ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ കിരീടമണിയുമ്പോള്‍, ഫലസ്തീന് പ്രതീക്ഷകള്‍ക്ക് വകയുണ്ടോ
അരനൂറ്റാണ്ടോളം ബ്രിട്ടന്റെ പരമാധികാരിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ, അധികാരം ചാള്‍സ് മൂന്നാമന്റെ കൈയ്യിലെത്തിയിരിക്കുകയാണ്. എഴുപത്തിമൂന്ന് വയസ്സുള്ള അദ്ദേഹം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം രാജകൂമാരനായിരുന്ന വ്യക്തി കൂടിയാണ്.
ബ്രിട്ടീഷ് രാജകുടുംബം രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഭരണകുടുംബങ്ങളുമായി ചാൾസ് പതിറ്റാണ്ടുകളായി സൂക്ഷിക്കുന്ന അടുത്ത ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇസ്രയേൽ അധിനിവേശത്തിന് കീഴിൽ പ്രയാസങ്ങളനുഭവിക്കുന്ന ഫലസ്തീനികളുടെ കാര്യത്തിലും അദ്ദേഹം പ്രത്യേക അനുഭാവം പ്രകടിപ്പിച്ചിരുന്നു.
2020 ജനുവരിയിലായിരുന്നു ചാള്‍സ് രാജകുമാരന്‍ അധിനിവേശ വെസ്റ്റ് ബാങ്ക് സന്ദര്‍ശിച്ചത്. ഫലസ്തീനികളുടെ ദുരിതങ്ങളില്‍ വേദന അറിയിച്ചായിരുന്നു അന്ന് അദ്ദേഹത്തിന്റെ മടക്കം. അദ്ദേഹം ഇത് കൂടി പറഞ്ഞു, "ഭാവിയിൽ എല്ലാ ഫലസ്തീനികൾക്കും സ്വാതന്ത്ര്യവും നീതിയും സമത്വവും ലഭ്യമാവട്ടെ. നിങ്ങളുടെ വളര്‍ച്ചയും പുരോഗതിയും എന്നും എന്റെ സ്വപ്നമാണ്", ബെത്‌ലഹേമിലെ തന്റെ പ്രസംഗത്തിലായിരുന്നു ചാൾസ് രാജകുമാരന്റെ ഈ പരാമര്‍ശം. രാജകുടുംബത്തിലെ ഒരു അംഗം ഇതുവരെ ഫലസ്തീനികൾക്കായി പ്രകടിപ്പിച്ച ഏറ്റവും വലിയ പിന്തുണയാണ് ഈ പ്രസംഗമെന്ന് അക്കാലത്ത് സ്കൈ ന്യൂസ് ടിവി അഭിപ്രായപ്പെട്ടിരുന്നു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷമാണ് ഇസ്‌ലാമിക ലോകത്തെമ്പാടുമുള്ള അസംതൃപ്തിക്കും അടിസ്ഥാന കാരണം എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ചാൾസ് എന്ന്, രാജ കുടുംബത്തെ കുറിച്ച് അനേകം കൃതികളെഴുതിയ പ്രശസ്ത ഗ്രന്ഥകാരന്‍ റോബർട്ട് ജോബ്സണും അഭിപ്രായപ്പെട്ടിരുന്നു.
2003-ലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തെ ചാൾസ് എതിർത്തിരുന്നവെന്നും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ യുദ്ധത്തെ പിന്തുണച്ചതില്‍ അദ്ദേഹം അസംതൃപ്തനായിരുന്നുവെന്നും ചാൾസിനെ അടുത്തറിയുന്നവര്‍ അന്നേ പറഞ്ഞിരുന്നു. പ്രസിഡന്റ് ജോർജ്ജ് ബുഷ് ഭരണകൂടം നടത്തുന്നത് ഭീകരപ്രവര്‍ത്തനമാണെന്നും ബ്ലയര്‍ അതിന് പിന്തുണ നല്കുകയുമാണെന്നും അദ്ദേഹം പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ ഉദ്ധരിച്ചിരുന്നു.
ഫലസ്തീന്‍ സന്ദര്‍ശനശേഷം ഏകദേശം രണ്ടര വര്‍ഷം കഴിയുമ്പോള്‍ ചാള്‍സ് ഇന്ന് ബ്രിട്ടന്റെ രാജാവായിരിക്കുകയാണ്. അദ്ദേഹം അന്ന് പറഞ്ഞതും അദ്ദേഹത്തെ കുറിച്ച് ഉദ്ധരിക്കപ്പെട്ടതുമെല്ലാം സത്യവും ആത്മാര്‍ത്ഥവുമാണെങ്കില്‍, അറബ് രാജ്യങ്ങള്‍ക്കും വിശിഷ്യാ ഫലസ്തീനികള്‍ക്കും അത് പ്രതീക്ഷകള്‍ക്ക് വക നല്കുന്നുണ്ട്. അതേ സമയം, രാജകുടുംബം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്ന ഭരണഘടനയുടെ സാങ്കേതികതയില്‍ ചാള്‍സ് രാജാവും തളക്കപ്പെടുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
Leave A Comment