റമദാന്‍ ഡ്രൈവ്-  നവൈതു-09
റമദാന്‍ സമാഗതമായതോടെ, ഏതോ ഒരു വലിയ അതിഥി വീട്ടിലെത്തിയ പ്രതീതിയാണ് എല്ലായിടത്തും. അരുതാത്തതെന്തെങ്കിലും പറയുമ്പോഴേക്ക്, കേള്‍ക്കുമ്പോഴേക്ക്, വഴക്കോ തര്‍ക്കമോ കാണുമ്പോഴേക്ക്, അറിയാതെ നാം പറഞ്ഞുപോവുന്നു, നോമ്പാണ്, വിട്ട് കളയാം എന്ന്. 
അതെ, അതാണ് വിശുദ്ധ റമദാന്‍ നമ്മെ ശീലിപ്പിക്കുന്നത്. നോമ്പുകാരനോടുള്ള പ്രവാചകോപദേശം ഇങ്ങനെ വായിക്കാം, നിങ്ങളിലാരെങ്കിലും നോമ്പെടുത്താല്‍ ബഹളം വെക്കുകയോ ആരെയും ചീത്ത പറയുകയോ അരുത്. ഇനി ആരെങ്കിലും ഇങ്ങോട്ട് നിങ്ങളെ ചീത്ത പറയാനോ വഴക്ക് കൂടാനോ വന്നാല്‍, അവനോട് ഞാന്‍ നോമ്പ് കാരനാണ് എന്ന് പറയുക.
നോക്കൂ, തനിക്കെതിരെ വരുന്നവനോട് പ്രയോഗിക്കാവുന്ന എത്ര വലിയൊരു ആയുധമാണ് ഈ വാക്ക്. ചീത്ത വിളിക്കുന്നവനോട് ഇങ്ങനെ പറയുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. മനുഷ്യത്വത്തിന്റെ കേവല കണികയെങ്കിലും ശേഷിക്കുന്നവനാണെങ്കില്‍, ആ പ്രതികരണം കേള്‍ക്കുന്നതോടെ, അവന്‍ വല്ലാതെ ചെറുതായി പോവും. പുഞ്ചിരിയുടെ ലേപനം കൂടി ചേര്‍ത്തുകൊണ്ടാണ് അത് പറയുന്നതെങ്കിലോ, ഖേദം പ്രകടിപ്പിച്ച മാപ്പ് ചോദിക്കുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.
എന്തെങ്കിലും കാരണങ്ങളാലുണ്ടാവുന്ന നൈമിഷിക ദേഷ്യവും അതേ തുടര്‍ന്നുണ്ടാവുന്ന വികാര വിക്ഷോഭങ്ങളുമാണ് പലപ്പോഴും നാം കാണുന്നത്. അത് വലിയ ദുരന്തങ്ങളില്‍ കലാശിക്കുന്നതാവട്ടെ, അപ്പുറത്തുള്ളവനും അതിനോട് അതേ നാണയത്തില്‍ പ്രതികരിക്കുമ്പോഴാണ്. അപരന്റെ മാനസികാവസ്ഥയും ചുറ്റുപാടുകളും മനസ്സിലാക്കി, പ്രതികരിച്ചിരുന്നെങ്കില്‍, കൊല പാതകങ്ങളടക്കമുള്ള എത്രയോ വലിയ ദുരന്തങ്ങള്‍ ഒഴിവാകുമായിരുന്നു. എത്രയോ ജീവനുകള്‍ രക്ഷപ്പെടുമായിരുന്നു, പാപഭാരം കടിച്ചിറക്കി ജീവിത കാലം മുഴുവന്‍ അഴികള്‍ക്കുള്ളില്‍ കഴിയുന്നവരുടെ എണ്ണം എത്രയോ കുറയുമായിരുന്നു. പക്ഷെ, ആ പൈശാചിക വികാരത്തെ ഒരു നിമിഷം നിയന്ത്രിക്കാനായില്ല, അതായിരുന്നു കാരണം. 
അതിന് കൂടി നമ്മെ പാകപ്പെടുത്തുകയാണ് വിശുദ്ധ റമദാന്‍ ചെയ്യുന്നത്. ചീത്ത പറയുന്നവനോട്, ഇന്നീ സ്വാഇമുന്‍, ഞാന്‍ നോമ്പ് കാരനാണ് എന്ന് പറയുന്നതിലൂടെ അതാണ് നാം ശീലിക്കുന്നത്. അല്ലാഹുവിന്റെ കല്പന പ്രകാരം ജീവിക്കുന്ന വിശ്വാസിക്ക്, ആ അര്‍ത്ഥത്തില്‍ ജീവിതം മുഴുവന്‍ നോമ്പ് തന്നെയാണല്ലോ. അഥവാ, അവന് ഏത് സമയത്തും ഏത് മാസത്തിലും ആത്മനിയന്ത്രണത്തിന്റെ ഈ വജ്രായുധം പ്രയോഗിക്കാവുന്നതേയുള്ളൂ.
ആയതിനാല്‍ ഈ റമദാനില്‍ നമുക്ക് ഒരു നവൈതു കൂടി ചെയ്യാം. നിമിഷനേരങ്ങളിലെ വികാരവിക്ഷോഭങ്ങള്‍ക്ക് കീഴ്പ്പെടാതിരിക്കാന്‍, അത്തരക്കാരോട് വളരെ ശാന്തമായി പ്രതികരിക്കാന്‍, ഞാനിതാ കരുതി ഉറപ്പിച്ചു എന്ന്. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter