റമദാനും  സ്നേഹാതുരനായ സത്യവിശ്വാസിയും

പ്രേമികളുടെ മസസ്സിൽ എന്നും  അനുരാഗികളുടെ സ്മരണകൾ  നിറഞ്ഞൊഴുകുകയാണല്ലോ. കാണുന്നതും കേൾക്കുന്നതും അനുരാഗത്തിന് ആക്കം കൂട്ടുന്നു. ഓരോ മൗനവും സ്നേഹ ഗർഭം ചുമക്കാതിരിക്കില്ല. ശരീര ഉടലുകൾ നാഴികൾക്കപ്പുറത്താണെങ്കിലും ഹൃദയബന്ധങ്ങൾ  കണ്ഠനാഡിയെക്കാള്‍ സമീപസ്ഥമായിരിക്കും. ഓരോ മാനസ മന്ത്രങ്ങളും തമ്മിൽ തമ്മിൽ അറിയുന്നുണ്ടവർ. സ്നേഹ കാര്യം പറയുന്നതിൽ ഭേദം മൗനം ദീക്ഷിക്കുന്നതിലാണെന്ന് തോന്നുന്നു.സ്നേഹം നിന്നെ അന്ധനും ബധിരനുമക്കുമെന്ന തിരുവചനത്തിന്റെ സാരം മറ്റൊന്നുമല്ല.അനുഭവഭേദ്യമാകേണ്ട വിശേഷ വർണനകൾക്കതീതമായ വസ്തുതയാണ്  സ്നേഹം. അവരുടെ നിശ്ചിത സംഗമ ദിവസം/മാസമൊന്ന് ആലോചിച്ചു നോക്കൂ. പിന്നീടുള്ള ഓരോ സെക്കണ്ടുകൾ കാത്തിരിപ്പിന്റെ നൊമ്പരത്താൽ പുളകം കൊള്ളലായിരിക്കും. 

ഇനി നമുക്ക് വിശ്വാസിയുടെ പ്രേമഭാജനമായ അല്ലാഹുവിലേക്ക് തിരിച്ചുവരാം. ദൈവ സ്മരണകൾക്ക് കുറവില്ല. ദിനേന അഞ്ചുനേരവും അനുരാഗ സംഭാഷണങ്ങളാണ്. കൂടാതെ, മുഴു സമയം സ്നേഹമന്ത്രോച്ചാരണത്താൽ (ذكر وتسبيح) കഴിയുന്ന അധരവും . എന്നാലും തൃപ്തിയടയാറില്ല. സ്നേഹ ബന്ധങ്ങൾക്കതിരില്ലല്ലോ. ഘടികാരത്തിന്റെ സൂചിയോടാണ്  ഇവർക്ക് വെറുപ്പ്. സമയം നിശ്ചലമായിരുന്നുവെങ്കിൽ പ്രണയിനിയോട് കുറെ നേരം സംസാരിച്ചിരുന്നേനേ. ഇലാഹീ അനുരാഗികളുടെ സംഗമ മാസമാണ് പുണ്യങ്ങൾ പൂത്തിറങ്ങുന്ന പരിശുദ്ധ റമദാൻ . അതോടെ അനുരാഗ സല്ലാപത്തിനായി ഭുവന വാഹനങ്ങൾ അണിഞ്ഞൊരുങ്ങുന്നു. ദൃക്സാക്ഷികളായി മാലാഖർ  നിര നിരയായി നിറഞ്ഞുകവിയുന്നു. സ്വർഗീയ കവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയായി. നരക കവാടങ്ങൾ പൂട്ടി അടക്കപ്പെടുകയായി. സ്നേഹസല്ലാപത്തിന്(عبادة) പ്രതിബന്ധങ്ങളായി വർത്തിക്കുന്ന ചെകുത്താന്മാർ ചങ്ങലകൾകൊണ്ട് ബന്ധിപ്പിക്കപ്പെടുകയായി. സങ്കടക്കണ്ണീരൊലിപ്പിക്കലല്ലാതെ മറ്റു പരിഹാരമില്ലവർക്ക് . മണവാളനെ വരവേൽക്കാനായി അണിയിച്ചൊരുക്കുന്ന ഗൃഹനാഥനെ ഓർക്കാറില്ലേ നിങ്ങൾ. സംഗമനേരം എന്തെല്ലാം വാഗ്ദാനങ്ങളാണ് പുറത്തുവരുന്നത്. ഒരു നന്മയ്ക്ക് പതിന്മടങ്ങ് പ്രതിഫലം. നിർബന്ധ കർമ്മങ്ങൾക്ക് എഴുപതുകളുടെ തോരാമഴയും…. ഇങ്ങനെ നീളുന്നു നിസ്സീമമായ സ്നേഹബന്ധങ്ങളുടെ വാഗ്ദാനങ്ങൾ . നാഥാ നീ അനുഗ്രഹിക്കണേ

Also Read:ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍

ചില സ്നേഹ നേരമ്പോക്കുകൾ :
1- വ്രതം :
സ്നേഹാതുരനായ അനുരാഗി വിഭവങ്ങളൊന്നും രുചിക്കാറില്ല. ആഹരിച്ചാൽ രുചി അനുഭവപ്പെടുകയോ വിശപ്പകലുകയുമില്ല. പിന്നെ കഴിച്ചിട്ടെന്ത് ഫലം. വ്രതം അനുഷ്ഠിക്കലാണ് ഭേദം. പ്രേമഭാജനത്തോടുള്ള  അനുരാഗം തന്നെ രോഗാതുരനാക്കി. അവനോട് സംഗമിക്കുന്നത് വരേ രോഗ ശയ്യയിൽ തന്നെ. ആഹാരമില്ല , അനാവശ്യ സംസാരങ്ങളുമില്ല(قول الزور), അർഥരഹിതമായ പ്രവർത്തനങ്ങളുമില്ല(عمل الزور), വെറും മന്ത്രോച്ചാരണങ്ങളും, പ്രണയിനിയുടെ സംസാരങ്ങൾ  ആവർത്തിച്ചുരുവിടലുകളും(قراءة القرآن) മാത്രം. സന്ധ്യാസമയമടുക്കുമ്പോൾ പ്രണയിനിയെ ഓർമ്മപ്പെടുത്തുമാറുള്ള വാക്കുകൾ കേട്ടൊരാശ്വാസം(الأذان). അതോടെ കുറച്ച് ആഹാരം കഴിക്കലായി. സംഗമ നേരം അടുത്തുവെന്നറിയുമ്പോൾ മനം കുളിർത്തു തുടങ്ങുന്നു. എന്തെന്നില്ലാത്ത ഒരു പ്രതീതി. 

2- നിശാ നമസ്കാരം(قيام الليل)

രോഗങ്ങൾ മെല്ലേ ഭേദമായി തുടങ്ങി. മുമ്പൊന്നുമില്ലാത്ത പുത്തനുണർവും ആവേശവും ഊർജവും. പ്രണയിനിയുമായി സംഗമിക്കുവാനുള്ള നേരം അടുത്തിരിക്കുകയാണ്. അവയവങ്ങൾക്ക് വല്ലാത്ത ആനന്ദം . അംഗസ്നാനം വരുത്തി സുഗന്ധവും പൂശി ശുഭ്രവസ്ത്രവും ധരിച്ച് പ്രണയിനിയുടെ നാമം ഉച്ചരിച്ചു തുടങ്ങി. "അല്ലാഹു അക്ബർ".... പ്രണയം തീവ്രതയിൽ എത്തുന്നു. ഇതര ചരാചര വിചാരങ്ങൾ  അപ്രസക്തമായി. അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തകൾ മാത്രം. പിന്നീട് സംസാരങ്ങളായി(قراءة). നെറ്റിത്തടം വിനയാന്വിതനായി നിലത്ത് വെച്ച് സ്രാഷ്ടാംഗം നമിക്കുമ്പോൾ  പ്രണയനിയെ വാരിപ്പുണർന്ന് ചുംബനങ്ങളർപ്പിക്കുന്ന പ്രതീതി. ഉന്നതനായ  അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തുകയും സ്തുതിക്കുകയുമായി പിന്നെ . അങ്ങനെ ഒരുപാട് നേരം സ്നേഹ സല്ലാപത്തിലായി കഴിച്ചുകൂട്ടുന്നു. ചുരുങ്ങിയ ഇരുപത് റക്അത്തുകൾക്ക് ശേഷം സലാം പറഞ്ഞ് വിരമിക്കുമ്പോൾ മനസ്റ്റ് പിടക്കുന്നു. വേർപാടിന്റെ നൊമ്പരങ്ങൾ എങ്ങും മുഴലിച്ച് നിൽക്കുന്നു. രോഗം പിടിപെട്ടു തുടങ്ങി. പിന്നെ വീണ്ടും  രോഗാതുരമായ മനസ്സിന് ആഹാരപാനീയങ്ങളോട് ഒരരോചകത്വം. വ്രതം, വ്രതം തന്നെ വീണ്ടും . അതിനുള്ള കരുത്തിലായി മുന്നോട്ടുപോകുന്നു(نية الصوم ) . 

3- ഭജനമിരിക്കൽ .(اعتكاف) 

സ്നേഹം അങ്ങനെയാണ്. ചില സമയത്ത് പ്രേമിയുടെ വീട് അന്വേഷിച്ചുള്ള യാത്രയായി . ചുമരുകൾ തൊട്ടും അവരുടെ വീട്ടിലിരുന്നും ആനന്ദം കണ്ടെത്തുന്നു. കാണുന്നവർ വിചാരിക്കാതിരിക്കില്ല "ഇവൻ ഭ്രാന്തനാണെന്ന്". യഥാർത്ഥത്തിൽ, അത് ഭ്രാന്തല്ല , സ്നേഹ സാക്ഷാത്ക്കാരത്തിന്റെ പ്രതിരൂപമാണ്.… 
4- 
ഇനിയുമുണ്ട് സ്നേഹഗീതങ്ങളോതാൻ . പക്ഷേ, പറയാൻ നിവൃത്തിയില്ല. പേനകൾ അശക്തി പ്രകടിപ്പിക്കുന്നു. അങ്ങനെത്തന്നെ, സ്നേഹത്തെ കുറിച്ചെഴുതുമ്പോൾ കടൽ വെള്ളവും വറ്റി പോകാറുണ്ട്.
നാഥാ നീ അനുഗ്രഹിക്കണേ ....

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter