ലിയു ഷി: ചൈനീസ് ഇസ്‍ലാമിന്റെ പതാകവാഹകനായ പണ്ഡിതൻ

കിഴക്കൻ തുർക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഉയ്ഗൂർ മുസ്‌ലിം ന്യൂനപക്ഷങ്ങളോട് ചെയ്യുന്ന പീഢനങ്ങളിലൂടെയാണ് ഇന്ന് ചൈനയെ മുസ്‍ലിം ലോകം കാണുന്നത്. എന്നാല്‍ അതേ സമയം, ചൈനക്ക് ഇസ്‌ലാം മതവുമായി ചരിത്രപരമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നതാണ് വസ്തുത. എഡി 651-ൽ ടാങ് ചക്രവർത്തി ഗാവോസോങ് ഔദ്യോഗികമായി മുസ്‍ലിംകളെ സിയാൻ നഗരത്തിൽ സ്വതന്ത്രമായി ആരാധനാകർമങ്ങൾ നിർവഹിക്കാൻ അനുവദിച്ചതുമുതൽ, ഏകദേശം 1,300 വർഷത്തിലേറെയായി ഇസ്‍ലാം ചൈനയിൽ നിലവിലുണ്ട്.

ചൈനയിലെ ഇസ്‌ലാമിന്റെ ഈ നീണ്ട സാന്നിധ്യത്തിന്റെ ഫലമാണ് വംശീയ ന്യൂനപക്ഷമായ ഹുയി മുസ്‌ലിംകൾ. ഹുയി മുസ്‌ലിംകൾ ഇന്ന് പ്രധാനമായും ചൈനയുടെ പടിഞ്ഞാറൻ മേഖലയിലും സിൻജിയാങ്, നിംഗ്‌സിയ, ഗാൻസു, ക്വിൻഹായ്, ഹെനാൻ, ഹെബെയ്, ഷാൻഡോംഗ്, യുനാൻ എന്നീ പ്രവിശ്യകളിലുമാണ് താമസിക്കുന്നത്. 7 മുതൽ 13-ആം നൂറ്റാണ്ടുവരെ മുസ്‍ലിം പേർഷ്യയിലും മധ്യേഷ്യയിലും നിന്നുള്ള വ്യാപാരികൾ, കരകൗശല വിദഗ്ധർ, പണ്ഡിതന്മാർ, സൈനികർ എന്നിവരുടെ പൂർവ്വികരിൽ നിന്നാണ് ഹൂയി മുസ്‌ലിംകൾ വന്നത്.

1368 മുതൽ 1644 വരെയുള്ള മിംഗ് രാജവംശത്തിന്റെ കാലത്താണ് ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന മംഗോളിയൻ ഭരണത്തിന് ശേഷം ചൈനയിലേക്ക് തദ്ദേശീയ ഭരണം തിരിച്ചെത്തിയത്. മിംഗ് രാജവംശത്തിന്റെ തുടക്കത്തിൽ, അതിന്റെ ആദ്യകാല ഭരണാധികാരികളിൽ പലരും ചൈനയിലെ മുസ്‍ലിംകളെ ഭയപ്പെട്ടു. മുസ്‍ലിംകൾ വിദേശികളാണെന്നും  അവർ സാമ്രാജ്യത്തിൽ നിന്ന് നാടുകടത്തപ്പെട്ട മംഗോളിയരുമായി സഹകരിച്ചു എന്നും ഭരണാധികാരികൾ വിശ്വസിച്ചു. ചൈനയിലെ മുസ്‌ലിംകൾ വിദേശ സഹകാരികളാണെന്ന ഈ ഭയം തടയാൻ, മിംഗ് ഭരണാധികാരികൾ സ്വാംശീകരണ നയം ആരംഭിക്കുകയും ഹൂയി മുസ്‌ലിംകളെ ചൈനീസ് ഭാഷയും സംസ്കാരവും വേഗത്തിൽ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും (നിർബന്ധിക്കുകയും) ചെയ്തു.

അയൽരാജ്യമായ മധ്യേഷ്യയിലെയും പേർഷ്യയിലെയും ഇസ്‌ലാമിക ലോകവുമായുള്ള സമ്പർക്കത്തിൽ നിന്ന് ചൈനയിലെ മുസ്‌ലിംകളെ വിച്ഛേദിക്കുന്നതിലേക്ക് പോലും ഈ ദേശീയതയുടെ രൂപം വ്യാപിച്ചു. ഇത് പിന്നീട് നിരവധി ചൈനീസ് ഹുയി മുസ്‌ലിം പണ്ഡിതന്മാരും അക്കാദമിക് വിദഗ്ധരും ഇസ്‌ലാം പ്രചരിപ്പിക്കുവാനായി മെച്ചപ്പെട്ട കൺഫ്യൂഷ്യൻ വിദ്യാഭ്യാസത്തിന്റെ സഹായം തേടുന്നതിലേക്ക് നയിച്ചു.

കൺഫ്യൂഷ്യന്‍ സംവിധാവുമായുള്ള ഇസ്‌ലാമിക ചിന്തകളുടെ ഈ ആകർഷകമായ ഇഴചേരൽ കാരണം ചൈനയ്ക്കുള്ളിൽ ഇസ്‌ലാമിന്  ഏറെ നേടാൻ സാധിച്ചു. ഇതിലൂടെ ഹാൻ കിതാബ് എന്ന ഗ്രന്ഥം പിറന്നു. ചൈനീസ് മുസ്‍ലിംകളുടെ കൃതികളുടെ ശേഖരമാണ് ഹാൻ കിതാബ്. ഹാൻ കിതാബിന്റെ ഏറ്റവും പ്രശസ്തരായ പണ്ഡിതന്മാരിൽ ഒരാളും ഹാൻ കിതാബിലേക്ക് പ്രധാന സംഭാവന നൽകിയവരുമായ ലിയു ഷി, പിന്നീട് ചൈനയിലെ ഏറ്റവും പ്രശസ്തരായ മുസ്‍ലിം ചിന്തകരിൽ ഒരാളായി അറിയപ്പെട്ടു.

1660-ൽ ജനിച്ച ലിയു ഷിയുടെ വേര് ഹനഫി മദ്ഹബുകാരും സൂഫി പശ്ചാത്തലമുള്ളവരുമായ ഒരു മുസ്‍ലിം കുടുംബത്തിലേക്കാണ് എത്തിച്ചേരുന്നത്. 1600-കളിലെ പല ഹുയി മുസ്‍ലിംകളിലും സൂഫിസം, പ്രത്യേകിച്ച് സൂഫി ഇസ്‍ലാമിന്റെ ഖാദിരി, നഖ്ശബന്ദി, കുബ്റവി ശാഖകൾ സ്വാധീനം ചെലുത്തിയിരുന്നു. ആദ്യം തന്റെ പിതാവായ ലിയു സാൻജിയിൽ നിന്ന് മതപരമായ വിദ്യാഭ്യാസം നേടിയ ലിയു, പിന്നീട് 12-ാം വയസ്സിൽ നാൻജിംഗ് നഗരത്തിലെ ഗാർഡൻ ഓഫ് മിലിട്ടറി സ്റ്റഡീസ് മോസ്‌കുകളിൽ നിന്നും വേദഗ്രന്ഥങ്ങൾ പഠിച്ചു. 15 വയസ്സ് മുതൽ, ലിയു ഷി വീട്ടിൽ നിന്ന് പഠനം തുടർന്നു. അടുത്ത ഒന്നര ദശകത്തിൽ അദ്ദേഹം കൺഫ്യൂഷ്യനിസം, ബുദ്ധമതം, ദാവോയിസം, ഇസ്‍ലാം എന്നിവയുടെ പഠനങ്ങളിൽ മുഴുകി.

നാൻജിംഗിൽ ആയിരിക്കുമ്പോൾ തന്നെ ഏകദേശം 30 വയസ്സ് മുതൽ, അടുത്ത 20 വർഷത്തേക്ക് ലിയു ഇസ്‍ലാമിക ഗ്രന്ഥങ്ങളും ആത്മീയതയും ആഴത്തിൽ  പഠിച്ചതായി പറയപ്പെടുന്നു. ഈ സമയത്ത് അദ്ദേഹം അറബിയിൽ നന്നായി സംസാരിക്കുകയും 1720-കൾ വരെ തന്റെ ശ്രദ്ധേയമായ നിരവധി കൃതികൾ രചിക്കുകയും ചെയ്തു. ഇസ്‍ലാമിനെ ആഴത്തിൽ മനസ്സിലാക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി അദ്ദേഹത്തിന്റെ രചനകൾ ഹാൻ കിതാബിന്റെ ഭാഗമായി.

ടിയാൻഫാങ് ഷിംഗ്ലി (ഇസ്‍ലാമിന്റെ തത്വങ്ങൾ, 1704), ടിയാൻഫാങ് ഡിയാൻലി (ഇസ്‍ലാമിക നിയമങ്ങളും അവകാശങ്ങളും, 1710), ടിയാൻഫാങ് ഷിഷെങ് ഷിലു (ഇസ്‍ലാം പ്രവാചകന്റെ രേഖ, 1724) എന്നീ കൃതികളാണ് കൺഫ്യൂഷ്യനിസ്റ്റ് ചൈനയിലെ ഇസ്‍ലാമിന്റെ ആധികാരിക ശബ്ദങ്ങളിലൊന്നായി ലിയുവിനെ ഉറപ്പിച്ചത്.

ഇന്ന് ഏറ്റവും വലിയ ചൈനീസ് പണ്ഡിതന്മാരിൽ ഒരാളായി ലിയു ഷി  അംഗീകരിക്കപ്പെടുന്നു. ഇസ്‍ലാമിന്റെ സൗന്ദര്യര്യത്തെ അദ്ദേഹം ചൈനീസ് പാരമ്പര്യവുമായി സമന്വയിപ്പിക്കുകയും സീനോ- ഇസ്ലാ മിക്  ബൌദ്ധികതയെ ജനകീയമാക്കുകയും ചെയ്തു. 

1739-ൽ രാജവംശത്തിന്റെ കാലത്താണ് ലിയു അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം, നിരവധി ഹുയി മുസ്‍ലിംകള്‍ അദ്ദേഹത്തെ “വലിയ്യ്" എന്നാണ് വിളിച്ചിരുന്നത്. ചൈനയിലുടനീളമുള്ള മുസ്‌ലിംകൾക്ക് ആഴത്തിലുള്ള ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നാൻജിയാങ്ങിന്റെ തെക്കൻ ഗേറ്റിന് പുറത്താണ് അദ്ദേഹത്തിന്റെ മഖ്ബറ.

ചൈന ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യത്തിന് കീഴിലാണെങ്കിലും ഇസ്‍ലാമുമായുള്ള അതിൻറെ ബന്ധം ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രങ്ങളിലൊന്നായി ചൈനയെ മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter