റമദാന്‍ ചിന്തകള്‍ - നവൈതു..19. സദാ ദൈവസ്മരണയിലൂടെയുള്ള ജീവിതം...

ഓരോ നിസ്കാരത്തിലും കൈകള്‍ കെട്ടിയ ശേഷം നാം ഉരുവിടുന്ന ദുആഉല്‍ ഇഫ്തിതാഹിന്റെ ഒരു ഭാഗം ഇങ്ങനെ മനസ്സിലാക്കാം, നിശ്ചയം എന്റെ നിസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവുമെല്ലാം ലോക രക്ഷിതാവായ അല്ലാഹുവിന് വേണ്ടിയുള്ളതാണ്.
 
വിശ്വാസിയുടെ ജീവിതവും അതിലുള്ളതും അവസാനം മരണം പോലും അല്ലാഹുവിന് വേണ്ടിയാണെന്നും അവന്റെ പ്രീതിയിലാവണമെന്നുമാണ് ദിവസവും ഏറ്റവും ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും ഓരോ വിശ്വാസിയും ആവര്‍ത്തിച്ച് പ്രതിജ്ഞ ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ, ജീവിതത്തിന്റെ ഒരു നിമിഷം പോലും അല്ലാഹുവിനല്ലാതെ ഉണ്ടായിക്കൂടാ എന്ന നിര്‍ബന്ധമാണ് വിശ്വാസിക്ക് വേണ്ടത്. 
അത് കൊണ്ട് തന്നെ, ഉണര്‍ന്നത് മുതല്‍ ഉറങ്ങുന്നത് വരെ എന്ന് മാത്രമല്ല, ഉറക്കത്തിനിടയിലെ സ്വപ്നദര്‍ശനത്തില്‍ പോലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടും എല്ലാം അവനിലര്‍പ്പിച്ചുകൊണ്ടും കഴിയാനാവശ്യമായതെല്ലാം ഇസ്‍ലാം അതിന്റെ അനുയായികള്‍ക്ക് സംവിധാനിച്ചിരിക്കുന്നു. സദാ ദൈവചിന്തയിലും അല്ലാഹു എന്ന സ്മരണയിലും നിബദ്ധമായിരിക്കണമെന്നാണ് അതിലൂടെ ലക്ഷീകരിക്കുന്നത്.

Read More: റമദാന്‍ ചിന്തകള്‍ - നവൈതു..18. അരുതായ്മകളോടെല്ലാം ജിഹാദ് തുടരാം..

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വിശ്വാസി ശീലിക്കുകയും പാലിക്കുകയും ചെയ്യേണ്ട ദിക്റുകളുണ്ട്. ഏത് നല്ല കാര്യവും ആരംഭിക്കുമ്പോള്‍, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, തിരിച്ച് വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍, പള്ളിയിലേക്ക് ചെല്ലുമ്പോള്‍, അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോള്‍, വണ്ടിയിലേക്ക് കയറുമ്പോള്‍, പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബാത്റൂമില്‍ പോവുമ്പോള്‍, ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് തിരിച്ചുവരുമ്പോള്‍, നല്ലതോ സങ്കടകരമായതോ ആയ എന്തെങ്കിലും കാഴ്ചകള്‍ കാണുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, പുതിയ വസ്ത്രം ധരിക്കുമ്പോള്‍, സന്തോഷമോ ദുഖമോ ദേഷ്യമോ വരുമ്പോള്‍, മറ്റൊരാളെ കണ്ട് മുട്ടുമ്പോള്‍... അങ്ങനെയങ്ങനെ ജീവിതത്തിന്റെ ഏത് മേഖലയെടുത്താലും അവിടെയെല്ലാം അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടും അവനോട് നന്ദിചെയ്തും കാവല്‍ തേടിയുമാണ് വിശ്വാസിയുടെ ജീവിതം മുന്നോട്ട് പോവേണ്ടത്. ഒരു ദിവസത്തെ സജീവമായ പ്രവൃത്തികളെല്ലാം അവസാനിച്ച് ഉറങ്ങാനായി കിടക്കുമ്പോഴും, എന്റെ നാഥാ, നിന്റെ നാമത്തില്‍ ഞാനിതാ മരിക്കുന്നു, നിന്റെ നാമത്തില്‍ തന്നെ ജീവിക്കുന്നു എന്ന് പറഞ്ഞാണ് തല ചായ്ക്കേണ്ടത് പോലും. 

ഇങ്ങനെയെല്ലാം മുന്നോട്ട് പോകുന്ന ഒരു വിശ്വാസിയുടെ ജീവിതം എത്രമേല്‍ സന്തുലിതവും സമൃദ്ധവുമായിരിക്കും. അവനെ സംബന്ധിച്ചിടത്തോളം, സന്തോഷത്തിലോ ദുഖത്തിലോ ഒന്നിലും പരിധി വിടുക സാധ്യമല്ല. എല്ലാത്തിലും തന്നെ സംരക്ഷിക്കുന്ന, തനിക്ക് ഏറ്റവും ഗുണകരമെന്ന് തന്നേക്കാള്‍ അറിയുന്ന, സദാതന്നെ നിരീക്ഷിക്കുന്ന നാഥനുണ്ടെന്ന ചിന്തയാണ് ഇത് അവന് സമ്മാനിക്കുന്നത്. അത്തരം ജീവിതം ശീലിക്കാനുള്ള അവസരം കൂടിയാവട്ടെ ഈ റമദാന്‍..

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter