങൾ

ഫലസ്തീൻ വിഷയത്തെ തൃണവൽക്കരിച്ചതാണ് വിമർശനങ്ങളുടെ ആധാരം. 'പിന്നിൽ നിന്നുള്ള കുത്തല്‍' എന്നാണ് മഹ്മൂദ് അബ്ബാസ് ഉടമ്പടിയെ വിശേഷിപ്പിച്ചത്. വെസ്റ്റ് ബാങ്കിലെ ജൂത സെറ്റിൽമെന്റുകൾ തടയാൻ ഉടമ്പടിയിൽ ഒപ്പിട്ട രാജ്യങ്ങൾ തയ്യാറായില്ല. ഈസ്റ്റ് ജെറുസലേമിലെ ഫലസ്തീനികളുടെ വീടുകൾ ഇസ്രയേൽ പൊളിച്ചുമാറ്റാൻ തുടങ്ങിയപ്പോഴും അവർ നിശബ്ദരായി. ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രയേൽ സൈനിക നടപടികളെ വിമർശിച്ച് യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ പ്രസ്താവനകൾ പുറത്തിറക്കിയെങ്കിലും ഉടമ്പടിയിൽ നിന്ന് പുറകോട്ടു പോകാൻ തയ്യാറായില്ല. തൂഫാനുൽ അഖ്‌സക്ക് പിന്നിലെ കാരണം പോലും ഉടമ്പടിയാണെന്ന് ഐ.ഡി.എഫ്. കണ്ടെടുത്ത ഹമാസിൻ്റെ ആഭ്യന്തര രേഖകളിൽ യഹ്‌യ സിൻവാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ 2002 ൽ 'അറബ് പീസ് ഇനീഷ്യേറ്റീവ്' എന്ന പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് മുൻഗണന നൽകിയ അതിനെ അട്ടിമറിച്ചാണ് അബ്രഹാം ഉടമ്പടിയുടെ കടന്നു വരവ്. സൈനികമായി ഇറാനും ഹിസ്ബുല്ലയും ഹൂതിയും ക്ഷീണം അനുഭവിക്കുന്ന ഈ സമയത്ത്, സമ്മർദ്ദ തന്ത്രത്തിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള വിലപേശൽ വസ്തുവായാണ് ട്രംപ് അബ്രഹാം ഉടമ്പടിയെ ആറു വർഷങ്ങൾക്ക് ശേഷം തിരികെ കൊണ്ടുവരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter