റമളാൻ ഡ്രൈവ് (ഭാഗം 24) നവൈതു
ദാനധര്‍മ്മങ്ങള്‍ ഇസ്‍ലാം ഏറെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. എന്നാല്‍ അത്രയും തന്നെയോ അതേക്കാളുപരിയോ നിരുല്‍സാഹപ്പെടുത്തുന്നതാണ് യാചന. 
വല്ലതും നല്കണമെന്ന് പറഞ്ഞ് പ്രവാചക സന്നിധിയിലെത്തിയ ഒരു അന്‍സ്വാരിയുടെ സംഭവം ഹദീസുകളില്‍ ഇങ്ങനെ കാണാം. പ്രവാചകര്‍ അദ്ദേഹത്തോട് ചോദിച്ചു, നിന്റെ വീട്ടില്‍ ഒന്നുമില്ലേ. അദ്ദേഹം പറഞ്ഞു, ധരിക്കാനും പുതക്കാനുമായി ഉപയോഗിക്കുന്ന ഒരു വസ്ത്രമുണ്ട്, വെള്ളം കുടിക്കാനുപയോഗിക്കുന്ന ഒരു കപ്പുമുണ്ട്. അത് രണ്ടും കൊണ്ട് വരാന്‍ പ്രവാചകര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ശേഷം, അവ രണ്ടും ആര് വാങ്ങുമെന്ന് ചോദിച്ച്, രണ്ട് ദിര്‍ഹമനിന് വിറ്റ് വില ആ സ്വഹാബിക്ക് കൊടുത്ത് ഇങ്ങനെ പറഞ്ഞു, ഒരു ദിര്‍ഹം കൊണ്ട് നീ ഭക്ഷണ സാധനങ്ങള്‍ വാങ്ങി വീട്ടുകാര്‍ക്ക് കൊടുക്കുക. ഒരു ദിര്‍ഹം കൊണ്ട് ഒരു മഴു വാങ്ങി വരിക. മഴു വാങ്ങിയെത്തിയപ്പോള്‍, പ്രവാചകര്‍ തന്നെ അതിന് പിടി വെച്ച് കൈയ്യിലേല്‍പിച്ച് ഇങ്ങനെ പറഞ്ഞു, ഇതുമായി പോയി വിറക് വെട്ടി വില്‍ക്കുക, പതിനഞ്ച് ദിവസത്തേക്ക് ഇങ്ങോട്ട് വരേണ്ടതില്ല. 
അദ്ദേഹം അത് പോലെ ചെയ്തു. പതിനഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍, പത്ത് ദിര്‍ഹം സമ്പാദ്യമായി അയാളുടെ കൈയ്യിലുണ്ടായിരുന്നു. അതുപയോഗിച്ച് അദ്ദേഹം വസ്ത്രവും ഭക്ഷണവുമെല്ലാം വാങ്ങി. ഇത് കണ്ട പ്രവാചകര്‍ പറഞ്ഞു, യാചന, അന്ത്യനാളില്‍ കറുത്ത പുള്ളിയായി മുഖത്ത് വരുന്നതിനേക്കാള്‍, നിനക്ക് എത്രയോ നല്ലത് ഇതാണ്.
യാചനയോടുള്ള ഇസ്‍ലാമിന്റെ കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാവുന്നത്. സ്വയം പര്യപ്തമാക്കുകയാണ് അടിസ്ഥാന ലക്ഷ്യമാവേണ്ടത്. ഇതരരുടെ ഔദാര്യത്തില്‍ കഴിയാതെ, സ്വന്തം കാലില്‍ നില്‍ക്കാനാണ് ഇസ്‍ലാം പ്രോല്‍സാഹിപ്പിക്കുന്നത്. 
അസഹ്യമായ ദാരിദ്ര്യം, ഒരിക്കലും വീട്ടാനാവാത്ത കടം, അപാകതയായി സംഭവിച്ചുപോയ കൊലക്ക് പകരമായി നല്കേണ്ടിവരുന്ന ജീവധനം എന്നീ അത്യാഹിത ഘട്ടങ്ങളിലല്ലാതെ ഇതരരോട് വല്ലതും ചോദിക്കാന്‍ പോലും ഇസ്‍ലാം അനുവദിക്കുന്നില്ലെന്ന് തന്നെ പറയാം. 
തന്റെ ആവശ്യങ്ങളൊന്നും സൃഷ്ടികളോട് അറിയിക്കാതെ, സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പറയുന്നതാണല്ലോ സര്‍വ്വോപരി വിശ്വാസിയുടെ സ്വഭാവവും. ഈ റമദാനില്‍ നമുക്ക് അത് കൂടി ജീവിതത്തിന്റെ ഭാഗമാക്കാം, തന്റെ ആവശ്യങ്ങളൊന്നും സൃഷ്ടികളോട് പറയാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് നമുക്ക് കരുതി ഉറപ്പിക്കാം. ഇന്നത്തെ നവൈതു അതാവട്ടെ.
മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടാതെ, അന്തസ്സോടെ ജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter