ഇഖ്റഅ് 09. മാന്യ സഹോദരന്‍, മാന്യസഹോദരന്റെ പുത്രനും
ഹിജ്റയുടെ എട്ടാം വര്‍ഷം.. റമദാന്‍ മാസം ഇരുപത്. മക്കക്കാരുടെ പീഢനങ്ങള്‍ സഹിക്കവയ്യാതെ മദീനയിലേക്ക് പോയ പ്രവാചകരും സംഘവും, അവിടെയെത്തി പടിപടിയായി ശക്തിയാര്‍ജ്ജിച്ച് മക്കയിലേക്ക് തിരിച്ചെത്തി തങ്ങളുടെ ജന്മനഗരം തിരിച്ച് പിടിച്ചത് അന്നായിരുന്നു. കഅ്ബയും ഹറം പള്ളിയുമെല്ലാം പ്രവാചകരുടെ കൈകളിലെത്തിയിരിക്കുകയാണ്. കഅ്ബക്കകത്തെ ആരാധനാമൂര്‍ത്തികളായ പ്രതിമകളെയെല്ലാം നീക്കം ചെയ്ത് ശുദ്ധികലശം നടത്തി, സ്ഥാപകനായ ഇബ്റാഹീം പ്രവാചകന്റെ അതേ പാതയിലേക്ക് ആ വിശുദ്ധ ഗേഹത്തെ തിരിച്ചെത്തിച്ചിരിക്കുകയാണ്. അവിടുന്ന് പറയുന്നത് എന്തും ഞൊടിയിടയില്‍ നടപ്പിലാക്കാനായി പതിനായിരക്കണക്കിന് അനുയായികള്‍, കണ്ണും കാതും കൂര്‍പ്പിച്ച് ചുറ്റും സാകൂതം നില്ക്കുകയാണ്.
അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍, തങ്ങളെ അതിക്രൂരമായി പീഢിപ്പിച്ച, അവസാനം പിറന്ന നാട് പോലും വിട്ട് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയ ആളുകള്‍, ആ ആത്മിക ശക്തിക്ക് മുന്നില്‍ ഒന്നും ചെയ്യാനാവതെ, പഞ്ചപുഛമടക്കി നില്ക്കുകയാണ്. ക്രൂരതകള്‍ക്കും പീഢനങ്ങള്‍ക്കും നേതൃത്വം നല്കിയിരുന്ന പലരും എലികളെ പോലെ വിറച്ച് വിറച്ചാണ് നില്ക്കുന്നത്. എല്ലാവരുടെയും നോട്ടം ആ സംഘത്തിന്റെ നേതാവായ പ്രവാചകരിലേക്കാണ്. ഇന്നേ ദിവസം തങ്ങളോട് എന്ത് പ്രതികാരമായിരിക്കും പ്രവാചകര്‍ ചെയ്യുക എന്നത് മാത്രമായിരുന്നു അവരുടെ ചിന്ത.
കനത്ത നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് പ്രവാചകര്‍ അവരെയെല്ലാം അഭിമുഖീകരിച്ച് ഇങ്ങനെ ചോദിച്ചു. മുമ്പ് നമുക്കിടയില്‍ നടന്നതെല്ലാം നിങ്ങള്‍ക്കറിയാമല്ലോ. ഇന്ന് ഞാന്‍ നിങ്ങളോട് എന്ത് സമീപനം സ്വീകരിക്കുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചോദ്യത്തിന് കാത്തിരുന്ന പോലെ അവര്‍ മറുപടി പറഞ്ഞു, താങ്കള്‍ മാന്യനായ ഒരു സഹോദരനാണ്, മാന്യനായ സഹോദരന്റെ പുത്രനും.
അത്രയും കേട്ട പ്രവാചകര്‍ ഇങ്ങനെ പ്രതിവചിച്ചു, നിങ്ങളെല്ലാവരും സ്വതന്ത്രരാണ്, എല്ലാവരും പോയിക്കൊള്ളുക.
അത് കേട്ടവര്‍ക്കൊന്നും തങ്ങളുടെ കാതുകളെ വിശ്വസിക്കാനായില്ല. തങ്ങള്‍ ഇത്രയും പീഢനങ്ങളും ക്രൂരതകളും ചെയ്ത ഈ മനുഷ്യന് ഇങ്ങനെ പ്രതികരിക്കാന്‍ എങ്ങനെ സാധിക്കും. പലരും അതോടെ ഇസ്‍ലാം ആശ്ലേഷിച്ചു.
Read More: ഇഖ്റഅ് 08.ധര്‍മ്മ യുദ്ധത്തിന്റെ ഉത്തമ നിര്‍വ്വചനം
തന്നെ പുറത്താക്കിയ ജന്മദേശം തിരിച്ച് പിടിച്ച് വിജയശ്രീലാളിതനായി ആ സമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോഴും അവിടുത്തെ മുഖത്ത് അഹംഭാവത്തിന്റെ ലാഞ്ചന പോലുമില്ലായിരുന്നു. ശിരസ്സ് വിനയം ഭൂമിയോളം താഴ്ന്നിരുന്നു, ആ വാക്കുകള്‍ പറയുമ്പോഴും, അവരുടെ കണ്ണുകളില്‍ ആര്‍ദ്രത പൊടിയുന്നുണ്ടായിരുന്നു.
അതാണ് യഥാര്‍ത്ഥ വിശ്വാസിയുടെ സ്വഭാവ വിശേഷം. ഉന്നതികളിലെത്തും തോറും വിനയാന്വിതനായി മാറേണ്ടവനാണ് അവന്‍. താന്‍ ഒന്നുമല്ലെന്നും തന്റേതായി ഒന്നുമില്ലെന്നും എല്ലാം അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനങ്ങളാണെന്നുമുള്ള ചിന്തയാണ് അവനെ സദാ വഴി നടത്തേണ്ടത്. എങ്കില്‍ വിജയങ്ങളില്‍ അഹങ്കരിക്കാനോ പരാജയങ്ങളില്‍ ഭഗ്നാശനാവാനോ അവന് സാധിക്കില്ല.
ഈ റമദാന്‍ നമുക്ക് പകരുന്ന ഊര്‍ജ്ജങ്ങളില്‍ ഈ സ്വഭാവവിശേഷം കൂടിയുണ്ടാവട്ടെ.



Leave A Comment