ഇഖ്റഅ് 10- ജൈവലോകമെന്ന ഗ്രന്ഥത്തിലെ ഓരോ വരികളും വിസ്മയാവഹം തന്നെ
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍.._
ഭൂമിയിലുള്ള ഒരൊറ്റ ജീവിക്കെങ്കിലും ആഹാരം നല്‍കുവാനുള്ള ഉത്തരവാദിത്വം അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല. അതിന്റെ വാസസ്ഥലമേത്, സൂക്ഷിക്കപ്പെടുന്ന സ്ഥലമേത് എന്നെല്ലാം അവനറിയാം. എല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ ഉണ്ട് (സൂറതു ഹൂദ് 6)
പരകോടി ജീവജാലങ്ങളാണ് ഭൂമിയിലുള്ളത്. നാട്ടിലും കാട്ടിലും കരയിലും കടലിലും ചതുപ്പിലും മരൂഭൂമിയിലുമെല്ലാമായി പരന്ന് കിടക്കുന്ന അവക്ക് കൈയ്യും കണക്കുമില്ലെന്ന് പറയാം. ഏറ്റവും ചെറുതെന്ന് വിശ്വസിക്കപ്പെടുന്ന ഏകകോശ ജീവിയായ അമീബ മുതല്‍ കരയിലെ ഏറ്റവും വലിയ ജീവിയായ ആഫ്രിക്കന്‍ ആനയും അതിന്റെയും നൂറിരട്ടിയോളം വലുപ്പം വരുന്ന കടലിലെ നീലത്തിമിംഗലമടക്കമുള്ളവയെല്ലാം ഈ ഗണത്തിലെ അംഗങ്ങളാണ്.
ഓരോ ജീവികളും അല്‍ഭുതങ്ങളുടെ ഓരോ കലവറകളാണ്. ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് ഭൂഖണ്ഡാതിര്‍ത്തികള്‍ പോലും താണ്ടി യാത്ര ചെയ്ത്, ശേഷം അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തുന്ന സാല്‍മണ്‍ മല്‍സ്യവും കാലാവസ്ഥകള്‍ക്കനുസരിച്ച് മാറിമാറി സഞ്ചരിക്കുന്ന ദേശാടനപക്ഷികളുമെല്ലാം വിസ്മയാവഹങ്ങളാണ്.
എല്ലാ സാമൂഹ്യ സംവിധാനങ്ങളും ഉപോയഗപ്പെടുത്തി ജീവിക്കുന്ന കുഞ്ഞനുറുമ്പുകള്‍ മുതല്‍, ആവശ്യമായ വെള്ളവും ഭക്ഷണവും സ്വശരീരത്തില്‍ തന്നെ സംവിധാനിച്ച്, ദിവസങ്ങളോളം സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള, മരൂഭൂമിയിലെ കപ്പലെന്ന് വിളിക്കപ്പെടുന്ന ഒട്ടകങ്ങളും ആരെയും അല്‍ഭുതപ്പെടുത്തും. മനുഷ്യസാമ്രാജ്യങ്ങളെപ്പോലെതന്നെ വ്യവസ്ഥാപിതവും നിയമബദ്ധവുമായ കുടുംബ-സാമൂഹ്യ ജീവിതം നയിക്കുന്ന തേനീച്ചകളെയും കുടുംബജീവിതത്തിന്റെ ആധാരശിലയായ സ്നേഹവും കരുണയും തൊട്ടുതീണ്ടാത്ത ചിലന്തിയുടെ ഭവനങ്ങളെയും അടുത്തറിയുമ്പോള്‍, നാം അറിയാതെ മൂക്കത്ത് വിരല്‍ വെച്ച് പോവും. ജീവലോകത്തിന്റെ വൈവിധ്യങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ്.
Read More: റമദാന്‍ ഡ്രൈവ്- നവൈതു-10
ഇവക്കെല്ലാം ജീവിക്കാന്‍ ആവശ്യമായതെല്ലാം യഥാവിധി സംവിധാനിക്കപ്പെട്ടിരിക്കുന്നു എന്നത് അതിലേറെ അല്‍ഭൂതവും. ആരോരുമറിയാതെ മരുഭൂമിയുടെ ചുട്ടുപഴുത്ത മണല്‍പരപ്പിനടിയില്‍ കഴിയുന്ന കുഞ്ഞുജീവിയും വെള്ളം ലഭിക്കാതെ മരിക്കേണ്ടിവരുന്നില്ല. ആഴക്കടലിനടിയില്‍ നീന്തിത്തുടിച്ച് കൊണ്ടിരിക്കുന്ന വന്‍സ്രാവുകളിലൊന്നിന് പോലും ശ്വസിക്കാനാവാതെ പ്രയാസപ്പെടേണ്ടിവരുന്നില്ല. എല്ലാവര്‍ക്കും ആവശ്യമായതെല്ലാം കൃത്യമായി സംവിധാനിക്കപ്പെട്ടത് പോലെ. ഓരോരുത്തരും എവിടെയാണ് ഉള്ളതെന്നും അവക്കെല്ലാം ഓരോ സമയത്തും ആവശ്യമായത് എന്തൊക്കെയാണെന്നും അവ സമയാസമയങ്ങളില്‍ എങ്ങനെ എത്തിക്കണമെന്നുമെല്ലാം കൃത്യമായി പദ്ധതി ചെയ്ത്, പഴുതില്ലാത്ത വിധം സംവിധാനിക്കപ്പെട്ടത് പോലെ.
അല്‍ഭുതങ്ങളവസാനിക്കാത്ത ഈ ജീവ ലോകം, ബുദ്ധിയുള്ള മനുഷ്യന് മുമ്പില്‍ തുറന്ന് വെച്ച ഒരു ബ്രഹദ് ഗ്രന്ഥം തന്നെ. ആ ഗ്രന്ഥത്തിലെ ഓരോ വരിയും വായിക്കുമ്പോള്‍ നാം അറിയാതെ പറഞ്ഞ് പോവും, നാഥാ, നീയെത്ര പരിശുദ്ധന്‍. ഇവയൊന്നും നീ പടച്ച അര്‍ത്ഥശൂന്യമായിട്ടല്ല.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment