തുര്‍കിയിലെ പ്രസിഡൻഷ്യൽ ലൈബ്രറി: ആധുനിക മുസ്‍ലിം നാഗരികതയുടെ പ്രതിരൂപം
ഓരോ രാജ്യത്തിന്റെയും വൈജ്ഞാനിക മേഖലയെ അടയാളപ്പെടുത്തുന്നത് അവിടത്തെ ഗ്രന്ഥ ശാലകളാണ്. വൈജ്ഞാനിക മുന്നേറ്റത്തിന് ഒരു രാജ്യം നല്കുന്ന പ്രാധാന്യത്തിന്റെ മാപിനിയാണ് അവിടത്തെ ഗ്രന്ഥപ്പുരകള്‍. വരും തലമുറ എത്രമാത്രം വളരുമെന്നും ഏത് രീതിയിലായിരിക്കും ആ വളര്‍ച്ചയെന്നും ആ ഇടനാഴികകളില്‍നിന്ന് നമുക്ക് വായിച്ചെടുക്കാനാവും.
ഒട്ടേറെ മഹിത ചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തുര്‍ക്കിയിലുമുണ്ട് ഇത്തരത്തില്‍ ഒട്ടേറെ ഗ്രന്ഥപ്പുരകള്‍. അവയില്‍ അവസാനത്തേതാണ് തലസ്ഥാനമായ അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി. 134 വ്യത്യസ്ത ഭാഷകളിലായി 4 ദശലക്ഷത്തിലധികം പുസ്തകങ്ങളും 120 ദശലക്ഷം ലേഖനങ്ങളും ആർക്കൈവുകളുമായി ഭാവി തലമുറകൾക്ക് അറിവ് പകരുന്ന ഒന്നായി അത് മാറുകയാണ്. 2020 ഫെബ്രുവരി 20-നാണ് പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ഇത് ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. പ്രസിഡൻഷ്യൽ കോംപ്ലക്സിനുള്ളിൽ 125,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച ലൈബ്രറിക്ക് ഒരേ സമയം 5,000 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയും.
നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് വീൽചെയറിൽ ഇരുന്ന് കൊണ്ട് തന്നെ ഉപയോഗപ്പെടുത്താനുള്ള സൌകര്യവും ഇവിടെയുണ്ട്. കൂടാതെ രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളായ ടർക്ക്‌സെല്ലും ടർക്ക് ടെലികോമും ദൃശ്യ-ശ്രവണ വൈകല്യമുള്ള ഉപയോക്താക്കൾക്കായി സാങ്കേതിക മുറികളും തയ്യാറാക്കിയിട്ടുണ്ട്. പതിനാറ് തുർക്കി സാമ്രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 16 നിരകളാൽ അലങ്കരിച്ച സിഹന്നുമ (വേൾഡ് അറ്റ്ലസ്) ഹാളിൽ 200,000 പുസ്തകങ്ങളുടെ ശേഖരമുണ്ട്. സിഹന്നുമ ഹാളിന്റെ താഴികക്കുടത്തിന് 32 മീറ്റർ ഉയരവും 27 മീറ്റർ വീതിയുമുണ്ട്. 3,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരേസമയം 224 വായനക്കാർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അബ്ദുൾബാക്കി ഗൊൽപിനാർലി കൈയെഴുത്തുപ്രതികളും മെഹ്മെത് സെവ്കെറ്റ് ഈജിയുടെ ശേഖരങ്ങളും ഉൾപ്പെടെ അപൂർവ പുസ്തകങ്ങളും ലൈബ്രറിയിൽ അടങ്ങിയിട്ടുണ്ട്. റിസർച്ച് ലൈബ്രറിയിൽ ഏകദേശം 20,000 പുസ്തകങ്ങളും ഇരുപത് ഗ്രൂപ്പ് സ്റ്റഡി റൂമുകളും ഉണ്ട്. പ്രശസ്ത സൽജൂഖ് ഹാസ്യകാരനായ സൂഫി നസ്റുദ്ധീൻ ഹോജയുടെ പേരിലുള്ള നസ്റുദ്ധീൻ ഹോജ ചിൽഡ്രൻസ് ലൈബ്രറിയില്‍ കുട്ടികളുടെ പ്രിയ പുസ്തകങ്ങളോടൊപ്പം അവരെ ആകര്‍ഷിക്കുന്ന വിധം മള്‍ട്ടി മീഡിയ സൌകര്യവും ഒരുക്കിയിരിക്കുന്നു. പരമ്പരാഗത തുർക്കി കലകളുമായി ബന്ധപ്പെട്ട കൃതികളും കുട്ടികളുടെ ലൈബ്രറിയിലുണ്ട്. കൌമാര പ്രായക്കാര്‍ക്കായുള്ള യൂത്ത് ലൈബ്രറിയിൽ 12,000 പുസ്തകങ്ങളുടെ ശേഖരമുണ്ട്. കൂടാതെ ഒറ്റക്കും കൂട്ടമായും വായിക്കാനായി പഠനമുറികളും അടങ്ങിയിരിക്കുന്നു. ആനുകാലിക ഹാളിൽ 1,550 മാഗസിനുകളുടെയും പത്രങ്ങളുടെയും ശേഖരമാണുള്ളത്. കൂടാതെ കാറ്റലോഗ് സെര്‍ച്ചിനായി സംവിധാനിച്ച ടച്ച്‌സ്‌ക്രീൻ മോണിറ്ററുകളിൽ 60 ഭാഷകളിലായി 120 രാജ്യങ്ങളിൽ നിന്നുള്ള 7,000 ദിനപത്രങ്ങളുടെയും മാസികകളുടെയും 90 ദിവസത്തെ കോപ്പികളും ലഭ്യമാണ്. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്, തുർക്കിയുമായി നല്ല നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളുടെ സംസ്കാരത്തെയും ചരിത്രത്തെയും പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും സിഹാനുമ ഹാളിലെ വേൾഡ് ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനയുടെയും എഴുത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന, ഖുർആനിലെ സൂറ അൽ-അലഖിലെ നാലും അഞ്ചും വാക്യങ്ങൾ ഹാളിന്റെ താഴികക്കുടത്തിൽ ആലേഖനം ചെയ്തതായി കാണാം. അറിയാത്തത് പഠിക്കാനും അതിനായി വായിച്ച് വളരാനുമുള്ള പ്രേരണയാണ് ഈ വരികള്‍ സന്ദര്‍ശകര്‍ക്കെല്ലാം നല്കുന്നത്. ലോകം ഇത് വരെ കൈവരിച്ച ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്കെല്ലാം അടിത്തറ പാകിയതും ഈ വരികള്‍ തന്നെയായിരുന്നുവല്ലോ. ആധുനിക തുര്‍കിയുടെ പുരോയാന ചരിത്രത്തിലെ ഒരു പൊന്‍തൂവലായി പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയും മാറുമെന്നതില്‍ സംശയമില്ല.
Leave A Comment