റമദാനിലെ മുസ്‍ലിം ലോക വിശേഷങ്ങള്‍
ലോകരാജ്യങ്ങൾ ഒന്നടങ്കം റമദാൻ ആഘോഷിക്കുന്ന വേളയിൽ റമദാൻ തന്നെയാണ് ഈ ആഴ്ചയിലെ മുസ്‍ലിം ലോക വിശേഷങ്ങളില്‍ ഏറ്റവും പ്രധാനം. അതിന് മികവ് കൂട്ടുന്നതായിരുന്നു, ജര്‍മ്മിനിയില്‍നിന്നുള്ള ഹിജാബ് വാര്‍ത്തയും യു.എസില്‍ ജഡ്ജിയായി നിയമിതയായ ആദ്യ ഹിജാബ് ധാരിണിയും ഹംസ യൂസുഫിന്റെ സ്ഥാനാരോഹണവുമെല്ലാം. അതേ സമയം, ഏറ്റവും പുണ്യകരമായ ഈ മാസത്തിലും ഫലസ്തീനികളെ പ്രയാസപ്പെടുത്താന്‍ തന്നെയായിരുന്നു ഇസ്‍റാഈല്‍ സൈന്യത്തിന്റെ ശ്രമം. ഈ ആഴ്ചയിലെ മുസ്‍ലിം ലോക വിശേഷങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം.
റമദാന്‍ വിവിധ നാടുകളില്‍
ചന്ദ്രപിറവിയെ അടിസ്ഥാനമാക്കിയാണ് ഹിജ്റ വര്‍ഷത്തിലെ മാസങ്ങളുടെ തുടക്കവും ഒടുക്കവും തീരുമാനിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ, വിവിധ പ്രദേശങ്ങളില്‍ വിവിധ ദിനങ്ങളിലാണ് പലപ്പോഴും നോമ്പും പെരുന്നാളുമെല്ലാം സംഭവിക്കുന്നത്. ഈ വർഷത്തെ റമദാന്‍ നോമ്പ് മൂന്ന് ദിവസങ്ങളിലായാണ് ലോക മുസ്‍ലിംകള്‍ തുടക്കം കുറിച്ചത്. സൗദി അറേബ്യ, യു. എ. ഇ, കുവൈത്ത് തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ കേരളത്തിലും അമേരിക്കന്‍ നാടുകളിലും മാർച്ച് 23 നാണ് റമദാൻ നോമ്പ് ആരംഭിച്ചത്. അതേ സമയം ദക്ഷിണാഫ്രിക്കയിലും മലേഷ്യയിലും ഓസ്ട്രേലിയയിലും ജപ്പാനിലും വ്രതം ആരംഭിക്കുന്നത് മാർച്ച് 22-ാം തിയ്യതിയാണ്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും യൂറോപ്പിലും മൊറൊകോയും ലെബനാനും അടക്കമുള്ള ഉത്തരാഫ്രിക്കാൻ രാജ്യങ്ങളിലും നോമ്പ് തുടങ്ങിയത് മാര്‍ച്ച് 24നായിരുന്നു.
ലണ്ടനിലെ റമദാൻ പ്രകാശം
ലോക മുസ്‍ലിംകളെല്ലാം ഏറെ ആവേശത്തോടെ ആത്മീയ നിര്‍വൃതിയോടെയുമാണ് റമദാനിനെ വരവേറ്റത്. ലണ്ടനിലെ തിരക്കേറിയ വീഥിയായ പിക്കാഡിലി സർക്കസ് ചന്ദ്രക്കലകൾ കൊണ്ട് അലങ്കരിക്കപ്പെട്ടു. ചില മുസ്‍ലിം സംരംഭകർ മുൻകയ്യെടുത്തു ഒരുക്കിയ ലൈറ്റുകൾ കൊണ്ടുള്ള അലങ്കാര പ്രദർശനം ലണ്ടൻ മേയർ സാദിഖ് ഖാൻ ആണ് ഉദ്ഘാടനം ചെയ്തത്. റമദാനിനായി ഇത്തരമൊരു പ്രദർശനം നടക്കുന്ന ആദ്യത്തെ യൂറോപ്യൻ പട്ടണമായി ഇതോടെ ലണ്ടൻ മാറുകയും ചെയ്തു. ഹാപ്പി റമദാൻ എന്ന ലേബലിൽ തുടങ്ങുന്ന പ്രദർശനം മുപ്പത്തിനായിരം ലൈറ്റുകളുടെ അകമ്പടിയോടെയാണ് ഒരുക്കിയിരിക്കുന്നത്.
ബെർലിന്റെ പുനർവിചിന്തനം
മുസ്‍ലിം അദ്ധ്യാപകർക്ക് ശിരോവസ്ത്രധാരണത്തിന് നിരോധനം ഏർപ്പെടുത്തിയ വിവേചനപരമായ നിയമം ജർമനിയിലെ ബെർലിൻ സംസ്ഥാനം നിർത്തലാക്കിയത് ഏറെ ആവേശത്തോടെയാണ് മുസ്‍ലിം ലോകം സ്വീകരിച്ചത്.
അദ്ധ്യാപകർക്ക് ശിരോവസ്ത്രവും മതചിഹ്നങ്ങളും ധരിക്കാൻ അനുവാദമുണ്ടാവും, ഇത്തരം മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് സമാധാനത്തിന് അപകടമുണ്ടാക്കുന്നുവെങ്കിൽ അവയെല്ലാം വ്യക്തിഗത കേസുകളിൽ മാത്രമേ പരിമിതപ്പെടുത്താനാകൂ എന്നാണ്, നിയമം പിൻവലിച്ചുകൊണ്ട് സ്‌കൂൾ ഡയറക്ടർമാർക്ക് ബെർലിൻ വിദ്യാഭ്യാസ വകുപ്പ് അയച്ച ഔദ്യോഗിക കത്തിൽ പറഞ്ഞിരിക്കുന്നത്.
സന്തോഷമേകുന്ന ചില മുസ്‍ലിം നിയമനങ്ങൾ
അമേരിക്കയിലെ ആദ്യ ഹിജാബ് ധരിച്ച മുസ്ലിം ജഡ്ജിയായി അറ്റോർണി നാദിയ കഹ്‌ഫ് ന്യൂ ജെയ്‌സി സുപ്രീം കോടതിയിൽ ചുമതലയേറ്റ വാര്‍ത്ത ഏറെ സന്തോഷകരമാണ്. വലതു കയ്യിൽ ഖുർആൻ എന്തി ദൈവിക വചനങ്ങളോടെയാണ് നാദിയ സത്യപ്രതിജ്ഞ ചൊല്ലിയത്.
പടിഞ്ഞാറൻ യൂറോപ്പിലെ ഗവൺമെന്റിന്റെ ആദ്യ മുസ്‍ലിം തലവനായി ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഹംസ യൂസഫ് ബുധനാഴ്ച സ്കോട്ട്ലൻഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ പ്രഥമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഹംസ യൂസഫ് സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചുമതലയേറ്റ ആദ്യ ദിനം തന്നെ കുടുംബത്തോടൊപ്പം തന്റെ വസതിയിൽ തറാവീഹ് നിസ്കരിക്കുന്ന ഹംസ യൂസഫിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയുമുണ്ടായി.
ഫലസ്തീനികള്‍ക്ക് റമദാനിലും ദുരിതം തന്നെ
മുസ്‌ലിംകളുടെ ഏറ്റവും പുണ്യദിനങ്ങളിലൊന്നായ റമദാനിലെ ആദ്യ വെള്ളിയാഴ്ചയില്‍ പോലും അൽ-അഖ്‌സ പള്ളിയിലേക്കുള്ള പ്രവേശനം ദുസ്സഹമാക്കുന്നതായിരുന്നു ഇസ്‍റാഈല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍. മുൻ ദിവസങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, റമദാന്‍ ആദ്യ വെള്ളിയാഴ്ച ശക്തമായ നിയന്ത്രണങ്ങൾ എർപ്പെടുത്തിക്കൊണ്ട് പലസ്തീനികൾക്ക് പുണ്യമാസം എറെ അസഹനീയമാക്കി മാറ്റി അവര്‍.
100,000-ത്തിലധികം മുസ്‍ലിംകൾ പ്രാർത്ഥിക്കാൻ വന്ന കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്സയിലേക്കുള്ള റോഡുകൾ ഇസ്രായേൽ സൈന്യം പൂർണമായും തടയുകയുണ്ടായി. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഡോം ഓഫ് ദി റോക്കിന് മുകളിൽ ആകാശത്ത് വട്ടമിട്ടു പറന്നു. എല്ലാ പ്രായത്തിലുമള്ള സ്ത്രീകൾക്കും 55 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചത്. ചെറുപ്പക്കാരെയും യുവാക്കളെയും ഗേറ്റിൽ നിർത്തി തിരച്ചിൽ നടത്തി സൈന്യം തിരിച്ചയക്കുകയാണുണ്ടായത്.
പ്രതിഷേധത്തിന്റെ പലസ്തീൻ ഭൂദിനം
ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരും അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ മുനമ്പ് എന്നിവിടങ്ങളിലെ ഫലസ്തീനികളും മാർച്ചുകളും പ്രതിഷേധങ്ങളും പ്രസംഗങ്ങളുമായി കഴിഞ്ഞ വ്യാഴാഴ്ച ഭൂദിനം ആചരിച്ചു.
1976-ൽ, വടക്കൻ ഗലീലി മേഖലയിലെ ആയിരക്കണക്കിന് ഫലസ്തീനികൾ അണിനിരണ ഇസ്രായേലിന്റെ ഭൂമി മോഷണത്തിനെതിരെയുള്ള സമരങ്ങളില്‍ ആറ് പ്രതിഷേധക്കാരെ കൊന്നൊടുക്കിയ ഇസ്രായേൽ സേനയോടുള്ള പ്രതിഷേധമെന്ന നിലക്കായിരുന്നു പലസ്തീനികൾ ആചരിച്ച് തുടങ്ങിയതാണ് ഭൂദിനം. ഇസ്രായേൽ നയങ്ങൾക്കെതിരെ ഇസ്രായേലിലെ പലസ്തീൻ പൗരന്മാർ ആദ്യമായി കൂട്ടായി സംഘടിച്ച ദിനമെന്ന പ്രത്യേകത കൂടി ഉണ്ട് ഇപ്രാവശ്യത്തെ ഭൂദിനത്തിന്.
ഈ വർഷത്തെ ഭൂദിന പ്രതിഷേധങ്ങൾ വടക്കൻ പലസ്തീനിലെ സഖ്നിൻ നഗരത്തിലാണ് ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ട് മുമ്പ് കൊല്ലപ്പെട്ട ആറ് ഫലസ്തീന്‍ രക്തസാക്ഷികളുടെ ഖബറിടത്തിൽനിന്ന് തുടക്കം കുറിച്ച്, ഫലസ്തീൻ പതാകയും പിടിച്ച് പട്ടണത്തിലുടനീളം മാർച്ച് ചെയ്തായിരുന്നു ഇപ്രാവശ്യത്തെ പ്രതിഷേധം.
Leave A Comment