ഇഖ്റഅ് 13 ജീവജലം, സദാ വായിക്കേണ്ട മറ്റൊരു ഗ്രന്ഥം

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..

സത്യനിഷേധികള്‍ അറിഞ്ഞിട്ടില്ലേ, നിശ്ചയമായും ആകാശങ്ങളും ഭൂമിയും അടഞ്ഞുനില്‍ക്കുന്നതായിരുന്നു, എന്നിട്ട് അവരണ്ടിനേയും നാം പിളര്‍ത്തി. എല്ലാ ജീവനുള്ള വസ്തുക്കളെയും നാം വെള്ളത്തില്‍ നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ (സൂറതുല്‍ അമ്പിയാഅ്-30)

വെള്ളത്തെ നാം വിളിക്കുന്നത് തന്നെ ജീവജലം എന്നാണ്. ജീവന്റെ ഉണ്മക്കും നിലനില്പിനും ഏറ്റവും ആവശ്യമായ ഘടകമാണ് ജലം എന്നര്‍ത്ഥം. ഇതര ഗോളങ്ങളിലും ഗ്രഹങ്ങളിലും ജീവനുണ്ടോ എന്ന അന്വേഷണം തുടങ്ങുന്നത് അവിടെ വെള്ളമുണ്ടോ എന്ന അന്വേഷണത്തില്‍ നിന്നാണ്. കഅ്ബയുടെ നാട്ടില്‍ ജനവാസത്തിന് തുടക്കം കുറിക്കാനായി പടച്ച തമ്പുരാന്‍ ആദ്യം ചെയ്തതും സംസം എന്ന വറ്റാത്ത നീരുറവ സംവിധാനിക്കുകയായിരുന്നു. പിന്നീട് ലോകം മുഴുക്കെ, അനുസ്യൂതം അങ്ങോട്ട് ഒഴുകുന്നതാണ് നാം കണ്ടത്.

വെള്ളമെന്ന മഹത്തായ അനുഗ്രഹത്തെ കുറിച്ച് ആലോചിക്കും തോറും, എത്ര മാത്രം വിശാലമാണ് അത് നല്കുന്ന പാഠങ്ങളും തലങ്ങളുമെന്ന് ആര്‍ക്കും ബോധ്യമാവും. ദാഹമകറ്റാന്‍ ഒരിറ്റ് വെള്ളാം കിട്ടാതിരിക്കുമ്പോഴേ നാം അതിന്റെ വില അറിയൂ. അത് കൊണ്ട് തന്നെ, അന്നം നല്കുന്നത് പോലെയോ അതേക്കാള്‍ പുണ്യകരമോ ആണ് ജലദാനം. ദാഹിച്ച് വലഞ്ഞ നായക്ക് വെള്ളം നല്കിയതിന്റെ പേരിലാണ്, ഒരാള്‍ക്ക് സ്വര്‍ഗ്ഗപ്രവേശനം നല്കപ്പെട്ടതെന്ന് പ്രവാചകരുടെ ഹദീസുകളില്‍ കാണാം. 

Read More: റമദാന്‍ ഡ്രൈവ്- നവൈതു – 13

മനുഷ്യശരീരത്തിന്റെ നല്ലൊരു ഭാഗവും വെള്ളമാണ്. വെള്ളം ഇല്ലാതാവുന്നതോടെ ശരീരം ശുഷ്കിക്കുകയും ജീവിതം തന്നെ ദുസ്സഹമാവുകയും ചെയ്യും. ഭക്ഷണം പാകം ചെയ്യാനും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കുമെല്ലാം വെള്ളത്തെയാണ് നാം ആശ്രയിക്കുന്നത്. എന്തിനെയും ഏതിനെയും വൃത്തിയാക്കാനും വെള്ളം തന്നെ വേണം.  

വെള്ളത്തിന്റെ രുചിയെകുറിച്ചോ നിറത്തെ കുറിച്ചോ ആലോചിച്ചു നോക്കിയിട്ടുണ്ടോ. സ്വന്തമായി ഒരു രുചിയോ നിറമോ ഇല്ലാത്തത് വെള്ളമെന്ന് പറയാം. മറ്റു വസ്തുക്കളെ പോലെ അതിന് സ്വന്തമായി അത് രണ്ടും ഉണ്ടെങ്കിലുള്ള അവസ്ഥയൊന്ന് ഓര്‍ത്ത് നോക്കൂ. അതുപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണത്തിനെല്ലാം അതേ രുചിയായിരിക്കും. അതോടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ രുചി ഭേദമില്ലാതാവും. നിറം ഉണ്ടാവുന്നതോടെ എത്ര വൃത്തിയുള്ള ഗ്ലാസിലെടുത്താലും ആ നിറമേ നമുക്ക് കാണാനാവൂ. ഏത് പാത്രത്തിലും ഉള്‍ക്കൊള്ളാന്‍ അതിനെ പാകപ്പെടുത്തുന്ന ദ്രാവകരൂവും അല്ഭുതം തന്നെ.

ആലോചിക്കും തോറും അല്‍ഭുതങ്ങളുടെ കൂടുതല്‍ കൂടുതല്‍ ഉറവകള്‍ വെള്ളത്തിലും നമുക്ക് കണ്ടെത്താനാവും. എല്ലാം സൃഷ്ടിച്ച് സംവിധാനിച്ച നാഥാ, നീയെത്ര പരിശുദ്ധന്‍.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter