നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-02)
നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-02)
------------------------------------------------------------------
ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
-=<(*****)>=-
ശൈഖ് അബ്ദുൽഖാദിർ ജീലാനി (റ) തങ്ങളുടെ സിർറുൽ അസ്റാറിൽ നോമ്പിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ശരീഅതിലെയും ഥരീഖതിലെയും ഹഖീഖതിലെയും നോമ്പുകളുടെ വ്യത്യാസങ്ങളാണ് പ്രസ്തുത ഗ്രന്ഥത്തിലെ പതിനേഴാം അധ്യായമായി നൽകിയിരിക്കുന്നത്.
പകൽ സമയത്ത് ഭക്ഷണ-പാനീയ-ഭോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കലാണ് ശരീഅതിലെ നോമ്പ്. എല്ലാ അവയവങ്ങളെയും സർവ്വ നിഷിദ്ധങ്ങളിൽ നിന്നും ദുസ്സ്വഭാവങ്ങളിൽ നിന്നും ബാഹ്യമായും ആന്തരികമായും സംരക്ഷിച്ചു നിർത്തുന്നതിനാണ് ഥരീഖതിൽ നോമ്പെന്നു പറയുന്നത്. അപ്പോൾ ശരീഅതിലെ നോമ്പ് പ്രത്യേക കാലത്തേക്കു മതിയെങ്കിൽ ഥരീഖത്തിലെ നോമ്പ് ആയുഷ്കാലമത്രയും അത്യാവശ്യമാണ്. വിശപ്പു മാത്രം ലഭിക്കുന്ന നോമ്പുകാരെ കുറിച്ച് റസൂൽ (സ) പറഞ്ഞത് അതാണ്. കുറേ നോമ്പുകാർ യഥാർത്ഥത്തിൽ നോമ്പില്ലാത്തവരാണ്. എന്നാൽ നോമ്പില്ലാത്ത കുറേ പേർ യഥാർത്ഥത്തിൽ നോമ്പുകാരുമാണ്. അഥവാ അവർ തിന്മകളിൽ നിന്ന് മാറി നിൽക്കുന്നവരാണ്.
ഖുദ്‍സിയ്യായ ഹദീസിൽ കാണാം.. അല്ലാഹു പറയുന്നു: “നോമ്പുകാരനു രണ്ടു സന്തോഷങ്ങളുണ്ട്. ഒന്നു നോമ്പു തുറക്കുമ്പോൾ. മറ്റൊന്ന് എന്‍റെ ഭംഗി ദർശിക്കുമ്പോൾ.” ശരീഅതുകാർ ഈ ഹദീസിലെ നോമ്പു തുറയെ വ്യാഖ്യാനിക്കുന്നത് സൂര്യാസ്തമയ സമയത്ത് ഭക്ഷണം കഴിച്ച് നോമ്പു മുറിക്കുന്നതാണ്. ദർശനം കൊണ്ടവർ ഉദ്ദേശിക്കുന്നത് പെരുന്നാൾ രാവിൽ അമ്പിളി കാണുന്നതാണ്. എന്നാൽ ഥരീഖതുകാർക്കിത് സ്വർഗത്തിൽ പ്രവേശിച്ച് അവിടെ നിന്ന് ഭക്ഷിക്കുന്നതാണ് നോമ്പുതുറ. അതിനു ശേഷമുള്ള അല്ലാഹുവിന്‍റെ തിരുദർശനമാണ് ദർശനം.
ഹഖീഖത്തിലെ നോമ്പെന്നാൽ അല്ലാഹുവല്ലാത്ത ഒന്നിനോടും ഹൃദയത്തിൽ സ്നേഹമില്ലാതിരിക്കലാണ്. ഹൃദയാന്തരങ്ങളിൽ അല്ലാഹുവിനെ ദർശിക്കുകയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാതിരിക്കലാണ്. അല്ലാഹുവല്ലാത്ത ഒന്നിലേക്കും ഹൃദയത്തിൽ ചാഞ്ചാട്ടമുണ്ടാകില്ല. അല്ലാഹുവല്ലതെ ഒരു ഇഷ്ടനുമുണ്ടാകില്ല. അല്ലാഹുവല്ലാതെ വേറെ ആവശ്യമോ ആഗ്രഹമോ പോലുമുണ്ടാകില്ല. അത് ദുൻയാവിലാണെങ്കിലും ആഖിറത്തിലാണെങ്കിലും അങ്ങനെ തന്നെ. അപ്പോൾ അവന്‍റെ മനസ്സിൽ അല്ലാഹുവിനോടല്ലാതെ വേറെ എന്തിനോടെങ്കിലും / ആരോടെങ്കിലും സ്നേഹം തോന്നിയാൽ അവിടെ അവന്‍റെ ഹഖീഖത്തിന്‍റെ നോമ്പ് മുറിയും. പിന്നയത് ഖദാഅ് വീട്ടണം. അല്ലാഹവിലേക്ക്, അവന്‍റെ തിരു ദർശനത്തിലേക്ക് മടങ്ങിവരലാണ് അത് ഖദാഅ് വീട്ടുന്ന രീതി. ഇങ്ങനെയുള്ള നോമ്പിനു ആഖിറത്തിൽ അല്ലാഹുവിനെ കാണലാണ് പ്രതിഫലമായിട്ടുള്ളത്.
-=<(*****)>=-
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.
Leave A Comment