എ. പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍

എ. പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍
(പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ച കാലാവധി 2016-17)

ജീവിത വഴിയില്‍ വിനയവും ഇഖ്‌ലാസും കൈമുതലാക്കി സുന്നത്ത് ജമാഅത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും വേണ്ടി നിരന്തരമായി പ്രവര്‍ക്കിക്കുന്ന ഉന്നത വ്യക്തിത്വമാണ് ശൈഖുനാ എ. പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പുത്തൂര്‍. കുമരം പുത്തൂര്‍ പള്ളിക്കുന്നാണ് സ്വദേശം.
ആമ്പാടത്ത് കുടുംബം എന്ന പേരിലറിയപ്പെട്ട തറവാട്ടിലാണ് ഉസ്താദിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഓത്തുപ്പള്ളിയില്‍ വെച്ചാണ് നേടിയത്.

മുങ്കത്ത് മൊയ്തീന്‍ മൊല്ല എന്നവരായിരുന്നു ഓത്തുപ്പള്ളിയിലെ ഉസ്താദ്. ശേഷം പിതാവിന്റെ അനിയനായ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ഭാര്യപിതാവായ ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്‌ലിയാരുടെ അടുക്കലെത്തി തുടര്‍ന്ന് സമസ്ത മുശാവറ മെമ്പറായിരുന്ന പോത്തന്‍ അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും മണ്ണാര്‍ക്കാട് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ അടുത്ത് രണ്ട് വര്‍ഷവും പഠനം നടത്തി. വീണ്ടും ഭാര്യ പിതാവിന്റെ ദര്‍സില്‍ തന്നെ ചേര്‍ന്ന് വിവിധ കിതാബുകള്‍ തഹ്ഖീഖാക്കി. ജാമിഅയിലെത്തുന്നത് വരെ അവിടെതന്നെയായിരുന്നു പഠിച്ചിരുന്നത്. 1963 ലാണ് ജാമിഅയിലെത്തിയത്. മുഖ്തസറിലാണ് ചേര്‍ന്നത്. മൂന്ന് കൊല്ലമവിടെ പഠിച്ചു. മൊത്തം 27 പേരായിരുന്നു അന്ന് ജാമിഅയിലുണ്ടായിരുന്നത്. നാല് പേര്‍ മുതവല്ലിലും ബാക്കി മുഖ്തസറിലും. രണ്ട് ബാച്ചിനും ഒപ്പമാണ് സനദ് നല്‍കിയത്.
ജാമിഅയില്‍ നിന്നും വിട്ട ശേഷം ഒറമ്പുറം, മാട്ടൂല്‍തെക്ക്, കൊളപ്പറമ്പ്, മണലടി, പള്ളിശ്ശേരി, നന്തി ആലത്തുര്‍ പടി പാലക്കാട് ജന്നത്തുല്‍ ഉലൂം, ചെമ്മാട്, മടവൂര്‍, കാരത്തൂര്‍ എന്നിവിടങ്ങില്‍ മുദരിസ്സായി വര്‍ഷങ്ങളോളം സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജാമിഅ നൂരിയ്യയില്‍ 15 വര്‍ഷത്തോളമായി വിജ്ഞാനം ചൊരിഞ്ഞ് പ്രഭ വിതറുന്നു. അധ്യാപന ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജാമിഅയില്‍ മുമ്പ് അഞ്ച് വര്‍ഷത്തോളം സേവനം ചെയ്തിരുന്നു.

ചെമ്മാട് ദര്‍സ് നടത്തുന്ന സന്ദര്‍ഭത്തിലാണ് മുശാവറയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. മുശാവറയില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് ഫത്‌വ കമ്മിറ്റിയിലും മെമ്പറായി. 
മണ്ണാര്‍ക്കാട് താലൂക്ക് സമസ്തയുടെ പ്രഥമ സെക്രട്ടറിയായാണ് ഉസ്താദ് നേതൃരംഗത്ത് സജീവമാകുന്നത്. എസ്. എം. എഫ് ജില്ലാ പ്രസിഡണ്ട്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട മദ്രസാ മാനേജ്‌മെന്റ് കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും ഉസ്താദ് അലങ്കരിക്കുന്നു.

ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, കണ്ണ്യാല മൗല അടക്കമുള്ള മഹത്തുക്കളുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നു. ശൈഖുനാ മുഹഖിഖായ ആലിം എന്ന് വലിയുല്ലാഹി കണ്ണ്യാല മൗല വിശേഷിപ്പിച്ച കുമരം പുത്തൂര്‍ ഉസ്താദ് യഥാര്‍ത്ഥ പണ്ഡിതന്റെ എല്ലാ അടയാളങ്ങളുമായി ഭൗതികതക്ക് മുന്നില്‍ പരിത്യാഗിയായി ഇതരര്‍ക്ക് മുന്നില്‍ വഴികാട്ടുന്ന കെടാവിളക്കായി ജീവിതം മുഴുവന്‍ ജ്വലിച്ച് കൊണ്ടിരിന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter