ഇമാം ഇബ്നു മാലിക്(റ), പണ്ഡിത ലോകം ഏറെ കടപ്പെട്ട ഗ്രന്ഥകാരന്‍
ലോകപ്രസിദ്ധിയാർജിച്ച പണ്ഡിതനാണ് ഇബ്നുമാലിക് എന്ന പേരില്‍ പ്രശസ്തനായ മുഹമ്മദ് ബിന്‍അബ്ദില്ലാ ബിന്‍മാലിക്(റ). ജമാലുദ്ദീൻ എന്ന സ്ഥാനപേരും അബ്ദുല്ല എന്ന ഉപനാമവും ഇബ്നു മാലിക്(റ) വിനുണ്ട്.
ജനനം, ജീവിതം
സ്പെയിനിലെ ജയ്യാൻ എന്ന പ്രദേശത്ത് കിസ്ത്രാബ്ധം 597 ലാണ് ഇമം ഇബ്നു മാലിക്(റ) ജനിക്കുന്നത്. അവിടെത്തന്നെയായിരുന്നു അദ്ദേഹം വളർന്നതും. വിജ്ഞാനത്തോട് അതിരറ്റ സ്നേഹം കുട്ടിക്കാലം മുതലേ പ്രകടിപ്പിച്ച അദ്ദേഹം, വിജ്ഞാനം കരസ്ഥമാക്കുന്നതിലും അറബി വ്യാകരണ നിയമങ്ങൾ ഹൃദ്യസ്ഥമാക്കുന്നതിലും അതീവതൽപരനായിരുന്നു. ചെറുപ്പത്തിൽ തന്നെ സമപ്രായക്കാരെ അതിജയിക്കുന്ന അത്യപൂർവ്വ ബുദ്ധിശക്തിയും ഓർമശക്തിയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു. വിജ്ഞാനം തേടി വിവിധ രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്ര പോയിട്ടുണ്ട്. ആ യാത്ര അവസാനിച്ചത് ഡമസ്കസിലായിരുന്നു. ശേഷം, ജീവിതാന്ത്യം വരെ അദ്ദേഹം അവിടത്തന്നെയായിരുന്നു കഴിച്ച് കൂട്ടിയത്. ഡമസ്കസിൽ വച്ച് അബൂ സ്വാദിഖിൽ ഹസ്സന് സ്വലാഹ്(റ), അബൂഹസൻ സഖാവി(റ) എന്നിവരിൽ നിന്നും വിജ്ഞാന കരസ്ഥമാക്കിയ അദ്ദേഹം വൈകാതെ, അറബി വ്യാകരണ ശാസ്ത്രത്രത്തിലും (നഹ്‍വ്) പദോൽപത്തി ശാസ്ത്രത്രത്തിലും (സ്വർഫ്) വിജ്ഞാന സമുദ്രമായി മാറി.
ശാഫിഈ മദ്ഹബുകാരനായ മഹാൻ അക്കാലത്തെ സുപ്രസിദ്ധ പണ്ഡിതരായ ഹയ്യാൻ(റ), അബൂഅലിയ്യുശൽവിൻ(റ), ഇബ്നു യശുൽ ഹർബി(റ) എന്നിവരിൽ നിന്നാണ് പ്രധാനമായും വിജ്ഞാനം കരസ്ഥമാക്കിയത്. എന്നാൽ മഹാന്റെ ഉസ്താദുമാർ ഇവയിലൊന്നും പരിമിതമല്ലെന്നതാണ് വസ്തുത. അബൂറയ്യാൻ(റ) പറയുന്നത് ഇങ്ങനെയാണ്, ഞാൻ അദ്ദേഹം കൂടുതൽ അവലംബമാക്കിയ ഉസ്താദുമാരെ കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുറച്ചുകാലം ഒരു ഉസ്താദിന്റെ അടുക്കൽ താമസിക്കുകയും അവിടെയുള്ള അധിക വിജ്ഞാനങ്ങളും വളരെ പെട്ടെന്ന് സ്വായത്തമാക്കി മറ്റൊരു ഉസ്‌താദിനെ തേടി പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
വിജ്ഞാനത്തിൽ മുഴുകി തഖ്‍വ നിറഞ്ഞ ജീവിതം നയിച്ച ഇമാം ഇബ്നു മാലിക്(റ) വലിയ സൂക്ഷ്മശാലിയുമായിരുന്നു. ഹലാൽ എന്നുറപ്പുള്ള ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നത്. ദിവസവും കുറേ സമയം വിശുദ്ധ ഖുർആൻ പാരായണത്തിനു വേണ്ടി ചെലവഴിക്കുമായിരുന്നു. പല ദിവസങ്ങളിലും സുന്നത്തു നോമ്പായിരിക്കും. രാത്രി നീണ്ട സമയം നിന്നു നിസ്കരിക്കുകയും ചെയ്യും.
ഗ്രന്ഥങ്ങൾ
രചനാരംഗത്ത് വിസ്മയങ്ങൾ തീർക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വ്യാകരണ ശാസ്ത്രത്തിലും പദോൽപ്പത്തി ശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും പാരായണ ശാസ്ത്രത്തിലും ഏറെ അത്ഭുതകരമായ ഗ്രന്ഥങ്ങൾ തന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ ചിലത് താഴെ വിവരിക്കാം.
1. അൽഫിയ്യ:- അറബി വ്യാകരണ ശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥമാണിത്. കാവ്യരൂപത്തിലാണിത് രചിക്കപ്പെട്ടിട്ടുള്ളത്. ആയിരം ഉള്ളത് എന്നർത്ഥത്തില്‍ അൽഫിയ്യ: എന്നാണു കിതാബിന്റെ നാമമെങ്കിലും ആയിരത്തി രണ്ട് വരികളാണ് ഇതിലുള്ളത്.
2. തസ്ഹീലുൽ ഫവാഇദ് വ തകമീലുൽ മഖാസ്വിദ്: ഫവാഇദ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥവും അറബി വ്യാകരണ സംബന്ധിയാണ്. നിരവധി വിശദീകരണങ്ങൾ ഈ ഗ്രന്ഥത്തിന് എഴുതപ്പെട്ടിട്ടുണ്ട്.
3. ഫവാഇദ്: നാം മുകളിൽ പരാമർശിച്ച തസ്ഹീലിന്റെ ഹ്രസ്വ രൂപീമാണ് ഇത്. ഈ ഗ്രന്ഥത്തെക്കുറിച്ച് സഅ്ദുദ്ദീൻ ബിൻ അറബി(റ) പറയുന്നു: അറബി വ്യാകരണ ശാസ്ത്രത്തിലെ എല്ലാ മസ്‌അലകളും ഫവാഇദിൽ ഒരുമിച്ചുകൂട്ടപെട്ടിട്ടുണ്ട്. ആ ഒരുമിച്ചുകൂട്ടൽ അതുല്യമത്രെ. (വഫയാത്ത് 2/227)(കശ ഫുള്ളുനൂൻ 2/1301)
4. അൽകാഫിയത്തുശ്ശാഫിയ്യ: നഹ്‍വിൽ 3,000 ബൈത്തുകൾ ഉള്ള ഗ്രന്ഥമാണിത്.
5. ഇക്‌മാലുൽഇഅ്‍ലാം ബി മുസല്ലസിൽകലാം: 3000 ബൈത്തുകൾ ഉൾപ്പെട്ട ഈ ഗ്രന്ഥത്തിൽ ഹർകത്തുകൾ വ്യത്യാസം ആകുമ്പോൾ അർത്ഥം വ്യത്യാസം വരുന്ന പദങ്ങളാണ് പരാമർശിക്കുന്നത്.
6. അൽഫിയത്തുശ്ശാഫിയ്യ
7. മുഖ്തസ്വറുശാഫിയ്യ
8. തുഹ്‌ഫ ത്തുൽ മൗദൂദി ഫിൽ മഖ്സൂറിവൽ മംമ്ദൂദി
9. ഗുദത്തുൽ ലാഫിളി വ ഉംദ ത്തുൽ ഹാഫിളി,
10. ഖസ്വീദത്തു ദ്ദാലിയ്യ
11. കിതാബുൽ അറൂള്
12. ലാമിയത്തുൽ അഫ്ആൽ
13. അത്തസ്‍രീഫ്
മുപ്പതിൽപരം ഗ്രന്ഥങ്ങൾ ഇബ്നു മാലിക്(റ) രചിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് 1002 കാവ്യങ്ങൾ അടങ്ങിയ ഏറെ വശ്യമായ ശൈലിയില്‍ എഴുതപ്പെട്ട അല്‍ഫിയ്യ തന്നെയാണ്. അറബി വ്യാകരണ ശാസ്ത്രത്തിലെ മുഖ്യ അവലംബ ഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന ഇത്, എല്ലാ പാഠ്യപദ്ധതികളിലും പഠിപ്പിക്കപ്പെടുകയും പലരും മനപ്പാഠമാക്കാറും ഉണ്ട്.
നിരവധി പണ്ഡിതന്മാർ അൽഫിയ്യ: ക്ക് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. അവരില്‍ ചിലരെ പരിചയപ്പെടാം.
1. ഇബ്നു ഹിശാം: ഇദ്ദേഹം രണ്ട് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. അവയിലൊന്ന് ഔളഹുൽ മസാലിക് അലാ അൽഫിയ്യത്തിബ്നി മാലിക് എന്നും മറ്റൊന്ന് ദഫ്ഉൽഖിസാസ അൻഖുറാഇൽഖുലാസ എന്നുമാണ്. ഇമാം സുയൂഥി(റ), ഇബ്നു ജമാഅ(റ) തുടങ്ങിയ പ്രമുഖർ ഔളഹുൽ മസാലിക്കിന് തഅ്‍ലീഖ് (അനുബന്ധം) എഴുതിയിട്ടുണ്ട്.
2. ഇബ്നു മാലികി(റ)ന്റെ മകൻ മുഹമ്മദ്‌ബദ്റുദ്ദീൻ ബ്‌നുമുഹമ്മദ് ബ്‌നു മാലിക്(റ) (മ: ഹി 686)
3. അബ്ദുല്ലാ ബഹാഉദ്ദീൻ ബിൻഅബ്ദുല്ലാഹിബ്ൻ ഉഖൈൽ (റ) (മ: ഹി. 769). ശർഹുബ്നു ഉഖൈൽ എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന് നിരവധി ഹാശിയകള്‍ (വിശദീകരണങ്ങൾ) രചിക്കപ്പെട്ടിട്ടുണ്ട്. ഹാശിയത്തുൽ ജലാലുദ്ദീൻ സുയൂഥി, ഹാശിയത്തു അഹ്മദ് സജാഈ (റ) ഹാശിയത്തു അഹ്മദുൽഖുദ്‍രീ എന്നിവ അവയിൽ പെട്ടതാണ്.
4. അല്ലാമ ഹസൻ ബറുദീൻ ബിന്ദു ഖാസിം ബ്നു അബ്ദുല്ലാഹി(റ), (848)
5. അശ്ശൂഖി അബ്ദുറഹ്മാൻ സൈനൂദ്ദീൻ അബൂബക്ർ(റ)
6. അബുൽഹസൻ അലി നൂറുദ്ദീൻ ബ്‌നു മുഹമ്മദുൽ മിസ്വരി(റ)
7. അശ്ശെഖ് അബ്ദുല്ലാ മുഹമ്മദ് ശംസുദ്ദീൻ ബ്‌നു അഹ്മദ് ബ്നുഅലി
8. ഇബ്റാഹീം ബുർഹാനുദ്ദീൻ മൂസാ ബിന്‍ തയ്യൂബ്(റ)
9. മുഹമ്മദ് ബ്നു ഖാസിം (റ)
10. അബ്ദുൽ ഖൈർ മുഹമ്മദ് ശംസുദ്ദീൻ ബിന്‍ മുഹമ്മദ് അൽഖ
11. സൈനുദീൻ മഖ്ദൂം(റ) ഒന്നാമൻ, ശൈഖ് മഖ്ദൂം അബ്ദുൽ അസീസ്(റ). ഉപ്പയും മകനുമായ ഇവര്‍ ചേര്‍ന്നാണ് ഗ്രന്ഥം രചിച്ചത്. തുടക്കം മുതൽ നാനൂറ്റി പന്ത്രണ്ട് വരികളുടെ വ്യാഖ്യാനമാണ് ഒന്നാം മഖ്‌ദൂം(റ) എഴുതിയ ത്. 413 മുതൽ അവസാനംവരെ ശൈഖ് അബ്ദുൽ അസീസ്(റ)വും വ്യാഖ്യാനമെഴുതി. പഴയ കാലത്തും ഇന്നും കേരളത്തിലെ പള്ളിദർസുകളിൽ ഓതപ്പെടുന്ന അൽഫിയ്യ ഈ രണ്ടു മഖ്ദൂമുമാരുടെ ശർഹോടുകൂടെയുള്ളതാണ്.
അൽഫിയ്യയുടെ വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രബലമായത് ശർഹുൽ ഉശ്മൂനിയാണ്. ഈ ഗ്രന്ഥത്തിന്റെ ഹാശിയകളിൽ പ്രബലമായത് ഹാശിയത്തു സ്വബ്ബാൻ ആണ്.
വഫാത്ത്
ഇൽമിന്റെ ലോകത്തെ ജ്വലിക്കുന്ന പ്രകാശമായിരുന്ന ഇമാം ഇബ്‌നുമാലിക്(റ), ഹി. 672ൽ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുമ്പോൾ 75 വയസ്സായിരുന്നു പ്രായം. നൂറ്റാണ്ടുകൾ ആവശ്യമായി വരുന്ന വൈജ്ഞാനിക സേവനങ്ങള്‍ ഈ ലോകത്തിന് സമ്മാനിച്ചാണ് ആ ധന്യം ജീവിതം കടന്നുപോയത്. ഡമസ്കസിലെ കാസിയൂൻ പർവ്വതത്തിലാണ് അദ്ദേഹത്തിന്റെ മഖ്‌ബറ സ്ഥിതി ച്ചെയ്യുന്നത്.
Leave A Comment