സ്റ്റേഡിയത്തിലെ ചെളി പുരണ്ട ഖുർആനായിരുന്നു യൂസുഫ് ഓകിനെ ഇസ്‍ലാമിലെത്തിച്ചത്
"അല്ലാഹു ഉദ്ദേശിച്ചവരെ അവൻ ഇസ്‍ലാമിന്റെ സുന്ദര തീരത്തേക്ക് കൊണ്ട് വരിക തന്നെ ചെയ്യു" എന്ന ഖുർആൻ വാക്യം അന്വർത്ഥമാക്കുന്ന തരത്തിൽ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് ആകസ്മികമായി ഉണ്ടാവുന്ന കാരണങ്ങളിലൂടെ ഇസ്‍ലാം മതം സ്വീകരിക്കുന്ന ഒട്ടനേകം പേരെ നമുക്ക് ദർശിക്കാനവും. അത്തരത്തിൽ ഇസ്‍ലാമിലേക്ക് കടന്ന് വന്ന യൂസുഫ് എന്ന ഇംഗ്ലീഷ് യുവാവിന്റെ ജീവിത കഥയാണ് ഇവിടെ വിവരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് വേണ്ടി ജോലി ചെയ്തിരുന്ന യൂസുഫ് ഓക് എന്ന ചെറുപ്പക്കാരൻ 2007 ലെ ഒരു ദിവസം ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ ചെളി പുരണ്ട ഒരു ഖുർആൻ കോപ്പി കാണാനിടയായി. ആൾക്കഹോളിന്റെയും ആനന്ദത്തിന്റെയും വേദിയായ ഈ സ്റ്റേഡിയത്തിൽ ഈ ഖുർആന്റെ കോപ്പി എങ്ങനെ എത്തിപ്പെട്ടു എന്ന ചോദ്യം അയാളെ വേട്ടയാടാൻ തുടങ്ങി. സ്റ്റേഡിയം വിടാൻ നേരം ആ ചെളി പുരണ്ട ഖുർആൻ അയാൾ കൈയ്യിൽ എടുത്ത് വീട്ടിലേക്ക് കൊണ്ട് പോയി. വീട്ടിലെത്തിയതിന് ശേഷം ചെളി പുരണ്ട വിശുദ്ധ ഗ്രന്ഥം വൃത്തിയാക്കിയത് കണ്ട തന്റെ ഭാര്യ ദേഷ്യത്തോടെ ഒച്ചവെച്ചു. "നമ്മുടെ വീട്ടിൽ ഈ ഗ്രന്ഥം പ്രവേശിപ്പിക്കരുത്. എത്രയും പെട്ടെന്ന് ഇത് പുറത്തേക്കേറിയണം" എന്നാല്‍ അതിനൊരിക്കലും അദ്ദേഹം തയ്യാറായില്ല. "എന്റെ ഭാര്യ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. ഖുർആൻ പുറത്തേക്ക് എറിയാൻ പറഞ്ഞു. എന്നാല്‍ ഒരു മുസ്‍ലിം മത വിശ്വാസിയല്ലാഞ്ഞിട്ട് കൂടി എന്റെ മനസ്സ് അതിനു സമ്മതിച്ചില്ല, അത് പുറത്തേക്ക് എറിയുന്നുവെങ്കിൽ അതിനു മുമ്പ് നീ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരും എന്നായിരുന്നു എന്റെ മറുപടി. ഖുർആനെ സംരക്ഷിക്കാൻ തന്റെ മനസ്സിൽ ആര് തോന്നിച്ചു തന്നു എന്ന് പലപ്പോഴും ഞാൻ അൽഭുതത്തോടെ ആലോചിച്ചിട്ടുണ്ട്" ഇസ്‍ലാം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്.
ഇതിനോട് സമാനമായ രീതിയിൽ തന്നെ മറ്റൊരു സംഭവവും യൂസുഫിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചു. വിനോദ സഞ്ചാരത്തിനായി സ്പെയിനിലെ ഇബീസ എന്ന സ്ഥലത്തേക്ക് യൂസുഫും സുഹൃത്തുക്കളും പോയതായിരുന്നു. അവിടെവെച്ച് രാത്രി "ഏദൻ" എന്ന നിശാക്ലബിലേക്ക് പോവാൻ യൂസുഫ് ഉൾപ്പെടെ എല്ലാവരും തീരുമാനിച്ചിരുന്നു. അതിന് മുന്നിൽ എത്തിയപ്പോൾ നിശാ ക്ലബ്ബിന്റെ ബിൽഡിംഗിന്, മുസ്‍ലിംകളുടെ പള്ളികളുമായി രൂപ സാദൃശ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം അവിടേക്ക് പ്രവേശിക്കാൻ വിസമ്മതിച്ചു. ഈ ഒരു തീരുമാനത്തിൽ ഒപ്പമുള്ള സുഹൃത്തുക്കൾ എല്ലാം അമ്പരന്നു, അയാളും. ഇതിൽ നിന്നെല്ലാം തന്നെ സംരക്ഷിക്കുകയും തന്റെ മനസ്സിന് തീരുമാനങ്ങൾ അറിയിച്ചു തരികയും ചെയ്യുന്ന ശക്തിയെ കുറിച്ച് മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്.
പിന്നീടുള്ള ജീവിതം ആ അജ്ഞാത ശക്തിയെ കുറിച്ച് മനസ്സിലാക്കാനായി അദ്ദേഹം മാറ്റിവെച്ചു. ക്രിസ്ത്യൻ പള്ളിയിലുണ്ടായിരുന്ന പണ്ഡിതന്മാരോട് അദ്ദേഹം തന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങളെല്ലാം ചോദിച്ചു. എന്നാല്‍ തന്നെ സംതൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങൾ അവിടെ നിന്ന് ലഭിച്ചില്ല. പിന്നീട് ഒരിക്കൽ ഒരു മുസ്‍ലിം സുഹൃത്താണ് അദ്ദേഹത്തിന്റെ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ നൽകുന്നത്. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പൂർണ്ണ സംതൃപ്തനായ യൂസുഫ് ഇസ്‍ലാമിന്റെ സുന്ദര തീരത്തേക്ക് കടന്നു വരുന്നത് അങ്ങനെയാണ്.
ഇംഗ്ലണ്ടിലെ ഒരു സഹോദരന്റെ മാത്രം ജീവിത കഥയാണിത്. ബ്രിട്ടനിൽ പ്രതിവർഷം അയ്യായിരത്തിലേറെ പേർ ഇസ്‍ലാമിലേക്ക് കടന്നു വരുന്നുണ്ടെന്നാണ് കണക്ക്.
എല്ലാ മനുഷ്യരുടെയും അടിസ്ഥാനം ഇസ്‍ലാമാണ്. എല്ലാവരും ജനിക്കുന്നത് തന്നെ സുന്ദരമായ പ്രകൃതിയിലാണ്.( کل مولود يولد على الفطرة) പിന്നീട് അവരെ അമുസ്‍ലിമാക്കുന്നതും നിരീശ്വര വാദിയാക്കുന്നതും അവന്റെ രക്ഷിതാക്കളും ജീവിത സാഹചര്യങ്ങളുമാണെന്ന നബി വചനം എത്ര വാസ്തവം!
Leave A Comment