കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍

കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍

കേരള മുസ്‌ലിം ഉമ്മത്തിന്റെ മതപരമായ തീരുമാനങ്ങളുടെ ആദ്യവും അവസാനവുമായ സമസ്ത എന്ന ആധികാരിക പണ്ഡിത സഭയുടെ പ്രസിഡണ്ട് പദവി അലങ്കരിക്കുന്ന പണ്ഡിത ലോകത്തെ സുല്‍ത്തനാണ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. കേരളത്തിലെ ഭൂരിപക്ഷം സുന്നീ സമൂഹം ആദരവോടെ വീക്ഷിക്കുന്ന വിനയം പെയ്തിറങ്ങുന്ന ജീവിതത്തിനുടമയായ മഹാനവര്‍കള്‍ കേരളത്തിന്റെ സുകൃതമാണ്. അറിവിന്റെ ലോകത്തെ അഗാധ തഹ്ഖീഖിനുടമയായിട്ടും താഴേക്ക് നോക്കി ഉയരം കണ്ടെത്തുകയാണ് ഉസ്താദവര്‍കള്‍. കാറ്റിലും കോളിലുംമായാതെയുലയാതെ സമസ്തയെന്ന മുസ്‌ലിം കൈരളിയുടെ അഭയ കേന്ദ്രത്തെ വരക്കല്‍ തങ്ങളുടെ വഴിയില്‍ ഉറപ്പിച്ച് നിറുത്തി ഏഴ് വര്‍ഷമായി അദ്ധ്യക്ഷസ്ഥാനത്ത് തുടരുകയാണ് ഉസ്താദവര്‍കള്‍. 

സമസ്തയുടെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പാരമ്പര്യമുള്ള മുശാവറ അംമാണ് കാളമ്പാടി ഉസ്താദ്. 1971ല്‍ മെയ് രണ്ടിന് പട്ടിക്കാട് ജാമിഅയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് കാളമ്പാടി ഉസ്താദിനെ മുശാവറ അംഗമായി തെരെഞ്ഞെടുക്കുന്നത്. കണ്ണിയ്യത്തുസ്താദായിരുന്നു അന്ന് പ്രസിഡണ്ട്.

പദവികളോ അലങ്കാരങ്ങളോ ജീവിതത്തില്‍ ഒരിക്കലും മോഹിച്ചിട്ടില്ലാത്ത കൊട്ടിഘോഷങ്ങളില്ലാതെ ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഉസ്താദ്. മൈത്ര, അരീക്കോട് എന്നിവിടങ്ങളില്‍ മുദരിസായിരുന്ന കാലത്ത് അരീക്കോടിന്റെ ഉള്‍ നാടുകളില്‍ മദ്രസകള്‍ സ്ഥാപിക്കാന്‍ ഉസ്താദ് ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്.

1934 ല്‍ അരിക്കത്ത് അബ്ദു റഹ്‌മാന്‍ ഹാജിയുടെയും ആയിശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി ഉസ്താദ് പിതാവിന്‍ നിന്ന് തന്നെയാണ് പഠന ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ശേഷം മലപ്പുറത്തെ എയ്ഡഡ് സ്‌കൂളില്‍ പത്ത് മണിവരെ അവിടെ നിന്ന് ദീനിയാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലമാന്തോള്‍ മമ്മുട്ടി മൊല്ലാക്കയായിരുന്നു ഉസ്താദ്. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ വെച്ച് രാമപുരത്തുകാരനായ സൈതാലി മുസ്‌ലിയാരുടെ അടുക്കല്‍ നിന്നും പത്ത് കിതാബൂകള്‍ ഓതി പഠന രംഗത്തേക്ക് കാലെടുത്തു വെച്ചു. മലപ്പുറത്ത് മഞ്ചേരി റോഡിന് താഴെ ഭാഗത്തായിരുന്നു ആ പള്ളി. ഒരു കൊല്ലത്തിനു ശേഷം കൂട്ടിലങ്ങാടി പള്ളിയിലെ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. നഹ്‌വിന്റെ കിതാബുകളാണ് അന്ന് പ്രധാനമായും ഓതിയിരുന്നത്. മൂന്ന് വര്‍ഷത്തോളം അവിടെത്തുടര്‍ന്നു. പിന്നീട് വടക്കാങ്ങര അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ പഴമള്ളൂര്‍ ദര്‍സില്‍ മൂന്ന് വര്‍ഷം പഠിച്ചു. ഫത്ഉല്‍ മഈന്‍, അല്‍ഫിയ്യ, ജലാലൈനി തുടങ്ങിയ കിതാബുകള്‍ ഓതി. ശേഷം വറ്റല്ലൂരില്‍ വെച്ച് പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്നും മുഖ്തസ്വറുല്‍ മആനി, ശര്‍ത്തഹ്ദീബ്, തുഹ്ഫ്ത്തുല്‍ ഇഖ്‌വാന്‍, തസ്‌രീഹുല്‍ മന്‍ത്വിഖ് തുടങ്ങിയ കിതാബുകളിലും പ്രാവീണ്യം നേടി. ശേഷം എടരിക്കോട് പാലച്ചിറമാടില്‍ ചെറുശ്ശോല കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരുടെ  അടുക്കല്‍ ഓതി. ഖുതുബി, ഖുലാസ, സ്വഹീഹു റുസ്‌ലി, ജംഉല്‍ ജവാമിഅ്, ഉഖ്‌ലൈദിസ്, തശ്‌രീഹുല്‍ അഫ്‌ലാഖ് എന്നീ കിതാബുകളാണ് അവിട്ടുത്തെ രണ്ട് വര്‍ഷത്തെ പഠനത്തില്‍ ഓതിയത്. ശേഷം കോട്ടുമല ഉസ്താദിന്റെ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ പ്രശസ്തമായ ദര്‍സില്‍ ചേര്‍ന്നു. അവിടെ നിന്നും ശര്‍ഹുല്‍ അഖാഇദ്, മഹല്ലി, ഖുതുബി, മുല്ലാ ഹസന്‍, ബുഖാരി, രിസാലത്തുല്‍ മാരദീനിയ്യ തുടങ്ങിയ കിതാബുകള്‍ ഓതി. പ്രമുഖ പണ്ഡിതനും സമസ്ത മുശാവര അംഗവുമായ ഒ. കെ അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്റെ സതീര്‍ത്ഥ്യനാണ്.

പരപ്പനങ്ങാടി ദര്‍സില്‍ നിന്നും ഉന്നത പഠനത്തിന് വേണ്ടി വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയി. 1959 ലായിരുന്നു ഇത്. ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, അബൂബക്കല്‍ ഹസ്രത്ത് എന്നിവരായിരുന്നു ബാഖിയാത്തിലെ ഗുരുവര്യന്‍മാര്‍. 1961-ല്‍ ബിരുദം നേടി.
പഠന ശേഷം അരീക്കോട് ജുമാ മസ്ജിദില്‍ മുദരിസായി ചേര്‍ന്നാണ് ഉസ്താദ് സേവനം തുടങ്ങിയത്. 12 വര്‍ഷം ഇവിടെ തുടര്‍ന്നു. ശേഷം മൈത്രയിലേക്ക് മാറി. രണ്ട് വര്‍ഷം ഇവിടെ തുടര്‍ന്നു. പിന്നീട് മുണ്ടക്കുളം  ഒരു വര്‍ഷം, കാച്ചിനിക്കാട് 2 വര്‍ഷം,  മുണ്ടുപറമ്പ് ഒരു വര്‍ഷം, നെല്ലിക്കുത്ത് പത്ത് വര്‍ഷം, കിടക്കയം അഞ്ച് വര്‍ഷം, എന്നിങ്ങനെ മുദരിസായി സേവനമനുഷ്ടിച്ചു. 1993 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയിലാണ് അറിവ് പകര്‍ന്ന് കൊണ്ടിരിക്കുന്നത്. കിതാബോതിക്കൊടുത്ത് അറിവിന്റെ പ്രസരണ രംഗത്ത് 50 വര്‍ഷത്തിലധികമായി നിറസാന്നിധ്യമായി പരന്നൊഴുകുയാണ് കാളമ്പാടി ഉസ്താദ്.

സമസ്തയുടെ നേതൃരംഗത്തേക്ക് ഒരു നിയോഗം പോലെയാണ് മഹാന്‍ കടന്ന് വരുന്നത്. അസ്ഹരി തങ്ങളുടെ ഒഴിവിലേക്ക് ആരെ നിശ്ചയിക്കുമെന്നതിന് ഉമറലി തങ്ങളടങ്ങുന്ന സാദാത്തുക്കള്‍ക്കും പണ്ഡിതര്‍ക്കും നിര്‍ദേശിക്കാനുണ്ടായിരുന്നത് കാളമ്പാടി ഉസ്താദ് എന്ന ഒരേയൊരു വ്യക്തിത്വമായിരുന്നു.

പ്രയാസങ്ങളും രോഗങ്ങളുമേറെയുണ്ടെങ്കിലും കര്‍മ്മരംഗത്തെ സജീവ സാന്നിധ്യമായി ആത്മീയ വെളിച്ചം പകര്‍ന്ന്  നല്‍കി നിറശോഭയോടെ ജീവിതം നയിക്കുകയാണ് ശൈഖുന. സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റയും നേതൃരംഗത്ത് ഇനിയുമൊരുപാട് കാലം ആ സാന്നിധ്യം നിലനില്‍ക്കണമെന്ന പ്രാര്‍ത്ഥനയിലാണ് സുന്നി കൈരളി യൊന്നടങ്കം. അല്ലാഹു ഉസ്താദിന് ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ..




Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter