ഇഖ്റഅ് 05 സൂര്യചന്ദ്രാദിഗോളങ്ങളെ വായിക്കുമ്പോള്‍...

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...

സൂര്യന്‍ അതിന്റെ താവളത്തിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്നു. അത് പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥ ചെയ്തു കണക്കാക്കിയതാണ്.  ചന്ദ്രനും നാം ചില ഭവനങ്ങള്‍ കണക്കാക്കിയിട്ടുണ്ട്. അങ്ങനെ അത് ഈത്തപ്പനക്കുലയുടെ പഴക്കം ചെന്ന തണ്ടുപോലെ ആയിത്തീരുന്നു.  സൂര്യന് ചന്ദ്രനെ പ്രാപിക്കുക സാധ്യമല്ല. രാവ് പകലിനെ കവച്ചുവെച്ചുപോകുന്നതുമല്ല. എല്ലാം തന്നെ അതതിന്റെ മണ്ഡലത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (സൂറതു യാസീന്‍- 38-40)

സൂര്യചന്ദ്രാദികള്‍ ആദിമ കാലം മുതലേ മനുഷ്യസമൂഹത്തിന് അല്‍ഭുതവും വിസ്മയവുമാണ്. ആദിമ കാലം മുതലേ ഇവ ചില മനുഷ്യരുടെ ആരാധ്യപാത്രങ്ങളായതും ആ അല്‍ഭുതം കൂറലുകളുടെ ഉപോല്‍പന്നമായിരുന്നു എന്ന് പറയാം. 

പകല്‍ സമയത്ത് ചൂടും വെളിച്ചവുമാണ് സൂര്യന്‍ പകരുന്നതെങ്കില്‍, കുളിര്‍ പെയ്യുന്ന, മുങ്ങിക്കുളിക്കാന്‍ ആരും കൊതിച്ച് പോവുന്ന തൂനിലാവാണ് ചന്ദ്രന്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഇവയും ഇതര നക്ഷത്രങ്ങളും പല തവണ അല്ലാഹുവിന്റെ വചനങ്ങളില്‍ കടന്നുവരുന്നുണ്ട്. സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തനിക്ക് സാഷ്ടാംഗം നമിക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായത് പ്രവാചകനായ യൂസുഫ്(അ)നെ ഉദ്ദരിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. സൂര്യന്റെ വെളിച്ചത്തെയും ചന്ദ്രന്റെ പ്രകാശത്തെയും പരിചയപ്പെടുത്തുന്നിടത്ത് നടത്തുന്ന പദവിന്യാസവും പ്രത്യേകം ശ്രദ്ധേയമത്രെ.

പ്രപഞ്ചനാഥന്റെ സൃഷ്ടികളിലെ അല്‍ഭുത പ്രതിഭാസങ്ങളാണ് ഇവയെല്ലാം. കേവലം ചൂടും വെളിച്ചവും പകരുന്നതിലുപരി, ഭൂമിയിലെ മനുഷ്യവാസത്തിന് ആവശ്യമായ പലതും സംവിധാനിക്കുകയെന്ന വലിയ കര്‍ത്തവ്യം കൂടി ഇവ നിര്‍വ്വഹിക്കുന്നുണ്ട്. ഭൂമിയില്‍ മരങ്ങള്‍ വളരാനും സസ്യലതാദികള്‍ മുളക്കാനും അവയിലൂടെ ജീവികള്‍ക്ക് ആവശ്യമായ അന്നമൊരുക്കാനും സൂര്യനും അതിന്റെ ചൂടും വെളിച്ചവും അവിഭാജ്യഘടകങ്ങളാണ്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം സമയബന്ധിതമാക്കുന്ന കാലമെന്ന മറ്റൊരു പ്രതിഭാസത്തെ സാധ്യമാക്കുന്നതും സൂര്യനും ചന്ദ്രനും തന്നെ. കരയിലൂടെയും കടലിലൂടെയുമുള്ള സഞ്ചാരത്തിന്റെ ദിശ നിര്‍ണ്ണയിക്കാനും ഇവയെ കൂടാതെ സാധ്യമല്ല തന്നെ. 

Read More: റമദാന്‍ ഡ്രൈവ്- നവൈതു-05

സൂര്യനെയും അതിന്റെ സഞ്ചാരം തീര്‍ക്കുന്ന വിവിധ സമയങ്ങളെയും പിടിച്ച് സത്യം ചെയ്യുന്നത് ഖുര്‍ആനില്‍ ദര്‍ശിക്കാനാവും. സൂര്യന്‍ നിശ്ചലമായി നില്‍ക്കുകയാണെന്നും ഭൂമി അതിന് ചുറ്റും സഞ്ചരിക്കുകയാണെന്നുമുള്ള ഭൌമകേന്ദ്രീകൃത പ്രപഞ്ച സിദ്ധാന്തവുമായി ശാസ്ത്രലോകം നൂറ്റാണ്ടുകള്‍ മുന്നോട്ട് പോയപ്പോഴും, വിശുദ്ധ ഖുര്‍ആന്‍ എല്ലാം സഞ്ചരിക്കുന്നുണ്ടെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പറഞ്ഞ് വെച്ചിരുന്നു.

അഥവാ, എത്ര വലിയ പാഠങ്ങള്‍ പഠിച്ചവനും ഏത് വലിയ ഗ്രന്ഥങ്ങള്‍ വായിച്ചവനും, വായിക്കാന്‍ ബാക്കിയുള്ള ഗ്രന്ഥങ്ങളില്‍ അതിപ്രധാനമാണ് സൂര്യനും ചന്ദ്രനും ഇതര ഗോളങ്ങളുമെന്നര്‍ത്ഥം. അവയെ കൂടി വായിക്കുമ്പോഴേ അത് പൂര്‍ണ്ണമാവൂ. ആ വായന സൃഷ്ടിച്ച നാഥന്റെ നാമത്തിലാണെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ക്ക് മുന്നിലും നമ്മുടെ ശിരസ്സ് കുനിയാതിരിക്കില്ല, കൂടെ മനസ്സാക്ഷിയുടെ നിശബ്ദമായ മന്ത്രണവും കേള്‍ക്കാം, ഞങ്ങളുടെ നാഥാ, നീ ഇത് സൃഷ്ടിച്ച് അര്‍ത്ഥ ശൂന്യമായല്ല, നീയെത്ര പരിശുദ്ധന്‍.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter