എത്ര സമഗ്രമായിരുന്നു ആ തിരുജീവിതം

തിരുനബി ശാന്തിയാണ്, സമാധാനമാണ് . പ്രക്ഷുബ്ദതകളുടെ നടുവില്‍ നിലനില്‍പ്പിന് കേഴുമ്പോള്‍ ഹൃദയതാലങ്ങളില്‍ പതിക്കുന്ന സമാശ്വാസത്തിന്‍റെ കുളിര് പോലെ. ചരിത്രങ്ങള്‍ പകരുന്ന നബിയുടെ പാഠങ്ങളാണ്, ഏത് പ്രതിസന്ധികളിലും നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍  ഈ സമുദായത്തെ പ്രാപ്തമാക്കുന്നത്. ആ ജീവിത സന്ദേശങ്ങള്‍ അടുക്കളയിലും മണിയറയിലും അരങ്ങിലും അണിയറയിലുമെല്ലാം കൂടെയുണ്ടാവും. 

ഇടവേളകളില്‍ ആ തിരുനബിയുടെ അധ്യാപനങ്ങള്‍ അമര്‍ത്യാസെന്നിന്റെ സാമ്പത്തിക ചിന്തകളോട് പോലും സംവദിക്കുന്നതായി കാണാം. തിരിഞ്ഞ് നടക്കുമ്പോള്‍ രാഷ്ട്രീയത്തിന്‍റെ പുകഞ്ഞ കൊള്ളികള്‍ പകരുന്ന പുക പടലങ്ങളില്‍ വെള്ളം തെളിക്കുന്ന ഒരു പതിഞ്ഞ രാഷ്ട്രീയ ചിന്തയായി രൂപം പ്രാപിക്കുന്നതും കാണാനാവും. നബിയുടെ ഈ സമഗ്രത എത്ര അത്ഭുതകരമാണ്. പാതി മണലില്‍ പതിഞ്ഞ മേനിയുമായി ഈന്തപ്പനയോലയില്‍ കിടന്ന പ്രവാചകന്‍, രാജ ദര്‍ബാറുകളുടെ ഗതിവിഗതികള്‍ മാറ്റി എഴുതിയ സംസാരമാകുന്നു. ഏകാധിപതികളെ അരിശപ്പെടുത്തുന്നു. ഇരുട്ടിനെ അത് പേടിപ്പിച്ച് കൊണ്ടേയിരിക്കുന്നു. 

മനുഷ്യനിലെ മൃഗം നിറഞ്ഞാടിയ കാലത്ത് നബി മനുഷ്യനിലെ മാലാഖയായി പെയ്തിറങ്ങി. മറഞ്ഞ് തുടങ്ങിയ, അല്ലെങ്കില്‍, മറവ് ചെയ്ത് തുടങ്ങിയ മൂല്യങ്ങളുടെ ഒരു വീണ്ടെടുപ്പ് അവിടുന്ന് സാധ്യമാക്കി. ആണും പെണ്ണും ദരിദ്രനും ധനാഢ്യനും തുടങ്ങിയ സകലമാന ദ്വിത്വങ്ങളുടെയും കൂട്ടിമുട്ടലില്‍ നിന്ന് പുതിയ അജണ്ടകളിലേക്ക് നബി ഈ മനുഷ്യകുലത്തെ തിരിച്ച് നടത്തി. അവിടെ ദാര്‍ശനികതയുടെ അടിത്തറ മനുഷ്യന്‍റെ അടിസ്ഥാന ദാഹത്തെ തിരിച്ചറിഞ്ഞു. ആ ദര്‍ശന സമ്പന്നത ദേഹത്തിന്‍റെ വിശപ്പിനെ മറപ്പിച്ചു. പകരം ദേഹിയുടെ വേദന പകര്‍ന്നു കൊടുത്തു. പെണ്ണിനെ കണ്ടപ്പോള്‍ അവര്‍ അവളെ പടച്ച ദൈവത്തെ കുറിച്ച് ചിന്തിച്ചു. വികാരങ്ങള്‍ക്ക് ജോലി കുറയുകയും വിവേകത്തിന് തിരക്ക് പിടിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ആ ജനത മനുഷ്യത്വത്തിലേക്ക് നടന്നടുത്തു, മനുഷ്യനിലേക്ക് തിരിച്ച് നടന്നു. 

നബിയെന്ന സമ്പൂര്‍ണ്ണ മനുഷ്യന്‍ ദൈവത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാം കൃത്യമായിരുന്നു. സൃഷ്ടിവാദത്തിന്‍റെ തറയിലിരുന്ന് സംസാരിച്ച നബി പറഞ്ഞിടത്തോളം ലോകം ഇനിയും ഉയര്‍ന്നിട്ടില്ല. പടിഞ്ഞാറിന്‍റെ ദാര്‍ശനികമായ ഇരുട്ട് പകര്‍ന്ന അനീതിക്കെതിരെ വെളിച്ചം വിതറിയതും ആ അധ്യാപനങ്ങള്‍ കൊളുത്തിയ വിളക്കിന്റെ അനിരുദ്ധ ധാരകള്‍ തന്നെയായിരുന്നു. 

വാക്കുകളും തൂലികകളും ആ ഉത്തമ സൃഷ്ടിയെ കുറിച്ച് പറയുമ്പോള്‍ എത്ര മനോഹരമായിത്തീരുന്നു, അവയോരോന്നും എത്ര ചന്ദസ്സാര്‍ന്ന ആവിഷ്കാരങ്ങളായി മാറുന്നു. ആ പുഷ്പ ജ്യോദ്യാനത്തോടുള്ള അഭിനിവേഷം തികച്ചും പ്രകൃതിപരമായ ഒരു യാഥാര്‍ത്ഥ്യമാണ്. മക്കാനിവാസികള്‍ അല്‍ അമീനിനെ സ്നേഹിച്ച് തുടങ്ങിയത് അതിനാലാണ്. അബൂബക്കര്‍(റ) നിഴലായി മാറിയതും അനിതരമായ ആ വ്യക്തിപ്രഭാവത്തിന്‍റെ മായിക ലാവണ്യത്തില്‍ സ്വമേധയാ ആകൃഷ്ടനായതിനാലാണ്. 

ഇബ്നു കസീര്‍(റ) അല്‍ ബിദായ വന്നിഹായയില്‍ ബീവി ആഇശ(റ) യുടെ വിവരണം ഇപ്രകാരം ചേര്‍ക്കുന്നു. അന്ന് 33 പേരായിരുന്നു വിശ്വാസികളായി ഉണ്ടായിരുന്നത്. എല്ലാം രഹസ്യപൂര്‍ണ്ണമായിരുന്നു. മക്കയുടെ പൊതുജനത്തിന് ദഹനക്കേട് ഉണ്ടാക്കുന്ന ആശയമായി ഇസ്‍ലാം പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം. ചരിത്രത്തില്‍ ആദ്യമായി ആ സാഹസത്തിന് അബൂബക്കര്‍(റ) രംഗ പ്രവേശനം ചെയ്തു. കഅ്ബയുടെ മുറ്റത്ത് നിന്നും ഇസ്‍ലാമിനെ കുറിച്ച് ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. ആ ശബ്ദം അവിശ്വാസികളെ അസ്വസ്ഥമാക്കി. അരിശം കൊണ്ടവര്‍ അബൂബക്കര്‍(റ) ന്‍റെ മേല്‍ ചാടി വീണു. ഉത്ബയുടെ ചെരുപ്പടിയേറ്റ് അബൂബക്കര്‍(റ) ന്‍റെ മുഖം വികൃതമായി, സ്വബോധം പോലും നഷ്ടപ്പെട്ടു. 

പിന്നീട്, സ്വബോധം തിരികെ വന്നപ്പോള്‍ വീട്ടില്‍ കിടക്കുകയായിരുന്ന അബൂബക്കര്‍(റ) മാതാവിനോട് ചോദിച്ചത് നബിയെ കുറിച്ചായിരുന്നു. നബിയെ കാണാതെ താനൊന്നും കഴിക്കില്ലെന്ന ശപഥത്തിന് മുമ്പില്‍ എല്ലാവരും തോറ്റു. ഇരു തോളുകളില്‍ തൂങ്ങി, പരസഹായത്താല്‍ അബൂബക്കര്‍(റ) സ്വഫാ കുന്നിന്‍റെ ചെരുവിലുള്ള അര്‍ഖമിന്‍റെ വീട്ടിലെത്തി. അബൂബക്കര്‍(റ) നെ കണ്ടമാത്രയില്‍ ആ സ്നേഹനിധി ഓടിയണഞ്ഞു. അവര്‍ക്കിടയില്‍ ഉത്കടമായ സ്നേഹത്തിന്‍റെ തിരകള്‍ നിറഞ്ഞടിച്ചു. കണ്ടു നിന്നവര്‍  ആ പ്രണയാശ്ചര്യത്തില്‍ ഫനാ പ്രാപിച്ചു. 

അന്ന് ഖുര്‍ആന്‍ അവതരിച്ച് തുടങ്ങിയേ ഉള്ളൂ. ഇസ്‍ലാമിന്‍റെ നിയമസംഹിതകളുടെ വെളിച്ചപ്പൊട്ട് മാത്രം കണ്ടവരായിരുന്നു അവര്‍. എന്നിട്ടും അവര്‍ നബിയെ സ്നേഹിച്ചു. നരകവും സ്വര്‍ഗവും ഭാവി തീരുമാനിക്കുന്ന നിശ്ചയങ്ങളംക്കാള്‍ ആ സ്നേഹം മുന്‍കടന്നു. ഈമാനിന്‍റെ പൂര്‍ത്തീകരണമാണ് പ്രവാചകസ്നേഹമെന്ന നിയമനിര്‍മാണത്തെ പോലും ആദ്യകാല വിശ്വാസികള്‍ പിറകിലാക്കി കളഞ്ഞു എന്ന് വേണം പറയാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter