ജോറാം വാൻ ക്ലാവെറിൻ; മുസ്ലിം വിരുദ്ധത മൂലം ഇസ്‍ലാമിലെത്തിയ നെതർലാന്‍റ്  രാഷ്ട്രീയ നേതാവ്

ഇസ്‍ലാം മതം സ്വീകരിച്ച ശേഷമാണ് ഞാൻ ഏറ്റവും സന്തോഷവാനായത്. എല്ലാവരെയും ഇസ്‍ലാമിക തീരത്തേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഇസ്‍ലാം നിങ്ങളുടെ ജീവിതത്തിലേക്ക് സമാധാനവും സംതൃപ്തിയും കൊണ്ടുവരും. ഇസ്‍ലാമാണ് പരമസത്യം. അത് നിങ്ങളുടെ ഹൃദയത്തിലും ആത്മാവിലും ഒരുപോലെ പ്രതിധ്വനിച്ചു കൊണ്ടിരിക്കും, മുസ്‍ലിം വിരുദ്ധതയുടെ വക്താവായിരുന്ന, നെതർലന്‍റ് രാഷ്ട്രീയ നേതാവ് ജോറാം വാൻ ക്ലാവെറിന്‍റെ വാക്കുകളാണിത്. ഇസ്‍ലാമിനെതിരെ ഒരു പുസ്തകം രചിക്കാൻ വേണ്ടി നടത്തിയ പഠനങ്ങളാണ് ജോറാമിനെ സത്യപാതയിലേക്ക് നയിച്ചത്.

നെതർലൻസിലെ ആംസ്റ്റർഡാമിൽ 1979 ജനുവരി ഇരുപത്തി മൂന്നിന് പ്രോട്ടസ്റ്റന്‍റ് ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ജോറാം വാൻ ക്ലാവെറിൻ ജനിക്കുന്നത്. ഒരു ക്രിസ്തു കുടുംബത്തിൽ ജനിച്ചു വളർന്നതിനാൽ തന്നെ, മുസ്‍ലിംകൾ ഭ്രാന്തചിത്തരും ഇസ്‍ലാം അസത്യവുമാണെന്ന മനോഭാവം ജോറാമിന്റെ മനസ്സില്‍ ചെറുപ്പത്തിലേ പതിഞ്ഞിരുന്നു. ഹൈസ്കൂൾ പഠനാനന്തരം, മത താരതമ്യപഠനം പൂർത്തിയാക്കിയ അദ്ദേഹം കുറച്ചുകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ നടന്ന ചില സംഭവ വികാസങ്ങൾ അദ്ദേഹത്തിന്റെ മുസ്‍ലിം വിരോധം ഇരട്ടിക്കാൻ കാരണമായി. അങ്ങനെയാണ് തന്റെ രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിപത്തിനെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തിൽ രാഷ്ട്രീയമായി സജീവമാകാൻ അദ്ദേഹം തീരുമാനമെടുക്കുന്നത്. നെതർലാന്‍റിലെ ഫ്രീഡം പാർട്ടിയുടെ എംപി സ്ഥാനം വരെ അലങ്കരിച്ച അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പോലും കാരണമായത് ഇസ്‍ലാം വിരുദ്ധതയായിരുന്നു എന്നര്‍ത്ഥം.

ഇസ്‍ലാം മതം ലോകത്തിന് അപകടകരമാകുന്നത് എന്തുകൊണ്ടാണ് എന്നത് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് ഒരു പുസ്തകം രചിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പുസ്തക രചനയുടെ തുടക്കമെന്ന രീതിയിൽ ഇസ്‍ലാമിലെയും ക്രിസ്ത്യാനിറ്റിയിലെയും ദൈവിക സങ്കല്പത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തമ്മിൽ ഒരു താരതമ്യ പഠനം നടത്തുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ക്രിസ്ത്യാനിറ്റിയിലെ സംശയാസ്പദമായ ത്രിയേകത്വത്തിനു പകരം ഇസ്‍ലാമിക വിശ്വാസത്തിലെ ഏകദൈവസിദ്ധാന്തം (തൗഹീദ്) അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഇതിലൂടെ ദൈവത്തെക്കുറിച്ചുള്ള ഇസ്‍ലാമിക നിലപാടാണ് കൂടുതൽ യുക്തിപരം എന്ന തോന്നൽ അദ്ദേഹത്തിൽ ഉടലെടക്കുകയും ഇതു സംബന്ധമായ കൂടുതൽ പഠനങ്ങൾ അദ്ദേഹം നടത്തുകയും ചെയ്തു.

നിരന്തരമായി ഒട്ടനേകം പുസ്തകങ്ങൾ വായിക്കുകയും അതിലൂടെ ഇസ്‍ലാമിനെ കൂടുതൽ അടുത്തറിയുകയും ചെയ്തപ്പോൾ ഇസ്‍ലാമിലെ തൗഹീദ് എന്ന ആശയമാണ് യഥാർത്ഥ സത്യം എന്ന തിരിച്ചറിവ് ജോറാമിന് ലഭിച്ചു. അതോടൊപ്പം തനിക്കുണ്ടായിരുന്ന മറ്റു സംശയങ്ങൾ നിവാരണം ചെയ്യാനായി അദ്ദേഹം വ്യത്യസ്ത മുസ്‍ലിം പണ്ഡിതരുമായി ബന്ധപ്പെടുകയും ചെയ്തു. ഇസ്‍ലാമുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന സംശയങ്ങൾക്ക് മറുപടി നൽകിയതും വേണ്ട സഹായ നിർദ്ദേശങ്ങൾ ചെയ്തു തന്നതും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ഡോക്ട്ടർ ഹക്കീം മുറാദ് ആയിരുന്നു എന്ന് ജോറാം പറയുന്നുണ്ട്.

പ്രവാചക ജീവിതത്തെക്കുറിച്ച് ജോറാം നടത്തിയ വ്യത്യസ്ത വായനകളും അദ്ദേഹത്തെ ഏറെ സ്വാധീനിക്കുകയും അദ്ദേഹത്തിലെ മനംമാറ്റങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. മുഹമ്മദ് നബി(സ) തങ്ങളെ കുറിച്ച് ഇസ്‍ലാമിക കാഴ്ചപ്പാടിൽ നിന്ന് രചിക്കപ്പെട്ട രചനകൾ വായിച്ചപ്പോൾ തനിക്കുണ്ടായിരുന്ന ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, മുഹമ്മദ് നബിയെ കുറിച്ച് എഴുതപ്പെട്ട രചനകൾ വായിച്ച് അദ്ദേഹത്തിന്‍റെ അത്ഭുതകരമായ സ്വഭാവ വിശേഷണങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കുക. അവയിൽ മാർട്ടിൻ ലിങ്സിന്‍റെ മുഹമ്മദ്‌ എന്ന പുസ്‌തകം നിങ്ങൾ തീര്‍ച്ചയായും വായിച്ചിരിക്കണം. ഖുർആൻ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ ജീവിതം എന്നത് എത്രമാത്രം സത്യമാണ്. അവിടുത്തെ ജീവിതത്തെ കുറിച്ച് പഠിക്കലാണ് ഇസ്‍ലാമിനെ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം.
നിരന്തര പഠനങ്ങളുടെ ഫലമായി ഇസ്‍ലാമിക വിശ്വാസമാണ് യുക്തിപരമെന്നും മുഹമ്മദ് നബി യഥാർത്ഥ പ്രവാചകനാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടായതോടെ ഇസ്‍ലാമാണ് ശരിയായ മാർഗം എന്ന നിലപാടിലേക്ക് ജോറാം എത്തിച്ചേർന്നു. അതുവഴി അദ്ദേഹം ഇസ്‍ലാം മതം സ്വീകരിക്കുകയും ചെയ്തു. മുസ്‍ലിം ആയതോടെ തനിക്കുണ്ടായിരുന്ന മുഴുവൻ സംശയങ്ങളും തീരുകയും എല്ലാവിധ ഉത്കണ്ഠകളും അപ്രത്യക്ഷമാവുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നുണ്ട്. 

പ്രവാചകജീവിതത്തിന്റെ വായനയാണ് യഥാര്‍ത്ഥത്തില്‍ ജോറാമിനെ മാറ്റിയത് എന്ന് പറയാം. മക്കാവിജയവേളയില്‍, തന്റെ ഉറ്റവരെപോലും നിഷ്ഠൂരമായി വധിക്കുകയും തന്നെയും അനുയായികളെയും ഏറെ പീഢിപ്പിക്കുകയും ചെയ്തവര്‍ക്ക് പോലും, എല്ലാം തന്റെ കീഴിലായ  മക്കാവിജയവേളയില്‍ നിരുപാധികമായി മാപ്പ് നൽകാൻ നബി തങ്ങൾ കാണിച്ച മനസ്സ് തന്നെ വളരെ അത്ഭുതപ്പെടുത്തുകയും ഏറെ സ്വാധീനിക്കുകയും ചെയ്തു എന്ന് ഒരു അഭിമുഖത്തിനിടെ ജോറാം പറയുന്നുണ്ട്. 
ജോറാമിന് ലോകത്തോട് പറയാനുള്ളത് ഇതാണ്, ഇസ്‍ലാമിനെ കുറിച്ചും മുസ്‍ലിംകളെ കുറിച്ചും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം നിങ്ങള്‍ മാറ്റി വെക്കുക. പ്രവാചകരുടെ ജീവിതം പഠിക്കുക, അതാണ് യഥാര്‍ത്ഥ ഇസ്‍ലാം. എന്നിട്ട് നിങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുക. നിങ്ങളും ഈ വഴി കടന്നുവരാതിരിക്കില്ല, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter