'ഇവാൻ-ഇ കിസ്‌റ' കഥ പറയുന്ന കമനീയ കമാനങ്ങൾ
ചില നിർമ്മിതികൾ കേവലം കല്ലും മണ്ണും ചേർന്ന കെട്ടിടങ്ങൾ മാത്രമാവുകയില്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെ ആത്മാവും, ഒരു സാമ്രാജ്യത്തിന്റെ ഹൃദയത്തുടിപ്പും, വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ നിശ്ശബ്ദ പ്രവാചകരുമായി അവ ചരിത്രത്തിനുമേൽ തലയുയർത്തി നിൽക്കും. അത്തരത്തിലൊരു ഇതിഹാസമാണ് സാസാനിയൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ടെസിഫോണിൽ സ്ഥിതി ചെയ്യുന്ന 'താഖ് കിസ്‌റ' അഥവാ 'ഇവാനേ കിസ്‌റ'.
ഭീമാകാരമായ ആ കമാനം ഒരു സാമ്രാജ്യത്തിന്റെ അജയ്യമായ ശക്തി ലോകത്തോട് വിളിച്ചുപറയുന്നതായിരുന്നു. തിരുദൂതർ(സ്വ)യുടെ ജന്മസമയത്ത് അതിന്റെ അകത്തളങ്ങൾ അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത് ചരിത്രത്തില്‍ കാണാം. ആ സാമ്രാജ്യത്തിന്റെ ആസന്നമായ പതനത്തേയും പുതിയ ദൈവിക സന്ദേശത്തിന്റെ ഉദയത്തെയും കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു അവ.
സാസാനിയൻ സാമ്രാജ്യത്തിന്റെ ഹൃദയഭൂമി
ടൈഗ്രിസ് നദിയുടെ കിഴക്കേ കരയിൽ, ഇന്നത്തെ ബഗ്ദാദിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്തിരുന്ന ടെസിഫോൺ, അക്കാലത്ത് ഏറ്റവും തന്ത്രപ്രധാനമായ നഗരങ്ങളിലൊന്നായിരുന്നു. പാർത്തിയൻ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ തലസ്ഥാനമായി ഉയർന്നുവന്ന ഈ നഗരം, പിന്നീട് അവരുടെ പിൻഗാമികളായ സാസാനിയൻ സാമ്രാജ്യത്തിന്റെ (ക്രി.വ. 224-651) പ്രധാന ഭരണസിരാകേന്ദ്രമായി മാറി.
റോമാ സാമ്രാജ്യവുമായുള്ള നിരന്തര സംഘർഷങ്ങളുടെ തട്ടകമായിരുന്നെങ്കിലും, ടെസിഫോൺ ഒരു ബഹുസാംസ്കാരിക കേന്ദ്രമായി വളർന്നു. പേർഷ്യക്കാരും, അറാമിയക്കാരും, ഗ്രീക്കുകാരും, യഹൂദരും ഇവിടെ ഒരുമിച്ച് ജീവിച്ചു. സാസാനിയൻ ചക്രവർത്തിമാർ നഗരത്തെ 'ഷാഹിഗാൻ' (രാജകീയം) എന്ന് വിളിച്ചു. അറബികൾ ഈ പ്രദേശത്തെ ഒന്നാകെ 'അൽ-മദാഇൻ' (നഗരങ്ങൾ) എന്ന് വിശേഷിപ്പിച്ചു, കാരണം ടെസിഫോണും അതിന്റെ മറുകരയിലുണ്ടായിരുന്ന സെല്യൂഷ്യയും ഉൾപ്പെടെ നിരവധി നഗരങ്ങളുടെ ഒരു സമുച്ചയമായിരുന്നുവത് (Kennedy, 2007, p. 14).
ഈ മഹാനഗരത്തിന്റെ ഹൃദയഭാഗത്താണ് സാസാനിയൻ രാജാക്കന്മാർ തങ്ങളുടെ അധികാരത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി താഖ് കിസ്‌റ പണികഴിപ്പിച്ചത്. "കിസ്‌റയുടെ കമാനം" എന്ന് അർത്ഥം വരുന്ന ഈ നാമം, സാസാനിയൻ ചക്രവർത്തിമാരുടെ പൊതുവായ സ്ഥാനപ്പേരായ 'കിസ്‌റ'യിൽ (ഖുസ്രു/Khosrau) നിന്നാണ് ഉത്ഭവിച്ചത്.
ഈ നിർമ്മിതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഷാപൂർ ഒന്നാമന്റെ (240-270 CE) കാലത്ത് ആരംഭിച്ചുവെന്നും, അതിന്റെ പൂർത്തീകരണം ഖുസ്രു ഒന്നാമൻ 'അനൂഷെർവാൻ' (ഭരണകാലം 531-579 CE) എന്ന പ്രഗത്ഭനായ ചക്രവർത്തിയുടെ കാലത്താണ് നടന്നതെന്നും ചരിത്രകാരന്മാർ പൊതുവെ അംഗീകരിക്കുന്നു (Stronach, 1978).
തിരുനബി(സ്വ)യുടെ ജനനസമയത്ത് പേർഷ്യ ഭരിച്ചിരുന്നത് നീതിമാനെന്ന് പൊതുവെ ഖ്യാതി നേടിയ ഈ അനൂഷെർവാൻ ചക്രവർത്തിയായിരുന്നു. അതിനാൽ, പ്രവാചകന്റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത് അദ്ദേഹത്തിന്റെ കാലത്തെ ഈ വിസ്മയ കൊട്ടാരമാണ്.
കല്ലിൽ തീർത്ത ഇതിഹാസം: താഖ് കിസ്‌റയുടെ വാസ്തുവിസ്മയം
താഖ് കിസ്‌റയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ കേന്ദ്രഭാഗത്തുള്ള ഭീമാകാരമായ കമാനമായിരുന്നു (Iwan). ഇതൊരു പാരബോളിക് ആർച്ചാണ് (ഈ ആകൃതി കമാനത്തിന് വലിയ ഭാരം താങ്ങാനുള്ള കഴിവ് നൽകുകയും, യാതൊരു താങ്ങുകളുമില്ലാതെ വലിയൊരു വിടവിൽ കെട്ടിടം നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യുന്നു). കൂടാതെ ലോകത്തിലെ ഏറ്റവും വലിയ, താങ്ങുകളില്ലാത്ത, ഇഷ്ടികകൊണ്ട് നിർമ്മിച്ച കമാനമായി (unreinforced brick vault) ഇന്നും ഇത് കണക്കാക്കപ്പെടുന്നു.
ഏകദേശം 37 മീറ്റർ (121 അടി) ഉയരവും, 26 മീറ്റർ (85 അടി) വീതിയും, 50 മീറ്ററോളം (164 അടി) നീളവുമുള്ള ഈ ഭീമൻ കമാനം, പുരാതന ലോകത്തിലെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ ഉത്തമോദാഹരണമാണ്. ചുട്ടെടുത്ത ഇഷ്ടികകൾ അതിവേഗം ഉറയ്ക്കുന്ന പ്ലാസ്റ്റർ മിശ്രിതം ഉപയോഗിച്ച് ചേർത്തുവെച്ചാണ് ഈ കമാനം നിർമ്മിച്ചിരിക്കുന്നത്. റോമൻ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും, ഇത്രയും വലിയൊരു കമാനം പണിതത് സാസാനിയൻ വാസ്തുശില്പികളുടെ കഴിവിന്റെ തെളിവാണ് (Reuther, 1938, p. 543).
ഈ കേന്ദ്ര കമാനത്തിന് ഇരുവശത്തുമായി നിരവധി നിലകളുള്ള കെട്ടിട സമുച്ചയങ്ങളുണ്ടായിരുന്നു. ഇവയുടെ മുൻഭാഗം ആറ് തിരശ്ചീന നിരകളായി വിഭജിച്ച് ചെറിയ കമാനങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഈ രൂപകല്പന കൊട്ടാരത്തിന് ഒരു താളാത്മകമായ സൗന്ദര്യം നൽകി.
കൊട്ടാരത്തിന്റെ ഉൾവശം അതിമനോഹരമായി അലങ്കരിച്ചിരുന്നു. ഭിത്തികളിൽ ഗ്രീക്ക്-റോമൻ ശൈലിയിലുള്ള മാർബിൾ ഫലകങ്ങളും, പേർഷ്യൻ പുരാണ കഥകൾ ചിത്രീകരിക്കുന്ന ഗ്ലാസ് മൊസൈക്കുകളും പതിച്ചിരുന്നു. അക്കാലത്ത് ബൈസന്റൈൻ സാമ്രാജ്യത്തിൽ നിന്ന് കൊണ്ടുവന്ന ശില്പികളാണ് ഈ മൊസൈക്ക് ജോലികൾ ചെയ്തതെന്ന് പറയപ്പെടുന്നു. സാസാനിയൻ സാമ്രാജ്യത്തിന്റെ സമ്പത്തും ആഗോള ബന്ധങ്ങളും വെളിവാക്കുന്നതായിരുന്നു ഈ അലങ്കാരങ്ങൾ.
കൊട്ടാരത്തിന്റെ പ്രധാന ദർബാർ ഹാളിലാണ് കിസ്‌റയുടെ സിംഹാസനം സ്ഥാപിച്ചിരുന്നത്. സ്വർണ്ണവും വെള്ളിയും രത്നങ്ങളും പതിച്ച ഈ സിംഹാസനം കണ്ട വിദേശ പ്രതിനിധികൾ അതിന്റെ പ്രഭയിൽ അക്ഷരാർത്ഥത്തിൽ അന്ധാളിച്ചുപോയിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു (Christensen, 1944). ഈ നിർമ്മിതി കേവലമൊരു വാസസ്ഥലം എന്നതിലുപരി, സാസാനിയൻ ചക്രവർത്തിയുടെ ദൈവിക പരിവേഷത്തെയും സാമ്രാജ്യത്തിന്റെ അജയ്യമായ ശക്തിയെയും പ്രഘോഷിക്കുന്ന പ്രതീകം കൂടിയായിരുന്നു.
രാജധാനിയിലെ അത്ഭുതങ്ങൾ
താഖ് കിസ്‌റയുടെ ദർബാർ ഹാൾ സാസാനിയൻ സാമ്രാജ്യത്തിന്റെ അധികാരത്തിന്റെ നാഡീകേന്ദ്രമായിരുന്നു. ഇവിടെ വെച്ചാണ് കിസ്‌റ വിദേശ പ്രതിനിധികളെ സ്വീകരിച്ചിരുന്നതും, പ്രധാനപ്പെട്ട വിധികൾ പുറപ്പെടുവിച്ചിരുന്നതും, വലിയ ആഘോഷങ്ങൾ നടത്തിയിരുന്നതും. കിസ്‌റ ജനങ്ങൾക്ക് ദർശനം നൽകുമ്പോൾ അദ്ദേഹത്തിന്റെ മുഖം ഒരു കർട്ടനു പിന്നിലായി മറയ്ക്കും. പ്രത്യേക അവസരങ്ങളിൽ മാത്രമേ ആ തിരശ്ശീല ഉയർത്തുകയുള്ളൂ. രത്നഖചിതമായ കിരീടവും ആടയാഭരണങ്ങളും അണിഞ്ഞ ചക്രവർത്തിയുടെ രൂപം കണ്ട് സദസ്സ് ഒന്നടങ്കം സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുമായിരുന്നു.
ഈ കൊട്ടാരത്തിലെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയത് 'ബഹാറേ കിസ്‌റ' (കിസ്‌റയുടെ വസന്തം) എന്നറിയപ്പെടുന്ന ഭീമാകാരമായ പരവതാനിയായിരുന്നു. ഏകദേശം 27 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ഈ പരവതാനി, സ്വർണ്ണം, വെള്ളി, പട്ട് നൂലുകൾ കൊണ്ടാണ് നെയ്തിരുന്നത്.
രത്നങ്ങൾ കൊണ്ട് പുഷ്പങ്ങളും, മരതകം കൊണ്ട് പുൽമേടുകളും, മുത്തുകൾ കൊണ്ട് അരുവികളും ചിത്രീകരിച്ചിരുന്ന ഈ പരവതാനി, ശൈത്യകാലത്ത് പോലും കൊട്ടാരത്തിനകത്ത് ഒരു വസന്തകാലത്തിന്റെ പ്രതീതി സൃഷ്ടിച്ചു (Al-Tabari, Vol. XIII, p. 2445). കിസ്‌റയുടെ സിംഹാസനം, നക്ഷത്രങ്ങളെയും രാശിചക്രങ്ങളെയും പ്രതിനിധീകരിക്കുന്ന ചലിക്കുന്ന ഭാഗങ്ങളുള്ള ഒരു യാന്ത്രിക നിർമ്മിതിയായിരുന്നുവെന്നും ചില വിവരണങ്ങളുണ്ട്. ഇതെല്ലാം സന്ദർശകരിൽ ഭയവും ബഹുമാനവും ഒരുപോലെ ജനിപ്പിക്കാൻ പോന്നതായിരുന്നു. സാസാനിയൻ സാമ്രാജ്യത്തിന്റെ സമ്പത്തിന്റെയും പ്രൗഢിയുടെയും അത്യുന്നതിയിലായിരുന്നു താഖ് കിസ്‌റ നിലനിന്നിരുന്നത്.
നിശ്ശബ്ദ വിളംബരങ്ങൾ
സാസാനിയൻ സാമ്രാജ്യം അതിന്റെ പ്രതാപത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ്, ക്രി.വ. 570-നോടടുത്ത് അറേബ്യയിലെ മക്കയിൽ തിരുദൂതർ മുഹമ്മദ് നബി(സ്വ) ജനിക്കുന്നത്. ആ രാത്രിയിൽ ടെസിഫോണിലെ കിസ്‌റയുടെ കൊട്ടാരത്തിൽ അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയതായി ആദ്യകാല ഇസ്‌ലാമിക ചരിത്രകാരന്മാർ ഐകകണ്ഠ്യേന രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അൽബൈഹഖി 'ദലാഇലുന്നുബുവ്വ' (പ്രവാചകത്വത്തിന്റെ അടയാളങ്ങൾ) എന്ന ഗ്രന്ഥത്തിൽ ഈ സംഭവങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
അന്നത്തെ കിസ്‌റയായിരുന്ന അനൂശെർവാൻ ഭീകരമായൊരു പ്രകമ്പനത്തോടെ ഉറക്കം ഞെട്ടിയുണർന്നു. കൊട്ടാരം ഒന്നാകെ ഒരു ഭൂകമ്പത്തിലെന്നപോലെ വിറച്ചു. പരിഭ്രാന്തനായ കിസ്‌റയും കൊട്ടാരവാസികളും പുറത്തേക്കോടി. അപ്പോഴാണ് ആ കാഴ്ച അവർ കണ്ടത്: കൊട്ടാരത്തിന്റെ മുൻഭാഗത്തെ അലങ്കരിച്ചിരുന്ന പതിനാല് കൂറ്റൻ ഗോപുരങ്ങൾ (balconies or crenellations) ഒന്നിനുപുറകെ ഒന്നായി നിലംപതിക്കുന്നു (Al-Bayhaqi, Dala'il al-Nubuwwah).
ഇതേസമയം തന്നെ, പേർഷ്യയുടെ ആത്മീയ പ്രതീകമായിരുന്ന, ആയിരം വർഷമായി അണയാതെ സൂക്ഷിച്ചിരുന്ന വിശുദ്ധ അഗ്നി, ഒരു കാരണവുമില്ലാതെ കെട്ടുപോയി. ഫാരിസ് പ്രവിശ്യയിലെ ഒരു പ്രധാന സൊരാഷ്ട്രിയൻ അഗ്നിക്ഷേത്രത്തിലായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്. അതോടൊപ്പം, അവിടുത്തെ ജനങ്ങൾ പുണ്യമായി കരുതിയിരുന്ന സാവ തടാകം വറ്റിവരളുകയും ചെയ്തു.
ഈ സംഭവങ്ങളുടെയൊന്നും പൊരുൾ മനസ്സിലാകാതെ കിസ്‌റ കുഴങ്ങി. അദ്ദേഹം തന്റെ മുഖ്യ പുരോഹിതനായ 'മൊബാദ' യോട് ഉപദേശം ആരാഞ്ഞു. തദവസരത്തിൽ അന്ന് രാത്രി താൻ കണ്ട ഭീകരമായ ഒരു സ്വപ്നത്തെക്കുറിച്ച് മൊബാദ കിസ്‌റയോട് വിവരിക്കുകയാണുണ്ടായത്. ഒരു കൂട്ടം മെലിഞ്ഞ അറബി ഒട്ടകങ്ങൾ, കരുത്തരായ പേർഷ്യൻ കുതിരകളെ നയിച്ചുകൊണ്ട് ടൈഗ്രിസ് നദി കടന്ന് പേർഷ്യൻ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നതായിരുന്നു ആ സ്വപ്നം.
ഈ സംഭവങ്ങളെല്ലാം ഒരുമിച്ച് വന്നപ്പോൾ, വലിയൊരു വിപത്തിന്റെ മുന്നോടിയാണിതെന്ന് കിസ്‌റ ഉറപ്പിച്ചു. അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ ജ്യോതിഷിയും ഭാവി പ്രവചിക്കുന്നവനുമായ സതീഹ് അൽകാഹിനെ ആളയച്ചു വരുത്തി. സംഭവങ്ങളെല്ലാം കേട്ട സതീഹ് പ്രവചിച്ചു: "അങ്ങയുടെ സാമ്രാജ്യത്തിൽ നിന്ന് പതിനാല് രാജാക്കന്മാർ (തകർന്ന ഗോപുരങ്ങളുടെ എണ്ണം) കൂടി ഭരിക്കും. അതിനുശേഷം ഈ സാമ്രാജ്യം തകരും. ഹിജാസിൽ നിന്ന് ഒരു ദൈവദൂതന്‍ വരും, അദ്ദേഹത്തിന്റെ മതം പേർഷ്യ കീഴടക്കും." (Ibn Kathir, Al-Bidaya wa'l-Nihaya). ഈ പ്രവചനം കിസ്‌റയെ അത്യധികം കോപാകുലനും അസ്വസ്ഥനുമാക്കിയെങ്കിലും, ചരിത്രം ആ പ്രവചനം ശരിവെക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഇസ്‌ലാം ടെസിഫോണിലേക്ക്
പ്രവാചകന്‍(സ്വ)യുടെ വിയോഗത്തിന് ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ, രണ്ടാം ഖലീഫ ഉമർ(റ) ന്റെ കാലത്ത്, ഇസ്‌ലാമിക സൈന്യം സാസാനിയൻ സാമ്രാജ്യവുമായി നിർണ്ണായകമായ യുദ്ധങ്ങളിൽ ഏർപ്പെട്ടു. ക്രി.വ. 637-ൽ നടന്ന ഖാദിസിയ്യ യുദ്ധത്തിലെ മുസ്‌ലിംകളുടെ ഐതിഹാസിക വിജയം സാസാനിയൻ സാമ്രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. സൈന്യാധിപനായ സഅദ് ബിൻ അബീവഖാസ്(റ)ന്റെ നേതൃത്വത്തിലുള്ള സൈന്യം തലസ്ഥാനമായ ടെസിഫോണിലേക്ക് മാർച്ച് ചെയ്തു. മുസ്‌ലിം സൈന്യം അടുത്തുവെന്നറിഞ്ഞ അവസാനത്തെ കിസ്‌റ, യസ്ദജർദ് മൂന്നാമൻ, കൊട്ടാരത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുമായി കിഴക്കൻ പ്രവിശ്യകളിലേക്ക് പലായനം ചെയ്തു.
മുസ്‌ലിം സൈന്യം ടെസിഫോണിൽ പ്രവേശിച്ചപ്പോൾ അവർ കണ്ടത് വിജനമായ ഒരു നഗരമാണ്. കിസ്‌റയുടെ കൊട്ടാരത്തിന്റെ പ്രൗഢിയും വലുപ്പവും കണ്ട് സാധാരണക്കാരായ അറബ് പടയാളികൾ അത്ഭുതപ്പെട്ടുപോയി. സഅദ് ബിൻ അബീവഖാസ്(റ) കൊട്ടാരത്തിനകത്ത് പ്രവേശിച്ചപ്പോൾ അദ്ദേഹം ഖുർആനിലെ ഒരു വചനം പാരായണം ചെയ്തു: "എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവർ വിട്ടേച്ചുപോയത്! എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ വാസസ്ഥലങ്ങളും! അവർ ആനന്ദിച്ചിരുന്ന എത്രയെത്ര സൗകര്യങ്ങൾ! അപ്രകാരം (സംഭവിച്ചു). പിന്നീട് അതെല്ലാം നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു." (ഖുർആൻ 44:25-28).
കൊട്ടാരത്തിന്റെ പ്രധാന ദർബാർ ഹാളിൽ വെച്ച് മുസ്‌ലിംകൾ ആദ്യമായി ജുമുഅ നമസ്കാരം നിർവഹിച്ചു. ഒരു സാമ്രാജ്യത്തിന്റെ അഹങ്കാരത്തിന്റെ പ്രതീകം, ഏകനായ ദൈവത്തിനു മുന്നിൽ സുജൂദ് ചെയ്യുന്ന ഒരു ഇടമായി മാറുന്ന നിമിഷമായിരുന്നു അത് (Kennedy, 2007, p. 115).
കൊട്ടാരത്തിൽ നിന്ന് പിടിച്ചെടുത്ത ഗനീമത്ത് (യുദ്ധമുതൽ) ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. 'കിസ്‌റയുടെ വസന്തം' എന്ന പരവതാനി വളരെ വലുതായതിനാൽ മദീനയിലേക്ക് ഒന്നായി കൊണ്ടുപോകാൻ സാധിക്കുമായിരുന്നില്ല. ഖലീഫ ഉമര്‍(റ) ന്റെ നിർദ്ദേശപ്രകാരം അത് കഷ്ണങ്ങളാക്കി യുദ്ധത്തിൽ പങ്കെടുത്തവർക്ക് വീതിച്ചുനൽകി. ഓരോ കഷ്ണത്തിനും അക്കാലത്ത് വലിയ വിലയുണ്ടായിരുന്നു. കിസ്‌റയുടെ കിരീടം, വാൾ, ആടയാഭരണങ്ങൾ എന്നിവയും മദീനയിലേക്ക് അയച്ചുകൊടുത്തു. ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച ഒരു സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ കണ്ട് മദീനയിലെ ജനങ്ങൾ അത്ഭുതം കൂറി.
കാലം മായ്ക്കാത്ത മുറിപ്പാടുകൾ
ഇസ്‌ലാമിക ഭരണത്തിന്റെ ആദ്യകാലങ്ങളിൽ അൽമദാഇൻ ഒരു പ്രധാന പ്രവിശ്യാ തലസ്ഥാനമായി തുടർന്നെങ്കിലും, ക്രി.വ. 762-ൽ അബ്ബാസിയ ഖലീഫ അൽമൻസൂർ ബഗ്ദാദ് നഗരം സ്ഥാപിച്ചതോടെ അതിന്റെ പ്രാധാന്യം കുറഞ്ഞു. പുതിയ തലസ്ഥാന നഗരിയുടെ നിർമ്മാണത്തിനായി ഖലീഫ താഖ് കിസ്‌റ പൊളിച്ച് അതിന്റെ ഇഷ്ടികകളും മറ്റ് നിർമ്മാണ സാമഗ്രികളും ഉപയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ, കൊട്ടാരത്തിന്റെ ഘടന അത്രയേറെ ബലവത്തായിരുന്നു. അത് പൊളിച്ചുമാറ്റുന്നതിനുള്ള ചെലവ് പുതിയ ഇഷ്ടികകൾ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതലാണെന്ന് മനസ്സിലാക്കിയപ്പോൾ ഖലീഫ ആ ശ്രമം ഉപേക്ഷിച്ചു.
"പേർഷ്യക്കാരുടെ ഈ നിർമ്മിതി തകർക്കാൻ പോലും നമുക്ക് സാധിക്കുന്നില്ലെങ്കിൽ, അത് അവരുടെ കഴിവിന്റെയും നമ്മുടെ ബലഹീനതയുടെയും അടയാളമായി നിലനിൽക്കുമല്ലോ" എന്ന് അദ്ദേഹത്തിന്റെ ഉപദേശകനായ ഖാലിദ് ബിൻ ബർമക് ഉപദേശിച്ചതായും ചരിത്രത്തിൽ കാണാം (Le Strange, 1905, p. 33).
എങ്കിലും, കൊട്ടാരം പിന്നീട് അവഗണിക്കപ്പെട്ടു. ടൈഗ്രിസ് നദിയിലെ വെള്ളപ്പൊക്കങ്ങൾ അതിന്റെ അടിത്തറയെ ദുർബലമാക്കി. നൂറ്റാണ്ടുകളിലൂടെ, ആളുകൾ അതിന്റെ ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോയി. 1888-ലുണ്ടായ ഒരു വലിയ വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിന്റെ മൂന്നിലൊന്ന് ഭാഗം തകർന്നു വീണു. ഇരുപതാം നൂറ്റാണ്ടിൽ സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇതിന്റെ പുനരുദ്ധാരണ ശ്രമങ്ങൾ നടന്നെങ്കിലും, പിന്നീട് നടന്ന യുദ്ധങ്ങളും സംഘർഷങ്ങളും ഈ ചരിത്ര സ്മാരകത്തിന് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തി.
ഇന്ന്, ആ പഴയ പ്രൗഢിയുടെ നിഴലായി, ഭീമാകാരമായ ആ കമാനം മാത്രം ഒരു അനാഥ സ്മാരകമായി നിലകൊള്ളുന്നു. പ്രവാചകന്റെ ജനന രാത്രിയിൽ വിണ്ടുകീറിയെന്ന് വിശ്വസിക്കപ്പെടുന്ന ഭാഗങ്ങൾ, നൂറ്റാണ്ടുകൾക്കിപ്പുറവും ആ പ്രവചനത്തിന്റെ ഭൗതികമായ സാക്ഷ്യപത്രമായി കാണാൻ സാധിക്കും.
വിശ്വാസവും ചരിത്രവും ഒരുമിക്കുന്ന വഴികൾ
താഖ് കിസ്‌റയുടെ ചരിത്രം കേവലം ഒരു കെട്ടിടത്തിന്റെ ഉയർച്ചയുടെയും താഴ്ചയുടെയും കഥയല്ല. മറിച്ച്, ചരിത്രപരമായ യാഥാർത്ഥ്യങ്ങളും ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങളും എങ്ങനെ പരസ്പരം സംവദിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ, താഖ് കിസ്‌റയുടെ ഭൗതികമായ തകർച്ച, തിരുദൂതരുടെ ആഗമനത്തോടെ ആരംഭിച്ച ആത്മീയവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ ദൃഷ്ടാന്തമാണ്. കൊട്ടാരത്തിന്റെ തകർന്ന കമാനം, ലോകത്തിലെ ഏതൊരു ശക്തിയും അധികാരവും നശ്വരമാണെന്നും, യഥാർത്ഥ പരമാധികാരം അല്ലാഹുവിന് മാത്രമാണെന്നുമുള്ള വലിയൊരു സന്ദേശം നൽകുന്നു. ചരിത്രവും വിശ്വാസവും ഈയൊരു കേന്ദ്രബിന്ദുവിൽ പരസ്പരം കൈകോർക്കുന്നു. താഖ് കിസ്‌റയുടെ അവശിഷ്ടങ്ങൾ ഇന്നൊരു പുരാവസ്തു സ്മാരകം മാത്രമല്ല, വിശ്വാസസമൂഹത്തിന് അവരുടെ ചരിത്രത്തെയും നിയോഗത്തെയും ഓർമ്മിപ്പിക്കുന്ന അടയാളം കൂടിയാണ്.
ടെസിഫോണിലെ മണൽക്കാറ്റേറ്റു കിടക്കുന്ന അവയുടെ അവശിഷ്ടങ്ങൾ ഒരുപാട് കഥകൾ പറയുന്നുണ്ട്. ഒരു കാലത്ത് ലോകത്തിന്റെ പകുതി ഭരിച്ച ഒരു മഹാസാമ്രാജ്യത്തിന്റെ കഥ, മനുഷ്യ നിർമ്മിതമായ എഞ്ചിനീയറിംഗ് വിസ്മയത്തിന്റെ കഥ, അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും കഥ, ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം നശ്വരമാണെന്ന യാഥാർത്ഥ്യത്തിന്റെ കഥ.
അവലംബങ്ങൾ (Bibliography)
- Al-Tabari, Abu Ja'far Muhammad ibn Jarir. The History of the Prophets and Kings (Tarikh al-Rusul wa al-Muluk). Vol. XIII, "The Conquest of Iraq, Southwestern Persia, and Egypt," Translated by Gautier H. A. Juynboll, SUNY Press, 1989.
- Al-Bayhaqi, Abu Bakr. Dala'il al-Nubuwwah wa Ma'rifat Ahwal Sahib al-Shari'ah. Dar al-Kutub al-Ilmiyyah, Beirut, 1988.
- Christensen, Arthur. L'Iran sous les Sassanides. E. Munksgaard, 1944.
- Ibn Kathir, Ismail ibn Umar. Al-Bidaya wa'l-Nihaya (The Beginning and the End). Dar Ibn Kathir, Beirut, 2010.
- Kennedy, Hugh N. The Great Arab Conquests: How the Spread of Islam Changed the World We Live In. Da Capo Press, 2007.
- Le Strange, Guy. The Lands of the Eastern Caliphate: Mesopotamia, Persia, and Central Asia, from the Moslem Conquest to the Time of Timur. Cambridge University Press, 1905.
- Reuther, Oscar. "Sasanian Architecture: A. History." In A Survey of Persian Art from Prehistoric Times to the Present, edited by Arthur Upham Pope and Phyllis Ackerman, vol. 1, pp. 493-578. Oxford University Press, 1938.
- Stronach, David. Pasargadae: A Report on the Excavations Conducted by the British Institute of Persian Studies from 1961 to 1963. Clarendon Press, 1978.



Leave A Comment