ഇഖ്റഅ് 09- മനുഷ്യജീവിതം തന്നെയല്ലേ പകലിന്റെ ഈ പാഠങ്ങള്‍
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..
അല്ലാഹു സൃഷ്ടിച്ച വസ്തുക്കളിലേക്കു അവര്‍ സൂക്ഷിച്ചു നോക്കുന്നില്ലേ? അവയുടെ നിഴലുകള്‍ കീഴ്‌പെട്ടു കൊണ്ട് അല്ലാഹുവിന്നു സാഷ്ടാംഗം ചെയ്യുന്നതായി വലത്തോട്ടും ഇടത്തോട്ടും (രാവിലെയും വൈകുന്നേരവും) ചാഞ്ഞുകൊണ്ടിരിക്കുന്നു (സൂറതുന്നഹ്‍ല്‍ 48)
സൂര്യസഞ്ചാരത്തോടൊപ്പമാണ് പകല്‍ പുരോഗമിക്കുന്നത്. അത് കൊണ്ട് തന്നെ, പകലും നിഴലും ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന് പറയാം. അതിരാവിലെ നീണ്ട് നീണ്ട് കിടക്കുന്ന നിഴലുകള്‍ മുന്നോട്ട് പോകും തോറും ചെറുതായി ചെറുതായി അവസാനം തീരെ കാണാത്ത വിധം അപ്രത്യക്ഷമായി മാറുന്നു. മധ്യത്തില്‍ നിന്ന് എതിര്‍ ദിശയിലേക്ക് സൂര്യസഞ്ചാരം മാറുന്നതോടെ വീണ്ടും നിഴല്‍ പ്രത്യേക്ഷപ്പെടുകയും നിമിഷം തോറും വലുതാവുകയും ചെയ്യുന്നു. നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞുകൊണ്ടിരിക്കുന്നു എന്ന ഖുര്‍ആന്‍ വചനം സൂചിപ്പിക്കുന്നതും അതിലേക്ക് തന്നെ.
നിഴല്‍ എന്നത് പ്രതീകമാണ്. സദാകൂടെയുണ്ടാവുന്നതിന്റെ പ്രതീകം. ഒരിക്കലും നോവിക്കാതെ, പിടികൊടുക്കാതെ കൂടെ നടക്കുന്നതാണ് നിഴല്‍. അതേ സമയം, ഏതൊരാളും ചെയ്യുന്നതെല്ലാം കണ്ടും കേട്ടും കൂടെയുണ്ടാവുന്ന ഒരൂ സാക്ഷി കൂടിയാണ് നിഴല്‍.
വൈകുന്നേരം തിരിച്ചുപോക്കിനെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. ഉപജീവനം തേടി കൂടും വീടും വിട്ടിറങ്ങിയവരെല്ലാം, സ്വന്തം പാര്‍പ്പിടങ്ങളിലേക്ക് തിരിച്ചുപോകുന്നതാണ് വൈകുന്നേര ചിത്രം. ഏതൊരു തുടക്കത്തിനും ഒടുക്കമുണ്ടെന്നും ഏതൊരു പുറപ്പാടിനും ഒരു തിരിഞ്ഞുനടത്തമുണ്ടെന്നും ഓരോ പകലും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പകലിന്റെ വൃദ്ധിക്ഷയങ്ങള്‍ മനുഷ്യജീവിതത്തിന്റെ പ്രതീകം കൂടിയാണെന്ന് പറയാം. ആരും കൊതിച്ചുപോവുന്ന ഓമനത്തമാണ് പ്രഭാതത്തിന്. ശേഷം ശക്തി പ്രാപിച്ച് ഉഗ്രമായി മാറുന്നു നട്ടുച്ച. എല്ലാം കഴിഞ്ഞ് തളര്‍ന്ന് ക്ഷീണിതമായി തോന്നുന്ന പ്രദോഷം. ഇവയെല്ലാം, മനുഷ്യജീവിതത്തിന്റെ വിവിധ രൂപങ്ങളോട് ഏറെ സാദൃശ്യപ്പെടുന്നത് കാണാം. കണ്ടാല്‍ ആരും എടുത്ത് ഉമ്മവെക്കുന്ന ബാല്യത്തില്‍ തുടങ്ങി ഏറ്റവും ശക്തനായി, എല്ലാം തന്റെ കാല്‍ക്കീഴിലാണെന്ന് കരുതി നടക്കുന്ന യുവത്വവും അവസാനം എല്ലാം നഷ്ടപ്പെട്ട് ക്ഷീണിതനായി മറ്റുള്ളവര്‍ക്കെല്ലാം ഒരു ഭാരമായി തളര്‍ന്നുപോവുന്ന വാര്‍ദ്ധക്യവും തന്നെയല്ലേ ഇവിടെയും കാണാനാവുന്നത്. അവസാനം, ജീവിതം തന്നെ അസാനിച്ച് അന്ത്യവിശ്രമ കേന്ദ്രത്തിലേക്ക് എടുക്കപ്പെടുന്ന മനുഷ്യനെ പോലെ, രാത്രിയുടെ ഇരുട്ടറയിലേക്ക് ഇറക്കിവെക്കപ്പെടുന്ന പകലിനെ കാണാം.
Read More: റമദാന്‍ ഡ്രൈവ്- നവൈതു-09
ഓരോ പകല്‍ അവസാനിക്കുമ്പോഴും മനുഷ്യന്‍ മരിക്കുകയാണെന്നും അടുത്ത പ്രഭാതം, ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവാണെന്നും പറയുന്നതും അത് കൊണ്ടായിരിക്കാം. മരിപ്പിച്ച ശേഷം വീണ്ടുമൊരു ജീവിതം നല്കിയ നാഥന് സര്‍വ്വ സ്തുതികളുമര്‍പ്പിച്ചായിരിക്കണം പുതിയ പ്രഭാതത്തിലേക്ക് കണ്ണ് തുറക്കേണ്ടതെന്ന വിശ്വാസിയോടുള്ള കല്പനയെയും ഇതിനോട് ചേര്‍ത്ത് വായിക്കാം.
പ്രഭാതത്തെ പോലെ തന്നെ, പകലിന്റെ ഓരോ ഘട്ടങ്ങളും ഒരു പാട് പാഠങ്ങളാണ് എന്നര്‍ത്ഥം. എല്ലാം ചേര്‍ത്ത് വെച്ചാല്‍, അത് അതിബ്രഹത്തായൊരു ഗ്രന്ഥശേഖരം തന്നെയാവുന്നത് കാണാം. എല്ലാം, പ്രപഞ്ചനാഥന്റെ സൃഷ്ടിവിസ്മയത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ വൈവിധ്യങ്ങള്‍, നാഥാ, നീയെത്ര പരിശുദ്ധന്‍...
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment