സുൽത്വാനുൽ ഉലമ  ഇസ്സു ബ്നു അബ്ദിസ്സലാം

പരന്ന ജ്ഞാനവും യുക്തവും ശക്തവുമായ നിലപാടും കൊണ്ട് "സുൽത്വാനുൽ ഉലമ" എന്ന പേരിൽ വിശ്രുതനായ മഹാ പണ്ഡിതനാണ് ഇമാം ഇസ്സു ബ്നു അബ്ദിസ്സലാം. അബൂ മുഹമ്മദ് ഇസ്സുദ്ധീൻ അബ്ദുൽ അസീസ് ബ്നു അബ്ദിസ്സലാം അസ്സുലമി എന്നാണ് പൂർണ്ണ നാമം. ദരിദ്രപൂർണ്ണമായ ബാല്യമായതിനാൽ അറിവ് തേടിയിറങ്ങാൻ അൽപം വൈകിപ്പോയെങ്കിലും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് ഇസ് ലാമിക ലോകത്ത് എണ്ണപ്പെട്ട പണ്ഡിതനാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥ രചനകൾക്കപ്പുറം തന്റെ ചുറ്റുമുള്ള സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളോടെ ഇത്ര സജീവമായി ഇടപെട്ട പണ്ഡിതർ തുലോം കുറവാണ്.

ജനനം, വളർച്ച, പഠനം

ഹിജ്റ 577 ൽ ഡമസ്കസിലാണ് ഇമാമിന്റെ ജനനം. തീർത്തും ദരിദ്രപൂർണ്ണമായിരുന്നു ബാല്യം. ഡമസ്കസിലെ പ്രസിദ്ധ പള്ളിയും പഠനകേന്ദ്രവുമായിരുന്ന ജാമിഅ അമവിയുടെ ഓരത്ത് ചെറിയ ജോലികൾ ചെയ്താണ് ചെറുപ്പകാലം കഴിച്ചു കൂട്ടിയിരുന്നത്. ആ കൊച്ചുകുട്ടിയുടെ മുഖത്ത് പ്രശോഭിത ഭാവിയുടെ കിരണങ്ങൾ കണ്ട ശൈഖ് ഫഖ്റുദ്ധീൻ ബ്നു അസാകിർ എന്ന പണ്ഡിതനാണ് അവനെ കൈപിടിക്കുന്നത്. അക്ഷരാഭ്യാസം കൊണ്ട് തുടങ്ങി എഴുത്തും വായനവും ഖുർആൻ പാരായണവും പഠിച്ച് വലിയ ഗ്രന്ഥങ്ങളിലേക്ക് കടന്നു. പാഴായിപ്പോയ വർഷങ്ങളെ വീണ്ടെടുക്കാനെന്നോണം, വളരെ വേഗത്തിൽ എല്ലാം പഠിച്ചെടുത്തു.

അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരെയെല്ലാം സമീപിച്ച് ജ്ഞാനദാഹം തീർത്ത ഇമാം ഇസ്സുദ്ധീൻ വർഷങ്ങൾക്കകം വലിയ പണ്ഡിതനായി മാറി. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ്, ഭാഷ, വ്യാകരണം, സാഹിത്യം, തുടങ്ങി എല്ലാ ജ്ഞാന ശാഖകളിലും വ്യുൽപത്തി നേടി. ഹി. 597 ൽ അറിവന്വേഷിച്ച് ബഗ്ദാദിലേക്കും പോയി. ഒരു മാസം അവിടെ തങ്ങി ചില പ്രമുഖ പണ്ഡിതരെ സമീപിച്ച് അറിവ് സമ്പാദിച്ച ശേഷം സ്വദേശത്തേക്ക് തന്നെ മടങ്ങി.

ജീവിതം, നിലപാട്

കുരിശ് യുദ്ധമടക്കമുള്ള സാമൂഹ്യ സാഹചര്യങ്ങളാൽ കലുഷിതമായിരുന്നു ശൈഖ് ഇസ്സുദ്ധീന്റെ കാലം. ഡമസ്കസിലും ഈജിപിതിലുമായി അയ്യൂബി,മംലൂകി ഭരണകൂടങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചു. വ്യക്തി ജീവിതത്തിലും സാമൂഹിക  ഇടപെടലുകളിലും കൃത്യമായ നിലപാട് സ്വീകരിച്ച അദ്ദേഹം ആരുടെ മുന്നിലും തല കുനിക്കാൻ തയ്യാറായിരുന്നില്ല. 

ഒരുപാട് ഔദ്യോഗിക ചുമതലകൾ പലപ്പോഴായി ഏൽപിക്കപ്പെട്ട ഇമാം അതൊക്കെ നീതിപൂർവ്വം കൈകാര്യം ചെയ്തിരുന്നു. പ്രലോഭനങ്ങളോ ഭീഷണികളോ ഏശിയതേയില്ല. ഡമസ്കസിലെ ജാമിഅ അമവിയിലെ ഖതീബും അവിടെ പ്രമുഖ ദർസിലെ മുദരിസുമായിരുന്നു അദ്ദേഹം. അന്ന് പൊതുസമൂഹത്തിൽ വലിയ സ്വാധീനമുള്ള സ്ഥാനമായിരുന്നു അത്.

അതിനിടെ അന്നത്തെ രാജാവ് മൂസ അശ്രഫുമായി ചില വിശ്വാസ കാര്യങ്ങളിൽ കൊമ്പുകോർത്തു. അവസാനം രാജാവിന് സത്യം അംഗീകരിക്കേണ്ടി വന്നുവെന്നാണ് ചരിത്രം. ശേഷം ഭരണത്തിൽ വന്ന സ്വാലിഹ് ഇസ്മാഈൽ, കുരിശ് സേനക്ക് ഒത്താശ ചെയ്തിരുന്ന ഫ്രഞ്ചുകാർക്ക് ഡമസ്കസിൽ വന്ന് ആയുധവ്യാപാരമടക്കം നടത്താൻ സമ്മതം നൽകിയപ്പോൾ  ജാമിഅ അമവിയ്യയിൽ എഴുന്നേറ്റ് നിന്ന ശക്തമായ പ്രസംഗം നടത്തി. ജനരോഷം ഭയന്ന രാജാവ് നിലപാട് തിരുത്തിക്കാൻ നോക്കിയെങ്കിലും അദ്ദേഹം മുതിർന്നില്ല. അങ്ങനെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇമാം ഈജിപ്തിലേക്ക്  തിരിച്ചു.

Also Read:ശൈഖ് അബ്ദുൽ ഹഖ് ദഹ് ലവി: പ്രഗത്ഭനായ ഇന്ത്യൻ മുഹദ്ധിസ്

സ്വാലിഹ് അയ്യൂബ് ആണ് അന്ന് ഈജിപ്ത് ഭരിച്ചിരുന്നത്. ശൈഖ് ഇസ്സ് ബ്നു അബ്ദിസ്സലാമിന്റെ മഹത്വം മനസ്സിലാക്കിയ അദ്ദേഹം അവരെ ചീഫ് ജസ്റ്റിസ് (ഖാളി ഖുളാത്) ആയി നിയമിച്ചു. അവിടെയും സത്യ സന്ധമായ തന്റെ വിധിന്യായങ്ങളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല.  ഭരണ നിർവ്വഹണ സൗകര്യത്തിന് വിവിധ തസ്തികകൾ കൈകാര്യം ചെയ്യാൻ  പൊതുജനാവിൽ നിന്ന് പണം മുടക്കി വാങ്ങപ്പെട്ട അടിമകൾ മെല്ലെ മെല്ലെ വലിയ സ്വാധീനം നേടി രാജാവിന്റെ ഇഷ്ടക്കാരും പ്രധാനികളുമായി മാറിയിരുന്നു. എന്നാൽ, അവർ അടിമകളായതിനാൽ ഇടപാടുകളുടെ സാധുതയെയടക്കം ബാധിക്കുമെന്ന് ഇമാം ഫത് വയിറക്കി. ഇത് ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങൾ വഹിച്ചിരുന്ന അവരെ ചൊടിപ്പിച്ചു. രാജാവിൽ പരാതി കൊടുത്തു. വധഭീഷണി വരെ മുഴക്കി. പക്ഷേ, ഇമാം ഒരടി പിന്മാറാൻ തയ്യാറായില്ല.

ഇത്തരം അനേകം സംഭവങ്ങൾ അദ്ദേഹ ഹത്തിന്റെ ജീവചരിത്രത്തിൽ കാണാനാകും. വ്യക്തി ജീവിതത്തിലും പരിത്യാഗവും സൂക്ഷ്മതയുമായിരുന്നു കൈമുതൽ. ദൗദ്യോഗിക സ്ഥാനങ്ങളിലിരിക്കുമ്പോൾ ഭരണാധികരികളടക്കം നൽകുന്ന സമ്മാനങ്ങളും ഓഫറുകളും നിരസിക്കുകയായിരുന്നു പതിവ്. ആരുടെ മുന്നിലും അടിപതറാത്ത അസാമാന്യ ധീരതയും അധർമ്മങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും പാണ്ഡിത്യത്തിന്റെ ഗരിമ സ്ഫുരിക്കുന്ന മുഖവും എന്നും ആ വ്യക്തിത്വത്തിന്‌ മകുടം ചാർത്തുന്നതായിരുന്നു.

പ്രധാന ഉസ്താദുമാർ, ശിഷ്യർ, രചനകൾ

പ്രമുഖരായ ഒരുപാട് പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട് ഇമാം ഇസ്സുദ്ധീൻ. ഫഖ്റുദ്ധീൻ ബ്നു അസാകിർ, സൈഫുദ്ധീൻ അൽ ആമുദി, അബ്ദുൽ ലത്വീഫ് ബഗ്ദാദി, ഹൻബൽ അൽ റസ്വാഫി തുടങ്ങിയവർ അവരിൽ ചിലരാണ്.

ആ സന്നിധിയിൽ ജ്ഞാന ദാഹം തീർത്ത ഒരുപാട് ശിഷ്യരുമുണ്ട്. മക്കളും ജ്ഞാനികളുമായിരുന്ന ഇബ്റാഹീം, അബ്ദുൽ ലത്വീഫ്. കൂടാതെ, അബൂ ശാമ അൽ മഖ്ദിസി, ഇബ്നു ദഖീഖ് അൽ ഈദി, ശിഹാബുദ്ധീൻ അൽ ഖറാഫി തുടങ്ങിവരും ശിഷ്യരിൽ ചില പ്രമുഖരാണ്.

ഔദ്യോഗിക ചുമതലകൾ ഒരുപാടുണ്ടായിരുന്നതിനാൽ രചനയിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിനായില്ല. എന്നാലും ഒരുപാട് രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. തഫ്സീർ ഇസ്സി ബ്നി അബ്ദിസ്സലാം, മജാസുൽ ഖുർആൻ, മുഖ്തസ്വർ സ്വഹീഹ് മുസ്ലിം, റിസാല ഫി ഇൽമിത്തൗഹീദ്, അൽ ജംഅ ബൈനൽ ഹാവി വ നിഹായ, ഖവാഇദുൽ കുബ്റ തുടങ്ങിയവ ആ തൂലികയിൽ വിരിഞ്ഞ ചില ഗ്രന്ഥങ്ങളാണ്.

ഹി.660 ജുമാദുൽ ഊലയിൽ കൈറോയിലാണ് അദ്ദേഹം വിടപറയുന്നത്.അടുത്തുള്ള ബുസ്താനിയ്യ എന്ന സ്ഥലത്താണ് മറമാടിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter