പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍

 പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍

പ്രസിഡണ്ട് സ്ഥാനമലങ്കരിച്ച കാലാവധി (1933 - 45)

മുസ്‌ലിം കേരളത്തിന്റെ ഈമാനിനെ സംരക്ഷിക്കാനും പാരമ്പര്യതനിമയെ ഊട്ടിയുറപ്പിക്കാനും വേണ്ടി രൂപംകൊണ്ട സമസ്തയുടെ വളര്‍ച്ചയിലും വ്യാപനത്തിലും കഠിന പ്രയത്‌നം  നടത്തിയ പ്രഗത്ഭ പണ്ഡിതനും സൂഫീവര്യനും എല്ലാമേഖലകളിലും ജ്വലിച്ച് നിന്ന വ്യക്തിത്വവുമായിരുന്നു പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍. പ്രമുഖ സ്വഹാബി വര്യന്‍ മുഹമ്മദ് ബിന്‍ മാലിക്കുബിന്‍ ഹബീബില്‍ അന്‍സ്വാരി(റ)ന്റെ സന്താന പരമ്പരയില്‍പ്പെട്ട നൂറുദ്ദീന്‍ എന്നവരുടെ പുത്രനായി ഹിജ്‌റ 1305 ശവ്വാല്‍ 11-നാണ് അദ്ദേഹം ജനിക്കുന്നത്. മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പാങ്ങ്  എന്ന ഗ്രാമത്തിലായിരുന്നു ജനനം. 

മഹാനവര്‍കളുടെ പിതാമഹന്‍ കമ്മുമൊല്ല എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ് അബ്ദുല്‍ ബാരി എന്നവര്‍ മമ്പുറം തറമ്മല്‍ എന്ന സ്ഥലത്തുനിന്നും പാങ്ങിലെ ആറംകോട്ട് എന്ന സ്ഥലത്തേക്ക് സ്ഥലം മാറിയതോടെയാണ് പാങ്ങില്‍ എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനായത്. പഴേടത്ത് വയോട്ടല്‍ പോക്കുഹാജിയുടെ പുത്രി തിത്തുവായിരുന്നു മാതാവ്.

പണ്ഡിത കുടുംബമായത് കൊണ്ട് മാതാപിതാക്കളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ മഹാന്‍ പതിനെട്ടു വയസ്സുവരെ സ്വന്തം നാടായ പാങ്ങില്‍ തന്നെ പഠനം. തുടര്‍ന്നു പിന്നീട് കട്ടിലശ്ശേരി ആലിമുസ്‌ലിയാരെന്ന അശൈഖ് അലിയ്യുത്തൂരി(റ) കരിമ്പനക്കല്‍ അഹ്‌മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ പണ്ഡിത വരേണ്യരുടെ ശിക്ഷണത്തില്‍ ജ്ഞാനം കരഗതമാക്കി.

ഉപരി പഠനത്തിന് വേണ്ടി വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്ന അദ്ദേഹം മൗലാനാ അബ്ദുല്‍ വഹാബ് ഹസ്രത്ത്, അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്, ഹസ്രത്ത് ഖാദിര്‍ ശാഹ് ബാദുഷാ തുടങ്ങിയ മഹാപണ്ഡിത പ്രമുഖരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം തുടര്‍ന്നു. ജ്ഞാനദാഹം തീരാത്തമഹാനവറുകള്‍ വെല്ലുര്‍ ലത്വീഫിയ്യയില്‍ വരുകയും കിത്താബുകളില്‍ അവഗാഹം നേടുകയും ചെയ്തു. ഫാരിസ് ഖാന്‍ എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ് ഹുസൈന്‍ ഖാന്‍,ശൈഖ് അബ്ദുറഹീം ഹസ്രത്ത് എന്നിവരായിരുന്നു ഉസ്താദുമാര്‍. ദര്‍സ് വിദ്യാഭ്യാസത്തിനു ശേഷം അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അവഗാഹം നേടിയശേഷം സ്വദേശമായ പാങ്ങില്‍ ജുമുഅ പള്ളിയില്‍ ദര്‍സ് നടത്തുകയും ശേഷം മണ്ണാര്‍ക്കാട് മുദരിസ്സായി തുടരുകയും ചെയ്തു. തികഞ്ഞ പണ്ഡിതന്‍, അനുഗ്രഹീത പ്രഭാഷകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍ എന്നീ നിലയിലെല്ലാം പ്രശോഭിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

പാക്കപ്പുറം കൊറ്റോത്ത് വീട്ടില്‍ സൈദാലി ഹാജിയുടെ മകള്‍ ഖദീജയായിരുന്നു മഹാനായവരുടെ ഭാര്യ. അതിനുശേഷം വല്ലപ്പുഴ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ മകള്‍ ഫാത്തിമ്മയെ വിവാഹം ചെയ്തു. പിന്നീട് പൊന്നാനിയില്‍ നിന്നും വിവാഹംചെയ്തിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന മൗലവി മുഹമ്മദ് ബാഖവി ആദ്യ ഭാര്യയിലെ ഏക പുത്രനാണ്. രണ്ടാമത്തെ ഭാര്യയില്‍ നാല് മക്കളുണ്ടായിരുന്നു.

മണ്ണാര്‍ക്കാട് ദര്‍സ് നടത്തിയതിന് ശേഷം താനൂരില്‍ വലിയ കുളങ്ങര പള്ളിയിലേക്കുമാറി. നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന ദര്‍സിന്റെ ചുമതലയായിരുന്നു അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നത്. പ്രസ്തുത ദര്‍സിനെ ഉന്നതങ്ങളിലെത്തിക്കാനുള്ള കഠിന ശ്രമങ്ങള്‍ തന്നെ അദ്ദേഹം നടത്തുകയുണ്ടായി. അക്കാരണം കൊണ്ട്തന്നെ ദര്‍സിനെ അറബിക് കോളേജായി രൂപമാറ്റം വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 

മഹാനവര്‍കള്‍ ദര്‍സാരംഭിച്ചതോടെ നാനാഭാഗങ്ങളില്‍നിന്നും മുതഅല്ലിമുകള്‍ വന്നുതുടങ്ങി. വിദ്യാര്‍ത്ഥികളുടെ ആധിക്യം കാരണം താമസ-ഭക്ഷണ സൗകര്യങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അസാസുല്‍ ഇസ്‌ലാം എന്ന സഭ രൂപീകരിക്കുകയും ദര്‍സിന്റെ പുരോഗതിക്കുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്തു. മാത്രമല്ല പ്രസ്തുത ദര്‍സിന് ഇസ്‌ലാഹുല്‍ ഉലൂം മദ്രസ എന്ന് നാമകരണം ചെയ്യുകയുംചെയ്തു. മദ്രസയുടെ മാനേജറും പ്രന്‍സിപ്പലും മഹാനവര്‍കള്‍ത്തന്നെയായിരുന്നു. കുട്ടികളുടെ സൗകര്യാര്‍ത്ഥം വലിയ ബില്‍ഡിംഗ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുകയും അതിനുള്ള നടപടികള്‍ കൈകൊള്ളുകയും ചെയ്തു. താനൂരില്‍ നടന്ന ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ വലിയ കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനമായി. കെട്ടിട നിര്‍മ്മാണത്തിനു ശേഷം ദര്‍സ്സ് അതിലേക്കുമാറ്റുകയും ഊര്‍ജ്ജ സ്വലമായി ആറ് വര്‍ഷത്തോളം തുടര്‍ന്ന് പോകുകയും ചെയ്തു.

താനൂരില്‍ നിന്നും ദര്‍സവസാനിപ്പിച്ച് മഹാന്‍ പിന്നീട് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വീഥികളില്‍ ഗര്‍ജ്ജിക്കുന്ന സിംഹമയി മാറുകയായിരുന്നു. പുത്തന്‍ വാദികളുടെ വികലാശയങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറയുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പുളവാക്കുകയും ഓരോ പ്രഭാഷണവും കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു. കേരള മുസ്‌ലിംകളുടെ ആദര്‍ശ ബോധത്തെ ഇല്ലായ്മ ചെയ്യാനും ബിദ്അത്തിന്റെ കപട ആശയങ്ങളെ പ്രചരിപ്പിക്കുവാനുമായി ഇറക്കുമതി ചെയ്ത നാഗപ്പള്ളി യൂസുഫ് ഇസ്സുദ്ധീന്‍ തന്റെ ദൗത്യം നിര്‍വഹിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ ശക്തമായി പ്രതിരോധിക്കാനും അദ്ദേഹത്തിന്റെ ഓരോ വാചകങ്ങളും അക്കമിട്ട് മറുപടി പറയാനും മഹാനവര്‍കള്‍ക്ക് സാധിച്ചു. 

ഒരിക്കല്‍ ആദര്‍ശ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്ത് ഒരു സമ്മേളനം നടത്താന്‍ തീരുമാനമയി. ഇതറിഞ്ഞ് ഭയചകിതരായ വഹാബികള്‍ ദിവാന് ഒരു ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. മത വിദ്വേഷം ഉണ്ടാക്കുന്നവരും വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവരുമാണെന്നും സമ്മേളനം നടത്തുകയാണെങ്കല്‍ ഹിന്ദു- മുസ്‌ലിം കലാപം പൊട്ടിപ്പുറപ്പെടുമെന്നുള്ള രീതിയിലായിരുന്നു ഹരജി സമര്‍പ്പിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് സമ്മേളന നഗരിയിലെത്തിയ മഹാനവര്‍കളെയും സംഘത്തെയും പോലീസുകാര്‍ വളഞ്ഞ് അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. വിചാരണ ദിവസം പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ സന്തത സഹചാരിയും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഒ. മാമുക്കോയ സാഹിബ് കോടതിയില്‍ ഹാജരായി വല്ലതും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ മാമുക്കോയ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. ഇവിടെ ഞങ്ങള്‍ പ്രസംഗിക്കാനുദ്ധേശിച്ചത് കോഴിക്കോട് നിന്നും അച്ചടിച്ചു കൊണ്ടുവന്ന ഈ പ്രസംഗമാണ്. ഇത് കോടതി വായിച്ചാലും, മറ്റു മതസ്ഥരുമായി മുസ്‌ലിംകള്‍ ഇടപെടേണ്ട വിധവും മത സൗഹാര്‍ദ്ധത്തിന്റെ ആവശ്യകതയും വിദ്യാഭ്യാസ രംഗത്ത് എങ്ങനെ മുന്നോട്ട് കുതിക്കാമെന്നതിനെ കുറിച്ചെല്ലാമായിരുന്നു പ്രസ്തുത അദ്ധ്യായം പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. ഭരണ വര്‍ഗത്തോട് നല്ല രീതിയില്‍ വര്‍ത്തിക്കേണ്ടതിനെക്കുറിച്ചും പ്രസംഗത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. 

പ്രസംഗം വായിച്ച ശേഷം കോടതി മാമുക്കോയയോട് ചോദിച്ചു. ഈ പണ്ഡിതന്‍മാര്‍ ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നവരാണോ, മാമുക്കോയ മറുപടി നല്‍കി: ഇവിടെ പങ്കെടുക്കുന്നവരില്‍ ഏറ്റവും പ്രധാനി എന്റെ നേതാവായ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരാണ്. അദ്ദേഹം ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നവനാണെങ്കില്‍ ഞാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് മുമ്പില്‍ ഇംഗ്ലീഷ് സംസാരിക്കുക? ഇത്‌കേട്ട കോടതി ഉടനെ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കുകയും സമ്മേളനം നടത്താന്‍ അനുവദിക്കുകയും ചെയ്തു.
നല്ലൊരു സാഹിത്യകാരന്‍ കൂടിയായിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അല്‍ ബയാനു ശാഫീ ഫീ ഇല്‍മില്‍ അറൂളി വല്‍ ഖവാഫീ, അന്നഹ്ജുല്‍ ഖവീം, തന്‍ഖീഹില്‍ മന്‍തിഖി ഫീ ശറഹി തസ്‌രീഹില്‍ മന്‍തിഖി,തുഹ്ഫത്തുല്‍ അഹ്ബാബ്, ഇസാഹമതില്‍ ഹംസ,ഇസ്‌ലത്തുല്‍ ഖുറാഫാത്ത്, നജ്മു അലാഖാ തില്‍ മജാസില്‍ മുര്‍സല്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

സമസ്തയുടെ നിര്‍മിതിയില്‍ ജീവന്‍ മറന്ന് പ്രയത്‌നിച്ചു എന്നത് കൊണ്ട് ആദ്യം പ്രസിഡന്റായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരുന്നത് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരെ യായിരുന്നു. പക്ഷേ സയ്യിദന്മാരെ പരഗണിച്ച് കൊണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളെ തെരെഞ്ഞെടുക്കുകയാണുണ്ടായത്. സമസ്തയുടെ ആദ്യകാല മുഖപത്രമായിരുന്ന അല്‍ ബയാന്‍ മാസിക ആരംഭിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും മഹാനവര്‍കള്‍ തന്നെയായിരുന്നു.

രോഗ ബാധിതനായി വിശ്രമത്തിലായിരുന്ന മഹാനവര്‍കള്‍ 1365-ദുല്‍ഹിജ്ജ 25ന് ഈ ലോകത്തോട് വിട പറഞ്ഞു. പള്ളിപ്പുറം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, അരിപ്ര മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, തൂതക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍, അലനെല്ലൂര്‍ കുഞ്ഞലവി മുസ്‌ലിയാര്‍, വെല്ലൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ഇരിമ്പിലാശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ ചിലരാണ്. പാങ്ങില്‍ ജുമാ മസ്ജിദിനു സമീപമാണ് ഖബറിടം. അദ്ദേഹത്തോടൊപ്പം നമ്മെയും അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാവട്ടെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter