സയ്യിദ്‌ സനാഉല്ലാ മക്തിതങ്ങള്‍; മതയാഥാസ്ഥികനും സാമൂഹികപരിഷ്‌കര്‍ത്താവും

കൊളോണിയല്‍ ആധുനികതയോടും അതിന്റെ അധികാര ആധിപത്യ രൂപങ്ങളോടും അത്‌ സംക്രമിപ്പിച്ച മൂല്യങ്ങളോടും അതിന്‌ ഇരകളായ ജനപഥങ്ങള്‍ സ്വീകരിച്ച സമീപനങ്ങളും നിലപാടുകളും വൈവിധ്യങ്ങളുള്ളതും ഒരു പക്ഷെ വൈരുധ്യങ്ങള്‍ നിറഞ്ഞതുമാണ്‌. ഇന്ത്യ പോലുള്ള സാഹചര്യങ്ങളില്‍ നൂറ്റാണ്ടുകളായി ഇരുളില്‍ കഴിഞ്ഞിരുന്ന അധ:കൃത ജാതികള്‍ക്ക്‌ ജ്ഞാന വെളിച്ചത്തിന്റെ ആകാശവും സ്വാതന്ത്ര്യത്തിന്റെ തുറസ്സും തുറന്ന്‌ നല്‍കിയത്‌ കൊളോണിയലിസവുമായുള്ള സാംസ്‌കാരിക സമ്പര്‍ക്കങ്ങളായിരുന്നുവെങ്കില്‍ ബഹുഭൂരിഭാഗം മുസ്‌ലിംകള്‍ക്കും കൊളോണിയലിസം സമ്മാനിച്ചത്‌ അറുതിയില്ലാത്ത ദുരിതങ്ങളും സാമൂഹികമായ വിവേചനങ്ങളും നീതിരഹിതമായ അധീശത്വവുമാണ്‌. വിശിഷ്യാ കേരളത്തിലെ മാപ്പിള സമൂഹം ഒരേ സമയം കൊളോണിയല്‍ ആധിപത്യ വ്യവസ്ഥയുടെയും തദ്ദേശീയ ഫ്യൂഡല്‍ സംവിധാനങ്ങളുടെയും വിധ്വംസകമായ അധികാര പ്രയോഗങ്ങള്‍ക്ക്‌ ഇരകളായി ചെറുത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരായ ഒരു സമൂഹമാണ്‌. അതുകൊണ്ട്‌ തന്നെ കൊളോണിയലിസത്തിന്റെ രാഷ്ട്രീയാധികാരത്തോടും മതപരവും സാംസ്‌കാരികവുമായ അധീശത്വ ശ്രമങ്ങളോടും ചെറുത്തുനില്‍ക്കുന്ന ബഹുമുഖമായ സമരോത്സുക പ്രതികരണങ്ങള്‍ മാപ്പിള സമൂഹത്തില്‍ നിന്നുണ്ടായത്‌ സ്വാഭാവികമായിരുന്നു.

 

മാപ്പിള സമരങ്ങള്‍ എന്ന പേരില്‍ ചരിത്രത്തില്‍ നാം അടയാളപ്പെടുത്തുന്ന സാമൂഹിക പ്രക്ഷോഭങ്ങള്‍ കോളണി അധികാരം സ്ഥാപിക്കപ്പെട്ടതു മുതല്‍ 1921 ല്‍ വിധ്വംസകമായ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ ചോരയില്‍ മുക്കിയൊടുക്കിയ ദുരന്തപൂര്‍ണായ ചരിത്രാനുഭവം വരെ തുടരുന്നതായിരുന്നുവെന്നും മാപ്പിള സമൂഹത്തിന്റെ മതത്തെയും രാഷ്ട്രീയത്തെയും നിര്‍ണയിച്ച ഉലമാക്കളില്‍ പ്രമുഖരായവരുടെ സൈദ്ധാന്തിക പിന്തുണയും പങ്കാളിത്തവും അതിന്നുണ്ടായിരുന്നുവെന്നും കാണാന്‍ കഴിയും. അതില്‍ തന്നെ സായുധമായ ചെറുത്തുനില്‍പിന്റെ ശൈലിയും സമാധാനപൂര്‍ണമായ നിസ്സഹകരണത്തിന്റെ ശൈലിയും മാപ്പിള സമൂഹം പിന്തുടര്‍ന്നിരുന്നു. കൊളോണിയലിസത്തിന്റെ വിധ്വംസകമായ രാഷ്ട്രീയാധികാരത്തില്‍ നിന്നുള്ള സമ്പൂര്‍ണ വിമോചനമായിരുന്നു ഈ സമരങ്ങളെല്ലാം ലക്ഷ്യം വെച്ചത്‌. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ കൊളോണിയലിസത്തിന്റെ മതകീയവും സാംസ്‌കാരികവുമായ അധീശത്വ പദ്ധതികളെ ശരിയായ നിലയില്‍ തിരിച്ഛറിഞ്ഞ്‌ ജനങ്ങളെ പ്രതിരോധ സജ്ജരാക്കാന്‍ പ്രയത്‌നിച്ച മറ്റൊരു പ്രവര്‍ത്തന മാതൃക സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങളില്‍ നിന്നുമാണ്‌ ആരംഭിക്കുന്നത്‌.

കൊളോണിയലിസം, മലബാറിലെ കര്‍ഷക ജനതക്ക്‌ വരുത്തിവെച്ച ദുരിതങ്ങളോട്‌ സമാനമായ ദുരിതങ്ങള്‍ പഴയ കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും പരിധിയിലുള്ള ഭൂഭാഗങ്ങളില്‍ വസിച്ചിരുന്ന അടിസ്ഥാന ജനവര്‍ഗങ്ങളെ ബാധിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ കൊളോണിയല്‍ അധികാരത്തോട്‌ വിധേയത്വം പുലര്‍ത്തുന്നതിലും അത്‌ പ്രസരിപ്പിച്ച വിദ്യാഭ്യാസപരവും സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങളെ സ്വാംശീകരിക്കുന്നതിലും അങ്ങനെ തങ്ങളനുഭവിച്ചുകൊണ്ടിരുന്ന സാമൂഹികമായ അധ:കൃതാവസ്ഥയില്‍ നിന്നും വിമോചനം നേടുന്നതിന്‌ കൊളോണിയല്‍ ആധുനികതയുടെ ആശയ സാംസ്‌കാരിക വ്യവഹാരങ്ങളെ ഊര്‍ജ്ജ സ്രോതസ്സാക്കുന്നതിലും ആ സമൂഹങ്ങള്‍ക്ക്‌ തടസ്സങ്ങളുണ്ടായിരുന്നില്ല. അഥവാ കൊളോണിയല്‍ ആധുനികതയുമായുള്ള ഈ സമ്പര്‍ക്കങ്ങളിലൂടെ ഇത്തരം സമൂഹങ്ങള്‍ സമാര്‍ജ്ജിച്ചത്‌ സാമൂഹിക നവോത്ഥാനത്തിന്റെ വഴിയും വെളിച്ചവുമാണ്‌. കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളായവരും അവര്‍ക്ക്‌ ഉദ്യോഗസേവ ചെയ്‌ത്‌ പിന്തുണച്ചവരുമായ പലരും കൊളോണിയല്‍ ആധുനികതയുടെ മൂല്യങ്ങളും സങ്കേതങ്ങളും സ്വീകരിച്ചു കൊണ്ട്‌ തന്നെ തങ്ങളുടെ സാംസ്‌കാരികാസ്ഥിത്വം സംരക്ഷിച്ച്‌ നിലനിര്‍ത്തുവാനും അങ്ങനെ സ്വന്തം സമുദായങ്ങളുടെ സാമൂഹികമായ അധ:കൃതത്വം മറികടക്കാനും യത്‌നിച്ചവരാണ്‌. മറ്റു സമുദായങ്ങളിലുള്ള ഭൂരിപക്ഷം പേരും സ്വീകരിച്ചത്‌ ഈ സമീപനം തന്നെയായിരുന്നു. തങ്ങളുടെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ആധുനികമായ ആശയങ്ങള്‍ക്കു പകരമായി കൈയ്യൊഴിയാന്‍ അവര്‍ സന്നദ്ധരായിരുന്നു. എന്നാല്‍ മക്തി തങ്ങളുടെ പരിഷ്‌കരണ യത്‌നങ്ങള്‍ ഈ വിധത്തിലുള്ളതല്ല. ഇസ്‌ലാമിന്റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും മുറുകെ പിടിച്ചു കൊണ്ട്‌ തന്നെ ആധുനിക പ്രവണതകളോടുള്ള അഭിമുഖീകരണമാണ്‌ അദ്ദേഹം പ്രതിനിധീകരിച്ചത്‌. ഒരു പക്ഷെ ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും അഭിമാനകരമായ അന്തസ്സ്‌ നിലനിര്‍ത്താന്‍ കൊളോണിയല്‍ ആധുനികതയെ ഒരുപകരണമാക്കുക എന്നതാണ്‌ അദ്ദേഹം ലക്ഷ്യം വെച്ചത്‌.

തിരിച്ചറിയാത്ത സമുദായം

കേരളത്തിലെ പാരമ്പര്യ മാപ്പിള സമൂഹത്തിന്‌ യാതൊരര്‍ത്ഥത്തിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതും ഒരു പക്ഷെ മാപ്പിള സമരങ്ങളെ പിന്തുണച്ച ഉലമാക്കള്‍ക്കും സഹനത്തിന്റെ നിലപാട്‌ സ്വീകരിച്ച പാരമ്പര്യ ഉലമാക്കള്‍ക്കും പ്രതിലോമകരമായ അരാഷ്ട്രീയ നിലപാട്‌ സ്വീകരിച്ച അധികാരികള്‍ക്കും ഒരര്‍ത്ഥത്തിലും മനസ്സിലാകാതെ പോയതുമായ മക്തി തങ്ങളുടെ സമീപന മാതൃക ഇന്നും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അവലോകനം ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിലെ അക്കാലത്തെയും പില്‍ക്കാലത്തെയും യാഥാസ്ഥിക മുസ്‌ലിംകള്‍ക്ക്‌ ബിദ്‌അത്തിന്റെ പ്രവണതകള്‍ക്ക്‌ കേരളത്തില്‍ തുടക്കം കുറിച്ച വഹാബിയും ആധുനിക നവോത്ഥാനത്തിന്റെ വക്താക്കളായി രംഗത്തു വന്ന പുരോഗമന വാദികള്‍ക്ക്‌ കളഞ്ഞുകിട്ടിയ ഒരാചാര്യനുമാണ്‌ സയ്യിദ്‌ സനാഉല്ലാഹ്‌ മക്തി തങ്ങള്‍. യാഥാസ്ഥിക മുസ്‌ലിംകളുടെ അപകീര്‍ത്തികരമായ മുദ്രണങ്ങള്‍ക്കും ആധുനിക പ്രസ്ഥാനങ്ങളുടെ ആചാര്യപദവിക്കും യാതൊരര്‍ത്ഥത്തിലും വഴങ്ങാത്ത അഹ്‌ലു സുന്നത്ത്‌ വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ വെച്ച്‌ പുലര്‍ത്തിയ അഹ്‌ലു ബൈത്തില്‍ പെട്ട ഒരു മഹാനായിരുന്നു സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങള്‍. മക്തി തങ്ങള്‍ കേരള മുസ്‌ലിംകളുടെ നവീകരണം ലക്ഷ്യം വെച്ച്‌ ചെയ്‌ത പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പില്‍ക്കാലത്ത്‌്‌ രൂപപ്പെട്ട പുരോഗമന നവോത്ഥാന സംരംഭമായി അടയാളപ്പെടുത്തപ്പെട്ട സംരംഭങ്ങളുമായി ഉള്ളടക്കത്തില്‍ യാതൊരര്‍ത്ഥത്തിലും താദാത്മ്യപ്പെടുന്നില്ല എന്നതാണ്‌ വസ്‌തുത.

അദ്ദേഹം സമുദായത്തില്‍ കാംക്ഷിച്ച പരിഷ്‌കരണം രീതിശാസ്‌ത്ര പരമായ സങ്കേതങ്ങളിലായിരുന്നുവെന്നും ഉള്ളടക്കത്തിലല്ലായിരുന്നുവെന്നും കാണാന്‍ കഴിയും. ആധുനിക വിദ്യാഭ്യാസത്തോടും സര്‍ക്കാര്‍ ഉദ്യോഗങ്ങളോടും പുറം തിരിഞ്ഞ്‌ നിന്ന്‌ മാതൃഭാഷയായ മലയാളം പോലും പഠിക്കാതെ കൊളോണിയല്‍ വാഴ്‌ചയുടെ എല്ലാ വിവേചനങ്ങള്‍ക്കും ഇരകളായി വേറിട്ട്‌ നിന്നിരുന്ന മാപ്പിളമാരെ വിദ്യാഭ്യാസം ചെയ്യിച്ച്‌ സാമൂഹിക പദവി ഉയര്‍ത്താനും തങ്ങളുടെ വിശ്വാസം സംരക്ഷിച്ച്‌ അഭിമാനത്തോടെ നിലകൊള്ളാനും അങ്ങനെ പൊതുസമൂഹത്തിന്റെ ഭാഗമാകാനും പ്രാപ്‌തരാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ്‌ മക്തിതങ്ങള്‍ മുഖ്യമായും നിരതമായതെന്ന്‌ കാണാന്‍ കഴിയും. ചരിത്രപശ്ചാത്തലം കൊളണി ശക്തികളുടെ ആശീര്‍വാദത്തോടെ രംഗത്തു വന്ന ക്രിസ്‌ത്യന്‍ മിഷണറി സംഘങ്ങള്‍ കേരളത്തിലെ ഹിന്ദുക്കളിലെ സവര്‍ണവിഭാഗങ്ങളുടെയും അധ:കൃത ജാതികളുടെയും മുസ്‌ലിംകളുടെയും വിശ്വാസ പാരമ്പര്യങ്ങളെ മുഴുവന്‍ അവമതിച്ച്‌ തങ്ങളുടെ മതപ്രചരണ ദൗത്യം നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ്‌ സാമ്രാജ്യത്വാധികാരത്തിന്‌ ഉദ്യോഗ സേവ ചെയ്‌തുകൊണ്ടിരുന്ന മക്തി തങ്ങള്‍ ഉദ്യോഗം തന്നെ രാജിവെച്ച്‌ മിഷണറി സംഘങ്ങള്‍ക്കെതിരെ ഉജ്ജ്വലമായ ധൈഷണിക ശേഷിയോടെ രംഗത്തു വരുന്നത്‌. ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ അവമതിച്ചും തിരുനബി(സ)യെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയും മലയാള ഭാഷയിലും അറബി മലയാളത്തിലുമൊക്കെ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച്‌ വ്യാപകമായ പ്രചരണങ്ങള്‍ നടത്തിയിരുന്ന മിഷണറി സംഘങ്ങളോട്‌ പ്രതികരിക്കാന്‍ അക്കാലത്ത്‌ മുസ്‌ലിംകളില്‍ നിന്നാരും രംഗത്തുവരികയുണ്ടായില്ല. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്ന ലഘുലേഖകള്‍ വായിച്ച്‌ മനസ്സിലാക്കാനുള്ള പരിജ്ഞാനം പോലും അന്നത്തെ സാമാന്യ മുസ്‌ലിം ജനത്തിനും അവരുടെ നേതൃസ്ഥാനങ്ങളിലിരുന്ന ഉലമാക്കള്‍ക്കുമുണ്ടായിരുന്നില്ല എന്നതിനാല്‍ ഇസ്‌ലാമിനെതിരായ ഈ ആസൂത്രിത നീക്കങ്ങളോട്‌ പ്രതികരിക്കാന്‍ മാപ്പിള മുസ്‌ലിംകളില്‍ നിന്നാരും രംഗത്തു വന്നില്ല.

സാമ്രാജ്യത്വ വിരുദ്ധമായ നികുതി നിഷേധ സമരത്തിന്‌ ഇന്ത്യയിലാദ്യമായി തുടക്കം കുറിച്ച വെളിയങ്കോട്‌ ഉമര്‍ ഖാളി(റ)യുടെ പ്രധാന അനുയായിയും സയ്യിദുമായിരുന്ന അഹ്‌മദ്‌ തങ്ങളുടെ പുത്രനായി 1847 ല്‍ വെളിയങ്കോട്‌ തന്നെ ജനിച്ച സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങളെയാണ്‌ മഹത്തായ ഈ ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്തത്‌. പിതാവില്‍ നിന്നും അറബിഭാഷയുടെ പ്രാഥമിക പാഠങ്ങളും തുടര്‍ന്ന്‌ വെളിയംങ്കോട്‌, സമീപപ്രദേശങ്ങളായ മാറഞ്ചേരി, പൊന്നാനി തുടങ്ങിയ ദര്‍സുകളില്‍ നിന്ന്‌ ദീനിപഠനവും നടത്തിയ അദ്ദേഹം ചാവക്കാട്‌ ഹയര്‍ എലിമെന്റെറി സ്‌കൂളില്‍ പഠിക്കുകയും ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, തമിഴ്‌, ഇംഗ്ലീഷ്‌, മാതൃഭാഷയായ മലയാളം എന്നിവയില്‍ നല്ല പരിജ്ഞാനം നേടുകയും ചെയ്‌തു. മാത്രമല്ല ഇസ്‌ലാമില്‍ അഗാധമായ പരിജ്ഞാനം സിദ്ധിച്ചതോടൊപ്പം ക്രിസ്‌തുമതത്തിലും ഹിന്ദു മത തത്വചിന്തയിലും ശാസ്‌ത്രങ്ങളിലുമെല്ലാം അസാമാന്യ പരിജ്ഞാനം സിദ്ധിക്കുകയും ഇംഗ്ലീഷും പേര്‍സ്യനുമെല്ലാം കൈകാര്യം ചെയ്യാനുള്ള സിദ്ധിയുണ്ടായിരുന്നതിനാല്‍ വളരെ ചെറുപ്രായത്തില്‍ തന്നെ കോളണിയല്‍ ഭരണകൂടത്തിന്‌ കീഴില്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്ടറായി അദ്ദേഹത്തിന്‌ ജോലി ലഭിക്കുകയും ചെയ്‌തു. അധ:കൃത ജാതികള്‍ക്കിടയില്‍ ജീവിതവിഭവങ്ങള്‍ നല്‍കിയും വിദ്യാഭ്യാസത്തിനും സാമൂഹികോന്നമനത്തിനും പശ്ചാത്തലമൊരുക്കിയും തിരുവിതാംകൂര്‍ മേഖലയിലും മലബാര്‍ മേഖലയിലും മിഷണറി സംഘങ്ങള്‍ ഭരണകൂട ആശീര്‍വാദത്തോടെ, മറ്റുമതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയും ക്രിസ്റ്റ്യാനിറ്റിയെ വിമോചനത്തിന്റെ മാര്‍ഗമായി പരിചയപ്പെടുത്തിയും ആശയ പ്രചരണങ്ങളും സാമൂഹിക സംരംഭങ്ങളും സജീവമാക്കിയ കാലത്താണ്‌ മക്തിതങ്ങള്‍ തന്റെ മുപ്പത്തിയാറാം വയസ്സില്‍ സര്‍ക്കാര്‍ ഉദ്യോഗവും രാജിവെച്ച്‌ തന്റെ ദൗത്യവുമായി രംഗത്തിറങ്ങിയത്‌.

മാപ്പിള മനസ്സും, സാഹസിക ദൗത്യവും

കൊളോണിയലിസത്തിന്റെ രാഷ്ട്രീയ അധികാരത്തോടും കൊളോണിയല്‍ ആധുനികതയുടെ സാംസ്‌കാരിക അധീശത്വങ്ങളോടും ശരിയായ നിലയില്‍ പ്രതികരിക്കാന്‍ സാധിക്കാതെ വിഭ്രമിച്ചു നിന്ന മാപ്പിള സമൂഹത്തെയാണ്‌ ആധുനികമായ പ്രബുദ്ധത പകര്‍ന്നു നല്‍കി തന്റെ ദൗത്യത്തിനെ പിന്തുണക്കുന്നവരായി മാറ്റുക എന്ന അതിസാഹസികമായ ദൗത്യം അദ്ദേഹത്തിന്‌ ഏറ്റെടുക്കേണ്ടി വന്നത്‌. മാപ്പിള സമൂഹത്തിന്റെ സാമൂഹിക മനസ്സും ആധുനികതയോട്‌ യാതൊരര്‍ത്ഥത്തിലും താദാത്മ്യപ്പെടാന്‍ സാധിക്കാത്ത സാംസ്‌കാരികാവബോധവും മാറ്റിയെടുക്കുക എന്നത്‌ യാതൊരു നിലക്കും എളുപ്പമായിരുന്നില്ല. സ്വാഭാവികമായും ഈ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളുമാണ്‌ മാപ്പിള സമൂഹത്തിന്‌ അദ്ദേഹത്തിന്റെ സംരംഭങ്ങളോടുണ്ടായ പ്രതികരണങ്ങളില്‍ നിഴലിക്കുന്നത്‌. തന്റെ ദൗത്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള മാപ്പിള മൂഢത അദ്ദേഹത്തില്‍ നിരന്തരമായി അസ്വസ്ഥതകളുളവാക്കുകയും പലപ്പോഴും കര്‍ക്കശമായ പരിഹാസോക്തികളിലൂടെ മാപ്പിള സമൂഹത്തെ പ്രബുദ്ധരാക്കാനുള്ള വിമര്‍ശന യത്‌നങ്ങള്‍ അദ്ദേഹം തുടരുകയും ചെയ്‌തു. ജന്മിത്വ ശക്തികളും സാമ്രാജ്യത്വ അധികാരവും കൂട്ടുചേര്‍ന്ന്‌ നടത്തുന്ന ജനവിരുദ്ധവും വിശിഷ്യാ മാപ്പിള വിരുദ്ധമായ ദുര്‍ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിന്‌ മക്തി തങ്ങളുടെ സംരംഭങ്ങള്‍ എങ്ങനെ ഫലപ്രദമാകും എന്ന കാര്യം മുസ്‌ലിം ജന സാമാന്യത്തിനും അവരെ നയിച്ച ഉലമാക്കള്‍ക്കും മനസ്സിലാവാതെ പോയി എന്നതാണ്‌ ഏറെ ദു:ഖകരമായിട്ടുള്ളത്‌. മക്തി തങ്ങളുടെ ഭാഷയും സംബോധന ശൈലിയും തന്നെ സവിശേഷമായിരുന്നു.

നവോത്ഥാനത്തിന്റെ സാമ്പ്രദായിക താവഴിയും മക്തി തങ്ങളുടെ വേറിട്ട വഴിയും

ആധുനിക നവോത്ഥാന സംരംഭമെന്ന നിലയില്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെട്ടു വന്ന ആശയ വ്യവഹാരങ്ങളോട്‌ ശൈലീപരമായ ചില സാദൃശ്യങ്ങള്‍ മക്തി തങ്ങളില്‍ കാണാമായിരുന്നുവെങ്കിലും ഉള്ളടക്കത്തില്‍ യാതൊരു വിധ സാദൃശ്യവും മക്തി തങ്ങളുടെ ആശയ വ്യവഹാരങ്ങള്‍ക്കുണ്ടായിരുന്നില്ല. വിശ്വാസ പരമായോ ആചാരപരമായോ പാരമ്പര്യ സമൂഹത്തിന്‌ വ്യതിചലനങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്ന സമീപനത്തോടെയുള്ള ആധുനികമായ ഇസ്‌ലാഹി നവോത്ഥാനത്തിന്റെ ആശയാവലികള്‍ അദ്ദേഹത്തെ സ്വാധീനിക്കുകയോ അത്തരം ആശയങ്ങള്‍ അദ്ദേഹം പ്രബോധനം ചെയ്യുകയോ ചെയ്‌തിട്ടില്ല. ഇസ്‌ലാമിനെയും തന്റെ പിതാമഹനായ നബി(സ)നെയും തത്‌പരകക്ഷികളായ മിഷണറിമാര്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ നല്‍കാനും സാമ്പത്തിക പശ്ചാത്തലമൊരുക്കാനുമാണ്‌ അദ്ദേഹം മാപ്പിള സമൂഹത്തോട്‌ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്‌. നബി നാണയം എന്ന പേരില്‍ സാധാരണക്കാരില്‍ നിന്ന്‌ ഒരു ഫണ്ട്‌ സ്വരൂപിച്ച്‌ മിഷണറിമാരുടെ വിമര്‍ശനങ്ങളില്‍ നിന്ന്‌ തന്റെ പിതാമഹനായ നബി(സ) യെയും അവിടുന്ന്‌ പ്രബോധനം ചെയ്‌ത ഇസ്‌ലാം ദീനിനെയും സംരക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ യത്‌നങ്ങളത്രയും. ഇങ്ങനെ നിത്യതൊഴിലെടുക്കുന്ന സാധാരണക്കാരില്‍ നിന്ന്‌ സ്വരൂപിച്ച പണം ഉപയോഗിച്ച്‌ നബി നാണയം എന്ന പേരില്‍ തിരുനബി(സ)യുടെ ജീവ ചരിത്രപരമായ വിവരങ്ങളുള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥ പരമ്പര തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചു. നബി(സ)യെ ഏറെ ആദരണീയതയോടെ ഉപ്പാപ്പ എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്‌. ഉപ്പാപ്പ നബി നായകരെ തെളിയിച്ചുറപ്പിക്കേണ്ട അവകാശത്തെ മുഴുവന്‍ പൂരിപ്പിച്ചിരിക്കുന്നു എന്ന്‌ നബിനാണയം എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ അദ്ദേഹം പ്രസ്ഥാവിക്കുന്നുണ്ട്‌.

ആധുനിക യുക്തിയുടെ ഭാഷയും ശൈലിയും രീതിശാസ്‌ത്രവുമെല്ലാം സ്വീകരിക്കുമ്പോള്‍ തന്നെ നബി(സ)യെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഖ്യാനങ്ങളില്‍ വല്ലാത്തൊരു വൈകാരിക സ്‌പര്‍ഷം പ്രകടമായിരുന്നുവെന്നതാണ്‌ വസ്‌തുത. നബി(സ)യോട്‌ പരമ്പരാഗത സമൂഹം കാത്തുസൂക്ഷിച്ചു പോന്ന മുഹബ്ബത്തിന്റെയും ആദരവിന്റെയും സമീപന മാതൃകകളെ അപ്പാടെ തന്നെ സ്വാംശീകരിച്ചാണ്‌ മക്തി തങ്ങള്‍ തന്റെ ഉപ്പാപ്പ കൂടിയായ നബി(സ)യെ കുറിച്ച്‌ എഴുതുന്നത്‌. ആദരണീയരായ നബി(സ)യുടെ മഹത്വത്തിനും ഔന്നത്യത്തിനും കോട്ടം തട്ടുന്ന ആധുനിക പരിഷ്‌കരണ വാദ ചുവയുള്ള പദാവലികളോട്‌ പോലും കനത്ത വിയോജിപ്പ്‌ പ്രകടിപ്പിച്ചവരായിരുന്നു മക്തി തങ്ങള്‍. മുസ്‌ലിംകളുടെ മുന്‍കൈയ്യോടെ മലയാളപത്ര പ്രസിദ്ധീകരണങ്ങള്‍ തുലോം തുച്ഛമായിരുന്ന ആ കാലഘട്ടത്തില്‍ വക്കം മൗലവിയുടെ സ്വദേശാഭിമാനിയില്‍ വന്ന നബി(സ)യുമായി ബന്ധപ്പെട്ട ഒരു പ്രയോഗത്തോട്‌ അദ്ദേഹം പ്രതികരിച്ച രീതി ശ്രദ്ധിച്ചാല്‍ നവോത്ഥാന ആശയ വ്യവഹാരങ്ങളുടെ ആധുനിക ശൈലി രൂപങ്ങളോട്‌ കനത്ത അമര്‍ഷമാണ്‌ അദ്ദേഹം പുലര്‍ത്തിയിട്ടുള്ളതെന്ന്‌ വ്യക്തമാകും. പറഞ്ഞാല്‍ ജനവിരോധം പറയാതിരുന്നാല്‍ മതവിരോധം എന്ന പേരില്‍ മക്തിതങ്ങള്‍ എഴുതിയ ലഘുലേഖയില്‍ പറയുന്നത്‌ നോക്കുക: മുഹമ്മദ്‌ നബി അവര്‍കള്‍ എന്നുള്ള പ്രയോഗം സ്വദേശാഭിമാനിയില്‍ വായിച്ചു. ഹൃദയത്തിന്നൊരു അമ്പായി തറച്ചു. ഈ പത്രം പല മുസ്‌ലിം ജനത്തിലും എത്തുന്നതു കൊണ്ട്‌ വല്ലഭത്വമുള്ള വല്ലവരും ഈ പ്രയോഗമെടുക്കാന്‍ നിയോഗിക്കും എന്നോര്‍ത്തു അടങ്ങി. അതിനു ശേഷം വന്ന നാലു പത്രത്തിലും മാറ്റം കാണാതെ വ്യസനിച്ചു. 1907 ജനുവരി മാസത്തെ മുസ്‌ലിം വായിച്ചതിലും മുഹമ്മദു നബിയെ അദ്ദേഹം എന്നുപയോഗിച്ചതു കണ്ടു സഹിയല്ലാതായി.

പറയാനുണ്ട്‌ അനേകം എങ്കിലും സങ്കടം അടക്കിയും സംഗതി ചുരുക്കി പറയുന്നു. വായനക്കാരെ ഞാനും നിങ്ങളും അവര്‍കള്‍ തന്നെ. അദ്ദേഹം ഇദ്ദേഹം എന്നുള്ളതും സാധാരണ തന്നെ. ഹേ ജനമേ...നിങ്ങള്‍ ഉണര്‍ന്നതു എപ്പോഴാണ്‌. അന്ധകാരത്തില്‍ നിന്നു കരക്കണയുന്നത്‌ ഏത്‌ കാലത്താണ്‌. തന്നെ അറിയാത്തവന്‍ കര്‍ത്താവേ അറിയുന്നതെങ്ങിനെ? നബിയുളളാ എനിക്കും തനിക്കും തുല്യമാണോ? നബിയുല്ലാനെ തമ്പുരാന്‍ താനും ബഹുമാനിച്ചതായി ഖുര്‍ആനില്‍ വായിക്കുന്നില്ലയോ? കഷ്ടം നിങ്ങള്‍ അറിഞ്ഞില്ല, അറിയുന്നുമില്ല. നോക്കണം മേപ്പടി മുസ്‌ലിം പത്രത്തില്‍ കാബൂള്‍ അമീറിനെക്കുറിച്ച്‌ തിരുമനസ്സു കൊണ്ട്‌ എന്ന്‌ എഴുതുന്നു. ഇതിനാല്‍ പത്രപ്രവര്‍ത്തകന്മാരും വായനക്കാരും പ്രയോഗ വ്യവസ്ഥ അറിയുന്നെന്ന്‌ തെളിയുന്നു. നബിയുള്ളാന്റെ ദാസരില്‍ ദാസനായ അമീറിനെ തിരുമനസ്സു എന്ന്‌ പറയേണ്ട അവകാശത്തെ അറിഞ്ഞിരിക്കെ നബിയുള്ളാനെ അദ്ദേഹം എന്നു പറയുന്നത്‌ വ്യസനം തന്നെ. ( മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍: പേജ്‌ നമ്പര്‍: 475) കേരളത്തിലെ ഇസ്‌ലാഹി നവോത്ഥാനത്തിന്റെ ആദ്യസംരംഭങ്ങളായ ഐക്യസംഘമെല്ലാം രൂപീകരിക്കപ്പെടുന്നതിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ സ്വദേശാഭിമാനിയിലെയും മുസ്‌ലിം എന്ന പത്രത്തിലെയും ഇത്തരം പ്രയോഗങ്ങളോട്‌ മക്തി തങ്ങള്‍ പ്രതികരിച്ചത്‌..

മക്തി തങ്ങളുടെ യാഥാസ്ഥിക മത ബോധവും പുരോഗമനോന്മുഖ സാമൂഹിക ബോധവും

ആധുനിക മുസ്‌ലിം നവോത്ഥാന യത്‌നങ്ങളെ നിര്‍ണയിച്ച രണ്ട്‌ പ്രബല ധാരകളില്‍ ഒന്നായ ഈജിപ്‌തിലെ റശീദ്‌ രിദായുടെയും മുഹമ്മദ്‌ അബ്‌ദുവിന്റെയും ആധുനികമായ ആശയങ്ങളില്‍ നിന്ന്‌ ഊര്‍ജ്ജം സ്വീകരിച്ചാണ്‌ വക്കം മൗലവി സ്വദേശാഭിമാനിയും മുസ്‌ലിമുമെല്ലാം നടത്തിയിരുന്നത്‌ എന്നത്‌ പ്രത്യേകം സ്‌്‌മരണീയമാണ്‌. ഇക്കാര്യത്തില്‍ വക്കം മൗലവിക്കില്ലാത്ത ഭാഷയിലെ ആദരവും മര്യാദയും മക്തിതങ്ങള്‍ക്കുണ്ടായതിന്റെ അടിസ്ഥാനം മക്തിതങ്ങളുടെ മതബോധം പരമ്പരാഗത മൂല്യങ്ങളിലും ആദര്‍ശപരമായ അടിത്തറകളിലുമാണ്‌ വേരുകളാഴ്‌ത്തിയിരുന്നത്‌ എന്നതാണ്‌. അഥവാ നബി(സ)യുടെ വിശുദ്ധ വ്യക്തിത്വത്തെക്കുറിച്ച്‌ പരമ്പരാഗത സമൂഹം സൂക്ഷിച്ചു പോന്ന ഹദീസുകളിലൂടെയും ഖുര്‍ആനിലൂടെയുമെല്ലാം സ്ഥിരപ്പെട്ട ആദരണീയമായ മഹത്വസ്ഥാനങ്ങളും സൃഷ്ടികള്‍ക്കെല്ലാം കാരണഭൂതര്‍ എന്ന അവിടുത്തെ ഔന്നത്യ സ്ഥാനവും അംഗീകരിക്കുകയും അതില്‍ പരിപൂര്‍ണമായും വിശ്വാസിക്കുകയും ചെയ്‌തയാളായിരുന്നു മക്തി തങ്ങള്‍. ഇബ്‌നു അബ്ദുല്‍ വഹാബിന്റെയൊ റശീദ്‌ രിദായുടെയൊ മുഹമ്മദ്‌ അബ്ദുവിന്റെയോ ആശയങ്ങളില്‍ നിന്ന്‌ ഊര്‍ജ്ജം സ്വീകരിക്കുന്ന ആധുനിക ഇസ്‌ലാഹി നവോത്ഥാനത്തിന്റെ വക്താക്കള്‍ക്കൊരിക്കലും മക്തി തങ്ങള്‍ പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈ 'യാഥാസ്ഥിക' വിശ്വാസത്തെ പിന്തുണക്കാനാകുമോ എന്ന്‌ പരിശോധിക്കേണ്ടതതുണ്ട്‌. മക്തിതങ്ങള്‍ എഴുതുന്നതു നോക്കുക: `മണ്മയമായ ആദമിനെ സൃഷ്ടികള്‍ക്ക്‌ ശ്രേഷ്‌ഠനാക്കി സൃഷ്ടിക്കുന്നതിലേക്ക്‌ കാരണമായ മുഹമ്മദീയ പ്രഭയേ,(നൂറു മുഹമ്മദി) ആദ്യ ആദാമായ ആദം നബിയില്‍ സ്ഥാപിച്ചു. ആദം നബിക്ക്‌ ശേഷം മൂന്നാം പുത്രനായ ശീസു(ശീത) നബിയിലും അവര്‍ക്കു ശേഷം നൂഹു(നോഹാ) നബിയിലും പ്രകാശിച്ചു. ഇങ്ങിനെ ആ പ്രഭ പരിശുദ്ധമുതുസ്ഥാനങ്ങളും പവിത്ര ഗര്‍ഭ പാത്രങ്ങളും വഴിയായി അബ്രഹാമില്‍ വന്നു ശോഭിച്ചു. ഇബ്രാഹിം നബിക്കു ശേഷം കടിഞ്ഞൂല്‍ പുത്രനായ യിശ്‌മാഈലില്‍ ശോഭിതമായി. അവസാനം ഇസ്‌മാഈല്‍ നബി സന്താനത്തില്‍ അബ്ദുല്ലാ(മുഹമ്മദ്‌ നബിയുടെ വാപ്പ)എന്ന ഉത്തമ ആത്മാവില്‍ വന്നു ചേര്‍ന്നു.

ലോകോത്‌പത്തി മുതല്‍ 4570 ാം വര്‍ഷമായ ക്രിസ്‌ത്വാബ്ധം ആറാം നൂറ്റാണ്ടില്‍ ദൈവ ഉപദേശ പ്രകാരം(ആവര്‍ത്തനം: 18,18)ഇസ്രാഈല്യരുടെ സഹോദരനായ ഇസ്‌്‌മാഈല്‍ നബി സന്താനത്തില്‍ എഴുപതാം പുത്രനായി വന്നു.`(നബിനാണയം: ഒന്നാം ഖണ്ഡം) മൗലിദ്‌ കിതാബുകളില്‍ പ്രതിപാദിക്കപ്പെടുന്ന ഒളി ഉത്ഭവം മുതല്‍ ഭൂമിയിലെ ജനനം വരെയുള്ള നബി(സ)യുടെ ഈ ചരിത്രം സാധാരണ നിലയില്‍ ആധുനിക ഇസ്‌ലാഹി യുക്തിവാദികള്‍ തികഞ്ഞ നിഷേധാത്മകതയോടെ അവഗണിക്കാറാണ്‌ പതിവ്‌. നവോത്ഥാനത്തിന്റെ ആചാര്യനായി തങ്ങള്‍ പ്രതിഷ്‌ഠിച്ച സയ്യിദ്‌ സനാഉല്ലാ മക്തി തങ്ങള്‍ തന്നെ ഈ അന്ധവിശ്വാസത്തിന്റെ വക്താവായിരുന്നുവെന്ന്‌ വരുമ്പോള്‍ അദ്ദേഹത്തെ ആചാര്യപദവിയില്‍ നിന്ന്‌ താഴെ ഇറക്കലാണ്‌ ബുദ്ധി എന്ന്‌ തിരിച്ചറിയാനാവും. രക്തസാക്ഷിത്വത്തോടുള്ള മാപ്പിള മനസ്സിന്റെ ആഭിമുഖ്യവും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ഇസ്‌ലാമികമല്ല എന്ന്‌ സ്ഥാപിക്കാന്‍ സമരത്തെ അനുകൂലിച്ച ഉലമാക്കളുടെ നിലപാടുകളോട്‌ വിയോജിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്‌. മാപ്പിള സമൂഹത്തില്‍ രൂഢമൂലമായ ഈ വിശ്വാസത്തെ വേരോടെ പിഴുതെടുക്കാന്‍ മക്തിതങ്ങള്‍ ആശയ പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നത്‌ വസ്‌തുതയാണ്‌. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ ശിര്‍ക്ക്‌ പോലുള്ള ഗുരുതരമായ വിശ്വാസ വ്യതിയാനങ്ങള്‍ ആരോപിക്കുക എന്ന രീതി അദ്ദേഹം യാതൊരു നിലക്കും പിന്തുടര്‍ന്നിരുന്നില്ല എന്നതാണ്‌ വസ്‌തുത.

ആദം നബി(അ) നബി(സ)യുടെ വിശേഷ നാമത്തെ തവസ്സുലാക്കി ചെയ്‌ത ദുആ ഉദ്ധരിച്ച്‌ അല്ലാഹുവോട്‌ സമാനമായ പ്രാര്‍ത്ഥന ചെയ്യുന്ന മക്തി തങ്ങള്‍ക്കൊരിക്കലും പാരമ്പര്യ സമൂഹത്തില്‍ ശിര്‍ക്ക്‌ ആരോപിക്കാന്‍ സാധിക്കുകയില്ല എന്നതാണ്‌ വസ്‌തുത. മക്തിതങ്ങളുടെ ഈ പ്രാര്‍ത്ഥന ശ്രദ്ധിക്കുക: നിന്റെ സൃഷ്ടികള്‍ക്കുള്ള എല്ലാ ഇച്ഛകളെയും പരിപൂരിച്ചു രക്ഷിക്കുന്ന പ്രിയ പിതാവേ, മുഹമ്മദു നബിയുടെ തിരുപ്പേര്‍ ആശ്രയം കൊണ്ട്‌ ആദം ചെയ്‌ത പിഴയെ പൊറുത്തു രക്ഷിച്ചതു പോലെ മഹാപാപികളില്‍ മികച്ച പാപിയായിരുന്ന എന്റെ അറിവില്‍ പെട്ടതും പെടാത്തതുമായ എല്ലാ പാപങ്ങളെയും മുഹമ്മദെന്ന ആശ്വാസ പ്രദന്റെ അനുചാര ഹേതുവായി ക്ഷമിക്കുകയും നിന്നില്‍ ത്രിത്വം ഉണ്ടെന്നും പുത്രന്‍ ഉണ്ടെന്നും ആരോപിച്ചു വരുന്ന മനുഷ്യരില്‍ നിന്ന്‌ അല്‍പജ്ഞാനിയായ എന്നെ സദാദി വിജയനാക്കി രക്ഷിക്കയും ചെയ്യേണമേ..ആമീന്‍(ത്രിശ്ശിവപേരൂര്‍ ക്രിസ്‌തീയ വായടപ്പ്‌: പീഠിക. മക്തിതങ്ങളുടെ സമ്പൂര്‍ണകൃതികള്‍,പേജ്‌182) മക്തിതങ്ങളുടെ പരിഷ്‌കരണദൗത്യം: കാമ്പുംകാതലും ചുരുക്കത്തില്‍ മാപ്പിളമാരെ അഭിമാനത്തോടു കൂടി അന്തസ്സുള്ള ഒരു സമൂഹമായി ജീവിക്കാന്‍ പ്രാപ്‌തമാക്കുന്നതിന്‌ ആവശ്യമായ പഠനവും പരിശീലനവും പരിഷ്‌കാരവുമൊക്കെയാണ്‌ അദ്ദേഹം കാംക്ഷിച്ചത്‌. ഇസ്‌ലാമിന്റെ ആശയ മികവും തിരുനബി(സ)യുടെ വ്യക്തിത്വ മാഹാത്മ്യങ്ങളും സാക്ഷ്യപ്പെടുത്തുന്ന വിധം മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ അന്തസ്സും ആഭിജാത്യവുമുള്ളതാക്കി മാറ്റാന്‍ ആധുനിക വിദ്യാഭ്യാസം സമാര്‍ജ്ജിക്കലും ആത്മഹത്യാപരമായ പ്രക്ഷോഭങ്ങളില്‍ നിന്ന്‌ പിന്തിരിയലുമാണ്‌ പോംവഴി എന്നാണ്‌ മക്തിതങ്ങള്‍ തിരിച്ചറിഞ്ഞതും പ്രചരിപ്പിച്ചതും. അതിലൂടെ പാശ്ചാത്യമായ പരിഷ്‌കാരാശയങ്ങളുടെ വിവേചന ശൂന്യമായ സ്വാംശീകരണമല്ല, പ്രത്യുത ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങള്‍ക്ക്‌ എതിരു നില്‍ക്കാത്ത സ്വാധീനവും സ്വീകാര്യതയുമൊക്കെയാണ്‌ അദ്ദേഹം കാംക്ഷിച്ചത്‌.

സ്‌്‌ത്രീ വിദ്യാഭ്യാസത്തെ ഊന്നിപ്പറഞ്ഞ അദ്ദേഹം തന്നെ ഇസ്‌ലാമിന്റെ നിയമ പരിധികള്‍ പാലിച്ചുള്ള വിദ്യാഭ്യാസത്തെയാണ്‌ പ്രോത്സാഹിപ്പിച്ചത്‌. സ്‌ത്രീ പുരുഷനെ അനുഗമിക്കേണ്ടവളും അവന്‌ വിധേയപ്പെട്ട്‌ നില്‍ക്കേണ്ടവളുമാണെന്ന്‌ ഊന്നിപ്പറഞ്ഞ അദ്ദേഹം വിദ്യാഭ്യാസത്തിന്റെ പേരില്‍ പോലും സ്‌ത്രീ പുരുഷ സങ്കലനം സംഭവിക്കാതിരിക്കാനും പാശ്ചാത്യ മാതൃകയിലുള്ള തുറന്ന സംസ്‌കാരം മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ വെച്ചു. ഗൃഹഭരണവും കുട്ടികളെ പോറ്റലും സ്‌ത്രീയുടെ മുഖ്യകര്‍ത്തവ്യമായി പരിചയപ്പെടുത്തിയ അദ്ദേഹം സ്വഹാബി വനിതകളില്‍ നിന്നുള്ള ചിലരുടെ ഉദാഹരണം ചൂണ്ടി ക്കാട്ടി പണ്ഡിതകളും കവിയത്രികളും ഡോക്ടറുമൊക്കെ ആകാനുള്ള അവരുടെ കഴിവിനെയും സാധ്യതയെയും ഊന്നിപ്പറയുന്നുണ്ട്‌്‌. എന്നാല്‍ ഇവ്വിഷയകമായി ആധുനിക വാദികള്‍ പുലര്‍ത്തുന്ന സമീപന മാതൃകകളോട്‌ കൃത്യമായും അകന്നു നില്‍ക്കാനും ഇസ്‌ലാമിനുള്ള സമീപന മാതൃകയെ സന്തുലിതത്വത്തോടെ നിര്‍ഝാരണം ചെയ്യാനുമാണ്‌ മക്തി തങ്ങള്‍ പരിശ്രമിക്കുന്നത്‌. ഇക്കാലത്ത്‌ വക്കം മൗലവിയുടെ പ്രസിദ്ധീകരണ സംരഭങ്ങളില്‍ പാശ്ചാത്യ ഫെമിനിസത്തിന്റെ ഈജിപ്‌ഷ്യന്‍ പതിപ്പായ ഹുദാ ശാരാവിയെയും ഫെമിനിസത്തിന്റെ പ്രധാന്യത്തെയുമെല്ലാം സംബന്ധിച്ച്‌ പുരോഗനോന്മുഖ ഭാവത്തോടെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന കാര്യം പ്രത്യേകം സ്‌മരണീയമാണ്‌. മക്തി തങ്ങള്‍ സമുദായത്തില്‍ നിലനിന്ന ദുരാചാരമെന്ന നിലക്ക്‌ കൈവെച്ച മറ്റൊരു മേഖല കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി ഇന്നും കാണുന്നതും കേരളത്തിലെ പൊന്നാനി കോഴിക്കോട്‌ പോലുള്ള തീര ദേശ നഗരങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നതുമായ മരുമക്കത്തായ സമ്പ്രദായമാണ്‌. ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിന്റെ കടക്കു കത്തി വെക്കുന്ന ഈ ദുരാചാരത്തിനെതിരെയുള്ള ബോധവത്‌കരണത്താല്‍ സമുദായത്തില്‍ നിന്നുള്ള കൂടുതല്‍ ആളുകളുടെ ശത്രുത സമ്പാദിക്കാനായി എന്നത്‌ മാത്രമാണ്‌ മിച്ചമായത്‌. ആധുനിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ ഇതൊന്നും ദുരാചാരമായി ഇന്നും ഇടം നേടിയിട്ടില്ല. മാത്രമല്ല പൂര്‍വ്വാധികം പ്രാബല്യത്തോടെ ഇന്നും ഇതാചരിക്കുന്നവരുടെ പ്രാതിനിധ്യം കേരളത്തിലെ പുരോഗമന യാഥാസ്ഥിക മത സംഘടനകളിലെല്ലാം ഉണ്ട്‌ താനും.

ചുരുക്കത്തില്‍ മക്തി തങ്ങള്‍ സമുദായത്തില്‍ ആഗ്രഹിച്ച പരിഷ്‌കരണങ്ങള്‍ മുഖ്യമായും ആധുനിക വിദ്യാഭ്യാസത്തിന്റെ സമാര്‍ജ്ജനം, പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ സമൂലമായ നവീകരണം, കോളണി ശക്തികളോടുള്ള രാഷ്ട്രീയമായ സമരോത്സുക നിലപാടില്‍ നിന്നുള്ള പിന്‍മാറ്റം, മരുമക്കത്തായം പോലുള്ള സമ്പ്രദായങ്ങളില്‍ നിന്ന്‌ ഇസ്‌ലാമിന്റെ അനന്തരാവകാശ നിയമത്തിലേക്കുള്ള മാറ്റം, സ്‌ത്രീകളെ അവരുടെ പ്രകൃതവും ധര്‍മ്മവും തിരിച്ചറിഞ്ഞ്‌ വിദ്യാഭ്യാസം ചെയ്യിക്കല്‍, സര്‍വ്വോപരി മിഷണറി സംഘങ്ങളുടെ ആശയ പ്രചരണങ്ങളോട്‌ അത്യപാരമായ ധൈഷണിക ശേഷിയോടെ പ്രതികരിക്കുന്ന പ്രബുദ്ധ മുസ്‌ലിംകളുടെ രൂപപ്പെടല്‍ തുടങ്ങിയ മേഖലകളിലായിരുന്നു. എന്നാല്‍ ആധുനിക ഇസ്‌ലാഹി നവോത്ഥാനത്തിന്റെ ആശയ വ്യവഹാരങ്ങള്‍ മുഖ്യമായും വികസിച്ചത്‌ വിശ്വാസ പരവും അനുഷ്‌ഠാന പരവുമായ പിഴവുകള്‍ തങ്ങളുടെ സ്വന്തം സമുദായത്തില്‍ ആരോപിക്കുന്ന ജ്ഞാന നിര്‍മ്മിതികളായാണ്‌. മാപ്പിള പ്രക്ഷോഭങ്ങള്‍ക്ക്‌ സായുധമായ പരിണതികള്‍ സംഭവിച്ച നിര്‍ണായക സന്ദര്‍ഭം വരെ അതില്‍ ഭാഗഭാഗിത്വം വഹിച്ച കെ. എം. മൗലവി കൊടുങ്ങല്ലൂരിലെ പ്രവാസ കാലത്ത്‌ രൂപീകരിച്ച ഐക്യസംഘം പില്‍ക്കാല രൂപാന്തരങ്ങളിലൂടെ പണ്ഡിത സഭയായി സംഘടിപ്പിക്കപ്പെട്ടതാണ്‌ കേരളത്തിലെ ഇസ്‌ലാഹി നവോത്ഥാന പ്രസ്ഥാനമായി ആധുനികരായ ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തിയത്‌. മര്‍ദ്ദകമായ സാമ്രാജ്യത്ത ഭരണം അവസാനിപ്പിക്കാന്‍ സമാധാനപരമായ സമരമാര്‍ഗങ്ങള്‍ തേടിയവരോടും സായുധമായി സമരമാര്‍ഗങ്ങള്‍ അവലംബിച്ചവരോടും ഒരേ സമയം വിയോജിപ്പുണ്ടായിരുന്ന മക്തി തങ്ങളെ സമരങ്ങളുടെ ഈ രണ്ടു ശൈലിയിലും ഭാഗഭാഗിത്വം ആരോപിക്കാവുന്ന കെ. എം. മൗലവി പോലുള്ള ഒരു ആചാര്യന്റെ മുന്‍മുറക്കാരനായും ഇസ്‌ലാഹി നവോത്ഥാനത്തിന്റെ ആദ്യ ആചാര്യനായും സ്ഥാനപ്പെടുത്തുന്നത്‌ തികഞ്ഞ വിവരക്കേടല്ലാതെ മറ്റൊന്നുമല്ല എന്നതാണ്‌ വസ്‌തുത. എന്നാല്‍ മക്തി തങ്ങള്‍ കാംക്ഷിച്ച ആധുനികമായ മാറ്റങ്ങള്‍ ഇന്ന്‌ സമുദായത്തിലൊന്നടങ്കം കക്ഷിഭേദമന്യേ വ്യാപിച്ചിട്ടുള്ളതിനാല്‍ അദ്ദേഹം ഒരു കക്ഷിയുടെയും പ്രതിനിധിയല്ല എന്ന കാര്യം തിരിച്ചറിയാനാവും. മാത്രമല്ല കേരളത്തിലെ പാരമ്പര്യവിഭാഗങ്ങളും ആധുനിക വിഭാഗങ്ങളും ഒരേ സമയം അദ്ദേഹത്തോട്‌ കടപ്പെട്ടവരുമാകും.

മക്തി തങ്ങളുടെ ആശയങ്ങളും കേരള മുസ്‌ലിംകളുടെ പില്‍ക്കാല പരിണതികളും

മലബാറിലെ മാപ്പിള സമൂഹത്തില്‍ നിന്നും കൊളോണിയലിസത്തോടുണ്ടായ പ്രതികരണങ്ങള്‍ പൊതുവായി പരിശോധിച്ചാല്‍ സമരോത്സുകമായ നിസ്സഹകരണത്തിന്റേതാണെന്ന്‌ കാണാന്‍ കഴിയും. ഒരേ സമയം തദ്ദേശീയ ഫ്യൂഡല്‍ ശക്തികളുടെ വിധ്വംസകമായ അധികാര പ്രയോഗങ്ങള്‍ക്കും സാമ്രാജ്യത്വത്തിന്റെ ശത്രുതാപൂര്‍ണമായ നടപടികള്‍ക്കും ഇരകളായ ഒരു ജനത എന്ന നിലക്ക്‌ ഈ സമരോത്സുക നിലപാട്‌ സ്വാഭാവികമായിരുന്നു. എന്നാല്‍ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്വത്തോട്‌ സമരോത്സുകമായ സാഹസികതക്ക്‌ മുതിരുന്നത്‌ വിവേക ശൂന്യതയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ സാമൂഹികമായ ദുരനുഭവങ്ങളോട്‌ സഹനമവലംബിച്ച പ്രതികരണവും തികച്ചും ഭീരുത്വത്തോടെ അരാഷ്ട്രീയത അലങ്കാരമാക്കി ചരിത്രത്തിന്റെ തീക്ഷ്‌ണ പാഠങ്ങള്‍ക്ക്‌ നേരെ കണ്ണടച്ച നിലപാടുകളും മാപ്പിള സമൂഹത്തില്‍ തന്നെ പ്രകടമായിരുന്നുവെന്ന കാര്യം വ്യക്തമാണ്‌. ഇവരില്‍ കൊളോണിയലിസത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സാധാരണ മാപ്പിള സമൂഹത്തെ ഒറ്റുകൊടുത്ത ജന്മിമാരും അധികാരികളും മുതല്‍ ഉദ്യോഗരംഗങ്ങളില്‍ കോളണിയല്‍ അധികാരത്തിന്‌ സേവ ചെയ്‌തവര്‍ വരെ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന്‌ വിത്യസ്‌തമായി കൊളോണിയല്‍ ദുര്‍ഭരണത്തോട്‌ സഹനത്തിന്റെയും സഹകരണത്തിന്റെയും നിലപാട്‌ സ്വീകരിച്ച്‌ മാപ്പിള സമൂഹത്തെ സായുധ സ്വഭാവമുള്ള പ്രക്ഷോഭങ്ങളില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച്‌ സമാധാനം കാംക്ഷിച്ച ചില ഉലമാക്കളുടെ നടപടികള്‍ കൊളോണിയല്‍ പാദസേവ ചെയ്‌ത്‌ മാപ്പിള

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter