ഇഖ്റഅ് 27. എല്ലാ പോസ്റ്റുകളും നമുക്ക് പങ്ക് വെക്കാനാവില്ല

വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസികളോട് ഇങ്ങനെ ഒരു കല്പന കാണാം, നിങ്ങളുടെ സമീപം സച്ചരിതരല്ലാത്ത ആരെങ്കിലും എന്തെങ്കിലും വിവരങ്ങളുമായി വന്നാല്‍ അതിന്റെ കൃത്യത അന്വേഷിക്കുക, എന്നിട്ട് മാത്രമേ അതേ തുടര്‍ന്നുള്ള തീരുമാനങ്ങളെടുക്കാവൂ, പ്രതിക്രിയകള്‍ ചെയ്യാവൂ, അല്ലാത്ത പക്ഷം, നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവന്നേക്കാം.

സോഷ്യല്‍മീഡിയയുടെ ഈ കാലത്ത് ഏറ്റവും പ്രസക്തമായ ഒരു ഉപദേശമാണ് ഇതെന്ന് പറയാം. ഫെയ്ക് ന്യൂസുകളും ഫാബ്രികേറ്റഡ് വിവരങ്ങളുമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. കേട്ട പാതി കേള്‍ക്കാത്ത പാതി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെക്കുന്നതും മുന്‍പിന്‍ ആലോചിക്കാതെ കിട്ടുന്നതെല്ലാം മറ്റുള്ളവര്‍ക്ക് അയക്കുന്നതും ഇന്ന് സര്‍വ്വ സാധാരണമാണ്. റീച്ചും ലൈകും കമന്റുകളുമൊക്കെയാണ് ഇന്ന് എല്ലാവര്‍ക്കും ആവശ്യം. നിര്‍മ്മിത ബുദ്ധി കൂടി സാധാരണവും സര്‍വ്വര്‍ക്കും പ്രാപ്യവുമായതോടെ ഉള്ളത് ഏതാണ്, ഉണ്ടാക്കിയത് ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം കൂടുതല്‍ വഷളായിട്ടുണ്ട് കാര്യങ്ങള്‍.

ഇത്തരം മാധ്യമങ്ങളൊന്നുമില്ലാത്ത കാലത്ത്, വാമൊഴിയായി പ്രചരിച്ചിരുന്ന ഇത്തരം ഊഹാപോഹങ്ങളാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയിരുന്നത്. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും വരെ അത്തരം അഭ്യൂഹങ്ങള്‍ സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് അതിലേറെ അപകടകരമായ റോളുകളാണ് സോഷ്യല്‍ മീഡിയ വഹിക്കുന്നത്.

ഇവിടെയാണ് വിശ്വാസി കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന ബോധമാണ് എപ്പോഴും അവനെ നയിക്കേണ്ടത്. കാണുന്നതും കേള്‍ക്കുന്നതും വിചാരിക്കുന്നത് പോലും നന്മയുടെ വൃത്താന്തങ്ങളും പുണ്യകരമായ കാര്യങ്ങളുമായിരിക്കണം. കേട്ടതെല്ലാം മറ്റുള്ളവരോട് പങ്ക് വെക്കുന്നത് തന്നെ കളവ് പറയലാണ് എന്ന പ്രവാചക വചനം കൂടി ഇവിടെ നമുക്ക് കൂട്ടി വായിക്കാം.

Read More : ഇഖ്റഅ് 26.സമയം അനാവശ്യങ്ങള്‍ക്കുള്ളതല്ല

ഈ രണ്ട് തിരുവചനങ്ങളായിരിക്കണം നമ്മെ വഴി നടത്തേണ്ടത്. വിശ്വാസി എന്ന നിലയില്‍ സംസാരങ്ങളില്‍ പൊതുവായും സോഷ്യല്‍ മീഡിയയില്‍ വിശേഷിച്ചും പാലിക്കേണ്ട സമീപനരേഖകളാണ് ഇവ എന്ന് പറയാം. ഇത് വേണ്ട വിധം പാലിച്ചാല്‍ തന്നെ, ഡിജിറ്റല്‍ യുഗത്തിലെ അനേകം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും.

അന്നപാനീയങ്ങളും വികാരവിചാരങ്ങളും നിയന്ത്രിച്ച് ആത്മിക ശക്തിയാര്‍ജ്ജിക്കുന്ന ഈ വിശുദ്ധ മാസത്തില്‍, വാക്കും നോക്കും കാതുമെല്ലാം നിയന്ത്രിക്കാന്‍ കൂടി നമുക്ക് സാധിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter