നജീബ് മഹ്ഫൂസ്

അറബി സാഹിത്യത്തില്‍ നോബേല്‍സമ്മാനം നേടിയ ഈജിപ്ഷ്യന്‍ നോവലിസ്റ്റാണ് നജീബ് മഹ്ഫൂസ്. ഏറ്റവും കൂടുതല്‍ സിനിമയായും ടെലിവിഷന്‍ പ്രോഗ്രാമുകളായും അവതരിപ്പിക്കപ്പെട്ട അറബി സാഹിത്യസൃഷ്ടികള്‍ അദ്ദേഹത്തിന്റെ കൃതികളാണ്. 1911 ല്‍ കൈറോവിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1930ല്‍ കൈറോ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന അദ്ദേഹം തത്വശാസ്ത്രത്തിലാണ് പഠനം നടത്തിയത്. പിന്നീടാണ് സാഹിത്യത്തിലേക്ക് ചുവട് മാറ്റിയത്. മുപ്പതുകളിലാണ് അദ്ദേഹം എഴുത്ത് തുടങ്ങുന്നത്. ഈജിപ്തിലെ അരിസാലയില്‍ അദ്ദേഹത്തിന്റെ കൊച്ചുകഥകളാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ആദ്യനോവലായ വിധിയുടെ വിളയാട്ടം 1939ലാണ് പ്രസിദ്ധീകരിച്ചത്. 1945ഓട് കൂടി അദ്ദേഹം തന്റേതായ ശൈലിയും ഇടവും കണ്ടെത്തിക്കഴിഞ്ഞിരുന്നു. കൃതികളിലൂടെ അദ്ദേഹം അവതരിപ്പിച്ച പലതും ഈജിപ്തിലെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട് കിടന്നു. അധികാരികളെയും ശിങ്കിടികളെയും പ്രകോപിപ്പിക്കാന്‍ പോന്നതായിരുന്നു അദ്ദേഹത്തിന്റെ ചില കൃതികള്‍. അത് കൊണ്ട് തന്നെ ഇടക്കെങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ നിരോധിക്കപ്പെടുകയും ചെയ്തു. 

ഔലാദ് ഹാറതിനാ പോലോത്ത അദ്ദേഹത്തിന്റെ പല കൃതികളിലെയും മതത്തിന്റെ പ്രതീകങ്ങളായ വ്യക്തിത്വങ്ങള്‍ വളരെയേറെ വിമര്‍ശനവിധേയങ്ങളായി. മുപ്പതുകളില്‍ എഴുത്ത് തുടങ്ങിയെങ്കിലും നാല്‍പതുകളുടെ അവസാനങ്ങളിലാണ് അദ്ദേഹം നിരൂപകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയത്. 1944 ല്‍ സയ്യിദ് ഖുത്ബാണ് ആദ്യമായി അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിച്ചെഴുതിയത്. അഹ്റാം പത്രത്തില്‍ ഖണ്ഢശ്ശ പ്രസിദ്ധീകരിക്കപ്പെട്ട ഔലാദ് ഹാറതിനാ എന്ന കൃതി മതസംഘടനകളെ അദ്ദേഹത്തിനെതിരാക്കിത്തീര്‍ത്തു. 1995ല്‍ അദ്ദേഹത്തിന് നേരെ വധശ്രമം പോലും നടന്നത് അതിന്റെ ഫലമായിരുന്നു. അദ്ദേഹത്തിന്‍റെ സാഹിത്യസംഭാവനകളെ മുന്‍നിര്‍ത്തി 1988ല്‍ നോബേല്‍ സമ്മാനം നല്‍കപ്പെട്ടപ്പോള്‍, അതിലൂടെ ആദരിക്കപ്പെട്ടത് അറബി സാഹിത്യം കൂടിയായിരുന്നു. അറബി സാഹിത്യത്തില്‍ നോബേല്‍ സമ്മാനം നേടുന്ന ആദ്യവ്യക്തി എന്ന ബഹുമതി കൂടി അതോടെ നജീബിന് കൈവരുകയായിരുന്നു. 2006 ആഗസ്റ്റ് 30ന് നജീബ് മഹ്ഫൂസ് ഈ ലോകത്തോട് യാത്ര പറഞ്ഞു. ഒട്ടേറെ സാഹിതീയ സൃഷ്ടികളാണ് അദ്ദേഹം അറബി സാഹിത്യലോകത്തിന് ബാക്കി വെച്ചത്.   പ്രധാന കൃതികള്‍- വിധിയുടെ വിളയാട്ടം നവ കൈറോ ഖാന്‍ അല്‍ഖലീലീ മരീചിക തുടക്കവും ഒടുക്കവും ഇരുകൊട്ടാരങ്ങള്‍ക്കിടയില്‍ കള്ളനും നായ്ക്കളും വഴി ഔലാദ് ഹാറതിനാ മഴക്ക് കീഴിലെ പ്രണയം

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter