ഹിജാബ് വിലക്ക് വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ചില കോളജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് വിലക്കികൊണ്ടുള്ള അധികൃതരുടെ നടപടി ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച വ്യക്തി സ്വാതന്ത്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ഹിജാബ് വിലക്ക് നീക്കാന്‍ അധികൃതര്‍ എത്രയും വേഗം തയ്യാറാവണമെന്നും കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.

ഹിജാബ് വിലക്കിനെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. രാജ്യത്തെ പൗരന്മാര്‍ക്ക് അവരവരുടെ മതം അനുശാസിക്കുന്ന വിധം വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. അത് ഹനിക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബിനെതിരെ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ അവജ്ഞയോടെ ജനം പുച്ഛിച്ചു തള്ളുമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച മുതല്‍ മദ്‌റസകളിലെ മുഴുവന്‍ ക്ലാസ്സുകളും ഓഫ് ലൈന്‍ ആയി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. തമിഴ്‌നാട്ടിലെ പറങ്കിപ്പേട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ജാമിഅ :കലിമ :ത്വയ്യിബ അറബിക് കോളജിന്റെ ഉദ്ഘാടനം മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനിച്ചു.

പ്രസിഡന്റ് പി.കെ.മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ഷിഹാബ് തങ്ങള്‍ പാണക്കാട്, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ. ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമ്മര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദര്‍, കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter