കെ. കെ സ്വദഖത്തുല്ല മൗലവി
കെ. കെ സ്വദഖത്തുല്ല മൗലവി
പ്രസിഡണ്ട് സ്ഥാനമലങ്കരിച്ച കാലാവധി (1966 - 67)
സമസ്തയുടെ പണ്ഡിത നിരയില്‍ ജ്വലിച്ച് നിന്ന മഹാ വ്യക്തിത്വമായിരുന്നു കെ.കെ സ്വദഖത്തുല്ല മൗലവി. കൊല്ലവര്‍ഷം 1082 മേടം 1 നായിരുന്നു മഹാനവര്‍കളുടെ ജനനം. കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാരായിരുന്നു പിതാവ്. മാതാവ് കോഡൂരിലെ മങ്കരത്തൊടി മമ്മു അധികാരിയുടെ മകള്‍ തിത്തിക്കുട്ടിയും. ഇല്‍മ് കരഗതമാക്കാനുള്ള അധിയായ ആഗ്രഹം കാരണത്താല്‍ ജ്ഞാന ഉറവകള്‍ തേടി പുറപ്പെടുകയും നിരവധിയിടങ്ങളിലെ ദര്‍സുകളില്‍ ചേര്‍ന്ന് പണ്ഡിത വരേണ്യരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
വടക്കേമണ്ണ കുഞ്ഞിപ്പോക്കു മുസ്‌ലിയാരുടെ അടുക്കലായിരുന്നു പ്രാഥമിക പഠനം. അതിന് ശേഷം പഴയങ്ങാടിയില്‍ മുദരിസായിരുന്ന സ്വന്തം പിതാവിന്റെ അടുക്കല്‍ പഠനം തുടരുകയും ചെയ്തു. അതിന് ശേഷം മണ്ണാര്‍ക്കാട്, പൊന്നാനി, താഴക്കോട് എന്നിടങ്ങളിലെ ദര്‍സുകളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നിരുന്നു. താഴക്കോട് മരക്കാര്‍, പുല്ലാട്ടില്‍ അഹ്‌മദ് മുസ്‌ലിയാര്‍, വലിയ മമ്മൂട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, വൈത്തല അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുവര്യന്മാരായിരുന്നു.
ഉന്നത ബിരുദത്തിന് വേണ്ടി വെല്ലൂര്‍ ബാഖിയാത്തില്‍ ചേരുകയും ളിയാഉദ്ദീന്‍ ഹസ്രത്ത്, അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുറഹ്‌മാന്‍ എന്നായിരുന്നു മഹാനവര്‍കളുടെ യഥാര്‍ത്ഥ നാമം. പക്ഷെ, സ്വദഖത്തുല്ല എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ പുരോഗതിക്ക് കഠിന ശ്രമം നടത്തിയ മഹാന്‍ സമസ്തയുടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ നിരവധി കാലം പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. പക്ഷെ, അതിനിടയിലുണ്ടായ ചില മസ്അല പ്രശ്‌നം കാരണത്താല്‍ സമസ്തയില്‍ നിന്ന് പുറത്ത് പോവുകയും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കുകയും ചെയ്തു. വണ്ടൂര്‍ വഹബിയ്യ കോളേജിന്റെ സ്ഥാപകനും പ്രിന്‍സിപ്പളും മഹാനവര്‍കളായിരുന്നു.
ഗുരുവര്യരില്‍ നിന്നും വേണ്ട പോലെ ജ്ഞാനം നുകര്‍ന്നത് കൊണ്ട് തന്നെ അഹ്‌ലുസ്സുന്നയുടെ വഴിയില്‍ പ്രകാശം പരത്താന്‍ അദ്ദേഹത്തിന് സാധിച്ചു. മഹാനവര്‍കളുടെ പണ്ഡിത മേന്മയെ അംഗീകരിക്കാത്തവരായി ആരുംതന്നെ ഉണ്ടായിരുന്നില്ല. തഫ്‌സീര്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം, തര്‍ക്ക ശാസ്ത്രം എന്നിവയില്‍ അവഗാഹം നേടിയ മഹാന്റെ വാക്കുകള്‍ അഭിപ്രായ ഭിന്നതക്ക് ശേഷം എതിര്‍പക്ഷം പോലും അംഗീകരിക്കാറുണ്ടായിരുന്നു. കേരളത്തിലുടനീളം ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ മഹാനവര്‍കള്‍ക്ക് സാധിച്ചിട്ടുണ്ട്.
കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ബാഖിയാത്തില്‍ മുദരിസായി സേവനമനുഷ്ഠിച്ചിരുന്ന കുട്ടി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പ്രമുഖരാണ്. എഴുത്ത് രംഗത്തും മികവ് തെളിയിക്കാന്‍ മഹാനവര്‍കള്‍ക്ക് സാധിച്ചിട്ടുണ്ട്. സുബുലു സ്സലാം ഹിദായത്തുല്‍ മുസ്‌ലിമീന്‍, നൂറുല്‍ മുസ്‌ലിമീന്‍, നുസ്രത്തുല്‍ അനാം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ മഹാനവര്‍കളുടെ ഫത്‌വകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. 1985 മെയ്-5 നായിരുന്നു ആ പണ്ഡിത സ്രേഷ്ടന്റെ വഫാത്ത്.
Leave A Comment