മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍

 മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍

പ്രസിഡണ്ട് സ്ഥാനമലങ്കരിച്ച കാലാവധി (1945 - 65)

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണ കണ്‍വന്‍ഷനിലേക്ക് ആളുകളെ ക്ഷണിക്കാന്‍ വേണ്ടി പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ രംഗത്തിറങ്ങിയ സന്ദര്‍ഭം. അദ്ദേഹം തന്റെ ആശയം ഖാദിരീ ത്വരീഖത്തിന്റെ ശൈഖായിരുന്ന ശൈഖ് അഹ്‌മദ് എന്ന കോയക്കുട്ടി മുസ്‌ലിയാരുടെ അടുത്തെത്തി സമര്‍പ്പിച്ചു. അപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ട് നിങ്ങളെ പോലെ ഓടി നടക്കാന്‍ കഴിയുകയില്ല. എന്റെ ദുആയും പിന്തുണയും എപ്പോഴും നിങ്ങള്‍ക്കുണ്ടാവും. നിങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാനായി എന്റെ മകന്‍ മുഹമ്മദി(മൗലാനാ അബ്ദുല്‍ ബാരി)നെയും തരാം.

മൗലാനാ അബ്ദുല്‍ ബാരി ഉസ്താദ് സമസ്തയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരാനുണ്ടായ സാഹചര്യം ഇതാണ്. സമസ്തക്ക് വേണ്ടി രംഗത്തിറങ്ങിയ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ക്ക് പ്രഥമമായി ലഭിച്ച സഹയാത്രികനായിരുന്നു അബ്ദുല്‍ ബാരി. 1965-ല്‍ വഫാത്താവുന്നത് വരെ സമസ്തയുടെ മുന്നണിപ്പോരാളിയായി ബിദ്അത്തിന്റെ വിഷബീജങ്ങളില്‍ നിന്നും മുസ്‌ലിം ഉമ്മത്തിന്റെ രക്ഷക റോളേറ്റെടുത്ത കാവല്‍ ഭടനായി മഹാനവര്‍കള്‍ ജ്വലിച്ചു നിന്നു. വരക്കല്‍ തങ്ങള്‍ ആദ്യ പ്രസിഡണ്ടായപ്പോള്‍ വൈസ് പ്രസിഡണ്ടായി അബ്ദുല്‍ ബാരി(ന.മ)യും കൂടെയുണ്ടായിരുന്നു.

സമസ്തയുടെ പ്രതിരോധത്തില്‍ നിന്നും മാറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഊര്‍ജ്ജം ചെലവഴിക്കുന്ന രണ്ടാം ഘട്ടത്തില്‍ സമസ്തയുടെ പ്രസിഡണ്ട് പദവി മഹാന്റെ കരങ്ങളിലായിരുന്നു. 1945-വരെ സമസ്ത പ്രതിരോധത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പരിശുദ്ധ ഇസ്‌ലാമിന്റെ തനതായ വിശ്വാസാചാരങ്ങള്‍ ശിര്‍ക്കും ബിദ്അത്തുമായി ചിത്രീകരിച്ച് കൊണ്ട് നൂതന ചന്താഗതിക്കാരും വ്യാജപ്രവാചകനായ മീര്‍സയുടെ ഫിത്‌നക്ക് തുടക്കം കുറിച്ചപ്പോള്‍ അതിനു തടയിടാനും മുസ്‌ലിം ബഹുജനങ്ങളുടെ ഈമാന്‍ സംരക്ഷിക്കലുമായിരുന്നു സമസ്തയുടെ സ്ഥാപിത കാല പ്രവര്‍ത്തനം. ഈ ലക്ഷ്യസാക്ഷാത്കാരത്തിനു മാത്രമായിരുന്നു സംഘടന 1945 വരെ മുഴുവന്‍ ഊര്‍ജവും ചെവഴിച്ചത്. (സമസ്ത. പേജ് 182)

1945-ലെ കാര്യവട്ടം സമ്മേളനത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനത്തിനൊപ്പം നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി കാര്യപരിപാടികള്‍ ആവിഷ്‌കരിച്ച് തുടങ്ങുന്നത്. ഈ സമയമായപ്പോഴേക്കും സമസ്തക്കു വേണ്ടി ഓടി നടന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ശാരീരിക പ്രയാസങ്ങള്‍ കാരണം സമസ്തയുടെ നേതൃത്വമൊഴിയുകയുണ്ടായി. അങ്ങനെയാണ് മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ 1945 ല്‍ സമസ്തയുടെ അദ്ധ്യക്ഷ പദവിയിലെത്തുന്നത്. അല്‍ബയാന്‍ പുനഃപ്രസിദ്ധീകരണം, പ്രാഥമിക മദ്രസകള്‍ സ്ഥാപിക്കാനായി ഓര്‍ഗനൈസര്‍മാരെ നിയമിച്ച് കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനം, മതവിദ്യാഭ്യാസ രംഗത്ത് ചടുലമായ മുന്നേറ്റത്തിന് വഴിയൊരുക്കിയ വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണം, ജാമിഅ നൂരിയ്യയുടെ സ്ഥാപനം, ബഹുജനങ്ങളെ സമസ്തയോടടുപ്പിക്കാനും യുവ സമൂഹത്തിനിടയില്‍ ദീനീ ചുറ്റുപാട് വളര്‍ത്താനും വേണ്ടിയുള്ള എസ്.വൈ.എസിന്റെ രൂപീകരണം തുടങ്ങിയവക്കെല്ലാം നേതൃപരമായ പങ്ക് വഹിച്ചത് മൗലാനാ അബ്ദുല്‍ ബാരി ഉസ്താദായിരുന്നു. 

പഠനജീവിതം
ഹിജ്‌റ 1298 ജമാദുല്‍ ഉഖ്‌റ 22നാണ് മൗലാനാ അബ്ദുല്‍ ബാരി (റ) ജനിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഖാജാ അഹ്‌മദ് കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്. പിതാവില്‍ നിന്ന് തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് നാദാപുരം ജുമുഅത്ത് പള്ളിയില്‍ വെച്ച് മൗലാനാ അഹ്‌മദ് ശീറാസി, തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ നിന്ന് മൗലാനാ കോടഞ്ചേരി അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ നിന്ന് പൊന്നാനി ചെറിയ അവറാന്‍ മുസ്‌ലിയാര്‍, മൂര്‍ക്കനാട് അലി മുസ്‌ലിയാര്‍ തുടങ്ങിയ അറിവിന്റെ മേഖലയിലെ വലിയ സാന്നിധ്യങ്ങളില്‍ നിന്നും വിദ്യയഭ്യസിച്ചു. തുടര്‍ന്ന് ഹിജ്‌റ 1316-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. ബാഖിയാത്ത് സ്ഥാപകന്‍ ശൈഖ് അബ്ദുല്‍ വഹാബ് ഹസ്രത്ത്, ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്, ശൈഖ് അബ്ദു റഹീം ഹസ്രത്ത് തുടങ്ങിയവരില്‍ നിന്നും ബാഖിയാത്തില്‍ വെച്ച് അറിവ് നേടി. 1903-ല്‍ വെല്ലൂരിലെ പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തി. കോഴിക്കോട് മദ്‌റസ്സതുല്‍ ജിഹ്‌റയ്യയില്‍ ആദ്യമായി ദര്‍സേറ്റെടുത്തു. ശേഷം അയ്യായ, താനാളൂര്‍, വളവന്നൂര്‍, കാനാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും ദര്‍സ് നടത്തി. 1910 മുതല്‍ 1921 ലെ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതുവരെ കാനാഞ്ചേരി പള്ളിയിലായിരുന്നു ദര്‍സ് നടത്തിയിരുന്നത്. പിന്നീട് സ്വന്തം നാടായ പുതുപ്പറമ്പിലാണ് ജോലി ചെയ്തത്. ഈ കലായളവിലാണ് മഹാനവര്‍കള്‍ പ്രവര്‍ത്തനങ്ങളുമായി സമുദായത്തിലേക്കിറങ്ങുന്നത്.

ഉത്തരേന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ മജ്‌ലിസുല്‍ ഉലമയുടെ ഒരു ഘടകം കേരളത്തിലെ ആലിമീങ്ങളുമായി കൂടിയാലോചിക്കാതെ, കേരള മജ്‌ലിസുല്‍ ഉലമ എന്ന പേരിലൊരു സംഘടനയുണ്ടാക്കാന്‍ കെ. എം മൗലവിയും കൂട്ടരും രംഗത്തെത്തിയപ്പോള്‍ ഉസ്താദുമാരോടും കേരളത്തിലെ ആത്മീയ നേതാക്കളോടും ആലോചിച്ച ശേഷം മതിയെന്ന ഉറച്ച തീരുമാനമെടുത്ത മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ നിലപാടാണ് ശരിയെന്ന് ആ സംഘടനയുടെ തിരോധാനത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ തെളിയിക്കുന്നുണ്ട്. 1921 ഏപ്രില്‍ 23, 24, 25, 26 തിയ്യതികളില്‍ ഒറ്റപ്പാലത്ത് വെച്ച് നടന്ന കോണ്‍ഗ്രസ് - ഖിലാഫത്ത് സംയുക്ത സമ്മേളനത്തില്‍ വെച്ച് കേരള മജ്‌ലിസുല്‍ ഉലമ രൂപീകരിച്ചെങ്കിലും ആഗസ്റ്റ് 1 ന് മലബാര്‍ കലാപം ആരംഭിച്ചതോടെ ആ സംഘടനയുടെ അഡ്രസ് തന്നെ ഇല്ലാതായി.

ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് മഹാനവര്‍കള്‍. സിഹാഹുശൈഖൈനി, സിറാത്തുല്‍ ഇസ്‌ലാം, അല്‍ വസീലത്തുല്‍ ഉള്മ, ഫതാവല്‍ബാരി, അല്‍മുതഫിരിദ് തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.അറബി, ഉറുദു, ഫാരിസി, ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു മഹാനവര്‍കള്‍ക്ക്. മലയാളത്തിലും നല്ല കഴിവിനുടമയായിരുന്ന അദ്ദേഹം അല്‍ബയാന്റെ താളുകളില്‍ കനപ്പെട്ട സൃഷ്ടികളെഴുതിയിരുന്നു.

വലിയ സമ്പത്തിനുടമയായിരുന്ന മഹാനവര്‍കള്‍ തന്റെ സമ്പത്ത് മുഴുവന്‍ ദീനീ മാര്‍ഗത്തില്‍ ചെലവഴിച്ച് കഴിഞ്ഞിരുന്നു. സമസ്തയുടെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികമായ മുതല്‍ക്കൂട്ട് കൂടിയായിരുന്നു മൗലവി അബ്ദുല്‍ ബാരി(റ) പ്രവാചകന്മാരും സ്വഹാബത്തും ജീവിച്ച അതേ ശൈലി മഹാന്‍ ഇസ്‌ലാമിന് വേണ്ടി ജീവിതംകൊണ്ട് കാഴ്ച വെച്ചു. സമ്പത്ത് മുഴുവന്‍ ദീനീ മാര്‍ഗത്തില്‍ വഖഫ് ചെയ്തിരുന്ന മഹാനവര്‍കള്‍ക്ക് സമസ്ത ജാമിഅ നൂരിയ്യ സ്ഥാപിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ സാമ്പത്തികമായി സഹായിക്കാന്‍ കയ്യില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം രചിച്ചു പ്രസിദ്ധീകരിച്ച സിഹാഹുശൈഖൈനി എന്ന കിതാബിന്റെ ആയിരം കോപ്പി സംഭാവന നല്‍കി അത് വിറ്റ് ജാമിഅയുടെ ചെലവിലേക്ക് നല്‍കണമെന്ന് പറയുകയുണ്ടായി. ഇത്രമേല്‍ വലിയ സ്‌നേഹമായിരുന്നു സമസ്തയുമായി മൗലാനക്കുണ്ടായിരുന്നത്. 

സമസ്തയുടെ ഇന്നലകളുടെ ചരിത്രത്തില്‍ പൊന്‍പ്രഭ പോലെ വെട്ടിത്തിളങ്ങുന്ന ഓര്‍മയാണ് മൗലാന. 1965-ല്‍(ഹി. 1385 ജ. ഉ 2 ന്) ഞായറാഴ്ച ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം നിര്‍മിച്ച മസ്ജിദുല്‍ ബാരിയുടെയും ഖുതുബ്ഖാനയുടെയും സമീപത്ത് തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter