ഉമര്‍ ബിന്‍ ഖഥാബ് (റ)
ആനക്കലഹ സംഭവത്തിന്റെ മൂന്നാം വര്‍ഷം മക്കയിലെ പ്രമുഖ ഖുറൈശീ കുടുംബത്തില്‍ ജനിച്ചു. മുസ്‌ലിമാകുന്നതിനു മുമ്പ് കടുത്ത ഇസ്‌ലം വിരോധിയും പ്രവാചകരുടെ കൊടിയ ശത്രുവുമായിരുന്നു. പുതിയ മതവുമായി വന്ന മുഹമ്മദ് നാട്ടില്‍ ഛിദ്രതയുണ്ടാക്കുകയാണെന്നാണ് വിശ്വസിച്ചത്. അതനുസരിച്ച് ഒരിക്കല്‍ പ്രവാചകരെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ടു. വഴിയില്‍ ഒരാളെ കണ്ടുമുട്ടി. അങ്ങനെയെങ്കില്‍ നിങ്ങള്‍ ആദ്യം ശരിയാക്കേണ്ടത് നിങ്ങളുടെ സ്വന്തം സഹോദരിയായ ഫാഥിമയെയാണ്; അവര്‍ മുഹമ്മദില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതു കേട്ട ഉമറിന്റെ രക്തം തിളച്ചു. അദ്ദേഹം നേരെ സഹോദരിയുടെ വീട്ടിലെത്തി. അവര്‍ ഭര്‍ത്താവിനോടൊപ്പം ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. ഖുര്‍ആനിലെ ആയതുകള്‍ കേട്ട അദ്ദേഹത്തിന്റെ മനസ്സ് മാറുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.
ശേഷം ദാറുല്‍ അര്‍ഖമില്‍ പ്രവാചകരെ ചെന്നു കണ്ട് തന്റെ ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചു. രണ്ടാലൊരു ഉമറിനെക്കൊണ്ട് ഇസ്‌ലാമിനെ നീ ശക്തിപ്പെടുത്തേണമേ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥന നടത്തിയ സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഉമറിന്റെ ഇസ്‌ലാമാശ്ലേഷണം എല്ലാവര്‍ക്കും ശക്തി പകര്‍ന്നു. പ്രവാചകരെയും അനുയായികളെയും കൂട്ടി അദ്ദേഹം കഅബാലയത്തിനടുത്തു പോവുകയും ഇസ്‌ലാമിക സന്ദേശം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം, അവിടെ നിന്നും പ്രാര്‍ത്ഥനകള്‍ നടത്തി. ഇതു കണ്ടു ഖുറൈശി പ്രമുഖര്‍ അമ്പരന്നു. ഉമറിന്റെ മതം മാറ്റം അവരെ ക്ഷീണത്തിലാക്കി. അന്നു മുതല്‍, സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വിട്ടുപിരിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ ഫാറൂഖ് എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു. മദീനയിലേക്കുള്ള പലായന വേളയില്‍ എല്ലാവരും രഹസ്യമായി പുറപ്പെട്ടപ്പോള്‍ എല്ലാവരും കാണെ, അവരെ വെല്ലുവിളിച്ചുകൊണ്ടാണ് ഉമര്‍ (റ) ഹിജ്‌റ നടത്തിയിരുന്നത്. മദീനയിലെത്തിയ ശേഷം പ്രവാചകരോടൊപ്പം സര്‍വ്വ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ജീവിതത്തിലുടനീളം പ്രവാചകരുടെ സഹായിയും സേവകനുമായി നിലകൊണ്ടു.
ഇസ്‌ലാമിന്റെ വഴിയില്‍ ധീരനും കര്‍മകുശലനും വില്ലാളിവീരനുമായിരുന്നു ഉമര്‍ (റ). ഇസ്‌ലാമിക സന്ദേശം എന്നും എവിടെയും പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇസ്‌ലാമിന്റെ വഴിയില്‍ ഒരാളെയും അദ്ദേഹം പേടിച്ചില്ല. അതുകൊണ്ടുതന്നെ ശത്രുക്കളുടെ പേടിസ്വപ്നമായി അദ്ദേഹം നിലകൊണ്ടു. അനുയോജ്യ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിലും നിലപാടുകളെടുക്കുന്നതിലും ഏറെ നിപുണനായിരുന്നു അദ്ദേഹം. പലതവണ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുണ്ട്. പ്രവാചകരും ഒന്നാം ഖലീഫയും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് വില കല്‍പിച്ചിരുന്നു.
സിദ്ദീഖ് (റ) വിനു ശേഷം ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി ഉമര്‍ (റ) തെരഞ്ഞെടുക്കപ്പെട്ടു. ധീരനെന്നപോലെ നീതീമാനായ ഭരണാധികാരിയായി ശേഷം അദ്ദേഹം വിശ്രുതനായി. സത്യത്തിന്റെ ഉറഞ്ഞ വാളായി നിലകൊണ്ട അദ്ദേഹം തന്റെ പ്രജകളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം അര്‍ഹമായ പരിഹാരങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തു. രാത്രി സമയങ്ങളില്‍ ഭരണീയരുടെ വേദനകളറിയാന്‍ തന്റെ ഭരണ പ്രദേശങ്ങളിലൂടെ ഇറങ്ങി നടന്ന അദ്ദേഹം സാധാരണക്കാരനില്‍ സാധാരണക്കാരനായിട്ടാണ് ജീവിച്ചത്. പൊതുഖജനാവ് കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം അതില്‍നിന്നും സ്വന്തത്തിനായി യാതൊന്നുംതന്നെ ഉപയോഗിച്ചില്ല. സൂക്ഷ്മതയും നീതിബോധവും മതകാര്യങ്ങളിലെ കര്‍ക്കഷ മനസ്ഥിതിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
പത്തര വര്‍ഷം ഭരണം നടത്തിയ അദ്ദേഹം ഇസ്‌ലാമിക ഭരണ പ്രദേശങ്ങളെ വികസിപ്പിക്കുകയും ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങള്‍ ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ കൊണ്ടുവരികയും ചെയ്തു. കൊട്ടാരമോ അംഗരംക്ഷകരോ ഇല്ലാതെ ജീവിച്ച അദ്ദേഹത്തിന് നല്ലൊരു വീടുപോലുമുണ്ടായിരുന്നില്ല. ഏവര്‍ക്കും മാതൃകായോഗ്യമായ ജീവിതം നയിച്ച അദ്ദേഹം പലപ്പോഴും കീറിയ പായയിലാണ് കിടന്നുറങ്ങിയിരുന്നത്.
ഹിജ്‌റ വര്‍ഷം ഇരുപത്തിമൂന്ന് ദുല്‍ഹജ്ജ് മാസം സുബഹി നമസ്‌കരിച്ചുകൊണ്ടിരിക്കെ അബൂ ലുഅ്‌ലുഅ് എന്ന ജൂതന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുയും അതിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ് (റ) നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. തനിക്കു ശേഷം മുസ്‌ലിംകളുടെ നേതൃത്വം വഹിക്കാന്‍ ഒരാളെ തെരഞ്ഞെടുക്കാനായി ആറുപേരെ ചുമതലപ്പെടുത്തിയ ശേഷം അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. സിദ്ദീഖ് (റ) വിന്റെ ഖബറിനരികെ ഖബറടക്കി.
Leave A Comment