അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 128-134) ഭര്‍ത്താവാണ് പിണങ്ങിയതെങ്കില്‍
സ്ത്രീകളുടെ വിഷയത്തില്‍ സ്വഹാബികള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് മതവിധി തേടിയിരുന്നുവെന്നാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അത്തരം മതവിധികളും സ്ത്രീകളെ സംബന്ധിച്ച പല വിഷയങ്ങളുമാണ് തുടര്‍ന്നും ചര്‍ച്ച ചെയ്യുന്നത്.
ഭര്‍ത്താവും ഭാര്യയും തമ്മിലുണ്ടാവുന്ന പിണക്കം, ഒത്തുതീര്‍പ്പ്, വേര്‍പിരിയല്‍ എന്നിവയെപ്പറ്റി മുമ്പ് പറയാത്ത ചില ഉപദേശ നിര്‍ദ്ദേശങ്ങളാണിനി പറയുന്നത്.
ഭാര്യാഭര്‍തൃ ജീവിതത്തില്‍ ചിലപ്പോള്‍ അസുഖകരമായ പെരുമാറ്റങ്ങള്‍ ഉണ്ടാകാമല്ലോ. ഭാര്യയുടെ ഭാഗത്തു നിന്നാണ് അതുണ്ടായതെങ്കില്‍ എന്ത് ചെയ്യണമെന്ന് 34, 35 വാക്യങ്ങളില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. അത്തരം പെരുമാറ്റം ചിലപ്പോള്‍ ഭര്‍ത്താവിന്‍റെ ഭാഗത്തു നിന്നുമുണ്ടാകാം. അപ്പോഴെന്തു ചെയ്യണം?
ഭര്‍ത്താവ് പിണക്കത്തിലാണെന്ന് മനസ്സിലായാല്‍-അത് കൂടാനിടയാക്കാതെ - ഒത്തുതീര്‍പ്പുണ്ടാക്കി പ്രശ്നം പരിഹരിക്കണം. ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം ഉന്നയിക്കുന്നത് ഏതുഭാഗത്ത് നിന്നായിരിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. ആദ്യം ഉന്നയിക്കുന്നത് ആരാണോ അവര്‍ക്കാണതിലെ പുണ്യവും, ആദ്യം അതിനൊരുങ്ങിയതിനുള്ള പ്രത്യേക പ്രതിഫലവും. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ രണ്ടാളും തമ്മിലോ, രണ്ടാളുടെയും പക്ഷക്കാര്‍ തമ്മിലോ കൂടിയാലോചിച്ചു തയ്യാറാക്കണം.
ഒത്തുതീര്‍പ്പിന് തീരെ സാധ്യത ഇല്ലെങ്കിലേ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ പിന്നെ വേര്‍പിരിയലാണല്ലോ ഉണ്ടാവുക; ഥലാഖ്. അതാകട്ടെ, അറ്റ കൈയാണ്, അല്ലാഹുവിനേറ്റവും വെറുപ്പുള്ള കാര്യവുമാണ്.
വേര്‍പിരിയുന്നതിനെക്കാള്‍ എപ്പോഴും നല്ലത് യോജിപ്പാണ്. പക്ഷേ, ഏത് കാര്യത്തിലായാലും ഒരുതരം പിശുക്ക് മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നങ്ങോട്ട് വിട്ടുപോകില്ല. തന്‍റെ അവകാശത്തില്‍നിന്ന് എന്തെങ്കിലും വിട്ടു കൊടുക്കാന്‍ ഭാര്യക്കും, മാനസികമായ തൃപ്തിയില്ലാത്ത ആ ഭാര്യക്ക് മുഴുവന്‍ അവകാശങ്ങളും വകവെച്ചുകൊടുക്കാന്‍ ഭര്‍ത്താവിനും കുറച്ച് വിഷമം ഉണ്ടായേക്കും. എന്നാലും ഒത്തുതീര്‍പ്പിനുവേണ്ടി ആ പിശുക്ക്സ്വഭാവം മാറ്റിവെക്കാന്‍ ശ്രമിക്കണം. അതായത്, വിട്ടുവീഴ്ച ചെയ്യണം.
ഏതെങ്കിലും ഒരു ഭാഗത്തുനിന്നോ, രണ്ടുഭാഗത്തുനിന്നും തന്നെയോ ചില വിട്ടുവീഴ്ചകള്‍ കൂടാതെ ഒത്തുതീര്‍പ്പുണ്ടാകുകയില്ലല്ലോ. ഈ വിട്ടുവീഴ്ച തന്‍റെ അവകാശം അടിയറവെക്കലായോ മറ്റോ കാണേണ്ടതില്ല. അതാണ് ‘രണ്ടുകൂട്ടരും കൂടി യോജിപ്പുണ്ടാക്കണം’ എന്ന് അല്ലാഹു പറയുന്നതിലെ സൂചന.
സ്ത്രീകളോട് നല്ല നിലക്ക് പെരുമാറുകയും അവരോട് അനീതി കാണിക്കാതിരിക്കുകയും ചെയ്താല്‍, അല്ലാഹു അതെല്ലാം അറിയും, മതിയായ പ്രതിഫലം നല്‍കുകയും ചെയ്യും.
റാഫിഉബ്‌നു ഖദീജ് (رضي الله عنه) എന്ന സ്വഹാബീവര്യന്‍ തന്‍റെ ഭാര്യമാരിലൊരുത്തിയെ വിവാഹ മോചനം നടത്താനുദ്ദേശിച്ചപ്പോള്‍ ആ സ്ത്രീ പറഞ്ഞു: താങ്കള്‍ എന്നെ ഥലാഖ് ചൊല്ലേണ്ട; കടമകള്‍ നിര്‍വഹിക്കുന്ന കാര്യം താങ്കളുടെ സൗകര്യം പോലെ ചെയ്താല്‍ മതി. ഈ വ്യവസ്ഥയില്‍ അവരുടെ കൂട്ടുജീവിതം തുടര്‍ന്നു. മറ്റു പലരും പിന്നീട് അതു പിന്‍പറ്റി. അതു ശരിവെച്ചു ഖുര്‍ആന്‍ അവതരിച്ചു.
وَإِنِ امْرَأَةٌ خَافَتْ مِنْ بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَنْ يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنْفُسُ الشُّحَّ ۚ وَإِنْ تُحْسِنُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا (128
ഭര്‍ത്താവിന്‍റെ പിണക്കമോ അവഗണനയോ ഒരു സ്ത്രീ ഭയപ്പെട്ടാല്‍ അവര്‍ പരസ്പരം സന്ധിയുണ്ടാക്കുന്നതിനു കുഴപ്പമില്ല. ഒത്തുതീര്‍പ്പിലെത്തുന്നതാണ് ഏറ്റവും നല്ലത്. മനുഷ്യ ഹൃദയങ്ങളിലെ നിത്യസാന്നിധ്യമാണ് ലുബ്ധത. നിങ്ങള്‍ ഉദാത്ത സമീപനമനുവര്‍ത്തിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ചെയ്തികളെപ്പറ്റി അഗാധ ജ്ഞാനിയാണ് അല്ലാഹു.
(فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا) എന്നാണ് ആദ്യം അല്ലാഹു പറഞ്ഞതെങ്കിലും ശേഷം وَالصُّلْحُ خَيْر (യോജിപ്പാണ് ഏറ്റവും നല്ലത്) എന്ന് പറഞ്ഞത്, ഒത്തുതീര്‍പ്പിന് സാധ്യതയില്ലെങ്കിലേ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ എന്ന് മനസ്സിലാക്കിത്തരാനാണ്.
ഒത്തുതീര്‍പ്പു വ്യവസ്ഥകളെപ്പറ്റി കൂടുതലൊന്നുമിവിടെ പറഞ്ഞിട്ടില്ല. സന്ദര്‍ഭത്തിനനുസരിച്ച് അത് കൈകാര്യം ചെയ്യുകയാണ് വേണ്ടത്. രണ്ടുപേരുടെയും പലതരത്തിലുള്ള സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടുളള വ്യവസ്ഥകളാണല്ലോ വേണ്ടത്. അതെല്ലാം മട്ടത്തില്‍ കൂടിയാലോചിച്ച്, വിട്ടുവീഴ്ചാമനോഭാവത്തോടെ ഒത്തുതീര്‍പ്പിലെത്തണം.
وَأُحْضِرَتِ الْأَنْفُسُ الشُّحَّ
തന്‍റെയടുത്തുള്ളത് ചെലവാക്കാതെ പിശുക്കുന്നതിനു പുറമെ, കൂടുതല്‍ ലഭിക്കാനുളള ആര്‍ത്തിയുംകൂടി ഉണ്ടാകുമ്പോഴാണ് അതിന് ‘شُّحَّ’ എന്ന് പറയുന്നത്.
വളരെ ശ്രദ്ധേയമായൊരു വസ്തുതയാണിവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഭിന്നിപ്പ് അവസാനിക്കണമെങ്കില്‍ വിട്ടുവീഴ്ചയും ഔദാര്യമനഃസ്ഥിതിയും അനിവാര്യമാണല്ലോ. അതാകട്ടെ, പൊതുവെ മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യവുമാണ്. അതുകൊണ്ട്, എത്ര മനഃപ്രയാസം തോന്നിയാലും സങ്കുചിതത്വം കാണിക്കാതെ, പിശുക്ക് കാട്ടാതെ, ഓരോരുത്തരും കഴിയുന്നത്ര അഡ്ജസ്റ്റുമെന്‍റുകള്‍ക്ക് തയ്യാറാവണം. മറുഭാഗത്ത് നിന്നുണ്ടാകുന്ന നീക്കങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍പോലും, അതിനുനേരെ കണ്ണടയ്ക്കണം. എന്നാലേ യോജിപ്പിലെത്താന്‍ കഴിയുകയുളളൂവെന്നാണ് സൂചിപ്പിക്കുന്നത്.
കാര്യങ്ങളെല്ലാം ശുഭകരമായി കലാശിക്കുന്ന തരത്തില്‍ നന്‍മകള്‍ ചെയ്യുകയും, നല്ല നിലക്ക് പരസ്പരം പെരുമാറുകയും, ദോഷകരമായ രീതികളൊന്നും വരാതെ ചെയ്യാതെ സൂക്ഷ്മത പാലിക്കുകയും ചെയ്താല്‍, അല്ലാഹു അതെല്ലാം ശരിക്കും കണക്കിലെടുക്കുകയും തക്ക പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. ഒന്നും വെറുതെയാവില്ല, നല്ല പ്രതിഫലം ലഭിക്കുമെന്നര്‍ത്ഥം.
അടുത്ത ആയത്ത് 129
ഒത്തുതീര്‍പ്പിനെപ്പറ്റിയാണല്ലോ പറഞ്ഞത്. ഇനി വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി ഉണര്‍ത്തുകയാണ്. ഒന്നിലധികം ഭാര്യമാരുള്ളവരോടാണ് പറയുന്നത്.
എത്ര ആഗ്രഹമുണ്ടെങ്കിലും, ബഹുഭാര്യമാര്‍ക്കിടയില്‍ തുല്യരീതിയില്‍ നീതി പാലിക്കുക എന്നത് മനുഷ്യ കഴിവിന്നതീതമാണ്. അതുകൊണ്ട് പരമാവധി ശ്രദ്ധിച്ചുകൊണ്ട് ആവുംവിധം അതിനു ശ്രമിക്കണം. ചിലരുടെ നേരെ പ്രത്യേകം ചായ്‌വുണ്ടാവുകയും, മറ്റവരെ കെട്ടിയിട്ടപോലെ വിഷമിപ്പിക്കുകയും ചെയ്യരുത്.
وَلَنْ تَسْتَطِيعُوا أَنْ تَعْدِلُوا بَيْنَ النِّسَاءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا كُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ ۚ وَإِنْ تُصْلِحُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ غَفُورًا رَحِيمًا (129)
നിങ്ങള്‍ക്ക് എത്ര കൊതിയുണ്ടെങ്കിലും ശരി, ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി പാലിക്കാനാവുകയേയില്ല; അതുകൊണ്ട് ഒരുത്തിയുമായി പൂര്‍ണാഭിമുഖ്യം പുലര്‍ത്തി മറ്റവളെ ബന്ധനസ്ഥയെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ (ഭാര്യമാരോടുള്ള) സമീപനം മെച്ചപ്പെടുത്തുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.
كَالْمُعَلَّقَةِ (കെട്ടിയിടപ്പെട്ടവളെപ്പോലെ) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, നിയമപ്രകാരം വിവാഹിതയാണെങ്കിലും ഫലത്തില്‍ വിവാഹിതയോ, മോചിതയോ അല്ലാത്തവിധം കുടുക്കില്‍ പെട്ടവള്‍ എന്നാണ്. അതായത്, ഉള്ള ഭര്‍ത്താവില്‍ നിന്ന് അവളുടെ അവകാശം ലഭിക്കുന്നില്ല, മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ നിവൃത്തിയുമില്ല. ഇങ്ങനെ പ്രയാസപ്പെടുത്തരുതെന്നര്‍ത്ഥം.
وَإِنْ تُصْلِحُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ غَفُورًا رَحِيمًا
നിങ്ങളുടെ കഴിവനുസരിച്ച് മാക്സിമം ചെയ്തിട്ടും ചില്ലറ പോരായ്മകള്‍ വന്നുപോകുന്നത് അല്ലാഹു പൊറുക്കുമെന്ന് സൂചന.
തിരുനബി (صلى الله عليه وسلم) അവിടത്തെ ഭാര്യമാര്‍ക്ക് ദിവസങ്ങള്‍ ഭാഗിക്കുന്നതിലും മറ്റും എല്ലാവരോടും നീതി പാലിക്കുമായിരുന്നല്ലോ. എന്നാലും അവിടന്ന് ഇങ്ങനെ പറയുമായിരുന്നത്രേ: അല്ലാഹുവേ, എന്‍റെ സ്വാധീനത്തിലുള്ള (എനിക്ക് കഴിയുന്നത്ര) നീതി ഞാന്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍ നിന്‍റെ സ്വാധീനത്തിലുള്ളതും എനിക്കു സ്വാധീനിക്കാന്‍ കഴിയാത്തതുമായതിനെ (ഹൃദയത്തെ) സംബന്ധിച്ചു, എന്നെ നീ ആക്ഷേപിക്കരുതേ (അബൂദാവൂദ്).
ഭാര്യാഭര്‍ത്താക്കള്‍ തമ്മിലുളള സ്‌നേഹബന്ധവും ഇണക്കവും ചില പ്രത്യേക സ്വഭാവങ്ങളടിസ്ഥാനപ്പെുത്തിയായിരിക്കുമല്ലോ. നല്ല സ്വഭാവം, സ്‌നേഹം, സംസാരശൈലി, ആരോഗ്യം, കാര്യപ്രാപ്തി ഇങ്ങനെ പലതും. സ്വാഭാവികമായും ഇതെല്ലാം എല്ലാവരിലും ഒരുപോലെയായിരിക്കില്ല. അതുകൊണ്ടുതന്നെ ഒന്നിലധികം ഭാര്യമാരുളളയാള്‍ക്ക് എല്ലാ നിലക്കും എല്ലാവരോടും ശരിക്കും തുല്യമായിപെരുമാറാന്‍ കഴിയുകയില്ല. അതേസമയം ഭക്ഷണം, വസ്ത്രം, ഒന്നിച്ചുളള താമസം, ജീവിത സൗകര്യങ്ങള്‍ മുതലായ പല കാര്യങ്ങളിലും തുല്യനീതി പാലിക്കാന്‍ കഴിയുകയും ചെയ്യും. അതെന്തായാലും ചെയ്തേ പറ്റൂ.
നീതിപാലിക്കാന്‍ കഴിയുന്ന വിഷയങ്ങളില്‍ എല്ലാവരോടും അത് കാണിക്കണം. പക്ഷഭേദം കാണിക്കാന്‍ പാടില്ല. അല്ലാത്ത കാര്യങ്ങളിലൊക്കെ മാക്സിമം നീതിപൂര്‍വം പെരുമാറുകയും ചെയ്യണമെന്ന് ചുരുക്കം.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) താക്കീത് ചെയ്യുന്നത് നോക്കൂ: ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടാവുകയും ഒരുത്തിയിലേക്കവന്‍ അടുക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ ഒരു പാര്‍ശ്വം ചെരിഞ്ഞവനായി അവന്‍ ഹാജറാകുന്നതാണ്. (തുര്‍മുദി).
ഈ വചനവും അല്ലാഹു അവസാനിപ്പിച്ചത് ഇങ്ങനെയാണ്:
وَإِنْ تُصْلِحُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ غَفُورًا رَحِيمًا
കഴിയുന്നത്ര ക്ഷമിച്ചും സഹിച്ചും വിട്ടുവീഴ്ചചെയ്തും യോജിപ്പോടെ കഴിയാന്‍ ശ്രമിക്കണം. അതിന് തടസ്സം നില്‍ക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു നിങ്ങളോട് പൊറുക്കും, കാരുണ്യം ചൊരിഞ്ഞുതരികയും ചെയ്യും.
അടുത്ത ആയത്ത് 130
മുകളില്‍ പറഞ്ഞ ഒത്തുതീര്‍പ്പുകളൊന്നും സാധ്യമാകാതെ വരികയും, ഒരു നിലക്കും യോജിച്ചുപോകാന്‍ കഴിയാതെ വരികയും ചെയ്താല്‍, പിന്നെ വേര്‍പിരിയുകയാണല്ലോ ഏകമാര്‍ഗം. അങ്ങനെ വിവാഹബന്ധം അവസാനിപ്പിച്ച് വേര്‍പിരിയുന്നത് അനുവദനീയമാണെങ്കിലും അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണത്. വേറെ ഒരു നിര്‍വാഹവുമില്ലെങ്കില്‍ അതാകാവുന്നതാണ്.
അങ്ങനെ എല്ലാ ശ്രമങ്ങളും നടത്തിയ ശേഷം അനിവാര്യഘട്ടത്തില്‍ വിവാഹമോചനം നടത്തി പിരിയേണ്ടിവന്നാല്‍, തന്‍റെ വിശാലമായ ഔദാര്യംകൊണ്ട് അല്ലാഹു അവന്നും അവള്‍ക്കും കൂടുതല്‍ അനുയോജ്യമായ ഇണകളെ നല്‍കും.
യോജിപ്പിനുള്ള മാര്‍ഗങ്ങളൊന്നും സ്വീകരിക്കാതെ, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകെ വാശിപിടിച്ചു തെറ്റിപ്പിരിയുന്ന പക്ഷം, അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുളള ഈ വാഗ്ദാനം പ്രതീക്ഷിക്കേണ്ടതില്ല എന്നൊരു സൂചനയും ഇവിടെയുണ്ട്. പലപ്പോഴും അനുഭവവും അങ്ങനെയാണല്ലോ.
وَإِنْ يَتَفَرَّقَا يُغْنِ اللَّهُ كُلًّا مِنْ سَعَتِهِ ۚ وَكَانَ اللَّهُ وَاسِعًا حَكِيمًا (130)
ഇനി അവരിരുവരും വഴിപിരിയുന്നുവെങ്കില്‍ തന്‍റെ വിശാലമായ കഴിവില്‍ നിന്നു അവര്‍ ഓരോരുത്തരെയും അല്ലാഹു സ്വാശ്രയരാക്കുന്നതാണ്. പ്രവിശാലനായ ഔദാര്യനും യുക്തിമാനുമാണ് അല്ലാഹു.
ഐക്യത്തിനും രഞ്ജിപ്പിനും പരമാവധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച ശേഷമാണ് അവസാന കൈ എന്ന നിലക്ക് വിവാഹ മോചനം വിശുദ്ധ ദീന്‍ അനുവദിച്ചത്. സ്ത്രീകളെ വഴിയാധാരമാക്കുന്ന പെണ്ണുകെട്ട്-മോചന വീക്ഷണമാണ് ഇസ്‌ലാമിന്‍റേതെന്ന് കൊട്ടിഗ്‌ഘോഷിച്ച് നടക്കുന്ന തല്‍പരകക്ഷികള്‍ ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കില്‍...!
അടുത്ത ആയത്ത് 131
അനിവാര്യഘട്ടങ്ങളില്‍ ഇണകള്‍ തമ്മില്‍ പിരിഞ്ഞാല്‍ അവരെ സ്വാശ്രയരാക്കുമെന്നും അല്ലാഹുവിന്‍റെ കാരണ്യം വളരെ വിശാലമാണെന്നും അവന്‍ യുക്തിപൂര്‍വം പ്രവത്തിക്കുന്നവനാണെന്നും പറഞ്ഞതിന്‍റെ ന്യായവും തെളിവുമാണ് അടുത്ത ആയത്ത്.
ലോകത്തുള്ളതെല്ലാം അവന്‍റേതാണ്. അവന്‍റെ ഉടമസ്ഥതയിലും അധികാരപരിധിയിലുമാണ്. അവനോട് തേടുന്നവരെ അവന്‍ സ്വാശ്രയരാക്കും.
നിങ്ങളോടും വേദക്കാരോടും മറ്റെല്ലാവരോടും തഖ്‌വയോടെ ജീവിക്കാന്‍ കല്‍പിച്ചതിനു പിന്നില്‍ വലിയ യുക്തികളുണ്ട്. നിങ്ങളുടെ തന്നെ നന്മയാണതില്‍ പ്രധാനം. ആ കല്‍പന നിഷേധിക്കുന്നുവെങ്കില്‍, ദോഷഫലം നിങ്ങള്‍ക്കുതന്നെയാണെന്നല്ലാതെ, അല്ലാഹുവിന്നതൊരു ദോഷവും വരുത്തിവെക്കില്ല. കാരണം ലോകത്തുള്ളതെല്ലാം അവന്‍റെ അടിമകളും സൃഷ്ടികളുമാണ്.
ഇതെല്ലാം സൃഷ്ടിച്ചത് അല്ലാഹുവിന് ഒരാവശ്യവും ഉണ്ടായിട്ടല്ല. അവന്‍ നിരാശ്രയനും സ്തുത്യര്‍ഹനുമാണ്. എല്ലാറ്റിനുമവന്‍ അളവറ്റ അനുഗ്രഹം ചെയ്തുകൊടുത്തിരിക്കയാല്‍ അവയുടെയെല്ലാം സ്തുതികള്‍ക്ക് അര്‍ഹനാണവന്‍.
وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ ۚ وَإِنْ تَكْفُرُوا فَإِنَّ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَكَانَ اللَّهُ غَنِيًّا حَمِيدًا (131)
ഭുവന-വാനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിന്‍റേതാണ്. നിങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ടവരോടും നിങ്ങളോടും അല്ലാഹുവിനെ സൂക്ഷിക്കണമെന്നു നാം കല്‍പിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ നിഷേധികളാകുന്നുവെങ്കില്‍ ഒരു കുഴപ്പവുമില്ല, കാരണം, ഭുവന-വാനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിന്‍റെതാണ്. സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാണ് അല്ലാഹു.
അടുത്ത ആയത്ത് 132
അല്ലാഹുവിന്‍റെ എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും ശാസനകള്‍ക്കും അടിസ്ഥാനമായി നമ്മള്‍ മനസ്സിലാക്കേണ്ട ഒരു പരമയാഥാര്‍ത്ഥ്യമാണ്, എല്ലാം അല്ലാഹുവിന്‍റെതാണ് എന്നുള്ളത്.
മിക്കമനുഷ്യരുടെയും ജീവിതരീതികള്‍ പരിശോധിച്ചാല്‍ അഹങ്കാരാത്മകവും ദൈവനിഷേധത്തിലധിഷ്ഠിതവുമാണെന്നുകാണാം. അല്ലാഹു സ്രഷ്ടാവാണെന്നോ യജമാനനാണെന്നോ ഉടമസ്ഥനാണെന്നോ അവനംഗീകരിക്കില്ല.
ഈ പശ്ചാത്തലത്തിലാണ്, ഇക്കാര്യമെപ്പോഴും ഓര്‍മയിലിരിക്കാന്‍ വേണ്ടി പലയിടത്തും അല്ലാഹു ആവര്‍ത്തിച്ചുപറയുന്നത്. ഇവിടെത്തന്നെ 131, 132 ആയത്തുകളിലായി മൂന്നു തവണ ആവര്‍ത്തിച്ചുപറഞ്ഞതും അതുകൊണ്ടുതന്നെയാണ്.
وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَكَفَىٰ بِاللَّهِ وَكِيلًا (132)
ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്‍റെതാണ്. അതിനു സാക്ഷിയായി അവന്‍ തന്നെ മതി!
അടുത്ത ആയത്ത് 133
അല്ലാഹുവിന്‍റെ നിയമ-നിര്‍ദ്ദേശങ്ങളൊന്നും അംഗീകരിക്കാതെ അവനെ ധിക്കരിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍, അവനുദ്ദേശിക്കുന്ന പക്ഷം, നിങ്ങളെയിവിടെ നിന്ന് നീക്കി മറ്റൊരു കൂട്ടരെ കൊണ്ടുവരാന്‍ അവനുകഴിയും. അതില്‍ ഒട്ടും സംശയിക്കേണ്ട. പക്ഷേ, ചില പ്രത്യേകമായ ഉദ്ദേശ്യ ലക്ഷ്യങ്ങളുള്ളതുകൊണ്ട് അങ്ങനെ ചെയ്യാന്‍ അവന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ലെന്ന് മാത്രം.
إِنْ يَشَأْ يُذْهِبْكُمْ أَيُّهَا النَّاسُ وَيَأْتِ بِآخَرِينَ ۚ وَكَانَ اللَّهُ عَلَىٰ ذَٰلِكَ قَدِيرًا (133)
ഹേ മനുഷ്യരേ, അവനുദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ ഉന്മൂലനം ചെയ്ത് മറ്റൊരുകൂട്ടരെ അവന്‍ കൊണ്ടുവരും. അല്ലാഹു അതിനു കഴിവുറ്റവനത്രേ.
അടുത്ത ആയത്ത് 134
ഇഹലോകവും പരലോകവും അല്ലാഹുവിന്‍റെ ഉടമസ്ഥതയിലും അധികാരപരിധിയിലുമാണെന്നതുകൊണ്ടുതന്നെ, ഒരാള്‍ ചെയ്യുന്ന പ്രവൃത്തിക്ക് ഇഹലോക പ്രതിഫലം മാത്രം ആഗ്രഹിക്കുക എന്നത് വിഡ്ഢിത്തമല്ലേ. രണ്ട് ലോകത്തും പ്രതിഫലം കിട്ടണമെന്ന് ആഗ്രഹിക്കുകയാണ് വേണ്ടത്.
ഇനി, ഇഹലോകത്തെ പ്രതിഫലം വേണ്ടെന്നുവെക്കുകയാണെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട, അനശ്വരമായ പരലോക ഗുണം ആഗ്രഹിക്കണം. ഇവിടെ എല്ലാം നഷ്ടപ്പെട്ടാല്‍തന്നെയും പരലോകം ജയിക്കുന്നവനാണല്ലോ ഭാഗ്യവാന്‍. അവിടെയാണല്ലോ ശാശ്വതമായ ജീവിതം നയിക്കാനുള്ളത്.
مَنْ كَانَ يُرِيدُ ثَوَابَ الدُّنْيَا فَعِنْدَ اللَّهِ ثَوَابُ الدُّنْيَا وَالْآخِرَةِ ۚ وَكَانَ اللَّهُ سَمِيعًا بَصِيرًا (134)
ഇഹലോകത്തെ പ്രതിഫലമാണ് ഒരാള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അവനറിയണം, ഇഹലോകത്തെയും പരലോകത്തെയും പ്രതിഫലം അല്ലാഹുവിങ്കലാണുള്ളത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
രണ്ടുലോകത്തെയും പ്രതിഫലം കിട്ടണമെന്നാഗ്രഹമുള്ളതുകൊണ്ടാണല്ലോ നമ്മളിങ്ങനെ ദുആ ചെയ്യാറുള്ളത്:
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ (البقرة 201)
(ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും നല്ലത് നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ).
ഇഹലോകത്ത് നല്ലത് നല്‍കേണമേ എന്ന് പറഞ്ഞതില്‍ എല്ലാം പെട്ടു -
ആരോഗ്യം, നല്ല വീട്, നല്ല ഇണ, നല്ല മക്കള്, വീട്ടുകാര്‍, അനുയോജ്യമായ വാഹനം, നല്ല ഭക്ഷണം, നാഫിആയ ഇല്‍മ്, ഹലാലും ഥയ്യിബുമായ ഉപജീവനമാര്‍ഗം, അഭിമാനം, നന്മ ചെയ്യാനുള്ള തൌഫീഖ്, ആപത്തുകളില്‍ നിന്നുള്ള കാവല്‍ .... ഇങ്ങനെ ദുന്‍യവിയ്യായ നന്മകളെല്ലാം.
ഇതുമാത്രം ദുആ ചെയ്ത് അവസാനിപ്പിക്കുകയല്ല നമ്മള്‍. അതിലേറെ വലുത്, വളരെ പ്രധാനപ്പെട്ടത് – അതാണ് കാര്യമായി ചോദിക്കുന്നത് – പരലോക നന്മ. റബ്ബിന്‍റെ തൃപ്തി, പാപമോചനം, സ്വര്‍ഗീയാനുഗ്രഹങ്ങള്‍ തുടങ്ങിയവ. ഇതാണ് പരമപ്രധാനം. അവിടെയാണല്ലോ ശാശ്വതവാസം.
അതുകൊണ്ടാണ്, അല്ലാഹുവിന്‍റെ കോപശാപങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങളിലേര്‍പ്പെട്ട് നരകശിക്ഷക്ക് വിധേയരാകാതെ കാത്തു രക്ഷിക്കണേ (وَقِنَا عَذَابَ النَّارِ) എന്നുകൂടി നമ്മള്‍ ദുആ ചെയ്യുന്നത്.
ഇങ്ങനെ ദുആ ചെയ്യുന്നവര്‍ക്ക്, ഇരുലോകത്തും വലിയ സൌഭാഗ്യങ്ങള്‍ ലഭിക്കും. ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് അല്ലാഹു നമ്മോട് പറയുന്നത്: ഈ രണ്ടുതരം പ്രതിഫലങ്ങളില്‍ ഏതാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന്.
വളരെ ലഘുവായ, പറയാന്‍ വളരെ എളുപ്പമുള്ള, എന്നാലോ, വളരെ വിശാലാര്‍ത്ഥമുള്ള നല്ലൊരു ദുആയാണിത്. രണ്ട് ലോകത്തെയും എല്ലാവിധ നന്മകളും ചോദിക്കുന്ന ദുആ. അതുകൊണ്ടുതന്നെയാണ് തിരുനബി (صلى الله عليه وسلم) യുടെദുആകളിലധികവും ഇത് സ്ഥാനം പിടിച്ചതും (ബുഖാരി, മുസ്‌ലിം).
കഅ്ബ ഥവാഫ് ചെയ്യുക പോലെയുള്ള ഹജ്ജ് കര്‍മങ്ങള്‍ക്കിടയിലും ഈ പ്രാര്‍ത്ഥനക്ക് വളരെ പ്രധാന്യമുണ്ട്.
രോഗിയായി, ആകെ ശരീരം ക്ഷീണിച്ചിരുന്ന ഒരാളെ തിരുനബി (صلى الله عليه وسلم) സന്ദര്‍ശിക്കുകയുണ്ടായി. നീ അല്ലാഹുവിനോട് എന്തെങ്കിലും കാര്യത്തിന് ദുആ ചെയ്തിരുന്നുവോ എന്ന് തിരുനബി (صلى الله عليه وسلم) അദ്ദേഹത്തോട് ചോദിച്ചു. അതിന് മറുപടിയായി 'പരലോകത്ത് എനിക്ക് വല്ല ശിക്ഷയും ഉണ്ടെങ്കില്‍ അത് ഇഹലോകത്തുവെച്ചുതന്നെ നല്‍കേണമേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു' എന്ന് അദ്ദേഹം പറഞ്ഞു.
അത് കേട്ടപ്പോള്‍ തിരുനബി (صلى الله عليه وسلم) പറഞ്ഞത്രേ: സുബ്ഹാനല്ലാഹ്, അത് നിനക്ക് സഹിക്കാന്‍ കഴിയില്ല. اللهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ എന്ന് നിനക്ക് പ്രാര്‍ഥിക്കാമായിരുന്നില്ലേ?
ശേഷം അദ്ദേഹത്തിനു വേണ്ടി തിരുനബി (صلى الله عليه وسلم) പ്രാര്‍ഥിച്ചു, രോഗം ഭേദമാവുകയും ചെയ്തു (മുസ്‌ലിം).
------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment