ട്രംപിന്റെ വരവോടെ ലോകക്രമം താളം തെറ്റുമോ?
putinഅമേരിക്കയുടെ ഇടപെടുലുകളില്‍ ട്രംപ് മയം കലരുന്നതോടെ ലോകക്രമം താളംതെറ്റുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകന്മാര്‍. റഷ്യയെ മുഖ്യ എതിരാളിയായി കണ്ട അമേരിക്ക ട്രംപ് യുഗത്തോടെ വഴിമാറുമെന്നത് തീര്‍ച്ച. വംശീയമായി അമേരിക്ക ഭിന്നിക്കുകയും ട്രംപ് വിരുദ്ധത ആളിക്കത്തുന്നതിനിടയിലുള്ള സ്ഥാനാരോഹണം ലോകത്തില്‍ ശുഭ സൂചനയല്ല നല്‍കുന്നത്. ഒരു പക്ഷേ, അമേരിക്ക ഇന്നേവരെ കാണാത്ത പ്രതിഷേധ വികാരങ്ങളാണ് അമേരിക്കയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്ത്രീ വിരുദ്ധതയും മുസ്ലിം വിരോധവും വംശീയ വിദ്വേഷവും പടര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ച ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടത് വെള്ളക്കാരന്‍ എന്ന ലേബലിലാണ്. 20 ലക്ഷത്തിലേറെ ജനകീയ വോട്ടുകള്‍ ഹിലറിക്ക് ലഭിച്ചെങ്കിലും ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയത് ഏവരേയും ഞെട്ടിച്ചിരുന്നു. അമേരിക്കന്‍ ജനതയുടെ ആശങ്കകള്‍ ഇരട്ടിയാവുന്നതും ഇവിടെയാണ്. മുഖ്യശത്രുവായി എക്കാലവും കണ്ട റഷ്യയെ കൂട്ടുപിടിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ആഗോളക്രമത്തെ താളം തെറ്റിച്ചേക്കും. കനത്ത ചൈന വിരോധം വെച്ചുപുലര്‍ത്തുന്ന ട്രംപ് ആഗോള വാണിജ്യ മേഖലയിലും വന്‍ മാറ്റങ്ങള്‍ തന്നെ കൊണ്ടുവന്നേക്കാം. ഇതിനകം ഏക ചൈനാ നയത്തെ പരസ്യമായി വെല്ലുവിളിച്ചിട്ടുമുണ്ട്. തായ്വാന്‍ പ്രസിഡന്റുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണം ചൈനയെ ഏറെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. തിരിച്ചടിക്കുമെന്ന ചൈനയുടെ പ്രഖ്യാപനം പുതിയ ധ്രുവരാഷ്ട്രീയത്തിലേക്കാണ് നയിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന പരിഭ്രാന്തി ലോകത്തെ വാണിജ്യ യുദ്ധത്തിലേക്കെത്തിക്കുമോ എന്നും ആശങ്ക ഏറെയാണ്. യുക്രൈനിലും സിറിയയിലും അമേരിക്കയെ മറികടന്ന പുടിന്‍, ട്രംപിനെ ബ്ലാക്മെയില്‍ ചെയ്യുകയാണ്. പുടിന്റെ ബ്ലാക്മെയില്‍ തന്ത്രം ട്രംപിന് മറികടക്കാനാവില്ലെന്നാണ് വിശ്വാസം. ട്രംപിനെ പ്രിതിരോധച്ചുഴിയില്‍ വലിച്ചിടാനുള്ള പല വിവരങ്ങളും റഷ്യയുടെ പക്കലുണ്ടെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോണ്‍ മെക്കയില്‍ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. താന്‍ തന്നെയാണ് റിപ്പോര്‍ട്ട് എആക ക്ക് കൈമാറിയതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് റഷ്യന്‍ ചങ്ങാത്തത്തിന് ട്രംപ് മുതിരുമെന്നതിനുള്ള സൂചനയാണ്. 2012 ല്‍ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി നല്‍കി പുടിന്‍ ആദരിച്ച റെക്സസിനെയാണ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി വെക്കുന്നത്. ലോകത്തിലെ തന്നെ വലിയ എണ്ണക്കമ്പനിയിലൊന്നായ എക്സണ്‍ മൊബിലിന്റെ സി.ഇ.ഒ യും കൂടിയാണിദ്ദേഹം. റഷ്യയെ ഒപ്പം നിര്‍ത്തി തീവ്ര നിലപാടുകളിലൂടെ വിലപേശി ലോകത്തെ അടക്കി ഭരിക്കുക എന്നതാണ് ട്രംപ് തന്ത്രം. അതിനായി ആളുകളെ നിയോഗിച്ചുകഴിഞ്ഞു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തനപരിചയമുള്ള കര്‍ക്കശ നിലപാടുകാരനായ റിട്ട.ലഫ്.ജനറല്‍ ജയിംസിനെ പ്രതിരോധ സെക്രട്ടറിയാക്കി നിയമിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നഖശിഖാന്തം എതിര്‍ക്കുന്ന സ്‌കോട്ട് പ്രൂവിറ്റാണ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി തലവന്‍. ചൈനയുമായി വ്യാപാര യുദ്ധം വേണമെന്ന് ശാഠ്യം പിടിക്കുന്ന റോബര്‍ട് ഇ-ലൈറ്റ് ഹൈസറിനെയാണ് വ്യാപാര പ്രതിനിധിയായി നിയമിച്ചത്. പലസ്ഥീന്‍ അധിനിവേശത്തെയും വെസ്റ്റ്ബേങ്കിനെ ബലമായി പിടിച്ചടക്കിയതില്‍ പരസ്യമായി പിന്തുണ അറിയിച്ച ഡേവിഡ് ഫ്രൈഡ്മാനാണ് ഇസ്രയേലിലേക്കുള്ള അംബാസിഡര്‍. എല്ലാം ഒരുക്കിവെച്ചു തന്നെയാണ് ട്രംപ് കളത്തിലിറങ്ങുന്നതെന്ന് വ്യക്തം. അമേരിക്കയുടെ സൈനിക സേവനത്തോട് വിമുഖത കാണിക്കുന്ന ട്രംപ് ജപ്പാനിനോടും കൊറിയയോടും സഊദി അറേബ്യയോടും അധികം പണം ഈടാക്കും. വിദേശ നയത്തില്‍ ''വ്യാപാര ഇടപാട് നയം'' നടപ്പിലാക്കാനാണ് ട്രംപിന്റെ ആഗ്രഹം. ഇത് യൂറോപ്യന്‍ യൂണിയനിനും നാറ്റോ അംഗങ്ങള്‍ക്കും ഏറെ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. ട്രംപിന്റെ തീവ്ര വലതുപക്ഷ വിജയതരംഗം യൂറോപ്യന്‍ രാജ്യങ്ങളിലും ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തല്‍. ലോകത്തിന്റെ ഗതിമാറ്റ സൂചന ആപല്‍ക്കരമായ സന്ദേശമാണ് പരത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter