ഖലീൽ അവാവിദ്: ചെറുത്തുനിൽപ്പിന്റെ ഉജ്വല മാതൃക

ഏത് സമയത്തും അദ്ദേഹം മരണപ്പെടാം. _ Dr കാസിം ഹസൻ

സമരങ്ങളും സമരമുഖങ്ങളും ലോകത്തിന് സുപരിചിതമാണ്. ഓരോ രാഷ്ട്രത്തിന്റെ കടന്നുവരവിലും മതങ്ങളുടെ ആവിർഭാവത്തിലും വർഗം മുതൽ ജെന്ഡർ വരെയുള്ള പരിസര പ്രശ്നങ്ങളിലും സമരം ഒരു അഭിവാജ്യഘടകമായി മാറിയിരിക്കുന്നു. ആയുധം കൊണ്ട് ആക്രമിച്ചും ഹിംസിച്ചും പൈശാചിക പ്രീണനങ്ങൾ നടത്തിയും ലോക സമ്പത്ത് കൊള്ളയടിച്ച ചരിത്രങ്ങൾ ഏറെയുണ്ട്. ചരിത്രത്തിൻറെ സൃഷ്ടി എന്നും സമരങ്ങളും സമര ദാഹികളുമായിരുന്നു.

രാഷ്ട്ര സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും ക്ഷതമേറ്റപ്പോഴാണ് അധികരിലും സമരം കടന്നുകൂടിയത്. ആദിമ മനുഷ്യൻറെ നിലനിൽപ്പു മുതൽ ഇന്ന് റഷ്യ_ ഉക്രൈൻ, തായ്‌വാൻ_ചൈന, അറബ് പ്രശ്നങ്ങളിലും നിഴലിച്ചു നിൽക്കുന്നത് സമാന്തര പ്രതിസന്ധിയാണ്. സമരം പലവിധമാണ്. കാര്യകാരണങ്ങൾക്കാവുമ്പോൾ അതിന്റെ തീവ്രത കൂടിയും കുറഞ്ഞും കൊണ്ടിരിക്കും. സമരത്തിന്റെ ദ്വിമുഖമാണ് ഹിംസയും അഹിംസയും.

ഹിംസയിലൂടെ എല്ലാ സമരങ്ങളും വിജയിച്ചിട്ടില്ല. എന്നാൽ അഹിംസയിലൂടെ പരാജയപ്പെട്ടിട്ടുമില്ല. പൊതുജനങ്ങൾക്കോ മറ്റു ജീവജാലങ്ങൾക്കോ നിരുപദ്രവപരമായി അഹിംസാത്മക പ്രതിഷേധങ്ങളും സമരമുഖങ്ങളും ഈ അഭിനവ സാഹചര്യത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നു. ഐറിഷ് നാടുകളിലെ സമാധാനം വീണ്ടെടുക്കാൻ വേണ്ടി പൗരന്മാർ നടത്തിയ നിരാഹാര സമരവും ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മഹാത്മാ ഗാന്ധിജി , ഭഗത് സിംഗ് തുടങ്ങിയവർ നടത്തിയ നിരാഹാര സമരവും അഹിംസാ സമരങ്ങളുടെ നേർമുഖങ്ങളാണ്. അഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും ആസ്വാദനം മുറിഞ്ഞു പോകുമ്പോഴാണ് നിരാഹാര സമരത്തിലേക്ക് മനുഷ്യൻ നിർബന്ധിതനാവുന്നത്. പൊതുജന സ്വീകാര്യത ലഭിക്കാനും ആഗോള ശ്രദ്ധ പിടിച്ചു പറ്റാനും ഈ സമരങ്ങൾ വഴി സാധ്യമായി. സമരങ്ങൾ ഇന്നും തുടരുന്നത് മനുഷ്യൻറെ സ്വാർത്ഥതയ്ക്ക് മേലുള്ള ചോദ്യചിഹ്നമായിട്ടാണെന്നതിൽ സന്ദേഹമില്ല.

ഗൾഫ്-ലോക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞുനിന്നത് ഒരു നാൽപ്പതുകാരന്റെ സമരചിത്രമായിരുന്നു. ഖലീൽ അവാവിദ് എന്ന, നാലു കുട്ടികളുടെ പിതാവായ ഒരു നാൽപതുകാരൻ ഒട്ടിയ വയറും ഉന്തി നിൽക്കുന്ന എല്ലും ചുളിഞ്ഞ മുഖവും, ആവരണമണിഞ്ഞ തോലുമായി കിടക്കുന്ന ഫോട്ടോ ലോക മനസ്സിനെ ഈറനണയിപ്പിക്കുന്നതായിരുന്നു. സൊമാലിയയിലും മറ്റു ആഫ്രിക്കൻ നാടുകളിലും പട്ടിണിക്കിരയായി കഴിഞ്ഞു കൂടുന്ന പാവങ്ങളുടെ ഓർമ്മ പുതുക്കലായിരുന്നു ആ ചിത്രം നിറയെ.

ഗസ്സയിൽ നടന്ന ഇസ്രായേൽ അക്രമണത്തിനെതിരെ പ്രതിഷേധിച്ചതിനെ കരുവാക്കി, ഫലസ്ഥീൻ ഭീകര സംഘടനയുമായി ചേർന്ന് ഇസ്രായേലിനെതിരെ പ്രവർത്തിച്ചു എന്ന കള്ളക്കേസ് ചുമത്തിയാണ് 2021 ഡിസംബർ 27 ന് ഫലസ്തീൻ പൗരനായ ഖലീലിനെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്യുന്നതും ഒരു വിചാരണയും കൂടാതെ ഭരണകൂട തടങ്കലിൽ തടവിലാക്കിയതും. ഖലീലിന്റെ അഭിഭാഷകൻ ഈ വാദത്തെ പൂർണമായും നിഷേധിച്ചതുമാണ്.

അകാരണമായി ഇസ്രായേൽ സൈന്യം ഭരണതടങ്കലിൽ പിടിച്ചു വച്ചിരിക്കുന്ന 600ൽ കൂടുതൽ ഫലസ്തീനികളെ മോചിപ്പിക്കുക, പൂർണമായും ഫലസ്തീനിനു മേലുള്ള ആക്രമണങ്ങളിൽ നിന്നും സൈന്യം പിന്മാറുക എന്നീ അവകാശ- ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഖലീൽ അവാവിദ് മാർച്ച് മാസത്തിൽ നിരാഹാര സമരം തുടങ്ങിയത്. തുടർച്ചയായ നിരാഹാരം ഖലീൽ അവാവിദിന്റെ നിശ്ചയദാർഢ്യത്തെ തളർത്തിയില്ല. ആരോഗ്യപരമായി വളരെ അവശത നേരിടുമ്പോഴും രാജ്യത്തിന്റെ സ്വാതന്ത്ര്യം തിരികെ തരണമെന്നും തടങ്കിലടക്കപ്പെട്ട താനുൾപ്പെടെയുള്ളവരെ വിട്ടയക്കണമെന്നും അതുവരെ നിരാഹാരം വെടിയുകയില്ലെന്നുമുള്ള ഖലീലിന്റെ ആവശ്യങ്ങൾ ലോകമാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. 

111 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തെ തുടർന്നാണ് ഖലീലിനെ മോചിപ്പിക്കാം എന്ന ധാരണയിൽ ഇസ്രായേൽ എത്തിയത്. പി.പി.എസ് (പലസ്തീനിയൻ പ്രിസണേർസ് സൊസൈറ്റി) നേതാക്കളും ഇസ്രായേൽ അധികാരികളും ചേർന്ന് കരാർ ഉണ്ടാക്കിയതും താൽക്കാലികമായി ഖലീൽ നിരാഹാരം നിർത്തിയതും ഇത് അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ നാലുമാസത്തേക്ക് ഭരണ തടങ്കൽ നീട്ടിക്കൊണ്ട് ഇസ്രായേൽ കരാർ ലംഘിക്കുകയാണ് ഉണ്ടായത് . തുടർന്ന് 181 ആം ദിവസവും നിരാഹാര സമരം പിന്നിടുമ്പോഴും ഖലീൽ അവാവിദ് ഉന്നയിക്കുന്ന അവകാശങ്ങൾ നൽകാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. 175 ദിവസത്തെ ഏകദേശം ആറുമാസത്തോളം വരുന്ന നിരാഹാര സമരങ്ങൾക്ക് ശേഷമാണ് കുടുംബക്കാര്‍ക്ക് പോലും ഖലീലിനെ സന്ദർശിക്കാനുള്ള അനുവാദം സൈന്യം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഖലീലിനെ മാതാപിതാക്കളും ഭാര്യാമക്കളും സന്ദർശിച്ചു മടങ്ങിയത്. മക്കൾക്ക് പിതാവിനെ തിരിച്ചറിയാൻ പറ്റാത്ത ഭീകരാവസ്ഥ ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു. ദിവസം കഴിയുംതോറും ലോകമെമ്പാടും ഖലീലിന്റെ നിരാഹാര സമരത്തിലുള്ള ഐക്യദാർഢ്യങ്ങളും ഫ്രീ ഫലസ്തീൻ ടാഗുകളും ഉയർന്നു കൊണ്ടിരിക്കുകയാണ്.

വളരെ വലിയ അപകടാവസ്ഥ തരണം ചെയ്തുകൊണ്ടിരിക്കുകയാണ് ഖലീൽ എന്ന 40കാരൻ. 180 ദിവസത്തെ നിരാഹാരം അദ്ദേഹത്തെ ശാരീരികമായി തളർത്തി. 40 കാരനെ 30 കിലോ മാത്രം തൂക്കത്തിൽ എത്തിച്ചിരിക്കുകയാണ്. ശാരീരിക വേദനകൾ കടിച്ചമർത്തി, ഒന്ന് നേരാം വണ്ണം കൈകാലുകൾ അനക്കാൻ പറ്റാതെ, നടക്കാനാവാതെ, വീൽചെയറിൽ നേരെ ഇരിക്കാൻ പോലും കഴിയാതെ അശക്തനായിരിക്കുമ്പോഴും, ഈ ദുർഘട സാഹചര്യത്തിലും ഫലസ്തീനിലെ നിരപരാധികളായ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി അദ്ദേഹം സ്വയം അർപ്പിതനായി നിരാഹാരം തുടരുന്നു. 

ആരോഗ്യസ്ഥിതി മോശമായ സമയത്ത് ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ മാറ്റിയെങ്കിലും ഉടനെ തിരിച്ചു കൊണ്ടുവരികയാണ് ഇസ്രായേൽ സൈന്യം ചെയ്തത്. കൃത്യമായി ശ്വസിക്കാനാവാതെ, രക്തം ഛർദിച്ച സാഹചര്യം ഉണ്ടായതായും ഖലീലിനെ പരിശോധിച്ച ഡോക്ടർ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഡോക്ടർ ലീന കാസിം ഹസൻ, ഖലീലിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് അൽ ജസീറ മാധ്യമത്തോട് നൽകിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു, വെസ്റ്റ് ബാങ്ക് സ്വേദശിയായ, നാലു മക്കളുടെ പിതാവായ ഈ നാല്പതുകാരൻ ഏത് സാഹചര്യത്തിൽ വേണെങ്കിലും മരിക്കാം, അദ്ദേഹത്തിന്റെ ആരോഗ്യനില അത്രയും പരിതാപകരമാണ്. തുടർച്ചയായ നിരാഹാരം അദ്ദേഹത്തിൻറെ കാഴ്ചശക്തിക്കും ഓർമ്മശക്തിക്കും മറ്റു ആന്തരികാവയവങ്ങൾക്കും സാരമായ ബുദ്ധിമുട്ട് എൽപിച്ചിട്ടുണ്ട്.  ആ വാക്കുകള്‍ പറയുമ്പോള്‍ ഡോ. ലീനയും കേള്‍ക്കുന്നവരും ഒരു പോലെ വേദനിക്കുന്നുണ്ടായിരുന്നു.

അവസാനമായി ഒക്ടോബർ 2 ന് മോചിതനാക്കാം എന്ന ഇസ്രായേൽ കരാർ സ്വീകരിച്ചു കൊണ്ട് ഖലീൽ അവാവിദ് 182ദിവസം നീണ്ട നിരാഹാര സമരം, സെപ്റ്റംബര്‍ 1ന് അവസാനിപ്പിച്ചിരിക്കുയാണ്. ഇസ്‍റാഈല്‍ വീണ്ടും കരാർ ലംഘിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Read More: മഹ്മൂദ് ദർവീശ്: ഫലസ്തീൻ പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്ത കവി

വിചാരണയോ കുറ്റസമ്മതമോ ഇല്ലാതെ, തന്റെ അഭിഭാഷകനെ പോലും കാണാന്‍ സമ്മതിക്കാതെ സംശയാസ്പദരെ അനിശ്ചിതകാലത്തേക്ക് തടങ്കലിൽ വെക്കാൻ അനുവദിക്കുന്ന ഇസ്രയേൽ നിയമമാണ് ഭരണ തടങ്കലുകൾ. ലോക സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഇസ്രായേലിന്റെ ഈ നയത്തെ ഐക്യകണ്ഠേന അപലപിക്കുമ്പോഴും രാജ്യത്തിന്റെ സുരക്ഷാകാരണങ്ങളാൽ ഈ നിയമം ആവശ്യമാണെന്നും തടവുകാരുടെ രഹസ്യങ്ങൾ സംരക്ഷിക്കാനാണ് ഇതെന്നുമുള്ള മുടന്തൻ ന്യായമാണ് ഇസ്രായേൽ തള്ളിവിടുന്നത്.

നിലവിൽ ഭരണ തടങ്കലിൽ കഴിയുന്ന 670ൽ അധികം പേരുൾപ്പെടെ 5000ത്തോളം വരുന്ന ഫലസ്തീൻ പൗരന്മാർ ഇസ്രായേലിന്റെ ജയിലറകളിൽ കടുത്ത മാനസിക ശാരീരിക പീഢനങ്ങൾക്കും ക്രൂര മർദ്ദനങ്ങൾക്കും ഇരയായി കൊണ്ടിരിക്കുകയാണെന്ന സത്യം മറച്ചുവെക്കാവതല്ല. മനുഷ്യന്റെ സ്വത്വബോധത്തെ തട്ടിയുണർത്തുന്ന നൊമ്പരക്കാഴ്ച്ചകളാണ് ഫലസ്തീനിൽ, ഇസ്രായേൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രായേലിന്റെ ക്രൂര വിനോദങ്ങളുടെ ലേബർ റൂം ആയി പരിവർത്തനപ്പെട്ടിരിക്കുകയാണ് ഫലസ്ഥീൻ എന്ന് വേണം പറയാന്‍.

ഒരിടവേളക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ ഒരു കണ്ണ് കൊണ്ട് കൂട്ടുകാരെ കണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബാലികയും (അരീജ് അസാലിയ) കഴിഞ്ഞവർഷം കളിച്ചു നടന്ന കൂട്ടുകാരിയുടെ (ലിയാൻ അൽശഹീർ) നിര്യാണത്തിന്റെ നൊമ്പരങ്ങളും ലോക മനസ്സാക്ഷിയുടെ കരളലിയിപ്പിക്കുന്ന പച്ചയായ രൂപങ്ങളായിരുന്നു. സമാധാനം വീണ്ടെടുക്കണമെങ്കിൽ ചെറുത്തുനിൽപ്പ് അത്യാവശ്യമാണ്. അഹിംസയിലധിഷ്ഠിത ചെറുത്തുനിൽപ്പ് കൂടുതൽ സ്വീകാര്യവും ലോകശ്രദ്ധ നേടുന്നതുമാണ്. സമാധാനപൂര്‍ണ്ണമായ സ്വതന്ത്ര ഫലസ്തീനിന്റെ വീണ്ടെടുപ്പ് പൂർണമാകുന്നത് വരെ, കുട്ടികൾ സ്കൂളുകളിലേക്ക് സുരക്ഷിതരായി പോയി മടങ്ങി വരുന്നതുവരെ, യുവാക്കളും യുവതികളും ശാന്തരായി സന്തോഷത്തോടെ തങ്ങളുടെ ജോലികളിൽ ആസ്വാദനം കണ്ടെത്തുന്നത് വരെ, ആബാലവൃദ്ധം ജനങ്ങൾ സുദീർഘമായ ഉറക്കത്തിനുശേഷം സുന്ദരമായ പ്രഭാത പുലരികൾ കാണുന്നതുവരെ ഈ നിരാഹാര സമരം ഖലീൽ അവാവിദിലൂടെയും മറ്റു ഫലസ്ഥീൻ മക്കളിലൂടെയും തുടരുക തന്നെ ചെയ്യും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter