ജാമിഅ നൂരിയ്യ  ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക്  സമാപനം 

ജാമിഅ നൂരിയ്യ അറബിയ്യയുടെ ഒരുവർഷം നീണ്ടുനിന്ന ഡയമണ്ട് ജൂബിലി  ആഘോഷങ്ങളുടെ സമാപനം പ്രൗഢോജ്ജ്വലമായി. 58-ാം സനദ് ദാന സമ്മേളനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് സമാപനംകുറിച്ചത്.

സമാപനസമ്മേളനം യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി ഉദ്ഘാടനംചെയ്തു. ഇസ്‌ലാം സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതര മതവിഭാഗങ്ങളോട് സഹിഷ്ണുതയിലും ഐക്യത്തിലും ജീവിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മതസൗഹാർദത്തിന് യു.എ.ഇ. വലിയ സ്ഥാനമാണ് നൽകുന്നത്. എല്ലാ മതവിഭാഗങ്ങളും തികഞ്ഞ സഹിഷ്ണുതയിലാണ് അവിടെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിച്ചു. ശാസ്ത്രമാണ് എല്ലാറ്റിലും വലുതെന്ന വിശ്വാസം പാടില്ലെന്നും എന്നാൽ അതിനെ നിരാകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം പ്രകൃതിജീവിതത്തിന്റെ ഭാഗമാണെന്നത് ശരിയാണ്. അത് പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും മനുഷ്യജീവിതത്തെ എളുപ്പമാക്കുന്നതിന്റെയും ഭാഗമാണ്. ശാസ്ത്രം എല്ലാറ്റിന്റെയും അജയ്യമായ ഒന്നാണെന്ന് വിശ്വസിക്കേണ്ടതില്ല. പ്രകൃതിയെ മറികടക്കാൻ പലപ്പോഴും ശാസ്ത്രത്തിന് സാധിക്കാറില്ല. ഖുർആനിന്റെ പല ദർശനങ്ങളും പരാമർശങ്ങളും വിവിധ ശാസ്ത്രശാഖകൾക്ക് വഴികാട്ടിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷതവഹിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ശൈഖ് ഹസൻ ഈദ് ബുഖമ്മസ് മുഖ്യാതിഥിയായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാന പ്രസംഗം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി അതിഥികൾക്ക് ഉപഹാരം സമ്മാനിച്ചു. എം.ടി. അബ്ദുല്ല മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

അബ്ബാസലി ശിഹാബ് തങ്ങൾ, കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കൊയ്യോട് ഉമർ മുസ്‌ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൾഹമീദ് ഫൈസി അമ്പലക്കടവ്, ഉമർ ഫൈസി മുക്കം, മാണിയൂർ അഹ്‌മദ് മുസ്‌ലിയാർ, നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, റഷീദ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.എൽ.എ.മാരായ ആബിദ്ഹുസൈൻ തങ്ങൾ, പി. അബ്ദുൽഹമീദ്, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹിം, അഡ്വ. യു.എ. ലത്തീഫ് എന്നിവരും നഈമലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ എന്നിവരും പ്രസംഗിച്ചു.

അഞ്ചുദിവസങ്ങളിലായി നടന്നുവന്ന സമ്മേളനപരിപാടികളിൽ പ്രമുഖ വ്യക്തിത്വങ്ങളും വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും മതപണ്ഡിതരും സംബന്ധിച്ചു. ഞായറാഴ്‌ച ഖുതബാഅ, കന്നഡ സംഗമം, അനുഭവസാക്ഷ്യങ്ങൾ, അറബിക് സെഷൻ എന്നിവയ്ക്കുശേഷം മൂന്നോടെ ജനറൽബോഡി, സ്ഥാനവസ്ത്രവിതരണം എന്നിവ നടന്നു. പി.എം.എസ്.എ. പൂക്കോയ തങ്ങൾ നഗരി വൈകുന്നേരം അഞ്ചിനു മുൻപുതന്നെ നിറഞ്ഞുകവിഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത മഗ്‌രിബ് നമസ്‌കാരം നടന്നു. തുടർന്ന് ഫൈസി ബിരുദം പൂർത്തിയാക്കി ഈ വർഷം മതപ്രബോധന വീഥിയിലേക്കിറങ്ങുന്ന 377 ഫൈസിമാർ സദസ്സിന്‍റെ മുൻവശത്തായി പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലെത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter