കെ. കെ അബൂബക്കര്‍ ഹസ്രത്ത്
കെ. കെ അബൂബക്കര്‍ ഹസ്രത്ത്
പ്രസിഡണ്ട് സ്ഥാനമലങ്കരിച്ച കാലാവധി (1993 - 95)
അഗാധജ്ഞാനം കൊണ്ട് മുസ്‌ലിം കേരളത്തില്‍ ജ്വലിച്ച് നിന്ന പണ്ഡിത പ്രതിഭയാണ് കെ.കെ ഹസ്രത്ത്. എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ദ്വീപിലെ എടവനക്കാട് കുരുടന്‍ പറമ്പില്‍ കുഞ്ഞിമുഹമ്മദ്-ആയിശുമ്മ ദമ്പതികളുടെ പുത്രനാണ് മഹാന്‍. ഹിജ്‌റ 1348 (1929 ഫെബ്രുവരി 20) ആലുവക്കടുത്ത എടവനക്കാടാണ് മഹാന്റെ ജനനം.
കാന്തപുരം ജുമുഅത്ത് പള്ളി, ഇസ്‌ലാഹുല്‍ ഉലൂം താനൂര്‍, വെല്ലൂര്‍ ബാഖിയാത്ത്, പടന്ന ദര്‍സ്, ആലത്തൂര്‍പടി ദര്‍സ് എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. പൊട്ടിച്ചിറ അന്‍വരിയ്യ, കായല്‍പട്ടണം മഹ്‌ളറത്തുല്‍ ഖാദിരിയ്യ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാള്‍ ആയിരുന്നു. 1977 ല്‍ ജാമിഅ നൂരിയ്യയിലെത്തി 1987 ല്‍ കോട്ടുമല ഉസ്താദിന്റെ വഫാത്തിനെ തുടര്‍ന്ന് പ്രിന്‍സിപ്പളായി ചുമതലയേറ്റു.
3-11-1957 ന് ചേര്‍ന്ന മുശാവറ യോഗം മര്‍ഹൂം പറവണ്ണയുടെ നിര്യാണം മൂലം വന്ന ഒഴിവില്‍ മുശാവറ അംഗമായി കെ.കെ ഹസ്രത്തിനെ തിരഞ്ഞെടുത്തു. സമസ്ത മുശാവറ വിദ്യാഭ്യാസ ബോര്‍ഡ്, പരീക്ഷാ ബോര്‍ഡ്, സമസ്ത ഫത്‌വ കമ്മിറ്റി മുതലായ സമിതികളില്‍ അംഗമായിരുന്നു. 1971 മെയ് 15 മുതല്‍ മരിക്കുന്നത് വരെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ടായിരുന്നു. മുഅല്ലിം ക്ഷേമനിധി ചെയര്‍മാനായിരുന്ന മഹാന്‍ ഈ പദ്ധതിയെ ചടുലമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ഗള്‍ഫ് യാത്രകള്‍ ഇതിന് ഏറെ സഹായകമായിട്ടുണ്ട്.
ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ വഫാത്തിന് ശേഷം 1978 മുതല്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹസ്രത്തായിരുന്നു. ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് വികസിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്.
സാഹിത്യ പ്രവര്‍ത്തനത്തിലും മഹാന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അല്‍ മുഅല്ലിം മാസികയുടെ മുഖ്യ പത്രാധിപരും സ്ഥിരം ലേഖകനുമായിരുന്നു മഹാനവര്‍കള്‍. സൂറത്തുന്നൂര്‍ പരിഭാഷ, ഫത്ഹുല്‍ മുഈന്റെ വ്യാഖ്യാനമായ ഫത്ഹുല്‍ മുല്‍ഹിം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.
വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയുടെ മുഖ്യശില്‍പിയാണ് കെ.കെ ഹസ്രത്ത്. ഗള്‍ഫ് യാത്രകളിലെല്ലാം അദ്ദേഹത്തിന് സ്വന്തമായി കിട്ടുന്ന ഹദ്‌യകള്‍ പോലും സ്ഥാപനത്തിന് വേണ്ടി നീക്കിവെക്കുകയായിരുന്നു മഹാന്‍ ചെയ്തത്. മര്‍കസ് കാമ്പസിലെ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ് ഹസ്രത്തിന്റെ നാമധേയത്തിലാണ്.സുന്നി മഹല്ല് ഫെഡറേഷന്‍ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായിരുന്നു. വിവധ രോഗങ്ങളുടെ പിടിയിലമര്‍ന്നിട്ടും സുന്നത്ത് ജമാഅത്തിനും സമസ്തക്കും മഹാന്‍ ചെയ്ത സേവനങ്ങള്‍ ഏറെ നിസ്തുലമാണ്. 1995 ഫെബ്രുവരി 5(1415 റമളാന്‍ 6) ന് മഹാന്‍ ഇഹലോകവാസം വെടിഞ്ഞു.
Leave A Comment