ഹാതിം അത്ത്വാഈ: ഉദാരതയുടെ ആഗോള പ്രതീകം
മനുഷ്യ സൃഷ്ടിപ്പ് സാധ്യമായ കാലം മുതൽക്കേ ഔദാര്യത്തിന്‍റെ ധാരാളം കഥകൾ നിരന്തരമായി പിറവികൊണ്ടിരിക്കുന്നുണ്ടെങ്കിലും അവ ‘ഹാതിം അത്ത്വാഇ’യുടെ ഔദാര്യത്തിനു സമാനമാകുമോ എന്നത് സംശയകരമാണ്. ഇരുണ്ട കാലമെന്ന് വിശേഷിപ്പിക്കപ്പെട്ട പതിനഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അറേബ്യൻ മരുഭൂമിയിൽ ജീവിച്ച ഹാതിം എന്ന ചെറുപ്പക്കാരൻ അന്നും ഇന്നും ഒരുപോലെ ഔദാര്യത്തിന്‍റെ പേരിൽ കീർത്തി പറയപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നതാണ് ചരിത്രകാരന്മാരിൽ അദ്ദേഹത്തെ പഠിക്കാനുള്ള ജിജ്ഞാസ ഉളവാക്കിയത്. അദ്ദേഹത്തിന്റെ പ്രശസ്തിയും കീർത്തിയും ഭാരതം മുതൽ റോമൻ സാമ്രാജ്യം വരെ വ്യാപിച്ചതായാണ് ചരിത്രം. പ്രവാചക വചനങ്ങളിലും അദ്ദേഹത്തെ കുറിച്ചുള്ള പരാമർശങ്ങൾ വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഔദാര്യവും സൽസ്വഭാവവും അറബികളുടെ സ്വതസിദ്ധമായ സ്വഭാവങ്ങളായിരുന്നു, എങ്കിലും എന്തു കൊണ്ട് ഹാതിം മാത്രം ഇത്രമാത്രം പുകഴ്ത്തപ്പെടുന്നു?.
അറബ് സംസ്കാരത്തിൽ സുപ്രസിദ്ധനായ വ്യക്തിത്വമാണ് ഹാതിം അത്ത്വാഇ. ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ അറബി കവികളിൽ ഒരാളായിരുന്നു ഹാതിം. കവിതയിൽ പ്രാഗൽഭ്യം ഉണ്ടായിരുന്നെങ്കിലും, ലോകമെമ്പാടും അദ്ദേഹം പ്രസിദ്ധനായത് ഔദാര്യത്തിലും ധീരതയിലുമാണ്. ഔദാര്യത്തിന്റെ പര്യായമായും ഉദാഹരണമായും അദ്ദേഹം കണക്കാക്കപ്പെടുന്നു. ‘ഹാതിമിൻ്റെ ഔദാര്യവും സുഹൈറിന്റെ കവിതയും’ എന്ന് അറബികൾ പറയാറുണ്ടായിരുന്നുവത്രെ. ‘ഹാതിം അത്ത്വാഇയെക്കാൾ ഔദാര്യവാൻ’ എന്ന ചൊല്ല് അറബികൾക്കിടയിൽ പ്രസിദ്ധമാണ്, അത് കേൾക്കാത്ത ചരിത്ര വിദ്യാർത്ഥികൾ വിരളമായിരിക്കും.
ജീവിതവും പ്രധാന സംഭവങ്ങളും
ത്വയ്യ് പ്രദേശത്താണ് ഹാതിമിന്റെ ജനനവും വളർച്ചയും. ത്വയ്യ് എന്ന സ്ഥലത്തേക്ക് ചേർത്തുകൊണ്ടാണ് ‘ത്വയ്യ് പ്രദേശക്കാരനായ ഹാതിം’ എന്നർത്ഥം വരുന്ന ഹാതിം അത്ത്വായി എന്നപേരിൽ അദ്ദേഹം അറിയപ്പെടുന്നത്. ത്വയ്യ് ഗോത്രത്തിലെ നേതാവായിരുന്ന ഹാതിം ‘അബൂ സഫാന, അബൂ അദിയ്യ്’ (മക്കളായ അദിയ്യ്, സഫാന എന്നിവരിലേക്ക് ചേർത്ത്) എന്ന വിളിപ്പേരിലും പ്രശസ്തനാണ്. ഹാതിം ഇബ്നു അബ്ദുല്ലാഹ് ഇബ്നു സഅദ് അത്ത്വാഇ എന്നാണ് പൂർണ്ണനാമം. പേർഷ്യൻ രാജാവായിരുന്ന അനൂശിർവാന്റെ കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്, പ്രവാചകത്വം ലഭിക്കുന്നതിന് ഏകദേശം 50 വർഷം മുമ്പാണത്.
ഹാതിമിനെ ഔദാര്യം പഠിപ്പിച്ചത് അദ്ദേഹത്തിന്റെ മാതാവായ ഉനൈബ ബിൻത് ഉഫൈർ ആയിരുന്നു. അവരുടെ അമിതമായ ഔദാര്യത്തിൽ അതിശയിച്ച് സഹോദരങ്ങൾ ഒരിക്കൽ അവരെ അതിൽ നിന്നും തടഞ്ഞുവെച്ച കഥയുണ്ട്. എന്നാലും വർഷങ്ങൾക്കുശേഷം വിട്ടയച്ചപ്പോൾ, അവർ കൂടുതൽ ഔദാര്യം കാണിച്ചു, ഔദാര്യം തങ്ങളുടെ പ്രകൃതവും സംസ്കാരവുമാണെന്ന് അവർ കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ കുടുംബം സമൂഹത്തിലെ ഉന്നതരും പ്രമുഖരുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ അദിയ്യ് ബ്നുഹാതിം പ്രശസ്തനായ സ്വഹാബിയും പോരാളിയുമാണ്. മകൾ സഫാന ബിൻത് ഹാതിം പ്രസിദ്ധയായ കവയത്രിയുമാണ്. ഇരുവരും പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ചവരാണ്.
ഹാതിം അത്ത്വാഇയുടെ വ്യക്തിത്വത്തിൽ അലിഞ്ഞുചേർന്ന സ്വഭാവ സവിശേഷതയാണ് ഔദാര്യം. അത് അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും കവിതകളിലും പ്രകടമായിരുന്നു. നാട് മുഴുവൻ കൊടും പട്ടിണിയും അതി ദാരിദ്ര്യവും പിടിപെട്ട സമയം ആളുകൾ പട്ടിണി കിടക്കേണ്ട ഒരു സാഹചര്യമുണ്ടായി. അന്ന് ഹാതിം തന്റെ ഒട്ടകങ്ങളെ അറുക്കുകയും ആളുകൾക്ക് വിതരണം ചെയ്യുകയും ചെയ്തുവെന്ന് ചരിത്രത്തില്‍ കാണാം.
ഒരിക്കൽ റോമൻ ചക്രവർത്തി ഒരു അറബിയോട് ഹാതിമിന്റെ ഔദാര്യത്തെക്കുറിച്ച് ചോദിച്ചു. തന്റെ അടുക്കലെത്തുന്ന അതിഥികൾക്ക് വേണ്ടി തന്റെ ഏറ്റവും പ്രിയപ്പെട്ട കുതിരയെ അറുത്തുകൊടുത്ത സംഭവം ആ വ്യക്തി രാജാവിന് വിവരിച്ചുകൊടുത്തതായാണ് ചരിത്രം. അതിഥികൾ ആഗ്രഹിക്കുന്നത് ലഭിക്കാതെ പോകുമോ എന്ന് ഭയന്നാണ് താൻ കുതിരയെ അറുത്തതെന്ന് ഹാതിം പ്രതികരിച്ചതായും കാണാം. അതിഥികളോടും മറ്റുള്ളവരോടുമുള്ള അദ്ദേഹത്തിൻറെ ദയയും കാരുണ്യവും വിശാലമനസ്കതയും പരിഗണനയും ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.
പ്രവാചകന്റെ അംഗീകാരം ലഭിച്ച വ്യക്തി കൂടിയാണ് ഹാതിം അത്ത്വാഇ. അദ്ദേഹത്തിൻറെ ഔദാര്യത്തെക്കുറിച്ച് പ്രവാചകനും സ്വഹാബത്തും പരാമർശിച്ചതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മകൾ സഫാന ബിൻത് ഹാതിം യുദ്ധത്തിൽ തടവിലാക്കപ്പെട്ടപ്പോൾ, പ്രവാചകൻ അവരോട് ചോദിച്ചു: നീ ആരാണ്?. ഞാൻ ത്വയ്യ് ഗോത്രത്തിലെ ഹാതിം അത്ത്വാഇയുടെ മകളാണ് എന്ന് അവർ പ്രതികരിച്ചു. അപ്പോൾ നബി അവരോട്: നിന്റെ പിതാവ് ഔദാര്യം ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയുകയും, അവരെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. അദ്ദേഹത്തിൻറെ മകൻ അദിയ്യിനെ കുറിച്ച് രണ്ടാം ഖലീഫ ഉമർ(റ) വാചാലനായതായി ഇമാം ഇബ്നു ഖുതെബ കിതാബുൽ മആരിഫ് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.
ഹാതിമിന്റെ പ്രശസ്തി കേട്ട പേർഷ്യൻ രാജാവ് പോലും അസൂയപ്പെടുകയുണ്ടായത്രെ. രാത്രികാലങ്ങളിൽ മരുഭൂമിയിൽ വഴി തെറ്റി അയുന്ന സഞ്ചാരികൾക്ക് വഴി കാണിച്ചു കൊടുക്കാനായി പരിശീലനം നൽകപ്പെട്ട വളർത്തുന്ന നായകളെ മരുഭൂമിയിൽ അഴിച്ചുവിടുന്ന ശീലം ഉണ്ടായിരുന്നു ഹാതിമിന്. ആരെങ്കിലും വഴി തെറ്റി മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിൻറെ അടുക്കലേക്ക് ചെന്ന് നായ ഉച്ചത്തിൽ കുരയ്ക്കുകയും ഹാതിമിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയും വഴിതെറ്റിയ സഞ്ചാരി നായയെ പിന്തുടർന്ന് ഹാതിമിന്റെ വീട്ടിലേക്ക് എത്തിയിരുന്നതായും, അദ്ദേഹത്തിൻറെ അതിഥിയായി അവിടെ എല്ലാവിധ സൗകര്യത്തോടുകൂടി താമസിച്ചതായും ചരിത്രങ്ങളിൽ കാണാം.
ഒരു ദിവസം ഹാതിമിന്റെ അടുക്കൽ വന്ന ഒരു മനുഷ്യൻ, തന്റെ മകൾക്ക് വിവാഹ സമ്മാനമായി ഒരു ചെറുപ്പക്കാരനായ അടിമയെ നൽകാൻ ആവശ്യപ്പെട്ടു. ഹാതിം ഉടൻ തന്നെ ഒരു അടിമയെ സമ്മാനമായി നൽകി. എന്നാൽ, അത് ഹാതിമിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അടിമയാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ തിരികെ വാങ്ങാൻ ആവശ്യപ്പെട്ടു. പക്ഷെ, അദ്ദേഹം അതിന് തയ്യാറയതേ ഇല്ല.
ഔദാര്യത്തിൽ നിന്ന് ഒരു പടി പിന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഹാതിമിൻ്റെ ഈ ശീലം കുടുംബത്തെ നശിപ്പിക്കുമെന്ന് അദ്ദേഹത്തോട് ഭാര്യ നിരന്തരം താക്കീത് നൽകുകയും അദ്ദേഹത്തിൻറെ പ്രവൃത്തിയിൽ അനിഷ്ടം പ്രകടമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഹാതിമിൻ്റെ മറുപടി ‘എന്നെ എൻറെ വഴിക്ക് വിടുക, ഔദാര്യം അതെന്റെ സ്വഭാവത്തിൽ പെട്ടതാണ്. ഒരു ഭക്ഷണം ഉണ്ടാക്കിയാൽ അതിഥിയില്ലെങ്കിൽ ഞാനത് കഴിക്കുകയില്ല, ഒറ്റയ്ക്ക് ഭക്ഷണം തിന്നാൻ എനിക്കാവില്ല.’ അദ്ദേഹത്തിൻറെ അനിയന്ത്രിതമായ ഔദാര്യശീലത്തില്‍ കുപിതയായി ഭാര്യ പിരിഞ്ഞു പോയതായും ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പ്രഗൽഭനായ കവി കൂടിയായിരുന്നു ഹാതിം. അദ്ദേഹത്തിൻറെ കവിതകളിലധികവും ഔദാര്യത്തെക്കുറിച്ചുള്ളതായിരുന്നു.
ഔദാര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചില വരികൾ:
“നീ ഭക്ഷണം ഉണ്ടാക്കിയാൽ, അതിനുവേണ്ടി ഒരു അതിഥിയെ തേടുക.
കാരണം, ഞാനത് ഒറ്റക്ക് കഴിക്കുന്നവനല്ല.
ഞാൻ ഒരു അടിമയാണ്, അതിഥി എൻ്റെ അടുക്കൽ താമസിക്കുന്നിടത്തോളം കാലം. ഈ സ്വഭാവമല്ലാതെ മറ്റൊന്നും അടിമയ്ക്ക് ചേർന്നതല്ല.
ഞാൻ വയറ് ഒട്ടിയവനായിട്ടും അതിഥിയെ തിരഞ്ഞെടുത്തിരുന്നു,
ഞാൻ പിശുക്കനാണെന്ന് പറയപ്പെടാതിരിക്കാൻ വേണ്ടി.
ഞങ്ങളുടെ സമ്പത്ത് ഔദാര്യം കൊണ്ട് നശിപ്പിച്ചു,
നിന്റെ ആത്മാവിനെ പോലും ഔദാര്യം കൊണ്ട് നീ തകർത്തു.
എന്ന് പറഞ്ഞു അവൾ,
ഞാൻ പറഞ്ഞു: ‘എന്നെ വിടുക, അത് എൻ്റെ ശീലമാണ്,
ഓരോ ഉദാരമതിക്കും അവൻ ആവർത്തിക്കുന്ന ഒരു ശീലമുണ്ട്”
വാചാലത കൊണ്ട് സമ്പന്നമാണ് ഹാതിമിന്റെ കവിതകൾ. ഭാഷയുടെ ഭംഗിയും ആശയ അവതരണവും മനോഹരമായി സമന്വയിപ്പിക്കാൻ ആ കവിതകൾക്ക് സാധിച്ചിട്ടുണ്ട്.
ഇന്നത്തെ സൗദി അറേബ്യയിലെ ഹാഇൽ മേഖലയിലാണ് ഹാതിം അത്ത്വാഇ ജീവിച്ചിരുന്നത്. അവിടെയുള്ള തവ്വാരിൻ എന്ന ഗ്രാമത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. നിലവിൽ സൗദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ പ്രദേശം.



Leave A Comment