രിബിഇയ്യ് ബ്നു ഹിറാശ്: സത്യസന്ധതയുടെ കാവലാൾ

നബി (സ്വ)തങ്ങളുടെ ഒട്ടനവധി ഹദീസുകൾ നിവേദനം ചെയ്ത പ്രമുഖ താബിഈ പണ്ഡിതനാണ് രിബിഇയ്യുബ്നു ഹിറാശ്. അമവീ ഭരണാധികാരികളായ അബ്ദുൽ മലിക് ബിനു മർവാന്റെയും മകനും പിൻഗാമിയുമായ അൽവലീദ് ഒന്നാമന്റെയും വിശ്വസ്തനായ ഗവർണർ ഹജ്ജാജ് ബിനു യൂസുഫിന്റെ  കാലഘട്ടത്തിൽ ജീവിച്ച രിബിഇയ്യ്(റ)വിന്റെ ജീവിതവും അനുബന്ധ സംഭവങ്ങളും കൂടുതലായി  രേഖപ്പെടുത്തി വെച്ചതായി കാണാൻ കഴിയില്ല.

സത്യസന്ധത കൊണ്ട്  അംഗീകരിക്കപ്പെട്ട അദ്ദേഹത്തെ  അന്നത്തെ ഇറാഖ് ഗവർണറായ ഹജ്ജാജ്  ബിന്‍ യൂസഫ്  പരീക്ഷിക്കുന്ന രംഗം ചരിത്രത്തിൽ പ്രസിദ്ധമാണ്. രിബിഇയ്യിന്റെ രണ്ട് മക്കളെയും ഹജ്ജാജ് സന്ദേശവാഹകരായി അയക്കാൻ തീരുമാനിച്ചു. പക്ഷേ അവർ രണ്ട് പേരും ഹജ്ജാജിന്റെ കല്പനയെ എതിർത്ത് തന്റെ കൺവെട്ടത്തിൽ നിന്ന് ഓടിമറഞ്ഞു . ഇതറിഞ്ഞ ഹജ്ജാജ് രിബിഇയ്യിനെ വിളിപ്പിച്ച് മക്കളുടെ വിവരം അന്വേഷിച്ചു. ഭയമോ മക്കളുടെ മേലിൽ വന്ന് ഭവിക്കാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണിയുടെയോ ലാഞ്ജനയേതുമില്ലാത്ത രിബിഇയ്യ്(റ) ന്റെ മറുപടി കേട്ട് ഹജ്ജാജിന് നിസ്സംഗനായി നോക്കി നിൽക്കാനല്ലാതെ മറുപടി പറയാനോ വല്ലതും ചെയ്യാനോ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു,"അല്ലാഹുവാണ് തുണ, അവർ വീട്ടിലുണ്ട്."

ഒരുപാട് പ്രമുഖ സ്വഹാബികളിൽ നിന്ന് രിബിഇയ്യ്(റ) ഹദീസ് നിവേദനം ചെയ്തതായി ചരിത്രത്തിൽ കാണാം. ഉമറുബ്നുൽ ഖത്വാബ്(റ), അലിയ്യുബ്ന് അബീ ത്വാലിബ്(റ), ഹുദൈഫത്തുൽ യമാൻ(റ), അബൂ മൂസൽ അശ്അരി(റ) തുടങ്ങിയ പ്രമുഖ സ്വഹാബികൾ അവരിൽ ചിലരാണ്. രിബിഇയ്യ്(റ) എന്ന വ്യക്തി ഹദീസ് നിവേദനത്തിന് യോഗ്യനും ഏറെ വിശ്വസ്തനുമാണെന്ന് അനവധി പ്രമുഖ ഹദീസ് നിവേദകർ സാക്ഷ്യപ്പെടുത്തുന്നത് അദ്ദേഹത്തിൻറെ സത്യസന്ധതയ്ക്ക് ലഭിക്കുന്ന ബഹുമതിയാണ്.

അല്ലാഹുവിന്റെ അടിമകളായ നാം അവന്ന് വിധേയപ്പെടേണ്ടവനും അവന്റെ കല്പനയെ പൂർണമായി ശിരസ്സാവഹിക്കേണ്ടവരുമാണെന്ന് ലോകത്തിന് വരച്ചു കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവനും.  തന്റെ മടക്കം എവിടേക്കാണെന്ന് അറിയുന്നത് വരെ  പല്ല് വെളിവാകുന്ന രീതിയിൽ ചിരിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തതായി ഇമാം ബുർജുലാനി വ്യക്തമാക്കുന്നുണ്ട്. അഗാധമായ ദൈവഭക്തിയുടെയും തഖ്‍വയുടെയും അനുരണനം കൂടിയാണ് ഈ വാക്യങ്ങളിൽ നിഴലിച്ചു നിൽക്കുന്നത്.

സത്യസന്ധനായി ആദ്ധ്യാത്മിക വഴിയിൽ ജീവിച്ച അദ്ദേഹം ഹിജ്റ എൺപത്തി ഒന്നിൽ പുഞ്ചിരിച്ചു കൊണ്ട് അല്ലാഹുവിലേക്ക് യാത്രയായി. ചിലർ ഹിജ്റ  82എന്നും ഹിജ്റ 101എന്നും അഭിപ്രായങ്ങളുണ്ട്. ഉമറുബ്നുഅബ്ദിൽ അസീസ്(റ)ന്റെ  ഭരണകാലത്താണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മരണശേഷം മയ്യിത്ത് കുളിപ്പിക്കുമ്പോഴും ആ മുഖം പതിനാലാം രാവിലെ ചന്ദ്രനെ പോലെ സുന്ദരമായാണ് കിടന്നിരുന്നതെന്ന പ്രമുഖരുടെ സാക്ഷ്യപ്പെടുത്തൽ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിക്ക് ഭൗതിക ലോകത്ത് ലഭിച്ച അവസാനത്തെ സമ്മാനമായിരുന്നു.   

റബീഅ്, മസ്ഊദ് എന്നിവരാണ് അദ്ദേഹത്തിൻറെ രണ്ട് സഹോദരന്മാർ.  അല്ലാഹുവിനോടുള്ള ഭക്തിയിലും വിജ്ഞാന സമ്പാദനത്തിലും മുഴുവൻ സമയവും  ചിലവഴിച്ച ഇവരും രിബിഇയ്യ്(റ)നെ പോലെ പരിത്യാഗം സ്വീകരിച്ചവരായിരുന്നു.  കൂട്ടത്തിൽ മുതിർന്ന സഹോദരനായിരുന്ന  റബീഅ് മുഴുവൻ സമയവും ദിക്റിലും ഇബാദത്തിലുമായി കഴിഞ്ഞ വ്യക്തിയായിരുന്നു. രിബിഇയ്യ്(റ) തന്നെ ഇങ്ങനെ പറയുന്നതായി കാണാം. 
"സഹോദരൻ റബീഅ് മരണപ്പെട്ടപ്പോൾ ഞങ്ങളിലൊരാൾ കഫൻ പുടവ വാങ്ങാൻ പോയി. കഫൻ പുടവ വാങ്ങിവന്ന് റബീഇന്റെ മുഖത്തുള്ള വസ്ത്രം നീക്കിയപ്പോൾ മരിച്ചു കിടന്നിരുന്ന റബീഅ് ഞങ്ങളോട് സലാം പറഞ്ഞു. സലാം മടക്കിയശേഷം ഭയവിഹ്വലതയോടെ കൂടെയുണ്ടായിരുന്നവർ ചോദിച്ചു, താങ്കൾ മരണശേഷമാണോ ഉണർന്നത്? അതെ, ഞാൻ എന്റെ റബ്ബിനെ ദേഷ്യപ്പെടാത്തവനായി കണ്ടു, മനോഹരമായ പരവതാനിയും സുവർഗ സുഗന്ധങ്ങളുമായി അല്ലാഹു എന്നെ സ്വീകരിച്ചു. തീർച്ചയായും നബി തങ്ങൾ എന്റെ  ജനാസ നിസ്കാരത്തിനായി  കാത്തിരിക്കുകയാണ്, പെട്ടെന്ന് തന്നെ  നിങ്ങൾ അത് ചെയ്യുക". ഇത് കേട്ട ഉടനെ  വേഗം കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ ഞങ്ങൾ  മറവ് ചെയ്തു. 

ഈ അത്ഭുത സംഭവം ആയിശ(റ)യുടെ കാതിലെത്തിയപ്പോൾ യാതൊരു ഭാവ വ്യത്യാസവും കൂടാതെയായിരുന്നു മഹതിയുടെ പ്രതികരണം. അവിടുന്ന് പറഞ്ഞു, "മരണശേഷം എന്റെ ഉമ്മത്തിൽപ്പെട്ട ഒരു വ്യക്തി സംസാരിക്കുമെന്ന് നബി തങ്ങൾ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്" എന്ന ഹദീസിന്റെ സാരാംശവും അർത്ഥവ്യാപ്തിയും പുലർന്ന സന്തോഷത്തോടെയായിരുന്നു മഹതിയുടെ മറുപടി.

രണ്ടാമത്തെ സഹോദരനായ മസ്ഊദ്(റ)വും നമ്മുടെ കഥാപുരുഷനെ പോലെ ഭക്തനും പരിത്യാഗിയുമായിരുന്നു. അവരോടൊപ്പം നാഥന്‍ നമ്മെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍.

References: 
سير أعلام النبلاء  360/4
حلية الأولياء وطبقات الأصفياء  368
الطبقات الكبرى.     127 /  6
شرح مسلم  للنووي. 42

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter