ഭൂകമ്പങ്ങളും പ്രശ്ന കലുശിതമായ ഇസ്റാഈലും
ലോകത്തെ ഒന്നടങ്കം സങ്കട കണ്ണീരിലായ്തിയ ദിവസങ്ങളാണ് ഈ ആഴ്ച്ച കടന്നു പോയത്. തുർക്കയയിലും സിറിയയിലും ഉണ്ടായ തീവ്ര ഭൂചലനം കണ്ണീർ കാഴ്ച്ചകളാണ് ബാക്കി വെച്ചത്. മരണ സംഖ്യ 34,000 പിന്നിട്ടിരിക്കുകയാണ്. അതേസമയം, ആഭ്യന്തര പ്രശ്നങ്ങളില്‍ പെട്ടുഴലുകയാണ് ഫലസ്തീനിലെ അധിനിവേശ ശക്തികളായ ഇസ്രായേല്‍. സെമിറ്റിക് വിരുദ്ധത ആരോപിക്കപേട്ട് വിദേശകാര്യ കമ്മിറ്റിയിൽ നിന്നും അമേരിക്കയിലെ മുസ്ലിം പ്രതിനിധിയായ ഇൽഹാൻ ഒമർ പുറത്താക്കപ്പെട്ടതും അമേരിക്കൻ മധ്യസ്ഥതയിൽ ഇസ്രായേൽ ആവിഷ്കരിച്ച അബ്രഹാം കരാറിന്റെ വല വീശലിൽ കൂടുതൽ രാജ്യങ്ങൾ അകപ്പെട്ടു കൊണ്ടിരിക്കുന്നതുമാണ്, ഈ ആഴ്ചയിലെ മുസ്‍ലിം ലോകത്തെ എടുത്തു പറയേണ്ട സംഭവങ്ങൾ. അവയിലൂടെ ഒന്ന് കണ്ണോടിക്കാം.
ഇസ്രായേലി സമരവും ജനാധിപത്യവും
കഴിഞ്ഞ ഒരാഴ്ചയോളം പതിനായിരക്കണക്കിന് ഇസ്രായേലികൾ തെൽ അവീവിലെയും മറ്റ് നഗരങ്ങളിലെയും തെരുവുകളിലിറങ്ങി തങ്ങളുടെ രാജ്യത്തിന്റെ ജനാധിപത്യ തകർച്ചക്കെതിരെ വലിയ രീതിയിൽ പ്രതിഷേധിക്കുകയുണ്ടായി. ഇസ്റാഈല്‍ അസംബ്ലിയായ നെസെറ്റ് പാസാക്കിയാൽ ഇസ്രായേൽ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കാൻ കെല്പുള്ള, ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ പ്രഖ്യാപിച്ച നിയമനിർമ്മാണമാണ് പ്രകടനങ്ങൾക്ക് കാരണമായത്. അഴിമതിയാരോപണത്തിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രിയുടെ ജുഡീഷ്യറിയെ നിയന്ത്രിക്കാനും ജയിൽവാസം ഒഴിവാക്കാനുമുള്ള ശ്രമമായാണ് പലരും ഈ നീക്കത്തെ കാണുന്നത്. പ്രതിഷേധങ്ങളിലെ പ്രമുഖ പ്രതിപാദ്യ വിഷയവും നീതിന്യായ വ്യവസ്ഥയുടെ തകർച്ച തന്നെയാണ്.
"പ്രോ-ജനാധിപത്യ" പ്രതിഷേധങ്ങളിൽ ആരാണ് പങ്കെടുത്തതെന്ന് പരിശോധിക്കപ്പെടുമ്പോൾ, ജൂത അധീശത്വം ഉറപ്പാക്കിയിട്ടുള്ള കപട ജനാധിപത്യമാണ് അതെന്നും യഥാര്‍ത്ഥ ജനാധിപത്യമല്ല പ്രതിഷേധക്കാരുടെ ആവശ്യം എന്നും ആര്‍ക്കും മനസ്സിലാവും. 2014ൽ ഗാസയ്‌ക്കെതിരായ യുദ്ധത്തിൽ യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെട്ട മുൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയായ ബെന്നി ഗാന്റ്‌സും മുൻ വിദേശകാര്യ മന്ത്രി ടിസിപി ലിവ്‌നിയും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടെന്നത് തന്നെ ഇതിന് തെളിവാണ്. ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രതിഷേധമെന്നതിനേക്കാളും ഭരണകൂട പ്രതിഷേധം എന്ന നിലയിൽ മാത്രമേ ഇതിനെ കാണേണ്ടതുള്ളു.
ഇൽഹാൻ ഉമറും ഇസ്രായേൽ വിമർശനവും
അമേരിക്കൻ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കീഴിൽ കൊണ്ടുവന്ന പ്രത്യേക പ്രമേയത്തിൽ റിപ്പബ്ലിക്കൻ പ്രതിനിധികളുടെയും ഡെമോക്രാറ്റിക്കുകളിലെ ചില പ്രതിനിധികളുടെയും പിന്തുണയോടെ അമേരിക്കൻ ഹൗസിലെ വിദേശകാര്യകമ്മിറ്റിയിൽ നിന്ന് മിനസോട്ടയിലെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഇൽഹാൻ ഉമർ ഫെബ്രുവരി രണ്ടാം തീയതി സെമിറ്റിക്ക് വിരുദ്ധത ആരോപിക്കപ്പെട്ട് പുറത്താക്കപ്പെടുകയുണ്ടായി. സോമാലിയയിൽ ജനിക്കുകയും പിന്നീട് ആഭ്യന്തര കലഹങ്ങൾ മൂലം അമേരിക്കയിലേക്ക് കുടിയേറി പാർക്കുകയും ചെയ്ത വനിതയാണ് ഇൽഹാൻ ഉമർ.
അമേരിക്കയുടെ ഇസ്രായേൽ പലസ്ഥീൻ വിദേശ നയത്തിന്റെ കടുത്ത വിമർശകയാണ് നിലവിൽ അമേരിക്കൻ ജനസഭയിലെ രണ്ട് മുസ്‍ലിം പ്രതിനിധികളിൽ ഒരാളാ ഇൽഹാൻ ഉമർ. ഇസ്രയേൽ അനുകൂല ലോബികളുടെ സാമ്പത്തിക സഹായങ്ങളാണ് പച്ചയായ മനുഷ്യാവകാശ വിരുദ്ധ തെളിവുകൾ ഉണ്ടായിട്ടും ഇസ്രായേലിനെ പ്രതിരോധിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നതെന്ന അർത്ഥത്തിലുള്ള ട്വീറ്റിൽ ആണ് ഇൽഹാൻ ഉമറിനെതിരെ സെമിറ്റിക്ക് വിരുദ്ധത ആരോപിക്കപ്പെടുന്നതും അന്വേഷണത്തിന് വിധേയമാക്കുന്നതും.
പിന്നീട് ഇതിനെ തുടർന്നുള്ള ട്വീറ്റുകളിലായി, ദശലക്ഷങ്ങൾ ചെലവഴിച്ച്, ഇസ്രായേൽ അനുകൂല നിലപാടിലേക്ക് അമേരിക്കൻ ജനപ്രതിനിധികളെ സ്വാധീനിച്ച് നിയമനിർമ്മാണങ്ങളെ വരെ വഴിവിട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രമുഖ സംഘടനയായ AIPAC (അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫേയ്‌സ് കമ്മിറ്റി ) യെ പ്രത്യേകം എടുത്തു പറഞ്ഞു വിമർശിച്ചതോടെ, നാൻസി പേലോസി അടക്കമുള്ള ഡെമോക്രറ്റിക് പാർട്ടി നേതാക്കൾ അടക്കം ഇൽഹാൻ ഉമറിനു മേൽ സെമിറ്റിക്ക് വിരുദ്ധത ആരോപിച്ചു മുന്നോട്ടു വരികയായിരുന്നു. അമേരിക്കയുടെ ഇസ്രായേൽ വിദേശ നയത്തെ വിമർശിക്കുന്നവർ ആരായാലും ആരുടേയും പിന്തുണ ലഭിക്കില്ലെന്ന് സാരം. മറുവശത്താകട്ടെ ഓരോ ഇസ്രായേൽ വിമർശനങ്ങളും സെമിറ്റിക് വിരുദ്ധതയായി നിർബാധം വ്യാഖ്യാനിക്കപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
വിശാലമാകുന്ന എബ്രഹാം കരാർ
വ്യാഴാഴ്ച ഇസ്രായേൽ വിദേശകാര്യ മന്ത്രി ഹെലി കോഹൻ സുഡാനിലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക സന്ദർശനത്തിനിടെ, മിലിറ്ററി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായി ഖര്‍തൂമില്‍ കൂടിക്കാഴ്ച നടത്തുകയും സുഡാനും ഇസ്രായേലും തമ്മിലുള്ള സമാധാന ഉടമ്പടി തുടരാന്‍ ധാരണയിലെത്തുകയുമുണ്ടായി.'ഈജിപ്തിന് താഴെയായി സ്ഥിതി ചെയ്യുന്ന സുഡാന്‍, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം സൈനികമായി ഏറെ തന്ത്രപ്രധാനമാണ്. ഖർത്തൂമുമായുള്ള ബന്ധം സാധാരണമാക്കുന്നത് ഇസ്രായേലിന് നയതന്ത്രപരമായ വലിയ മുൻതൂക്കമാണ് നൽകുന്നത്. 2021 ജനുവരിയിൽ, "ഭീകരവാദത്തിന്റെ സ്‌റ്റേറ്റ് സ്‌പോൺസർമാരുടെ" പട്ടികയിൽ നിന്ന് സുഡാനെ നീക്കം ചെയ്യുന്നതിന് സുഡാനു മുന്നിൽ അമേരിക്ക വെച്ച നിബന്ധനയായിരുന്നു അബ്രഹാം കരാറിൽ ഒപ്പുവെക്കുക എന്നുള്ളത്.
സുഡാനിൽ ദീർഘകാലം ഭരണാധികാരിയായിരുന്ന ഒമർ അൽ ബഷീറിനെ പുറത്താക്കിയതിനെത്തുടർനുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥക്കിടയിൽ 2021 ഒക്ടോബറിൽ നടന്ന സൈനിക അട്ടിമറി രാജ്യത്തിന്റെ ജനാധിപത്യ പരിവർത്തനത്തെ തകിടം മറിക്കുകയും രാഷ്ട്രീയ അരാജകത്വത്തിലേക്ക് സുഡാനെ നയിക്കുകയുമുണ്ടായി. സുഡാനിലെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്, രാജ്യം സായുധ സേനകൾ തമ്മിലുള്ള മത്സരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഇസ്രായേലുമായുള്ള 1976-ലെ യുദ്ധത്തിലെ പരാജയത്തിന് ശേഷം സുഡാൻ-അറബ് നേതാക്കൾ ഖാർത്തൂമിൽ ഒത്തുകൂടി ഇസ്രായേലിനെതിരെ സ്വീകരിച്ച ശക്തമായ സമീപനമായിരുന്നു "ത്രീ നോസ്" (3 NOs) എന്ന നാമത്തിലറിയപ്പെടുന്ന പ്രഖ്യാപനം. പ്രഖ്യാപനത്തിൽ പറയുന്നതിങ്ങനെ, ഇസ്രായേലുമായി സമാധാനമില്ല (No peace), ഇസ്രായേലിനെ അംഗീകരിക്കില്ല (No recognition), ഇസ്രായേലുമായി ചർച്ചകളില്ല (No discussion). എന്നാൽ അബ്രഹാം കരാറിൽ പുതിയ സുഡാനി സൈനിക നേതാക്കൾ ഒപ്പുവെച്ചതോടു കൂടി 1976-ലെ പ്രഖ്യാപനമാണ് കാറ്റില്‍ പറത്തപ്പെടുന്നത്, അതും ആ പ്രഖ്യാനത്തിന് വേദിയായ സുഡാനിന്റെ മണ്ണില്‍ തന്നെ.
കരാർ യാഥാർത്ഥ്യമാകുന്നതോടെ, ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന നാലാമത്തെ രാജ്യമായി സുഡാന്‍ മാറും. യുഎഇ, മൊറോക്കോ, ബഹ്‌റൈൻ എന്നിവയാണ് ഇത് വരെ കരാറില്‍ ഒപ്പ് വെച്ച മറ്റു രാജ്യങ്ങള്‍. ഇസ്‍റാഈലിനെ രാഷ്ട്രമായി അംഗീകരിക്കുകയും അവരുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം സാധാരണഗതിയിലാക്കുകയും ചെയ്യുക എന്നതാണ്, അമേരിക്കയുടെ മധ്യസ്ഥതയില്‍ 2020ല്‍ കൊണ്ട് വന്ന അബ്രഹാം കരാറിന്റെ പ്രധാന ലക്ഷ്യം.
കണ്ണീർ കാഴ്ച്ചയാകുന്ന തുർക്കിയയും സിറിയയും
തുർക്കിയയിലും സിറിയയിലുമായി സംഹാരതാണ്ഡവമാടിയ തീവ്ര ഭൂചലനം കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ലോകത്തിനു സമ്മാനിച്ചത്. ഇന്ത്യയടക്കം ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളിലായി രണ്ട് ലക്ഷത്തിലേറെ പേര്‍ രക്ഷാ ദൗത്യവുമായി രംഗത്തുണ്ട്. തുർക്കിയയിൽ മരണസംഖ്യ മുപ്പതിനായിരവും സിറിയയിൽ നാലായിരവും പിന്നിട്ടിരിക്കുന്നു. ഇനിയും നിരവധിപ്പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്.
ഭരണകൂടവും വിമതരും തമ്മിലുള്ള സിറിയയിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ രക്ഷാ ദൗത്യം അതീവ ദുഷ്കരമായി തുടരുകയാണ്. അതോടൊപ്പം തന്നെ തുർക്കിയയിലെയും സിറിയയിലെയും അതിശൈത്യവും രക്ഷാ ദൗത്യങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഭൂകമ്പം ഉണ്ടായി ഏഴ് ദിവസം പിന്നിടുന്നതിനാൽ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകളും മങ്ങുകയാണ്.
ചരിത്രത്തിൽ മുമ്പും പല തവണകളിലായി അതിതീവ്ര ഭൂചലനങ്ങൾക്ക് തുർക്കിയ സാക്ഷിയായിട്ടുണ്ട്. ഇതിനു മുമ്പ് മുപ്പതിനായിരത്തോളം പേരുടെ മരണത്തിനിടയായ അതി തീവ്ര ഭൂചലനങ്ങൾ 1939-ലും 1999-ലുമായി തുർക്കിയിൽ നാശം വിതച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്ത ടെക്റ്റോണിക് പ്ലേറ്റുകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നതാണ് ഭൂകമ്പത്തിനുള്ള തുർക്കിയയുടെ ഉയർന്ന പ്രവണതയ്ക്ക് കാരണം. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂഭാഗങ്ങൾ പരസ്പരം കൂട്ടി ഇടിക്കുകയും സമ്മർദ്ദത്തിന്റെ ഫലമായി ഭൂചലനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. തുർക്കിയയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് അനറ്റോലിയൻ ടെക്റ്റോണിക് പ്ലേറ്റിലാണ്. ഒരു ഭാഗം യുറേഷ്യൻ, ആഫ്രിക്കൻ പ്ലേറ്റുകൾക്കും മറു ഭാഗം അറേബ്യൻ പ്ലേറ്റിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
തുർക്കിയയിലെയും സിറിയയിലെയും ഭൂചലന ബാധിത പ്രദേശങ്ങളിൽ സഹായം എത്തിക്കുന്നതിനായി ലോകം ഒന്നടങ്കം കൈകോർക്കുകയാണ്. അവരുടെ സങ്കടത്തിൽ പ്രാർത്ഥനയിലൂടെയും സഹായങ്ങളിലൂടെയും നമുക്കും പങ്ക് ചേരാം.
Leave A Comment